city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

30 ന്റെ യൗവനത്തിലും കാസര്‍കോടിനു ബാലാരിഷ്ടത

സമീര്‍ ഹസന്‍

(www.kasargodvartha.com 24.05.2014) കേരളത്തില്‍ ഏറ്റവും ഒടുവില്‍ പിറന്ന ജില്ലയായ കാസര്‍കോടിന് ശനിയാഴ്ച (2014 മെയ് 24) 30 വയസ്. തികഞ്ഞ യൗവനത്തിലെത്തിയിട്ടും ഈ അത്യുത്തര ജില്ലയുടെ ബാലാരിഷ്ടതകള്‍ ഇനിയും മാറിയിട്ടില്ല. പ്രകൃതിയുടെ അനുഗ്രഹം വേണ്ടുവോളം കിട്ടിയിട്ടും ഈ ജില്ല ഇനിയും നിവര്‍ന്നുനില്‍ക്കാറായിട്ടില്ല. മുപ്പതാം പിറന്നാല്‍ ആഘോഷ വേളയില്‍ ഇക്കാര്യങ്ങളെക്കുറിച്ച് ഒരു വിചിന്തനം അനിവാര്യമായിരിക്കും.
സപ്തഭാഷാസംഗമഭൂമിയെന്നും തുളുനാടെന്നും ഉത്തരദേശമെന്നും  പുകള്‍കൊണ്ട ഈ 14-ാമത് ജില്ല 1984 മെയ് 24നാണ് പിറന്നുവീണത്.  ഏറെക്കാലത്തെ മുറവിളിയ്ക്കും പോരാട്ടത്തിനും ശേഷമാണ് ജില്ല അനുവദിക്കപ്പെട്ടത് എന്നത് മറ്റൊരു ചരിത്രം.

ഭാഷാ വൈവിധ്യം കൊണ്ട് കാസര്‍കോട് മറ്റേത് നാടിനേക്കാളും സമ്പന്നവും ശ്രേഷ്ഠവുമാണ്. സപ്തഭാസംഗമ ഭൂമി എന്നാണ് പറയുന്നതെങ്കിലും ലിപിയുള്ളതും ഇല്ലാത്തതുമായ പന്ത്രണ്ടോളം ഭാഷകള്‍ ഇവിടെയുണ്ട്.

30 ന്റെ യൗവനത്തിലും കാസര്‍കോടിനു ബാലാരിഷ്ടതജില്ല രൂപീകരിക്കുന്നതിന് മുമ്പ് കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നു കാസര്‍കോട്. കാഞ്ഞിരക്കൂട്ടം എന്ന് അര്‍ത്ഥം വരുന്ന കസിരക്കൂട് എന്ന കന്നഡ വാക്കില്‍ നിന്നാണ് കാസര്‍കോട് എന്ന പേര് ലഭിച്ചത്. എന്നാല്‍ സംസ്‌കൃത പദമായ കാസറ (കുളം, തടാകം) കോദ്ര (നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം) എന്നീ വാക്കുകള്‍ സംയോജിച്ചാണ് കാസര്‍കോട് എന്ന പേര് ഉണ്ടായതെന്നും പറയുന്നു. പഴമക്കാര്‍ ഈ പ്രദേശത്തെ കാഞ്ഞിരോട് എന്നും വിളിച്ചിരുന്നു. കാസറഗോഡ്, കാസ്രഗോട്, കാസര്‍കോട്, കാസര്‍ക്കോഡ് എന്നിങ്ങനെയൊക്കെ ഈ നാടിനെ വിളിക്കുകയും എഴുതുകയും  ചെയ്യുന്നു. എന്നാല്‍ കാസര്‍കോട് എന്നതാണ് കൂടുതല്‍ പ്രചാരം നേടിയത്. കാസര്‍കോടാണ് കൂടുതല്‍ ശരിയെന്ന് ഈയിടെ അന്തരിച്ച പ്രമുഖ ചിത്രകാരനും ശില്‍പ്പിയും സാഹിത്യകാരനുമായ എം.വി. ദേവന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കാസര്‍കോട്ടെ ഒരു പരിപാടിയില്‍ സ്ഥാപിച്ചിരുന്നു.

തേജസ്വിനി, ചന്ദ്രഗിരി, പയസ്വിനി, മധുവാഹിനി തുടങ്ങി 14 ഓളം പുഴകളാലും  നദികളാലും കോട്ടകളാലും സമൃദ്ധമാണ് കാസര്‍കോട്. കോട്ടകളില്‍ കൂടുതല്‍ പ്രധാനം ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ബേക്കല്‍ കോട്ടയാണ്. ചരിത്ര പ്രാധാന്യവും ഏറെയുണ്ട് ബേക്കല്‍ കോട്ടയ്ക്ക്. റാണിപുരവും രാജപുരവും മാലിക് ദീനാറും മധൂര്‍ ക്ഷേത്രവും മഞ്ചേശ്വരം ജൈനബസ്തിയും മൊഗ്രാല്‍ ഇശല്‍ ഗ്രാമവും മറ്റും കാസര്‍കോടിന്റെ മാറ്റ് കൂട്ടുന്നു. ദേശീയ പ്രസ്ഥാന പോരാട്ട രംഗത്തും കലാസാഹിത്യാദി മേഖലകളിലും ഈ ഉത്തരനാട് മികച്ചു നില്‍ക്കുന്നു. കയ്യൂരിന്റെ പോരാട്ട വീര്യവും കാടകത്തിന്റെ സത്യഗ്രഹ മഹത്വവും കാസര്‍കോടിന്റെ സിരകളിലുണ്ട്.

ഇങ്ങനെ പല മേഖലകളിലും മുന്നിട്ട് നില്‍ക്കുമ്പോഴും 30 വര്‍ഷം പിന്നിട്ടിട്ടും വികസനത്തിന്റെ കാര്യത്തില്‍ മറ്റ് 13 ജില്ലകളെക്കാളും ഏറെ പിന്നിലാണ് കാസര്‍കോട്. ജില്ലയുടെ രൂപീകരണം മുതല്‍ അവഗണനയുടെ നാളുകളായിരുന്നു. അവകാശപ്പെട്ടവ നേടാനോ, നേടിയതിനെ സംരക്ഷിക്കാനോ സാധിക്കുന്നില്ല എന്നത് നഗ്‌നമായ സത്യമാണ്. ജില്ലയ്ക്ക് അനുവദിക്കപ്പെട്ട ലോകോളജ് മറ്റൊരു ജില്ലയിലേക്കു തട്ടിപ്പറിച്ചു കൊണ്ടു പോയ സംഭവമടക്കം  നമുക്കു മുന്നിലുണ്ട്. മൂന്നു പതിറ്റാണ്ടോളം എന്‍ഡോസള്‍ഫാന്‍ വിഷമഴ വര്‍ഷിച്ച ഭൂമി എന്ന 'പദവി'യും ഈ നാടിനുണ്ട്.

എന്തിനും ഏതിനും അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ മംഗലാപുരത്തെ ജില്ലക്ക്  ആശ്രയിക്കേണ്ടി വരുന്നു.  മികച്ച ചികിത്സയ്ക്കും ഉന്നത വിദ്യാഭ്യാസത്തിനും എന്നുവേണ്ട, നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ വരെ നമുക്ക് മംഗലാപുരം തന്നെ ശരണം. നീണ്ടു നിവര്‍ന്നു കിടക്കുന്ന കടല്‍ത്തീരവും, വ്യവസായ സംരംഭങ്ങള്‍ക്കുള്ള ഭൂമിയും ജലവും വൈദ്യുതിയും റെയില്‍പ്പാതയും ദേശീയ പാതയും മംഗലാപുരം വിമാനത്താവളത്തിന്റെ സാമീപ്യവും  വനപ്രദേശവും മറ്റും ജില്ലയുടെ അനുകൂല ഘടകങ്ങളാണെങ്കിലും അവ വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയുന്നില്ല.

ചന്ദ്രഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടു മുതല്‍ പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുവരെ ജില്ലയുടെ വികസനത്തിനു വേണ്ടി ശുപാര്‍ശകള്‍ നടത്തിയെങ്കിലും അതൊന്നും വേണ്ടത്ര ക്ലച്ചു പിടിച്ചില്ല. 11,123 കോടി രൂപയുടെ പദ്ധതികളാണ് പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. രണ്ട് ബജറ്റുകളിലായി 110 കോടി വകയിരുത്തിയിട്ടുണ്ടെങ്കിലും വണ്ടി ഇപ്പോഴും കടലാസില്‍ തന്നെ.

സര്‍ക്കാര്‍ ഓഫീസുകളിലെ ഒഴിഞ്ഞ കസേരകള്‍ പദ്ധതികളുടെ മുന്നോട്ടു പോക്കിനു തടസമാകുന്നതായി വിലയിരുത്തപ്പെടുന്നു. ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, റെയില്‍വേ യാത്ര തുടങ്ങിയ മേഖലകളിലെല്ലാം ജില്ല പ്രശ്‌നങ്ങള്‍ക്കു നടുവിലാണ്. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പാക്കേജുകള്‍ വേണ്ട വിധം നടപ്പാകുന്നില്ല. കേന്ദ്ര സര്‍വകലാശാലാ, മെഡിക്കല്‍ കോളജ് സ്വപ്‌നമായി തുടരുന്നു. ജില്ലാ ആശുപത്രി 'ഇല്ലാ ആശുപത്രി' തന്നെ. ദേശീയ പാതയുടെ നാലുവരിപ്പാത പലേടത്തും മുട്ടി നില്‍ക്കുന്നു. ജില്ലാ ആസ്ഥാന നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിക്കാന്‍ ഉപ്പുവെള്ളം തന്നെ. ബാവിക്കര പദ്ധതി മൂന്ന് കോണ്‍ക്രീറ്റ് തൂണില്‍ ഒതുങ്ങുന്നു.

ഇങ്ങനെ ഇല്ലായ്മകളിലും വല്ലായ്മകളിലും മുടന്തുന്നതിനിടെയാണ് ജില്ല 30ന്റെ നിറവില്‍ എത്തിയിരിക്കുന്നത്. സമൂലമായ പര്യാലോചനകള്‍ക്കും ഉണര്‍വിനും ജാഗ്രത്തായ പ്രവര്‍ത്തനങ്ങള്‍ക്കും  ഈ പിറന്നാള്‍ ദിനം വഴിവെക്കുമെങ്കില്‍...!

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Article, Bekal, Madhur, Malik deenar, Ranipuram, Temple, Bekal Fort, Development. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia