city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു ഭന്‍വാരിദേവി ഇവിടെ ജനിച്ചിരുന്നെങ്കില്‍

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 02.05.2014) കാസര്‍കോട് ജില്ലയിലെ ആദിവാസി മേഖലകളില്‍ ഒരു ഭന്‍വാരിദേവി ജനിച്ചിരുന്നെങ്കില്‍! രാജസ്ഥാനിലെ ഭന്‍വാരിയെന്ന ദളിത് സ്ത്രീയെക്കുറിച്ച് വായിച്ചറിഞ്ഞപ്പോള്‍ അങ്ങിനെ തോന്നിപ്പോയി. വിദ്യാഭ്യാസം നേടിയില്ലെങ്കിലും ചങ്കുറപ്പോടെ അനീതിക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ഭന്‍വാരിദേവിയെന്ന ആര്‍ജവമുളള ദളിത് സ്ത്രീയെക്കുറിച്ച് സമൂഹം തീര്‍ച്ചയായും മനസിലാക്കിയിരിക്കണം. അവരുടെ പോരാട്ടവഴികള്‍ തീക്ഷ്ണതയുളളതായിരുന്നു. ഭര്‍ത്താവായ മോഹന്‍ലാലെന്ന പുരുഷന്റെ സര്‍വവിധേനയുളള പിന്തുണയും അവര്‍ക്കുണ്ടായി എന്നതും അഭിനന്ദനീയമാണ്.

സ്വന്തം കണ്‍മുന്നില്‍ ഭാര്യയെ പിടിച്ചു വച്ച് ബലാത്സംഗം ചെയ്യുന്നു. വിദ്യാഭ്യാസമുണ്ട് എന്നഭിമാനിക്കുന്ന പുരുഷന്‍മാര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ചൂളിപ്പോവും. പക്ഷേ മോഹന്‍ലാല്‍ ഭാര്യയുടെ നിയമ പോരാട്ടത്തിന് സര്‍വത്മനാ പിന്തുണച്ച് അവരോടൊപ്പം നിന്നു. രാജസ്ഥാന്‍ സര്‍ക്കാരിന്റെ വനിതാവികസന പദ്ധതിയുടെ താഴെത്തട്ടിലുളള പ്രവര്‍ത്തകയായിരുന്നു ഭന്‍വാരിദേവി. 'സാത്തി' ( കൂട്ടുകാരി ) എന്ന ഔദ്യോഗിക പേരാണ് സര്‍ക്കാര്‍ ഇങ്ങനെയുളള പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. സമൂഹത്തില്‍ നടമാടുന്ന അനാചാരങ്ങളും, നിയമവിധേയമല്ലാത്ത നടപടിക്രമങ്ങളും സര്‍ക്കാരിലേക്ക് റിപോര്‍ട്ടു ചെയ്യുകയെന്നുളളതാണ് സാത്തിമാരുടെ കര്‍ത്തവ്യം.

ഒരു ഭന്‍വാരിദേവി ഇവിടെ ജനിച്ചിരുന്നെങ്കില്‍
ഭന്‍വാരിദേവി 
ഭന്‍വാരിദേവിയുടെ ജീവിതം മാറ്റിമറിച്ച സംഭവം നടക്കുന്നത് 1992 സെപ്റ്റംബര്‍ 22-ാം തീയ്യതിയാണ്. തന്റെ ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാരായ രാംകരണ്‍ എന്ന വ്യക്തിയുടെ ഒമ്പതുമാസം പ്രായമുളള മക
ളുടെ ശൈശവ വിവാഹത്തെ എതിര്‍ത്തതാണ് പ്രശ്‌നത്തിന്റെ തുടക്കം. ഉയര്‍ന്ന ജാതി - കീഴ്ജാതി വ്യവസ്ഥ ഇന്നും ശക്തമായി നിലനില്‍ക്കുന്നു ഉത്തരേന്ത്യയില്‍. കീഴ്ജാതിക്കാര്‍ എന്ന് മുദ്രകുത്തിയവരെ എന്തും ചെയ്യാം. ഉയര്‍ന്ന ജാതി എന്നഭിമാനിക്കുന്ന വിഭാഗങ്ങള്‍ക്ക് ആരാണീ ഭന്‍വാരി ദേവി? അവര്‍ക്കാരീ അധികാരം കൊടുത്തു? അക്രോശവുമായി ഉയര്‍ന്നജാതിക്കാര്‍ സംഘടിച്ചെത്തി.

അന്ന് ഭന്‍വാരിദേവിയും ഭര്‍ത്താവും വയലില്‍ പണിയെടുക്കുകയായിരുന്നു. നാലഞ്ചുപേര്‍ വയലിലേക്ക് ഓടിയടുക്കുന്നു. മോഹന്‍ലാലിനെ അടിച്ചുവീഴ്ത്തുന്നു. ഭന്‍വാരിദേവിയെ അദ്ദേഹത്തിന്റെ മുന്നില്‍ വെച്ച്
ഒരോരുത്തരായി ബലാല്‍സംഗം ചെയ്യുന്നു. രണ്ട് പേരും പിന്നീട് രാജസ്ഥാനിലെ ലോക്കല്‍ പോലീസ് സ്റ്റേഷനിലെത്തി നടന്ന സംഭവം പോലീസിനോട് പറഞ്ഞു. പക്ഷേ അത് അവര്‍ വിശ്വസിച്ചില്ല. ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ താഴ്ന്ന ജാതിയില്‍ പെട്ടവരെ ലൈംഗികമായി ഉപയോഗിക്കില്ല എന്നാണ് പോലും അവിടുത്തെ പോലീസ് നിഗമനം.

ലൈംഗിക പീഡനം നടന്നു എന്നുറപ്പാക്കാന്‍ അടുത്തുളള പ്രൈമറി ഹെല്‍ത്ത് സെന്ററിലയച്ചു. അവിടെ വനിതാ ഡോക്ടറില്ലാത്തതിനാല്‍ ജൈപൂരിലെ ആശുപത്രിയില്‍ കൊണ്ടുപോയി. മജിസ്‌ട്രേട്ടിന്റെ അനുമതി ഇല്ലാതെ അവിടെ പരിശോധന നടത്താന്‍ പറ്റില്ലെന്ന് അറിയിച്ചു. അടുത്തയാത്ര മജിസ്‌ട്രേട്ടിന്റെ ഓഫീസിലേക്ക്. സമയം അഞ്ച് മണികഴിഞ്ഞതിനാല്‍ അടുത്ത ദിവസം രാവിലെ ചെല്ലാന്‍ പറഞ്ഞു. രണ്ട് പേരും കടുത്ത വേദന സഹിച്ച് ആ രാത്രി കഴിച്ചുകൂട്ടി. അടുത്ത ദിവസം മജിസ്‌ട്രേട്ടിന്റെ ലെറ്ററുമായി ചെന്നു. പരിശോധിച്ചു. തെളിവിനു വേണ്ടി ഭന്‍വാരിദേവി ധരിച്ചിരുന്ന നീളന്‍ പാവാട പോലീസ് അഴിച്ചു വാങ്ങി. ഭര്‍ത്താവിന്റെ തലക്കെട്ട് അഴിച്ചുവാങ്ങി, അതുടുത്താണ് അവര്‍ സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചത്.

നോക്കൂ.... ഏറ്റവും ക്രൂരമായ പീഡനം ഏറ്റുവാങ്ങിയ ഒരു ദളിത് സ്ത്രീയോട് നിയമപാലകരും മറ്റും കാണിക്കുന്ന അതി ക്രൂരമായ സമീപനം. ഇതിനെതിരായാണ് ഭന്‍വാരിദേവി പോരാടുന്നത്. ഈ ബലാത്സംഗത്തിന്റെയും, ഉയര്‍ന്നജാതിക്കാര്‍ക്കെതിരായി പോരാടുന്നതിന്റെയും ഫലമായി അവരെ സമൂഹം ഒറ്റപ്പെടുത്തി. സ്വന്തം വീട്ടുകാര്‍ പോലും കല്ലെറിഞ്ഞ് ഓടിച്ചു. എന്നിട്ടും അവര്‍ തളര്‍ന്നില്ല. കോടതി പോലും നിരീക്ഷിച്ചതിങ്ങിനെയാണ്. ഉയര്‍ന്നജാതിക്കാരായ പ്രതികള്‍ താഴ്ന്ന ജാതിയിലുളള സ്ത്രീകളെ ബലാത്സംഗം ചെയ്യാറി
ല്ലെന്നും, ഭന്‍വാരിദേവി കള്ളം പറയുകയാണ് എന്നുമാണ്.

ഈ കേസിലെ പ്രതികളെയെല്ലാം വെറുതെ വിട്ടു. ഇപ്പോഴും ഹൈക്കോടതിയില്‍ കേസ് നടന്നുവരികയാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന രാജ്യമാണ് എന്റെ സ്വപ്നം എന്ന് പറഞ്ഞു കൊണ്ടാണ് അമ്പത്തഞ്ചിലും ചുറു ചുറുക്കോടെ അവര്‍ പൊരുതുന്നത്. ലോകപരിചയമില്ലെങ്കിലും അനുഭവങ്ങളാണ് അവരുടെ ഉള്ളിലെ കരുത്ത്. ഇപ്പോള്‍ വിവിധ സ്ഥലങ്ങളില്‍ പോയി അവര്‍ സ്ത്രീകളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ വനിതാദിനത്തില്‍ അവര്‍ കേരളത്തില്‍ വന്നു. സര്‍ക്കാരിന്റെ അതിഥിയായിട്ടാണ് എത്തിയത്.

ഭന്‍വാരിദേവി അവരുടെ ഭര്‍ത്താവിനെക്കുറിച്ചു പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നി. ദരിദ്രാവസ്ഥയിലും, സമൂഹം പുച്ഛിച്ചു തളളിയപ്പോഴും, സഹോദരങ്ങള്‍ വാതിലടച്ചു പുറത്താക്കിയപ്പോഴും ഒപ്പം നിന്ന ഭര്‍ത്താവിനെക്കുറിച്ചു പറയുന്നു മോഹന്‍ജിയെ പോലെ നന്‍മയുളള പങ്കാളിയെ ലഭിച്ചതാണെന്റെ ഭാഗ്യം.

കാസര്‍കോടന്‍ മലയോരങ്ങളിലെ ദളിത് വിഭാഗക്കാരുടെ ജീവിതം കാണുമ്പോള്‍ ഞാന്‍ ഭന്‍വാരിദേവിയെ ഓര്‍ത്തു. ഇവിടെ ആരെങ്കിലും ഒരു സ്ത്രീ ഭന്‍വാരിദേവിയെ പോലെ മുന്നോട്ടുവന്നെങ്കില്‍. ബലാത്സംഗങ്ങളും, പീഡനങ്ങളും, കൊലപാതകങ്ങളും, നിരക്ഷരതയും, പകര്‍ച്ചവ്യാധികളും കൊണ്ട് പൊറുതി മുട്ടുന്ന ഇവരെ രക്ഷിക്കാന്‍ പുറമേ നിന്നുള്ള മാന്യന്‍മാര്‍ ശ്രമിച്ചാല്‍ നടക്കില്ല. പകരം അക്കൂട്ടത്തില്‍ നിന്ന് തന്നെ ഒരാളുണ്ടാവണം, അതും സ്ത്രീയായിരിക്കണം. സമരം നടത്താന്‍ തന്റെ സഹോദരങ്ങളെ രക്ഷപ്പെടുത്താന്‍ ഒരു ഭന്‍വാരിദേവി ഇവിടെ ജനിച്ചിരുന്നെങ്കില്‍.

റാക്കുകുടിച്ച് റോഡിലൂടെ വേച്ചു വേച്ചു നടക്കുന്ന കമ്മാളുവിനെയും, കുമ്പയെയും, കാരിച്ചിയെയും ഇവിടങ്ങളില്‍ കാണാം. പ്രായപൂര്‍ത്തിയായ പെണ്‍കുഞ്ഞുങ്ങളെ കാമാര്‍ത്തിപൂണ്ട മനുഷ്യരില്‍ നിന്ന് രക്ഷിക്കാന്‍ എത്ര ശ്രമിച്ചിട്ടും ആവാതെ നൊമ്പരമുള്ളിലൊതുക്കി കഴിയുന്ന യുവതികളായ അമ്മമാരെ ഇവിടങ്ങളില്‍ കാണാം.

മഴയും വേനലും ഒന്നും ഇവര്‍ക്ക് പ്രശ്‌നമല്ല. മേല്‍കൂരയില്ലാത്ത ചുവരുകളില്‍ ഇവര്‍ കഴിഞ്ഞു കൂടുന്നു. ആരോഗ്യം നശിച്ച് എല്ലാം പലര്‍ക്കുമായി കാഴ്ചവെച്ച്, വിധിയെ പഴിച്ച് കഴിഞ്ഞു കൂടുന്ന ഈ സമൂഹത്തെ ഉണര്‍ത്താന്‍ ഒരു ഭന്‍വാരിദേവി ഉണ്ടാവണം. തങ്ങളും മനുഷ്യരാണെന്നും, മനുഷ്യരെ പോലെ ജീവിക്കണമെന്നും വിളിച്ചു പറയാന്‍ അവരില്‍ നിന്നു തന്നെ വ്യക്തികള്‍ ഉണര്‍ന്നുവരണം. ഉയര്‍ന്നവരെന്നും, താഴ്ന്നവരെന്നും ഉളള നീചത്വങ്ങള്‍ അവസാനിപ്പിക്കണം.

ഒരു ഭന്‍വാരിദേവി ഇവിടെ ജനിച്ചിരുന്നെങ്കില്‍
Kokkanam Rahman
(Writer)
ദളിതരുടെ അജ്ഞത മുതലെടുത്ത് അവരെ പിഴിഞ്ഞെടുക്കുന്ന വിഭാഗത്തെ കണ്ടറിയുകയും അവരെ ആട്ടിയകറ്റാന്‍ കെല്‍പ്പുളളവര്‍ അവരില്‍ നിന്നു തന്നെ ഉയര്‍ന്നുവരികയും വേണം. മദ്യം നല്‍കി മയക്കി അവരുടെ ശരീരത്തെയും മനസിനെയും മുരടിപ്പിച്ച് ഭാവി തലമുറ കൂടി ശക്തിയാര്‍ജിക്കരുത് എന്ന് കരുതി പ്രവര്‍ത്തിക്കുന്ന ഗൂഢശക്തികളെ തിരിച്ചറിയണം.

ഭന്‍വാരിദേവിയുടെ സമരചരിത്രം ദളിത് സമൂഹം പഠിക്കുകയും പ്രതികരിക്കുകയും വേണം. തങ്ങള്‍ക്കും ഈ ഭൂമിയില്‍ നിന്ന് പടപൊരുതാന്‍ കഴിയുമെന്ന ആത്മ വിശ്വാസം വളരുകയും വേണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kookanam-Rahman, Kasaragod, Article, Dalit, Woman, Husband, Wife, Banvari Devi, Molestation. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia