city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രിയപ്പെട്ട ഉമ്മ; വിതുമ്പലിൻ്റെ ഒന്നര വർഷം

/ എസ് അബൂബകർ

(www.kasargodvartha.com 24.08.021) മരണമെന്ന മറുകര കണ്ട മനുഷ്യരൊക്കെയും തങ്ങളുടെ ഭൂമിയിലെ ജീവിതം ഓർക്കുകയും തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർത്തു വിലപിക്കുകയും ചെയ്യുന്നുണ്ടാകുമോ? അറിയില്ല!. പക്ഷെ ഒന്നുറപ്പാണ് ഭൂമിയിൽ ആരോരുമില്ലാതെ ഒറ്റക്കായിപ്പോയ ഈ മകനെയോർത്ത് ഉമ്മ സങ്കടപ്പെടുന്നുണ്ടാകും.

 
പ്രിയപ്പെട്ട ഉമ്മ; വിതുമ്പലിൻ്റെ ഒന്നര വർഷം

   

ഇന്ന് എല്ലാ ഓർമകളും ഉമ്മയിലേക്ക് മാത്രമായി ചുരുങ്ങുന്നു. ഉമ്മാൻ്റെ വിരലിൽ തൂങ്ങി കുന്നുകൾ കയറിയിറങ്ങി ബന്ധുവീടുകളിലേക്ക് നടന്നു പോയ ബാല്യം. മഴനനഞ്ഞും വെയിലു കൊണ്ടും അങ്ങനെ എത്രയെത്ര യാത്രകൾ... ഉമ്മയുടെ നിഴലായ് ജീവിച്ച ആ കാലം ഓർമകളെ തീവ്രമായി പിടിച്ചുലക്കുന്നുണ്ട്.

ഏക മകനെ തനിച്ചാക്കി മരണത്തിൻ്റെ തണുപ്പിലേക്കും ഏകാന്തതയിലേക്കും ഉമ്മ പടിയിറങ്ങി പോയത് 2020 - എപ്രിൽ ഒന്നിനായിരുന്നു. മകനു വേണ്ടി പ്രാർത്ഥിക്കാൻ ഇനി ഉമ്മ ഇല്ല എന്ന തിരിച്ചറിവ് നൽകുന്ന നോവ് പറഞ്ഞറിയിക്കാൻ കഴിയില്ല.

ഓലമേഞ്ഞ വീട്ടിൽ നിന്നും ഓട് മേഞ്ഞ വീട്ടിലേക്കും അവിടെ നിന്നും കോൺക്രീറ്റ് വീട്ടിലേക്കും കൂടുമാറിപ്പോകുമ്പോൾ ഉമ്മ പറയാറുണ്ടായിരുന്നു 'ഇനിയൊരു വീട്ടിലേക്ക് കൂടി പോകണം. അതു മാത്രമാണിനി ബാക്കി' അപ്പോഴെക്കെ ഞാൻ തിരിച്ചു പറയുമായിരുന്നു. 'അവിടേക്ക് നമുക്കെല്ലാവർക്കും ഒന്നിച്ചു പോകാം ഉമ്മാ..'

ഉമ്മ പറയും: അങ്ങനെയൊന്നില്ല, ആദ്യം വന്നവർ ആദ്യം പോകണം. ഉമ്മാൻ്റെ ആഗ്രഹം ജയിച്ചു. ഞാൻ തോറ്റു. ആ തോൽവി ഒരിക്കലും അവസാനിക്കാത്ത സങ്കടത്തിൻ്റെ തിരമാലകൾ തീർത്തു കൊണ്ടേയിരിക്കുന്നു. ജീവിതാവസാന കാലത്ത് ഉമ്മാനെ പരിചരിക്കാൻ കഴിഞ്ഞു എന്നത് മാത്രമാണ് ഭാഗ്യം. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യവും സമ്പത്തും അതു തന്നെയാണല്ലോ.

മരണവേദന ഞാനെങ്ങനെ സഹിക്കും, ഖബർ ജീവിതം ഞാനെങ്ങനെ തരണം ചെയ്യും, എന്ന ചോദ്യം അവസാന നാളുകളിൽ ഉമ്മ നിരന്തരം തനിയെ ചോദിച്ചു കൊണ്ടേയിരുന്നു. ഉമ്മ മരിക്കുമ്പോൾ ഞാൻ അരികിലുണ്ട്. ഏപ്രിൽ ഒന്ന് ബുധനാഴ്‌ച അർദ്ധരാത്രി 1.30 ന്. ഉറങ്ങാതെ കാവൽ നിന്ന അവസാന നാളുകൾ. തുടർച്ചയായ നാല് ദിവസങ്ങളിൽ ഉമ്മ സഹിച്ച വേദന, മനസ്സ് വിങ്ങുന്നു, വാക്കുകൾ വിറങ്ങലിക്കുന്നു....

ജേഷ്ടനോ, അനുജനോ ജേഷടത്തിയോ അനുജത്തിയോ ആരും കൂട്ടിനില്ലാത്ത ഒറ്റയാനായി പോയല്ലോ എൻ്റെ മോൻ എന്ന് പറഞ്ഞു പലപ്പോഴും കണ്ണുനീർ വാർക്കുമായിരുന്നു ഉമ്മ. ഉമ്മയുടെ പ്രാർത്ഥനയായിരുന്നു ജീവിതത്തിൻ്റെ തെളിച്ചം. ഉമ്മ പോയപ്പോൾ ഉമ്മ മാത്രമല്ല പോയത് വീട് തന്നെ ശൂന്യമായി. അടുത്തറിയുന്നവരുടെ ഉമ്മ മരിച്ചു എന്ന് കേൾക്കുമ്പോൾ എൻ്റെ ഉമ്മ മരണാസന്നയായി കിടന്ന ആ സന്ദർഭം ഓർമ്മയിലേക്കോടി വരും. കണ്ണു നിറയും, കരയാൻ കഴിയില്ല. വിങ്ങി വിങ്ങി ഉരുകിയില്ലാതാകും.

വീട്ടിൽ ആ കസേരയും, ആ കട്ടിലും വേർപാടിൻ്റെ വേദന കടിച്ചിറക്കുന്നുണ്ട്. ഉമ്മ, എൻ്റെ മോൾ സ്കൂൾ വിട്ട് വരുന്നതും കാത്തിരുന്ന പകലുകൾ. സ്കൂൾ വിട്ട് ആറുമണിക്ക് മാത്രം തിരിച്ചെത്തുന്ന മകളെയും കാത്ത് മൂന്ന് മണിക്ക് തന്നെ സോഫയിലിരുന്ന് ജനലഴികളിലൂടെ നോക്കി നോക്കിയിരിക്കുന്ന ഉമ്മ.. സ്കൂൾ വിട്ട് ക്ഷീണിച്ച്‌ വരുന്ന മകളുടെ ബാഗ് വാങ്ങി അകത്ത് കൊണ്ട് വെക്കുന്ന ഉമ്മ.. എല്ലാവർക്കും ഓർമകൾ മാത്രമല്ല അതിരില്ലാത്ത സ്നേഹത്തിൻ്റെ അനുഭവമായിരുന്നു ഉമ്മ...

പിന്നീട് മകളുടെ കല്യാണാലോചനയെ കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ ഉമ്മ പറയുമായിരുന്നു. അതൊക്കെ അവളുടെ പഠനം കഴിഞ്ഞ് മതി. പഠനം കഴിഞ്ഞ് വിവാഹം ആലോചിച്ച് തുടങ്ങിപ്പോൾ ഉമ്മ മാത്രം ഇല്ല.

പ്രിയപ്പെട്ടവരെ, ഒന്നു മാത്രമാണ് പറയാനുള്ളത് ജീവിതാവസന കാലത്തെങ്കിലും മാതാപിതാക്കളെ ഒപ്പം ചേർത്ത് നിർത്തുക. അവർ രണ്ട് പേരും പോയിക്കഴിഞ്ഞാൽ പിന്നെ നമുക്കായി ഒരു ജീവിതമില്ല. പിന്നീടെല്ലാം അനുഭവങ്ങളുടെ ഓർമകൾ മാത്രമാണ്. നമ്മെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന സങ്കടപ്പെരുമഴയുടെ കർക്കടക്കാലം.. തോരാത്ത കണ്ണുനീരിൻ്റെ മാത്രം കാലം.. നമുക്ക് വേണ്ടി മാത്രം പ്രാർത്ഥിക്കുന്നവർ ഇനിയില്ല എന്ന യാഥാർത്ഥ്യം ബോധ്യപ്പെടുന്ന കാലം..


ചെറുപ്പം, ചെറിയൊരു പനി വന്നാൽ പെരുമഴയത്ത് ചളി പിടിച്ച വയൽ വരമ്പിലൂടെ തൊട്ടടുത്ത ആശുപത്രിയിലേക്ക് ഒറ്റക്ക് എന്നേയുമെടുത്ത് ഓടിപ്പോകുന്ന ഉമ്മാൻ്റെ ആധിയും വ്യാധിയും കൺമുമ്പിൽ തെളിയുന്നുണ്ട്. കരഞ്ഞു കരഞ്ഞു തീർത്തതായിരുന്നു ഉമ്മാൻ്റെ യവ്വനം. പ്രയാസങ്ങളുടെ കയറ്റവും ഇറക്കവും കണ്ട വ്യസന കാലം.

മിക്കയാഴ്ചകളിലും ഉമ്മാൻ്റെ ഖബറിനരികിൽ പോകും. സമയമേറെ കഴിഞ്ഞാലും തിരിച്ചു വരാൻ കഴിയില്ല. ഗതകാല ഓർമ്മകളെല്ലാം തിരമാലകൾ കണക്കെ ഉയർന്നു വരും. ഇനിയിപ്പോൾ എന്നാണ് ഉമ്മാൻ്റെ ഖബറിടം കാണുക എന്നും സിയാറത്ത് (സന്ദർശനം) സാധ്യമാകുക എന്നറിയില്ല. പട്ല വലിയ പള്ളിയുടെ ചാരത്ത് ഉമ്മയുണ്ട്. തിരച്ചറിയാൻ പേര് പോലും കൊത്തിവെക്കാത്ത വീട്ടിൽ സുഖനിദ്രയിൽ. അല്ലെങ്കിലും മകന് ഉമ്മാൻ്റെ വീട് തിരിച്ചറിയാൻ എന്തിനാണൊരു വീട്ടു പേര്.

ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികളിൽ ഉമ്മ മാത്രമാണ്. ഒന്നുറപ്പാണ് അന്നം തേടിപ്പോയി തിരികെ വീടണയുന്ന ഒരു യാത്രയും ഇനി പഴയത് പോലെയാവില്ല. കാത്ത് കാത്തിരിക്കാൻ മോനെ എന്ന് വിളിക്കാൻ ഉമ്മയില്ലാത്ത വീട്. വീടുവിട്ടുള്ള ഓരോ യാത്രകളിലും അകലെ ഒരു പൊട്ടു പോലെയായി മറയുന്നതുവരേയും നോക്കി നിൽക്കാൻ ഉമ്മ മാത്രം ഇനിയില്ല. ഉമ്മ മരിച്ചു പോയ ഏതൊരാൾക്കും തങ്ങളുടെ ബാല്യകാലം ഓർക്കാനേ കഴിയില്ല. ഒന്നിച്ചുള്ള ഓരോ സന്ദർഭങ്ങളും നെഞ്ചിലേക്ക് വേദനയായി ഇരച്ചു കയറും.

പഴയ മുള്ളുവേലികളും നടവരമ്പുകളും ഇന്നെവിടെയും കാണാനില്ല. പക്ഷെ ഉമ്മയോടോപ്പം സഞ്ചരിച്ച പഴയ നടവരമ്പുകളും പാതയോരങ്ങളും മനസ്സിൽ തറച്ചുതന്നെ കിടപ്പുണ്ട്. ബാല്യകാല ഓർമ്മകൾ കൊത്തിവെച്ച മനസ്സുകളുമായാണ് നമ്മളോരോരുത്തരും പിന്നീട് ജീവിക്കുന്നത്.

ആഗ്രഹിച്ചു പോകുകയാണ്, ഒരാളുടേയും ഉമ്മമാർ മരിക്കരുത് അതവർക്ക് താങ്ങാനാവില്ല. ഒന്നര വർഷങ്ങൾക്കിപ്പുറവും ആ ആഘാതത്തിൽ നിന്നും മുക്തനാകാനാവുന്നില്ല. ഉമ്മ കൂടെയില്ലാത്ത ഇനിയെത്ര കാലം..!


Keywords:  Malayalam, Family, Memorial, Death, Article, Mother, Son, In the memory of Mother.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia