city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗള്‍ഫില്‍ നിറയെ കാസര്‍കോട്ടുകാര്‍; ഷോ കഴിഞ്ഞാല്‍ സൗഹൃദത്തിനെത്തുന്നതും അവര്‍ തന്നെ

എം80 മൂസയും കുടുംബവും  കാസര്‍കോട് വാര്‍ത്തയ്ക്ക് അനുവദിച്ച അഭിമുഖം

ശാഫി തെരുവത്ത് 

(www.kasargodvartha.com 09/01/2016) വല്ലാത്തൊരു ലോകം...പിടിവിട്ട് പറക്കണ കാലം, പൊല്ലാപ്പിലാകണ വല്ലാത്ത പഹയന്റെ കൂടെ കലികാലം...ഒരു വര്‍ഷം മുമ്പ് മീഡിയ വണ്‍ ചാനലില്‍ ഈ ഹാസ്യ പരമ്പര തുടങ്ങുമ്പോള്‍ മുഖംതിരിച്ചിരുന്ന വീട്ടമ്മമാര്‍ ഇപ്പോള്‍ ഇത് കാണാന്‍ ടിവിയുടെ മുന്നില്‍ കണ്ണുംകാതും കൂര്‍പ്പിച്ചു നില്‍ക്കുകയാണ്. ഒരു വര്‍ഷം കൊണ്ട് മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത എം80 മൂസ എന്ന ഹാസ്യ പരമ്പര ഇപ്പോള്‍ 200 എപ്പിസോഡും കഴിഞ്ഞ് കുതിക്കുകയാണ്. കാസര്‍കോട്ട് ആദ്യമായി എത്തിയ എം80 മൂസ ടീം കാസര്‍കോട് വാര്‍ത്തയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അവരുടെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവെക്കുന്നു.

യേ മന്ഷ്യാ, നേരം ബെള്‍ത്ത്, ങ്ങഌ കിടന്നുറങ്ങിയാ...ന്താ പാത്തു രാവിലെ, ഒന്നിങ്ങട് ബെരീ, ജെന്താണ്.. മൂസക്കായാ, ജ്ഒന്ന് നോക്കിയേ, ത് കോയി മുട്ട്യേലോ, അള്ളോ, ബെറും കോയി മുട്ടേല്യാ...ഇങ്ങനെ നിരവധി നിരവധി ഹാസ്യാത്മകമായ കോഴിക്കോട്ടെ പ്രദേശിക ഭാഷാ ശൈലി പ്രേക്ഷകരെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും അരങ്ങില്‍ വാഴുകയാണ് എം80 മൂസ.

കഴിഞ്ഞ ദിവസം ഉദുമയിലെ റീമര്‍ പടിഞ്ഞാര്‍ ക്ലബ്ബിന്റെ 40-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് വിനോദ് കോവൂരും (മൂസ), പാത്തു (സുരഭി ലക്ഷ്മി), മക്കളായ റിസ് വാന്‍ (അതുല്‍), റസിയ (അഞ്ജുഷ), അളിയന്‍ ഷുക്കൂര്‍ (കബീര്‍) എന്നിവര്‍ കാസര്‍കോട്ട് എത്തിയത്. ടി.വി പരമ്പരയിലെ താരങ്ങളെ നേരില്‍ കാണാനായി നിരവധി പേരാണ് ഇവര്‍ക്ക് താമസമൊരുക്കിയ വീട്ടിലെത്തിയത്. പലരും സെല്‍ഫിയെടുത്ത് മടങ്ങി.

അഭിമുഖത്തിനായി മൂസക്കയും പാത്തുവും റസിയയും റിസ് വാനും, ഷുക്കൂറും ഒന്നിച്ചിരുന്നപ്പോള്‍ എം80 മൂസയുടെ ഒരു എപ്പിസോഡാണെന്ന് തോന്നിപ്പോയി. എം80 മൂസയാണ് ചോദ്യങ്ങള്‍ക്ക് ആദ്യം മറുപടി പറഞ്ഞത്. തന്നെ ഇപ്പോള്‍ മലയാളികള്‍, പ്രത്യേകിച്ച് മലബാറുകാര്‍ നെഞ്ചിലേറ്റുകയാണ്. എവിടെ എത്തിയാലും എം80 മൂസയല്ലേന്ന് പറഞ്ഞ് സലാം പറയുന്നു. മീന്‍ വില്‍പനയൊക്കെ എങ്ങിനെ, പാത്തുവായി ഇപ്പോഴും പിണക്കത്തിലാണല്ലേ...ഇതാണ് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അറിയേണ്ടത്.

പിന്നീട് ഞാന്‍ എന്റെ പേര് പറയും, വിനോദ് കോവൂറാണെന്ന്... പ്രായമായവര്‍ വെളുക്കെ ചിരിക്കും, അതൊന്നും സാരൂല്ല മോനേ, നീ എപ്പോഴും നമ്മളെ മൂസക്കയായാല്‍ മതി. എല്ലാവര്‍ക്കും വേണ്ടത് എന്റെയും പാത്തുവിന്റെയും ഡയലോഗുകളാണ്. ഇതിനിടയില്‍ പാത്തുവും ഇടയ്ക്ക് കയറി, ഒരു ഡയലോഗ് കാച്ചി. പാത്തു പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു. പാത്തുവിനും പറയാനുണ്ടായിരുന്നത് ഇങ്ങനെയുള്ള കാര്യങ്ങളാണ്. എവിടെ പോയാലും ഞങ്ങളെ തിരിച്ചറിയുകയാണ്. എന്ന് നിന്റെ മൊയ്തീന്‍ സിനിമയില്‍ കാഞ്ചന മാലയുടെ ' ലെറ്റര്‍ പാസര്‍' ആയി വേഷമിട്ട സുരഭിയെ കണ്ടപ്പോള്‍, തീയേറ്ററില്‍ പാത്തൂവേയ് എന്ന് എല്ലാവരും ഉറക്കെ പറഞ്ഞത് തനിക്ക് ടിവി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്രത്തോളം മികവ് പുലര്‍ത്താന്‍ കഴിഞ്ഞുവെന്നതിന്റെ തെളിവാണൈന്ന് സുരഭി പറയുന്നു.

ഇതിനിടയില്‍ റസിയയും, മകന്‍ റിസ് വാനും ഇടയ്ക്ക് കയറി. അവര്‍ക്കൊക്കെ പറയാനുള്ളത് പ്രേക്ഷകര്‍ സ്‌നേഹിക്കുന്നതിനെയും, നെഞ്ചിലേറ്റുന്നതിനെയും കുറിച്ചാണ്. അതുല്‍ ശ്രീവ, അഞ്ജു ശശിയും വിദ്യാര്‍ത്ഥികളാണ്. കോളജില്‍ പോയാല്‍ സുഹൃത്തുക്കളൊക്കെ ഞങ്ങളെ അസൂയയോടെ നോക്കും. നിങ്ങളൊക്കെ ബല്യ ആളല്ലേ..ഞങ്ങളൊപ്പം പഠിക്കേണ്ടവരല്ല. പരമ്പരയില്‍ കഥാപാത്രമായതില്‍ ഞങ്ങളെ എന്തിനാണ് തെറ്റിദ്ധരിക്കുന്നത്. അവര്‍ തമാശയ്ക്ക് ഇങ്ങനെ പറയുമ്പോള്‍ പിന്നെ കൂട്ടച്ചിരിയായിരുന്നു. അളിയന്‍ ഷുക്കൂറിനും കുറേയേറെ പറയാനുണ്ട്.

കാസര്‍കോടിനെ കുറിച്ചു ചോദിച്ചപ്പോള്‍ ഇവര്‍ക്കൊക്കെ പറയാനുള്ളത് നല്ലതുമാത്രം. ഇവിടെയുള്ളവരൊക്കെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവരാണ്. കപടമില്ലാത്ത മനസ്സുള്ളവര്‍. ഇനിയും ഈ സ്‌നേഹം ആവോളം ആസ്വദിക്കാന്‍ ഞങ്ങള്‍ വരും. കാസര്‍കോട് ഭാഷ തീരെ മനസിലാവുന്നില്ല. ഗള്‍ഫില്‍ പോവുമ്പോഴാണ് തങ്ങള്‍ക്ക് സന്തോഷം. ഗള്‍ഫില്‍ ഒരു ഷോ കഴിഞ്ഞാല്‍ നേരില്‍ വന്ന് പരിചയപ്പെടുന്നവരില്‍ ഏറ്റവും കൂടുതല്‍ കാസര്‍കോട്ടുകാരാണ്. ദുബൈ നിറയെ കാസര്‍കോട്ടുകാരും, തലശ്ശേരിക്കാരുമാണ്.

അഭിമുഖത്തില്‍ ഭൂരിഭാഗം സമയവും ഭാഷാഭേദങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്തത്. കാസര്‍കോട് ഭാഷ വെച്ച് ഒരു സിനിമ ചെയ്താലോ എന്ന ചോദ്യത്തിന് എം80 മൂസ ടീം അനുകൂലമായാണ് പ്രതികരിച്ചത്. അതിന് നല്ലൊരു സ്‌ക്രിപ്റ്റ് ലഭിച്ചാല്‍ 'വിത്ത് ഡയലോഗ്' ചെയ്യാന്‍ റെഡിയാണെന്ന് എം80 മൂസ ടീം ഒരേ സ്വരത്തില്‍ പറഞ്ഞു.

ഹാസ്യ നടനായി നാടക രംഗത്ത് കൂടിയാണ് വിനോദ് കോവൂര്‍ മിനിസ്‌ക്രീനിലെത്തുന്നത്. ആദാമിന്റെ മകന്‍ അബു, 101 ചോദ്യങ്ങള്‍, വല്ലാത്ത പഹയന്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ വേഷമിട്ട വിനോദ് മഴവില്‍ മനോരമയിലെ മറിമായം ഹാസ്യ പരമ്പരയില്‍ ശ്രദ്ധേയനായി. തുടര്‍ന്നാണ് മീഡിയ വണ്ണിലെ ഈ ഹാസ്യ പരമ്പരയില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയത്. അമൃത ടിവിയിലെ റിയാലിറ്റി ഷോയില്‍ ബെസ്റ്റ് ആക്ടറായാണ് സുരഭി ശ്രദ്ധിക്കപ്പെട്ടത്. 20 ലേറെ മലയാള സിനിമകളില്‍ വേഷമിട്ടു. കഥയിലെ രാജകുമാരി എന്ന പരമ്പരയിലും ഏതാനും പരസ്യ ചിത്രങ്ങളിലും വേഷമിട്ടു.

മഴവില്‍ മനോരമയിലെ ഇമ്മിണി ബല്യൊരാള്‍ എന്ന ഷോര്‍ട്ട് ഫിലിമിന് കേരള സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ് റിസ് വാനെ തേടിയെത്തിയിരുന്നു. വിനോദാണ് കബീറിനെ എം80 മൂസയിലേക്ക് കൊണ്ടുവന്നത്.

സ്‌റ്റേജ് ഷോയ്ക്കുള്ള അവസാന നിമിഷമായതിനാല്‍ കൂടുതല്‍ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ സാധിച്ചില്ല. ഇനിയൊരിക്കല്‍ വന്നാല്‍ വിശദമായി പരിചയപ്പെടാമെന്നും, കാസര്‍കോട്ടുകാരെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യമുണ്ടെന്നും എം80 മൂസ കുടുംബം പറഞ്ഞു. അവസാനം കാസര്‍കോട് വാര്‍ത്തയുടെയും, കെവാര്‍ത്തയുടെയും വായനക്കാര്‍ക്ക് ആശംസ നേരാനും ഇവര്‍ മറന്നില്ല.

ഗള്‍ഫില്‍ നിറയെ കാസര്‍കോട്ടുകാര്‍; ഷോ കഴിഞ്ഞാല്‍ സൗഹൃദത്തിനെത്തുന്നതും അവര്‍ തന്നെ

ഗള്‍ഫില്‍ നിറയെ കാസര്‍കോട്ടുകാര്‍; ഷോ കഴിഞ്ഞാല്‍ സൗഹൃദത്തിനെത്തുന്നതും അവര്‍ തന്നെ
ഗള്‍ഫില്‍ നിറയെ കാസര്‍കോട്ടുകാര്‍; ഷോ കഴിഞ്ഞാല്‍ സൗഹൃദത്തിനെത്തുന്നതും അവര്‍ തന്നെ




Keywords : Entertainment, Interview, Article, Kasaragod, M80 Moosa Team, Team Kasargodvartha.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia