city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി.എ അബ്ബാസ് ഹാജി: ചുമതലകളെ ആത്മാര്‍ത്ഥമായി ചുമലിലേറ്റിയ നേതാവ്....

-യഹ്‌യ തളങ്കര

(www.kasargodvartha.com 13/12/2015) കെ.എം.സി.സി പ്രസ്ഥാനത്തെ സജീവതയുടെ ഉത്തുംഗതയിലേക്ക് കൊണ്ടെത്തിക്കുകയും അര്‍പ്പിതമായ ചുമതലകളെ ആത്മാര്‍ത്ഥതയോടെ ചുമലിലേറ്റുകയും ചെയ്ത മഹാനായ നേതാവായിരുന്നു അബ്ബാസ് ഹാജി. സ്ഥാപകനേതാക്കളില്‍ ഒരാളായ അബ്ബാസ് ഹാജിയുടെ ആത്മാര്‍ത്ഥപരമായ, ചടുലമായ സംഘടനാ മികവ് ഒരു സാധാരണ സംഘടനയായി തീരേണ്ടിയിരുന്ന കെ.എം.സി.സിയെ വിദേശത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ ഏറ്റവും ഉന്നതമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാക്കി മാറ്റി.

ഇവിടത്തെ ഗവണ്‍മന്റ് അംഗീകരിക്കുന്ന ഒരേയൊരു സ്ഥാപനമാക്കി വളര്‍ത്തിയെടുക്കാന്‍ മുഖ്യപങ്കു വഹിച്ചു. അബ്ബാസ് ഹാജിയുമൊത്ത് സംഘടന പ്ലാറ്റ് ഫോമില്‍ പ്രവര്‍ത്തിച്ച കാലഘട്ടം ഓര്‍മയുടെ മനോമുകരങ്ങളില്‍ ഉയര്‍ന്ന് വരുമ്പോള്‍ ആ വസന്ത കാലം വീണ്ടും തിരിച്ച് വന്നിരുന്നുവെങ്കില്‍ എന്നാശിച്ച് പോകുന്നു. പകലിന്റെ മുഴുവന്‍ നീളവും രാത്രിയുടെ പകുതിയിലേറെയും പാവങ്ങളുടെ കണ്ണീരൊപ്പുന്ന കൈലേസുമായി എമിറേറ്റ്‌സിലുടനീളം ഓടിച്ചാടി തന്റെ സമയം ചിലവഴിക്കുമ്പോള്‍ കൂടെയുള്ള ഞങ്ങള്‍ പലപ്പോഴും അദ്ദേഹത്തിനോടൊപ്പമെത്താതെ കിതച്ച് പോയിട്ടുണ്ട്.

നടപ്പിലും എടുപ്പിലും കുലീനത കാണിക്കാറുള്ള, എന്നും സുസ്‌മേര വദനവുമായി പുഞ്ചിരി തൂകാറുള്ള ഹാജിക്ക നേതാക്കള്‍ക്കൊക്കെ മാതൃകയാണ്. കന്തൂറയും കള്ളി തൊപ്പിയും അണിഞ്ഞ് കെ.എം.സി.സി ഓഫീസിലേക്ക് വരുമ്പോള്‍ ഒരു പാട് പരാധീനതകളുടെ ഭാണ്ഡവുമായിട്ടാണ് കടന്നു വരാറ്. ഫോണിലൂടെ സംഘടനയുടെ ആവശ്യങ്ങള്‍ക്കായി പലരേയും വിളിക്കുമ്പോള്‍ അവിടെ സംഭാഷണങ്ങളുടെ വേലി ഏറ്റവും വേലി ഇറക്കവും സൗമ്യവും ശകാരവും എല്ലാം നിറഞ്ഞ് നില്‍ക്കുന്നത് ഞങ്ങള്‍ കാണുമായിരുന്നു. പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി ഏത് കൊല കൊമ്പനേയും നേരിട്ട് കാണാനും വിളിക്കാനും കാണിക്കുന്ന ആ സാമര്‍ത്ഥ്യം ശരിക്കും കണ്ട് പഠിക്കേണ്ടിയിരിക്കുന്നു.

കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫീ ഒഴിവാക്കാന്‍ വേണ്ടി അഞ്ച് ലക്ഷം ഒപ്പുമായി പ്രധാന മന്ത്രി ശ്രീമാന്‍ അടല്‍ ബിഹാരി വാജ്‌പേയിയെ കാണാന്‍ ഡല്‍ഹി വരെ പോയ സംഘത്തിലെ ഒരംഗമാണ് വിനീതന്‍. പ്രധാന മന്ത്രിയെയും വ്യോമയാന മന്ത്രിയെയും ശ്രീമതി സോണിയാ ഗാന്ധിയേയും പി.എം സഈദിനെയും കണ്ട് ഞങ്ങളുടെ യാത്രാ ഉദ്ദേശ്യങ്ങള്‍ വിവരിക്കുകയും അതിന് വേണ്ടി ബഹുമാനപ്പെട്ട ഇ. അഹ് മദ് സാഹിബിനെ ഉപയോഗപ്പെടുത്തുകയും ചെയ്ത രംഗങ്ങള്‍ എല്ലാം എന്റെ മനസ്സില്‍ ഓടി വരികയാണ്. മൃത ശരീരം സൗജന്യമായി നാട്ടിലേക്ക് എത്തിക്കാന്‍ അന്നത്തെ വ്യോമയാന മന്ത്രി ശ്രീമാന്‍ ശരത് യാദവ് അനവധി ചര്‍ച്ചക്കൊടുവില്‍ സമ്മതിക്കുകയായിരുന്നു.

യൂസേഴ്‌സ് ഫീ പകുതിയായി കുറയ്ക്കുമെന്ന തീരുമാനം എടുത്തുവന്ന ഈ സംഘത്തിന് മുഴുവന്‍ പ്രവാസി സംഘടനകളുടെയും പരിപൂര്‍ണ സഹായ സഹകരണങ്ങള്‍ ഉണ്ടായിരുന്നു എന്ന് അഭിമാനത്തോടെ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞ രംഗങ്ങള്‍ എല്ലാം ഓര്‍മയുടെ ചെപ്പില്‍ നിന്നും തികട്ടി വരുന്നു. മാഡം സോണിയാ ഗാന്ധിയുടെ വസതിക്കു തൊട്ട് മുമ്പ് തന്റെ കോട്ടിന്റെയും പാന്റിന്റെയും നേരിയ കളര്‍ വ്യത്യാസം ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഞങ്ങള്‍ താമസിച്ചിരുന്ന ലേ മെരഡിയന്‍ ഹോട്ടലിലേക്ക് തിരിച്ച് പോകാനുള്ള തീരുമാനമെടുക്കുകയും ഉടനെ ഡ്രസ്സ് മാറ്റി മാഡം സോണിയയുടെ ഓഫീസില്‍ അല്‍പം വൈകിയെങ്കിലും എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ദൃഢ നിശ്ചയത്തിന്നു മുമ്പില്‍ അതൊരു പ്രശ്‌നമായി എനിക്ക് തോന്നിയില്ല.

ദേരയിലെ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം സംഘടനയ്ക്ക് വിട്ടുതന്ന മഹാ മനസ്‌കത പാസ്‌പോര്‍ട്ട് സര്‍വീസിനായി ഇന്ത്യാ ഗവണ്‍മെന്റിന്റെ കൗണ്‍സില്‍ സര്‍വീസ് നമ്മുടെ ഓഫീസില്‍ സ്ഥാപിക്കാനുള്ള പെര്‍മിഷന്‍ എടുക്കുന്നത് വരെ എത്തി എന്നതും ശ്രദ്ദേയമാണ്. കെ.എം.സി.സിയുടെ ഇന്ന് കാണുന്ന ഈ പ്രൗഢിക്ക് മുമ്പില്‍ അബ്ബാസ് ഹാജിയെ പോലുള്ളവരുടെ സംഭാവനകള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ഈ സംഘടനയില്‍ എനിക്കും എന്നെ പോലുള്ളവര്‍ക്കും ഒരു തണല്‍ പോലെ നിന്നിട്ടുള്ള ഈ വലിയ മനസിന്റെ ഉടമയ്ക്ക് സര്‍വ്വ ശക്തന്‍ മഗഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ. ജന്നത്തുല്‍ ഫിര്‍ദൗസില്‍ നാമെല്ലാവരെയും ഒന്നിച്ച് കൂട്ടുമാറാകട്ടെ...ആമീന്‍

പി.എ അബ്ബാസ് ഹാജി: ചുമതലകളെ ആത്മാര്‍ത്ഥമായി ചുമലിലേറ്റിയ നേതാവ്....


Keywords : Article, KMCC, Leader, Yahya-Thalangara, Remembering, P.A Abbas Haji, Memories. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia