city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാല്‍ പോലെ പരന്നൊഴുകുന്ന സൂര്യവെളിച്ചത്തിന്റെ കുളിരില്‍

എസ്.എ.എം. ബഷീര്‍ 

(www.kasargodvartha.com 12.07.2014) നമുക്കൊരു കഥ എഴുതിത്തുടങ്ങാം. അര്‍ധരാത്രി. എങ്ങും കൂരിരുട്ട്. മനുഷ്യന്‍ നേര്‍ക്കുനേരെ വന്നു മുട്ടിയാല്‍ പോലും കാണാന്‍ പറ്റാത്തത്രയും ഇരുട്ട്. അയാള്‍ നടന്നു. തനിയെ. ഇങ്ങനെ എഴുതുന്നതിനു പകരം, പാതിരാത്രി. നിതാന്ത നിശബ്ദത. എങ്ങും പാല്‍ പോലെ പരന്നൊഴുകുന്ന നേര്‍ത്ത സൂര്യവെളിച്ചം. അയാള്‍ ഇറങ്ങി നടന്നു. എന്ന് എഴുതിയാലോ?
വായനക്കാര്‍ അമ്പരക്കുകയും എഴുതിയവന് വട്ടാണെന്ന് വിധിയെഴുതുകയും ചെയ്യും.
എന്നാല്‍ ചില രാജ്യങ്ങളില്‍, ചില കാലങ്ങളില്‍ ഇങ്ങനെ എഴുതിയാല്‍ ആരും അമ്പരക്കില്ല.
1956 ലാണ് എസ്.കെ. പൊറ്റക്കാട് പാതിരാ സൂര്യന്റെ  നാട്ടില്‍ എന്ന യാത്രാവിവരണം എഴുതിയത്. ഫിന്‍ലാന്‍ഡ്  എന്ന രാജ്യത്തെക്കുറിച്ചാണ് എസ്.കെ. അന്ന് അതെഴുതിയത്.

പാതിരാത്രിയിലും  സൂര്യന്‍ അസ്തമിക്കാത്ത ഈ രാജ്യത്തിന്റെയും തൊട്ടയല്‍രാജ്യങ്ങളിലെയും സവിശേഷതകള്‍ സവിസ്തരം അന്നദ്ദേഹം എഴുതി. പാതിരാത്രിയുടെ നിതാന്ത നിശബ്ദതയും കൂരിരുട്ടും എന്ന് ആലങ്കാരികമായി പറഞ്ഞാല്‍ ചക്രവാളസീമയില്‍ നിന്നും സൂര്യന്‍ ഏഴു ഡിഗ്രി താഴെ കാണപ്പെടുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ ചിരിയ്ക്കും.

കാരണം അവര്‍ക്കവിടെ ആ നാട്ടപ്പാതിരായ്ക്കും വിളക്കുകള്‍ കത്തിക്കാതെ സൂര്യന്റെ അരണ്ട വെളിച്ചത്തില്‍ വായിക്കാനും എഴുതാനും കഴിയും. കൃത്രിമ വിളക്കുകളുടെ സഹായമില്ലാതെ തന്നെ.

റഷ്യയിലെ സെന്റ് പീറ്റേര്‍സ്ബര്‍ഗില്‍  ജൂണ്‍  11 മുതല്‍ ജൂലൈ രണ്ടുവരെ വെളുത്ത  രാത്രികളാണ്. അവിടെ ഈ പത്തു ദിവസങ്ങളും White Nights Festival എന്ന പേരില്‍ അവിടെ ആഘോഷിക്കുന്നു. ഈ ദിവസങ്ങളില്‍ രാത്രികളില്‍ ഇരുട്ടില്ല. വെളിച്ചം മാത്രം. പാല്‍ പോലെ പരന്നൊഴുകുന്ന സൂര്യന്റെ തൂവെളിച്ചം മാത്രം.

ഭൂമിയുടെ വടക്കേ ധ്രുവത്തിലേക്ക് സഞ്ചരിക്കുന്ന ഒരാള്‍, യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ വടക്കേ അറ്റമായി കണക്കാക്കുന്ന  നോര്‍വേയുടെ നോര്‍ത്ത്  കേപ്പില്‍, മെയ് മാസം 14 മുതല്‍ ജൂലൈ  29 വരെ ഒരിക്കലും സൂര്യനസ്തമിക്കാത്ത ഈ പ്രതിഭാസം കാണാനാകും.

അതിനും വടക്ക്  ആര്‍ക്കിപെലാഗോവില്‍  ഈ അവസ്ഥ ഏപ്രില്‍ 20 മുതല്‍  ആഗസ്ത് 22 വരെ നീണ്ടു നില്‍ക്കും. ഭൂഗോളത്തിന്റെ ഇരുധ്രുവപ്രദേശങ്ങളിലും  ഉഷ്ണകാലങ്ങളില്‍ പാതിരാ സൂര്യനും, അസ്തമിക്കാത്ത സൂര്യനും കാണാനാകും.

അന്റാര്‍ട്ടിക്ക ധ്രുവത്തിനടുത്തു മനുഷ്യവാസമില്ലെങ്കിലും ആര്‍ട്ടിക് ധ്രുവത്തിനടുത്തു നില്‍ക്കുന്ന കാനഡയിലെ Yukon, Northwest Territories,  Nunavut, എന്നീ പ്രദേശങ്ങളും  ഗ്രീന്‍ ലാന്‍ഡ്, ഐസ് ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, നോര്‍വേ, റഷ്യ, സ്വീഡന്‍, അമേരിക്കയിലെ അലാസ്‌ക എന്നീ രാജ്യങ്ങളിലുമൊക്കെ  സൂര്യന്‍ അസ്തമിക്കാത്ത ദിനങ്ങള്‍ ഉണ്ടാകുന്നുണ്ട്.

ഫിന്‍ലാന്‍ഡിന്റെ വടക്കേ മുനമ്പില്‍ വര്‍ഷത്തില്‍ രണ്ടുമാസം സൂര്യന്‍ അസ്തമിക്കാറേ ഇല്ല.
ധ്രുവത്തിന്റെ തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍   വര്‍ഷത്തില്‍ ആറു മാസവും സൂര്യന്‍ അസ്തമിക്കാറില്ല. ഉഷ്ണകാലങ്ങളില്‍ ശൈത്യകാലത്ത് ഈ രാജ്യങ്ങളിലെ ചില പ്രദേശങ്ങളില്‍ സൂര്യന്‍ ഉദിക്കാറേ ഇല്ല. നമ്മള്‍ ഈ പ്രതിഭാസത്തെ പോളാര്‍ രാത്രികള്‍   എന്നും പോളാര്‍ പകലുകള്‍  എന്നും വിളിക്കുന്നു. ഭൂമിയുടെ ഇരു ധ്രുവങ്ങളിലും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സൂര്യന്‍ ഉദിക്കുകയും ഒരേ ഒരിക്കല്‍ അസ്തമിക്കുകയും ചെയ്യുന്നു.

ഭൂമിയും സൂര്യനും ചന്ദ്രനും പിന്നെ അനന്തകോടി ഗോളങ്ങളും, ആയിരക്കണക്കിന് ക്ഷീരപഥങ്ങളും അടങ്ങുന്ന ഈ പ്രപഞ്ചത്തിന്റെ ഗതിവിഗതികളില്‍ ഒട്ടു മുക്കാലും ഇന്നും അനന്തമജ്ഞാതമവര്‍ണനീയമായിത്തന്നെ തുടരുന്നു. അതിലൊരു കൊച്ചു ബിന്ദു മാത്രമായി സ്വയം  തിരിയുകയും സൂര്യനെ വലംവെക്കുകയും ചെയ്യുന്ന  നമ്മുടെ ഈ ഭൂഗോളത്തിന്റെ ചാക്രിക ചലനങ്ങള്‍ക്കനുസരിച്ചാണ് ലോക മുസ്ലിംകളുടെ ആരാധനകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്.

സൂര്യവര്‍ഷക്കലണ്ടര്‍ (സോളാര്‍) പ്രകാരം  ലോകത്ത് എല്ലായിടത്തും ഒരു നിശ്ചിത കാലാവസ്ഥയിലായിരിക്കും ഓരോ മാസങ്ങളും കടന്നു പോവുക. സോളാര്‍ കലണ്ടറില്‍  365 ദിവസങ്ങളുണ്ടാകും.

എന്നാല്‍ ചന്ദ്രവര്‍ഷക്കലണ്ടര്‍ (ലൂണാര്‍ കലണ്ടര്‍ ) പ്രകാരമുള്ള മാസങ്ങള്‍ ലോകത്തിന്റെ വിവിധ കാലാവസ്ഥകളിലൂടെയും കടന്നു പോകും എന്ന സവിശേഷതയുണ്ട്. ഈ കലണ്ടര്‍ പ്രകാരം ഒരുവര്‍ഷം 354 ദിവസങ്ങളാണ്.

സൂര്യന്റെ ചലനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സോളാര്‍ കലണ്ടറും, ചാന്ദ്രചലനങ്ങളിലൂന്നിയ ലൂണാര്‍ കലണ്ടറുമാണ് ഇന്ന് ലോകത്ത് നിലവിലുള്ളത്.

കാലാവസ്ഥയിലെ വൈവിധ്യങ്ങളും വൈജാത്യങ്ങളും നിലനില്‍ക്കുന്ന  ഈ ലോകത്ത് എന്തിനാണ് ഇസ്‌ലാം റമദാന്‍ മാസത്തെ ചാന്ദ്രമാസപ്പിറവിയുമായി ബന്ധപ്പെടുത്തുന്നത് എന്നാണു ചിലയിടങ്ങളില്‍ നിന്നും ഉയരുന്ന ചോദ്യം?
അതായത് ക്രിസ്തുമസ് എല്ലാ വര്‍ഷവും ഡിസംബര്‍ 25നു  ആഘോഷിക്കുന്നത് പോലെ റമദാനും ഒരു സമയത്ത് തന്നെ നിശ്ചിതമാക്കിക്കൂടേ എന്നാണു ചോദ്യം. പ്രകൃതിയോടു ചേര്‍ന്നു  നില്‍ക്കുന്ന   ഒരു  വിശ്വാസ സംഹിത എന്ന നിലയില്‍ എല്ലാ പ്രദേശങ്ങളിലെയും എല്ലാ വിഭാഗങ്ങളോടും തുല്യ നീതി ഉറപ്പാക്കുക എന്ന ഇസ്ലാമിക ദര്‍ശനത്തിന്റെ പൂര്‍ണതയാണ് ചന്ദ്രമാസത്തിന്റെ തിരഞ്ഞെടുപ്പിലൂടെ നമുക്ക് കാണാനാവുന്നത്.
പാല്‍ പോലെ പരന്നൊഴുകുന്ന സൂര്യവെളിച്ചത്തിന്റെ കുളിരില്‍
വിഭിന്ന കാലാവസ്ഥകള്‍ നിലവിലുള്ള ഭൂമിയില്‍ വര്‍ഷത്തില്‍ ഒരു നിശ്ചിത സമയത്ത് റമദാന്‍ മാസം നിശ്ചയിക്കപ്പെട്ടു കഴിഞ്ഞാല്‍ ലോകാവസാനം വരെ ചില ഭൂപ്രദേശത്തുള്ളവര്‍ കഷ്ടപ്പെടേണ്ടി വരും. ചിലയിടങ്ങളില്‍ നോമ്പിന്റെ ദൈര്‍ഘ്യം എട്ടു മണിക്കൂര്‍ ആണെങ്കില്‍  മറ്റു ചിലയിടങ്ങളില്‍ പതിനേഴു മണിക്കൂര്‍ വരെ ഉണ്ടാകും.

ഉദാഹരണത്തിന് ഇത്തവണ ഈ കൊടും ചൂടിനു ഖത്തറില്‍ പതിനെട്ടു മണിക്കൂര്‍  ആയിരിക്കും നോമ്പിന്റെ ദൈര്‍ഘ്യം. അതേ സമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പന്ത്രണ്ടു മണിക്കൂറും, ഒമ്പതു മണിക്കൂറും മാത്രമേ നോമ്പനുഷ്ഠിക്കേണ്ടി വരികയുള്ളൂ.

എല്ലാ വര്‍ഷവും ജൂണില്‍ തന്നെ റമദാന്‍ മാസം നിശ്ചയിച്ചു കഴിഞ്ഞാല്‍ എല്ലാ വേനല്‍ച്ചൂടിലും  ഒരു വിഭാഗം  സുദീര്‍ഘ വ്രതത്തിന്റെ തീവ്രത അനുഭവിക്കേണ്ടി വരുമ്പോള്‍, കേരളം പോലുള്ള പ്രദേശങ്ങളില്‍ എല്ലാ മഴക്കാലത്തും നോമ്പനുഷ്ഠിക്കുകയും മറ്റു ചിലയിടങ്ങളില്‍ എട്ടു മണിക്കൂര്‍ മാത്രം നീണ്ടു നില്‍ക്കുന്ന സുഖദമായ വ്രതം അനുഷ്ഠിക്കാന്‍ കഴിയുന്നവരും ആയിത്തീരും.

അപ്പോള്‍ ലോകാന്ത്യം വരെ ഒരു വിഭാഗം ജനങ്ങള്‍ കഠിനമായ ചൂടില്‍ പതിനെട്ടു മണിക്കൂര്‍ നോമ്പ് എടുത്തു കൊണ്ടേ ഇരിക്കുകയും മറ്റു ചിലയിടങ്ങളില്‍ ചുരുങ്ങിയ മണിക്കൂറുകള്‍ മാത്രം  നല്ല കാലാവസ്ഥയില്‍ വ്രതമെടുക്കുകയും ചെയ്യുക എന്ന അനീതി നിലനില്‍ക്കും.

എന്നാല്‍ ചന്ദ്രമാസ പ്രകാരം നോമ്പിന്റെ മാസം എല്ലാ കാലാവസ്ഥയിലേക്കും മാറിക്കൊണ്ടേ ഇരിക്കും. സൂര്യമാസ കലണ്ടറിനേക്കാളും പതിനൊന്നു ദിവസം കുറവാണ് ചാന്ദ്രമാസക്കലണ്ടറിന്.
ഈ വര്‍ഷം ഖത്തറില്‍  ജൂണ്‍ജൂലൈ മാസങ്ങളിലാണ് റമദാന്‍ എങ്കില്‍ ആറു വര്‍ഷം കഴിഞ്ഞു 2020  ആകുമ്പോഴേക്കും മാര്‍ച്ച്ഏപ്രില്‍  മാസത്തിലായിരിക്കും റമദാന്‍ വരിക.

പിന്നെയും ഒരു ആറു വര്‍ഷം കഴിയുമ്പോള്‍ ഡിസംബര്‍ജനുവരി മാസത്തിലായിരിക്കും ഖത്തറിലെ റമദാന്‍. ഇങ്ങനെ ഓരോ മുപ്പത്തിമൂന്നു വര്‍ഷം കൂടുമ്പോഴും ഒരു സൂര്യ വര്‍ഷത്തിന്റെ എല്ലാ മാസങ്ങളിലും ഓരോ പ്രദേശത്തും ഒരു റമദാന്‍ കടന്നു പോകും.

ഈ മുപ്പത്തിമൂന്നു വര്‍ഷക്കാലയളവിനെ നമുക്ക് വേണമെങ്കില്‍ ഒരു ചന്ദ്രവട്ടം എന്ന് പേരിട്ടു വിളിക്കാവുന്നതാണ്. പന്ത്രണ്ടു വര്‍ഷക്കാലയളവിനെ ഒരു വ്യാഴവട്ടം എന്ന് പറയുന്നത്  പോലെ.
ഇതില്‍ സമയവും, ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും കണക്കാക്കാന്‍ ലോകത്തെ മുസ്ലിംകള്‍ അടക്കം മഹാഭൂരിപക്ഷം ജനങ്ങളും സോളാര്‍ കലണ്ടര്‍ പിന്തുടരുന്നു.

പക്ഷെ ആരാധനകളുടെ കാര്യം വരുമ്പോള്‍, മുസ്ലിംകള്‍, ഹിന്ദുക്കള്‍, ജൂതര്‍ ഒക്കെ ലൂണാര്‍ കലണ്ടറിനെ ആശ്രയിക്കുന്നു. എന്നാല്‍, നോമ്പുമാസം ആരംഭിക്കുന്നതും അവസാനിക്കുന്നതും ലൂണാര്‍ കലണ്ടര്‍ അനുസരിച്ച് ഒരു ചന്ദ്രപ്പിറവി മുതല്‍ അടുത്ത ചന്ദ്രപ്പിറവി വരെയുള്ള മാസക്കണക്കിന്റെ  അടിസ്ഥാനത്തിലും. മുസ്ലിംകളുടെ നോമ്പ് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും സൂര്യോദയവും സൂര്യാസ്തമയവും കണക്കാക്കിയാണ്. അതായത് സോളാര്‍ കലണ്ടര്‍ പ്രകാരം.

മാസങ്ങളോളം  പാതിരാവിലും അസ്തമിക്കാതെ സൂര്യന്‍ ജ്വലിച്ചു നില്‍ക്കുന്ന രാജ്യങ്ങളിലും മാസങ്ങളോളം സൂര്യന്‍ ഉദിക്കാത്ത രാജ്യങ്ങളിലും ഉള്ള വിശ്വാസികള്‍, എങ്ങനെയാണ,് എപ്പോഴാണ് നോമ്പ് തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുക?

സൂര്യന്‍ മാസങ്ങളോളം ഉദിക്കാതിരിക്കുകയും, അസ്തമിക്കാതിരിക്കുകയും ചെയ്യുന്ന രാജ്യങ്ങളിലെ മുസ്ലിംകള്‍ തൊട്ടടുത്ത രാജ്യങ്ങളിലെയോ, അല്ലെങ്കില്‍ മക്കയിലെയോ സമയക്രമം അനുസരിച്ച് നോമ്പും നമസ്‌ക്കാരങ്ങളും ക്രമീകരിക്കുന്നു.

പാല്‍ പോലെ പരന്നൊഴുകുന്ന സൂര്യവെളിച്ചത്തിന്റെ കുളിരില്‍
S.A.M Basheer
(Writer)
'സൂര്യനെ ജ്വലിക്കുന്ന വെളിച്ചമായും, ചന്ദ്രനെ പ്രകാശമായും ഉണ്ടാക്കിയവന്‍ അവനാകുന്നു. കൊല്ലങ്ങളുടെ എന്നാവും, കണക്കും നിങ്ങള്‍ അറിയുന്നതിനായി അതിനു ചില മണ്ഡലങ്ങള്‍ അവന്‍ കണക്കാക്കി.'സൂറത്ത് യൂനുസ്' അഞ്ചാം വാക്യം.

'മാസപ്പിറവിയെക്കുറിച്ച് അവര്‍ താങ്കളോട് ചോദിക്കും. അവരോടു പറയുക, അത് ജനങ്ങളുടെ പല ആവശ്യങ്ങള്‍ക്കുമുള്ള കാലങ്ങളെയും ഹജ്ജിന്റെ കാലത്തെയും സൂചകങ്ങളാണ്' (വി.ഖു. സൂറത്തുല്‍ ബഖറ. വാക്യം 189.)

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Article, S.A.M Basheer, Ramadan, Muslims, Earth. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia