ബേവിഞ്ച കൃതികളുടെ ആന്തര സൗന്ദര്യം എഴുത്തിന്റെ കരുത്ത്
Jan 30, 2013, 08:01 IST
എഴുത്തിന്റെ കരുത്താണ് ബേവിഞ്ച കൃതികളുടെ ആന്തര സൗന്ദര്യമെന്ന് സി.ടി.ബഷീര്‍ പറഞ്ഞു. ഇബ്രാഹിം ബേവിഞ്ചയുടെ അക്ഷരപഥങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവേളയില്‍ നടത്തിയ മറുപടി പ്രസംഗത്തിലാണ് ഗ്രന്ഥ കര്‍ത്താവായ ബഷീര്‍ ഇങ്ങനെ പറഞ്ഞത്. ബഷീറിന്റെ മറുപടി പ്രസംഗത്തിന്റെ പൂര്‍ണ രൂപം താഴെ ചേര്‍ക്കുന്നു.
ബേവിഞ്ച മാഷും ഞാനും കത്തുകളിലൂടെയുള്ള ബന്ധം തുടര്‍ന്നു വരുമ്പോഴാണ് തലശേരിയിലെ കുട്ട്യമ്മു പുരസ്ക്കാരവേളയില്‍ ഒരുമിച്ചിരിക്കാന്‍ അവസരമുണ്ടായത്. ആ വേദിയില്‍ വെച്ച് കനല്‍പഥങ്ങളിലൂടെ നടന്ന ഒരാള്‍ എന്ന കൃതിയുടെ രചയിതാവ് ടി.പി. ചെറൂപ്പക്ക് ഡോക്ടര്‍ എം.കെ.മുനീര്‍ കുട്ട്യമ്മു പുരസ്ക്കാരം നല്കി. പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയായിരുന്നു മുഖ്യ പ്രഭാഷകന്‍.
സ്വാഗത പ്രാസംഗികനായ ഞാന്‍ തലശേരി പഴമയെ പറ്റി അല്പം വാചാലമായി പറഞ്ഞത് ബേവിഞ്ച മാഷിന് രസിച്ചില്ലെന്നു തോന്നുന്നു.സ്വാഗത പ്രാസംഗികന് മുഖ്യ പ്രഭാഷകന്റെ മൃദുലമായ വാക്പ്രഹരം കിട്ടി. ആ താഢനം കനല്ക്കട്ടപോലെ എരിഞ്ഞുനില്ക്കാന് പര്യാപ്തമായിരുന്നു.
ഈ മനുഷ്യന് ആര്? ഇദ്ദേഹത്തിന്റെ രസനീരസങ്ങള് എന്തെല്ലാം?എന്ന അന്വേഷണങ്ങള്‍ അന്നുതൊട്ട് ആരംഭിച്ചതാണ്.അതിന്റെ പരിസമാപ്തി കുറിക്കുന്നതാണ് ഇന്നിവിടെ പ്രകാശനം ചെയ്യപ്പെട്ട ഇബ്രാഹിം ബേവിഞ്ചയുടെ അക്ഷരപഥങ്ങള്‍ .
പൊങ്ങച്ചത്തിന്റെയും കാപട്യത്തിന്റെയും മുഖംമൂടികള്‍ നീക്കി സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്ന് വിശ്വസിക്കുന്ന ഒരു സാഹിത്യോപാസകന്റെ മനോവ്യാപാരമാണ് ബേവിഞ്ച കൃതികളിലുള്ളത്.നിരൂപകരുടെ നിരന്തരമായ ഇടപെടലുകള്‍ തീര്‍ച്ചയായും ഉല്‍കൃഷ്ട കൃതികളുടെ രചനയ്ക്ക് വഴിയൊരുക്കുന്നുണ്ട്.
എത്രയോ പുതിയ എഴുത്തുകാരെ ഈ നിരൂപകന് കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. അഹന്തയുടെ മസ്തകങ്ങള്‍ പലതും അടിച്ചമര്‍ത്തിയിട്ടുണ്ട്. മതവും സാഹിത്യവും തത്വചിന്തയും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളാണ്. ശ്രേഷ്ടമായ ഏത് കലാസൃഷ്ടിയും സമൂഹമനസ്സില്‍ വിതയ്ക്കലും കൊയ്യലും നടത്തുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
ചിന്തയെ സൗന്ദര്യത്തില്‍ ചാലിച്ച് ഗംഭീരോദാരമായി അവതരിപ്പിക്കുന്ന എല്ലാ സൗന്ദര്യ രൂപങ്ങളുടെയും പിന്നാലെ ബേവിഞ്ചയുണ്ട്.പഴയകാല മുസ്ലീം സാമൂഹ്യ ജീവിതത്തില്‍ കലയും സാഹിത്യവും ഇല്ലായിരുന്നുവെന്ന വ്യാപകമായ പ്രചരണം നോബല്‍ സമ്മാനം അര്‍ഹിക്കുന്ന നുണയാണെന്ന് അദ്ദേഹം തെളിവുകള്‍ നിരത്തി എഴുതി. രാമായണത്തിലെയും മഹാഭാരതത്തിലെയും സൂക്ഷ്മധ്വനികള്‍ തന്റെ മനസ്സിനെ ഏറെ സൗന്ദര്യ വല്ക്കരിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞു. അക്ഷരപഥങ്ങള്‍ പരിചയപ്പെടുത്തത് സംസ്കൃതചിത്തനായ ഈ എഴുത്തുകാരനെയാണ്.
സാഹിത്യത്തിലെ മുസ്ലിം പങ്കാളിത്തത്തെ പറ്റി ഇസ്ലാമിക കോണിലൂടെ ബേവിഞ്ച വിശദീകരിക്കുമ്പോള്‍ അദ്ദേഹം ഒരു മുസ്ലിം പക്ഷപാതിയാണോ എന്ന് സംശയിക്കുന്നവരുണ്ട്. എന്നാല്‍ അദ്ദേഹം മാനവിക പക്ഷത്താണെന്ന് തെര്യപ്പെടുത്തുന്നതാണ് ഈ സമഗ്ര പഠനം. മുസ്ലിം എഴുത്തുകാര്‍ ജാഗരൂകരായില്ലെങ്കില്‍ സംഭവിക്കാവുന്ന അബദ്ധങ്ങള്‍ പലതുമുണ്ട്.
മൂന്ന് ഉദാഹരണങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടാം. മഹാകവി വള്ളത്തോളിന്റെ ജാതകം തിരുത്തി എന്ന പ്രസിദ്ധമായ കവിതയിലെ കഥാപാത്രം മുഹമ്മദ് നബിയാണെന്നു പ്രശസ്ത നിരൂപകയായ ഡോക്ടര്‍ എം. ലീലാവതി തന്റെ കവിതാസാഹിത്യ ചരിത്രത്തില്‍ എഴുതിപ്പോയിട്ടുണ്ട്. അത് നബിയുടെ അനുചരന് ഉമറിന്റെ മതംമാറ്റത്തെ പറ്റിയുള്ള കവിതയാണെന്ന് ബേവിഞ്ച തിരുത്തി. ജാതകം തിരുത്തി എന്ന ശീര്‍ഷകം പോലും ആ കവിതയുടെ സന്ദേശത്തിന് നിരക്കുന്നതല്ല എന്നഭിപ്രായപ്പെട്ടതും ബേവിഞ്ചയാണ്.
പൊന്‍കുന്നം സെയ്ത് മുഹമ്മദിന്റെ മാഹമ്മദം മഹാകാവ്യം മലയാളത്തിലെ നിരൂപക ശ്രേഷഠരെല്ലാം തമസ്ക്കരിച്ചപ്പോള്‍ അത് എല്ലാ ലക്ഷണവുമൊത്ത മഹാകാവ്യമാണെന്ന് സ്ഥാപിക്കുന്ന പഠനം നമുക്ക് ലഭിച്ചത് ഈ പ്രൊഫസറില്‍ നിന്നാണ്.
സംസ്കൃതം നല്ലപോലെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു പാവം മുസ്ലിം എഴുത്തുകാരനാണ് ഇങ്ങനെ തമസ്ക്കരിക്കപ്പെട്ടുപോയത്. ബേവിഞ്ചയുടെ ഹൃദയോപഹാരമായ ഉബൈദിന്റെ കവിതാലോകത്തിലൂടെയാണ് ഉബൈദിന്റെ കഴിവും കവിതകളിലെ മിഴിവും സഹൃദയരായ വായനക്കാര്‍ നന്നായി അറിയുന്നത്. പണ്ഡിതനായ ശൂരനാട് കുഞ്ഞന്‍പിള്ളയായിരുന്നു സാഹിത്യ സദസ്സിലൂടെ ഉബൈദ് എന്ന മാപ്പിളപ്പാട്ടു ഗായകനെ ആദ്യമായി അവതരിപ്പിച്ചത് എന്ന കാര്യം വിസ്മരിക്കുന്നില്ല.
മരണാനന്തരമെങ്കിലും ഉബൈദ് മലയാള സാഹിത്യ നായകന്മാരില് ഒരാളായി അംഗീകരിക്കപ്പെട്ടു. ഉബൈദിന് കിട്ടിയേക്കാവുന്ന എത്രയോ സ്മാരക മണിമന്ദിരങ്ങളേക്കാള് നിസ്തുലമാണ് ബേവിഞ്ചയുടെ ഉബൈദിന്റെ കവിതാലോകം എന്ന സാഹിത്യ ശില്പം.
ഗ്രേസ് അസോസിയേഷന് പ്രസിദ്ധീകരണത്തിന് മുന്നിട്ടിറങ്ങിയില്ലെങ്കില്‍ ഇബ്രാഹിം ബേവിഞ്ചയുടെ കൃതികള്‍ പൂര്‍ണമായി അവതരിപ്പിക്കാനുള്ള എന്റെ ശ്രമം വൃഥാവിലാകുമായിരുന്നു. പ്രശസ്തമായ പ്രസിദ്ധീകരണാലയങ്ങള്‍ പോലും സാമ്പത്തിക നേട്ടം കൊതിച്ചു അക്ഷരമാലിന്യങ്ങളിലേക്ക് കണ്ണുവെക്കുമ്പോള്‍ ഗ്രേസ് ചില മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ട പ്രസാദനം മഹത്തായ സാമൂഹ്യ സേവനമാക്കി മാറ്റുന്നു.
അവരുടെ മൂല്യാന്വേഷണ വിപ്ലവാശയം വേണ്ടും വിധം ഉള്‍ക്കൊള്ളാന്‍ സമൂഹവും സന്നദ്ധമാകേണ്ടതുണ്ട്. സേവനത്തിന്റെ ഒരു നൂതന പാതയാണ് ഗ്രേസ് തുറന്നിട്ടുള്ളത്.അതിന്റെ സത്ഫലം നുകരുക ഒരുപക്ഷെ വരും തലമുറയായിരിക്കും. ഒരു മഹാസംരംഭം! അല്ലാഹു ഗ്രേസിന്റെ പിന്നിലെ കരങ്ങളെ തുണയ്ക്കട്ടെ!
-സി.ടി. ബഷീര്‍
Keywords: C.T.Basheer, Aksharapadhangal, Publication, Writer, Malayalam, Literature, Thalasseri, Ibrahim Bevinja, Award, T-Ubaid, Article.