city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊതിഞ്ഞുവെക്കുന്നത് തുറന്നുകാണാന്‍ ആവേശംകാണിക്കുന്ന യുവത്വം

കൂക്കാനം റഹ്മാന്‍

(www.kasargodvartha.com 13/07/2016) അതിരുകള്‍ ലംഘിക്കാനും, പൊതിഞ്ഞുവെക്കല്‍ തുറന്നു കാണാനും താല്‍പര്യമുണ്ടാവുക മനുഷ്യസഹജമാണ്. അകറ്റി നിര്‍ത്തപ്പെടുമ്പോഴാണ് അടുത്തിടപഴകാനുള്ള ആവേശം ജനിക്കുക. ആണും പെണ്ണും തമ്മില്‍ ലൈംഗികാവയവ വ്യത്യാസ  മല്ലാതെ ശാരീരികമായ മറ്റ് വ്യത്യാസമില്ലാത്ത സ്ഥിതിക്ക് എല്ലാരംഗങ്ങളിലും തുല്യപരിഗണന നല്‍കിയാല്‍ ഇന്ന് കണ്ടു വരുന്ന പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരം കാണാന്‍ കഴിയും.

കാസര്‍കോട് പോലീസ് വനിതാ സെല്ലിന്റെ നേതൃത്വത്തില്‍ ഒരു പുതിയ കാഴ്ചപ്പാടോടെ വ്യത്യസ്തമായൊരു ശ്രമം ആരംഭിച്ചിരിക്കുകയാണ്. സ്ത്രീ സുരക്ഷയ്ക്ക് ആണ്‍കുട്ടികള്‍ക്കുള്ള ബോധവല്‍ക്കരണമാണ് വേണ്ടതെന്നാണ് ഈ പദ്ധതി ആവിഷ്‌കരിച്ചവരുടെ കാഴ്ചപ്പാട്. തീര്‍ച്ചയായും അഭിന്ദനീയമായ ഒരു കാല്‍വെപ്പാണിത്. പോലീസ് വനിതാ സെല്ലിന് നേതൃത്വം കൊടുക്കുന്ന സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പി വി നിര്‍മ്മലയുടെ ഭാവനയില്‍ നിന്നാണ് ഈ ആശയത്തിന് രൂപം കൈവന്നത്. പോലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സ്‌കൂള്‍ - കോളജ് കേന്ദ്രീകരിച്ച് പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

കാസര്‍കോട് ജില്ലയിലാണ് സംസ്ഥാത്ത് ആദ്യമായി ആണ്‍കുട്ടികളെ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണത്തിന് തുടക്കം കുറിച്ചത്. പരിപാടിയുടെ ഉല്‍ഘാടനം സംഘടിപ്പിച്ചത് വെള്ളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ബോയ്‌സിലാണ്. ചടങ്ങിന്റെ ഉല്‍ഘാടകനായ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ സൂചിപ്പിച്ച കാര്യവും ശ്രദ്ധേയമാണ്. പുരുഷന്മാരില്‍ ഭൂരിപക്ഷവും സൗഹൃദാന്തരീക്ഷം ഉണ്ടാക്കുവാന്‍ ആഗ്രഹിക്കുന്നവരും സ്ത്രീ പീഡനങ്ങളെ എതിര്‍ക്കുന്നവരുമാണ്. എങ്കിലും പുരുഷന്മാരില്‍ വളരെ ചെറിയൊരു ന്യൂനപക്ഷം സ്ത്രീ സുരക്ഷയ്ക്ക് എതിരായി നിലകൊള്ളുന്നുണ്ട്. അവരുടെ മാനസീക നില മാറ്റിയെടുക്കാനുള്ള ശ്രമത്തിന് ഊന്നല്‍ നല്‍കാന്‍ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്കുനേരെയും സ്ത്രീകള്‍ക്കുനേരെയും നടന്നുവരുന്ന അക്രമങ്ങള്‍ക്ക് ആണ്‍കുട്ടികളെയും പുരുഷന്മാരേയും മാത്രം കുറ്റപ്പെടുത്താമോ? അവരുടെ ലൈംഗികചോദനകളെയും മാനസിക ക്രൂരതയേയും പ്രോത്സാഹിപ്പിക്കുന്നത് മദ്യ ലഹരിയും, ഇത്തരം ക്രീഡകള്‍ ദൃശ്യവല്‍ക്കരിച്ച് അവരുടെ മുമ്പിലെത്തിക്കുന്ന ഇലക്‌ട്രോണിക്ക് ഉപകരണങ്ങളുമാണ്. കുടുംബ പശ്ചാത്തലവും ഇതിന് സഹായകമാണിന്ന്. അണുകുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ സര്‍വ്വതന്ത്ര സ്വതന്ത്രരാണ്. രക്ഷിതാക്കള്‍ വീടുകളില്‍ തിരിച്ചെത്തുന്നതുവരെ കുട്ടികള്‍ക്ക് സ്വകാര്യതകള്‍ സ്വയം ആസ്വദിക്കാനും, കൈ മാറ്റം ചെയ്യാനും സൗകര്യമുണ്ടാകുന്നുണ്ട്.

തെറ്റ് ചെയ്യരുതെന്നും, തെറ്റായ കാര്യങ്ങള്‍ കാണുകയോ, കേള്‍ക്കുകയോ അനുഭവിക്കുകയോ പാടില്ലെന്നും, മറ്റുമുള്ള മൂല്യബോധം ഇക്കാലത്ത് കുഞ്ഞുങ്ങളില്‍ ഉണ്ടാക്കിയെടുക്കുന്നില്ല. എല്ലാം പരീക്ഷിച്ചു നോക്കണം എന്ന ചിന്തയാണ് കുട്ടികളില്‍ കണ്ടു വരുന്നത്. ഇതിന് ഉപോല്‍ബലകമായി നിരവധി അസാന്‍ന്മാര്‍ഗ്ഗിക പ്രവൃത്തികളില്‍ ഏര്‍പെട്ട പ്രശ്‌നങ്ങള്‍ നേരിട്ട് അറിയാന്‍ കഴിഞ്ഞിട്ടുണ്ട് അതില്‍ ചിലത് ഇതാ...
ഒരു ഒമ്പതാം ക്ലാസുകാരന്‍ അതേ ക്ലാസിലെ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേസ് വന്നപ്പോള്‍ അവന്‍ വളരെ കൂള്‍ ആയി പറഞ്ഞത് ഇങ്ങിനെയാണ്. മൊബൈലില്‍ അങ്ങിനെയുള്ള വീഡിയോ കണ്ടു. അതവളെയും കാണിച്ചു കൊടുത്തു. അതുപോലെ ഞങ്ങളും ചെയ്തു എത്ര ഈസിയായിട്ടാണ് അവന്‍ അത് പറഞ്ഞത്...?

സ്‌കൂള്‍ കോളജ് തലങ്ങളില്‍ സംഘടിപ്പിക്കുന്ന പഠനയാത്രകള്‍ തികച്ചും ഉല്ലാസയാത്രയാക്കി മാറ്റുന്ന ആണ്‍കുട്ടികളുണ്ട്. പഠനയാത്രയ്ക്ക് പോകുമ്പോള്‍ മദ്യം അടിച്ചില്ലെങ്കില്‍ പിന്നെന്തു സന്തോഷം? പത്താം ക്ലാസുകാരനോട് പ്ലസ്ടുക്കാരന്‍ ചേട്ടന്‍ പറഞ്ഞുകൊടുത്തകാര്യമാണിത്. അതൊന്ന് പരീക്ഷിക്കാന്‍ അവനും അവന്റെ കൂട്ടുകാരും പ്ലാനിടുന്നു. മാഹിയിലെത്തിയപ്പോള്‍ ബസ് ജീവനക്കാരനെ കൂട്ടുപിടിച്ച് രഹസ്യമായി രണ്ട് ബോട്ടില്‍ സംഘടിപ്പിക്കുന്നു. രാത്രി താമസസ്ഥത്ത് വെച്ച് മറ്റാരുമറിയാതെ അവര്‍ ഒത്തുകൂടുന്നു. രുചി അറിയുന്നു. പിന്നെ ആസ്വദിക്കാന്‍ തുടങ്ങുന്നു. ഇപ്പോള്‍ അതില്‍ നിന്ന് മാറാന്‍ കഴിയുന്നില്ല. ഒരു പത്താം ക്ലാസുകാരന്‍ പറഞ്ഞ അനുഭവമാണിത്....

പ്ലസ് വണ്ണില്‍ പഠിക്കുന്ന ചെറുപ്പക്കാരന്‍ കഞ്ചാവ് വലിശീലിച്ചു. അവനും ഭയപ്പാടൊന്നുമില്ലാതെ കാര്യംപറഞ്ഞു. ഞങ്ങള്‍ നാല്‌പേര്‍ രണ്ട് ബൈക്കില്‍ യാത്ര ചെയ്ത് ഒരു കുന്നിന്‍ മുകളില്‍ കയറി ഇരുന്നു. സിഗരറ്റും തീപ്പെട്ടിയും കരുതിയിരുന്നു. ഞങ്ങളുടെ കയ്യില്‍ നൂറ് രൂപാവീതം കൊടുത്തുവാങ്ങിയ കഞ്ചാവ് പാക്കറ്റ് ഉണ്ടായിരുന്നു. സിഗരറ്റില്‍ അതിട്ട് പുകച്ചു. തലയ്ക്കു പിടിച്ചപ്പോള്‍ ചിരിക്കാന്‍ തുടങ്ങി. ഞങ്ങളെല്ലാം കുറേസമയം ചിരിച്ചു കൊണ്ടേയിരുന്നു. കഞ്ചാവ് ലഹരി തലയ്ക്കു പിടിക്കുമ്പോള്‍ എന്തുപപ്രവൃത്തിയാണോ ചെയ്തുകൊണ്ടിരുന്നത് അത് തുടര്‍ന്നു കൊണ്ടേയിരിക്കും. ചിരിയാണെങ്കില്‍ ചിരി. കരച്ചിലാണെങ്കില്‍ അത്. ഇക്കാര്യവും സൂചിപ്പിച്ചത്  ചെറുപ്പക്കാരന്‍ തന്നെ.

ഇങ്ങിനെയാണ് ഇന്നത്തെ ആണ്‍കുട്ടികളില്‍ പലരും. അവരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തെറ്റിലേക്കും, മൂല്യച്യുതിയിലേക്കും നടന്നു പോകുന്ന ആണ്‍കുട്ടികള്‍ ഏറെയാണ്. കൂട്ടുകെട്ടും ഇതൊക്കെ ലഭ്യമാവുന്ന അവസ്ഥയും, അനുയോജ്യമായ സൗകര്യങ്ങളും ലഭ്യമാവുന്നതുമൂലമാണ് ഈ അവസ്ഥ ഉണ്ടാവുന്നത് എന്നകാര്യം നമ്മള്‍ ഓര്‍ക്കണം.

പഴയകാല സ്‌കൂള്‍ - കോളജ് ജീവിതം ഇത്താരുണത്തില്‍ ഓര്‍ത്തുപോവുകയാണ്. പ്രൈമറി സ്‌കൂള്‍ മുതല്‍ ആണ്‍ -പെണ്‍ കുട്ടികള്‍ ഒരേ ക്ലാസിലിരുന്നു പഠിക്കും. ബെഞ്ച് പ്രത്യേകമായിട്ടുണ്ടാകും. പെണ്‍കുട്ടികളോട് സംസാരിക്കുന്നത് ആണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികളോട് സംസാരിക്കാന്‍ പെണ്‍കുട്ടികള്‍ക്കും നാണക്കേടാണ്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ കേപ്പു ഉണിത്തിരിമാഷ് കേട്ടെഴുത്തുതരും. കേട്ടെഴുത്തില്‍ തെറ്റ് വന്നാലുള്ള ശിക്ഷ നാണം കെടുത്തലാണ്. അതിന് ആണ്‍കുട്ടികളെ പെണ്‍കുട്ടികളുടെ ഇടയിലും പെണ്‍കുട്ടികളെ ആണ്‍കുട്ടികളുടെ ഇടയിലും ഇരുത്തും. മറ്റ് കുട്ടികള്‍ നാണം കെടുത്തി ചിരിക്കും. ഈ നാണക്കേടില്‍ നിന്ന് രക്ഷപെടാന്‍ ഞങ്ങള്‍ നല്ല പോലെ പഠിക്കും.

ഹൈസ്‌കൂളിലെത്തിയപ്പോള്‍ സ്ഥിതി അല്‍പം മാറി. സംസാരിക്കുകയൊക്കെ ചെയ്യും. എങ്കിലും ഞങ്ങള്‍ക്ക് എന്തോ ഒരു ഭയമാണ് പരസ്പരം ഉണ്ടായിരുന്നത്. കോളജ് പഠനകാലത്ത് ലാബൊറട്ടറിയില്‍ പ്രാക്ടിക്കല്‍ ക്ലാസില്‍ പരസ്പരം ഉപകരണങ്ങള്‍ കൈമാറുകയും സംശയനിവാരണം വരുത്തുകയും മറ്റും വേണ്ടിവന്നതിനാല്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും കൂടുതല്‍ ഇടപഴകേണ്ടിവന്നത് അക്കാലത്താണ്. പഠന കാര്യങ്ങളെക്കുറിച്ചല്ലാതെ മറ്റൊരുസംസാരവും തമ്മിലുണ്ടാവാറില്ല അക്കാലത്ത്. കാസര്‍കോട് ഗവ: കോളജിലെ പ്രീഡിഗ്രി പഠനകാലത്ത് സഹപാഠിയായിരുന്നു സറീന ഇന്നവള്‍ ഡോക്ടറായി സേവനം ചെയ്യുന്നുണ്ടെന്നാണറിവ് എന്റെ ഓട്ടോഗ്രാഫില്‍ എഴുതിവെച്ച സന്ദേശം ഇതായിരുന്നു 'Faith in God and Women'  1968 ല്‍ പിരിഞ്ഞതിന് ശേഷം ഞങ്ങള്‍ ഇതേവരെ കണ്ടിട്ടില്ല. എങ്കിലും ഈ സന്ദേശം എന്നും ഓര്‍മ്മയില്‍ തികട്ടിവരും...

ഇന്നത്തെ ആണ്‍-പെണ്‍ കുട്ടികള്‍ ഇടപെടുന്ന രീതി നല്ലതുതന്നെ. പരസ്പരം അറിവുകള്‍ പങ്കുവെക്കലും, ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കലും മാതൃകാപരമാണ്. പക്ഷേ പരസ്പരം ബഹുമാനിച്ചുകൊണ്ടും, ആദരവ് കാണിച്ചുകൊണ്ടും ഇടപഴകണം. 'എന്റെ ശരീരം  എന്റേതുമാത്രമാണെ'ന്ന ബോധം ഇരുകൂട്ടര്‍ക്കും ഉണ്ടാവണം. ഒപ്പം നിന്ന് പ്രവര്‍ത്തിച്ചാലെ നേട്ടമുണ്ടാവൂ എന്നറിയണം തുല്യനീതിയും, തുല്യ പരിഗണനയും എല്ലാ മേഖലകളിലും അവര്‍ക്ക് ലഭ്യമാക്കിക്കൊടുക്കണം. അവര്‍ക്കത് സ്വയം ബോധ്യമാവുകയും വേണം.

ആണ്‍കുട്ടികളെ പ്രത്യേകം ഇരുത്തി കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിനേക്കാള്‍  ഭേദം രണ്ട് കൂട്ടരെയും ഒപ്പമിരുത്തി ബോധ്യപ്പെടുത്തുന്നതായിരിക്കും. സെക്‌സ് എഡുക്കേഷന്‍ നല്‍കാന്‍ അധ്യാപകര്‍ സന്നദ്ധരാവണം. ഗൗരവത്തോടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കണം. അവരുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഗൗരവത്തോടെ കാര്യമാത്ര പ്രസക്തമായി മറുപടി നല്‍കുകയും വേണം. സംശയങ്ങള്‍ക്കിടവരുത്താതെ എല്ലാം തുറന്നു പറഞ്ഞു കൊടുക്കണം.

കാസര്‍കോട് പോലീസ് വനിതാ വിംഗ് തുടക്കമിട്ട മാതൃകാപരമായ ഈ സദ് സന്നദ്ധതാ പ്രവര്‍ത്തനം വിജയപ്രാപ്തി കൈവരിക്കട്ടെ എന്നാഗ്രഹിക്കുന്നു.

പിന്‍കുറിപ്പ് : കഴിഞ്ഞ ദിവസം സംസ്ഥാനം മൊത്തവും ജില്ലതിരിച്ചും ലൈംഗിക പീഡനകേസുകളുടെ എണ്ണം പ്രസിദ്ധപ്പെടുത്തുകയുണ്ടായി പീഡനം വര്‍ദ്ധിച്ചുവരികയാണെന്നും, ബോധവല്‍ക്കരണത്തിന്റെ അപര്യാപ്തതയാണ് കാരണമെന്നും ചില പത്രങ്ങളില്‍ വാര്‍ത്ത വന്നു. യഥാര്‍ത്ഥത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനം ശക്തമായതിനാലാണ് അപവാദങ്ങള്‍ സഹിച്ചും പീഡനകേസുകള്‍ ബന്ധപ്പെട്ടവര്‍ പുറത്തറിയിച്ച് കേസ് എടുപ്പിക്കുന്നത്.
പൊതിഞ്ഞുവെക്കുന്നത് തുറന്നുകാണാന്‍ ആവേശംകാണിക്കുന്ന യുവത്വം

പൊതിഞ്ഞുവെക്കുന്നത് തുറന്നുകാണാന്‍ ആവേശംകാണിക്കുന്ന യുവത്വം
ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കുന്നു

പൊതിഞ്ഞുവെക്കുന്നത് തുറന്നുകാണാന്‍ ആവേശംകാണിക്കുന്ന യുവത്വം
ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് മുഖ്യഭാഷണം നടത്തുന്നു
Keywords:  Gender discrimination among youth, Youth, Girl, Boys, Student, Class, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia