city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്രതം: ചില ആരോഗ്യ ചിന്തകള്‍

ഖാലിദ് പൊവ്വല്‍
 
(www.kasargodvartha.com 19.07.2014) ആരോഗ്യം മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്താണ്. നോമ്പ് ഏറ്റവും നല്ല ഒരു ആരോഗ്യ പരിചയാണ്. പ്രവാചകന്‍(സ)പറഞ്ഞു. ''നോമ്പ് ഒരു പരിചയാണ്. അത് മനുഷ്യനെ അനാരോഗ്യത്തില്‍ നിന്നും തടഞ്ഞു നിര്‍ത്തുന്നു.'' നോമ്പ് മനുഷ്യ ശരീരത്തിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതും നഷ്ടപ്പെടാന്‍ സാധ്യതയുള്ളതുമായ ആരോഗ്യം വീണ്ടെടുക്കാനുള്ള ഉത്തമ ഉപാധിയാണ്.

റംസാനിലെ വ്രതം പ്രഭാതം മുതല്‍ പ്രദോശം വരെ അന്നപാനീയങ്ങളുടെ പൂര്‍ണ്ണ വര്‍ജ്ജനമാണ്. 13-14 മണിക്കൂര്‍ ഓരോ വ്യക്തിയും പൂര്‍ണ്ണപട്ടിണിയായിരിക്കും. ഇങ്ങനെ പട്ടിണി കിടക്കുമ്പോള്‍ അവന്റെ ശരീരത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജ്ജം ഉല്‍പാതിപ്പിക്കപ്പെടുന്നത് ശരീരം ശേഖരിച്ചും വെച്ചിട്ടുള്ള ഗ്ലൈക്കോജനില്‍ (ഗ്ലൂക്കോസിന്റെ ശേഖരിക്കപ്പെട്ട രൂപം) നിന്നാണ്. സാധാരണ ഒരാളുടെ കരളില്‍ 50 ഗ്രാം മുതല്‍ 75 ഗ്രാം വരെയാണ് ഗ്ലൈക്കോജന്റെ സ്റ്റോര്‍ ഉണ്ടാവുക. ചുരുങ്ങിയ സമയത്തേക്ക് ചെറിയ ജോലി ചെയ്യാന്‍ മാത്രമേ ഇതുപകരിക്കൂ. പിന്നീട് ആവശ്യമായി വരുന്ന ഊര്‍ജ്ജത്തിന് വേണ്ടി ശരീരം ആശ്രയിക്കുന്നത് കൊഴുപ്പിനെയാണ്.
 
ശരീരത്തില്‍ ലിവര്‍, പേശികള്‍ തൊലിയുടെ അടിഭാഗം, രക്ത ധമനികള്‍ എന്നിവിടങ്ങളിലും കുടവയറുള്ളരുടെ വയറ്റില്‍ കെട്ടിക്കിടക്കുന്നതും കൊഴുപ്പിന്റെ ശേഖരമാണ്. കൊളസ്‌ട്രോള്‍ കൊഴുപ്പില്‍ പെട്ടതാണ്. ഊര്‍ജ്ജോത്പാദനത്തിനായി. ശരീരം കൂടുതലായി ഈ കൊഴുപ്പുകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ശരീരത്തിലെ കൊഴുപ്പിന്റെ ശേഖരം കുറയുകയും അമിത പോഷണം മൂലമുള്ള രോഗങ്ങളായ പൊണ്ണത്തടി പ്രമേഹം, പ്രഷര്‍, ഹാര്‍ട്ട് അറ്റാക്ക്, സന്ധികളുടെ തേയ്മാനം തുടങ്ങിയവയില്‍ നിന്ന് രക്ഷ നേടാന്‍ സാധിക്കുകയും ചെയ്യുന്നു.
 
ശരീരത്തിന്റെ തൂക്കം കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് നോമ്പെന്ന് വര്‍ഷങ്ങളോളം ഇതിനെപ്പറ്റി പരീക്ഷണം നടത്തിയ ജോര്‍ജ്ജിയക്കാരനായ ഡോ.ലിയോബ്ലൂമും പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ ഡോ. ഗാര്‍ഹഡ് ഡങ്കനും  അഭിപ്രായപ്പെടുന്നു. 45 കൊല്ലത്തോളം വ്രതത്തിന്റെ ആരോഗ്യപരമായ നേട്ടങ്ങളെപ്പറ്റി പഠനം നടത്തുകയും 'ഫാസ്റ്റിങ് കാന്‍ സേവ് യുവര്‍ ലൈഫ്' എന്ന ഗ്രന്ഥം രചിക്കുകയും ചെയ്ത ഡോ. ഹെര്‍ബര്‍ട്ട് എം.ഷെല്‍ട്ടണ്‍ തൂക്കം കുറക്കാനും പൊണ്ണത്തടി ഒഴിവാക്കാനുമുള്ള ഏറ്റവും നല്ലതും ലളിതവുമായ മാര്‍ഗ്ഗമാണ് നോമ്പെന്ന് പ്രസ്ഥാപിക്കുന്നു.
         
അമിത ഭോജനം നടത്തുന്ന ആളുകളില്‍ പൊണ്ണത്തടിക്കൊപ്പം പ്രമേഹം, പ്രഷര്‍, ഹാര്‍ട്ട് അറ്റാക്ക,് സന്ധികളുടെ തേയ്മാനം എന്നിവ വളരെ കൂടുതലായി കാണുന്നു. പ്രമേഹ രോഗികളില്‍ തൂക്കം കുറയുന്നതോടെ പ്രമേഹത്തിന്റെ അളവും  കുറയുന്നു. കൂടാതെ ഇന്‍സുലിന്റെയും മറ്റു ഗുളികകളുടെയും അളവ് കുറയ്ക്കാന്‍ സാധിക്കും.

ഗ്യാസ്ട്രബിള്‍ രോഗത്തിനും നോമ്പ് ഔഷധമാണ്. ആമാശയത്തില്‍  അമിതമായി ഉല്‍പാതിപ്പിക്കപ്പെടുന്ന ഹൈഡ്രോക്ലോറിക് ആസിഡാണ് ഈ അസുഖത്തിന്റെ പ്രധാന ഹേതു. ആമാശയത്തില്‍ ഹൈഡ്രോക്ലോറിക് ആസിഡും മറ്റു രാസപദാര്‍ത്ഥങ്ങളും വ്യത്യസ്ഥ ഘട്ടങ്ങളിലാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. അതില്‍ മുഖ്യമായത് ഭക്ഷണത്തോടുള്ള ഇഷ്ടവും ആര്‍ത്തിയും തോന്നുമ്പോഴാണ്. നാമിഷ്ടപ്പെട്ട ഒരു ഭക്ഷണത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ വായില്‍ ഉമിനീര്‍  നിറയുന്നത് ശ്രദ്ധിച്ചിച്ചിട്ടില്ലേ? ഇതേ അവസരത്തില്‍ ആമാശയത്തില്‍ ധാരാളമായ ആസിഡും മറ്റു രാസപദാര്‍ത്ഥങ്ങളും ഉല്‍പാദിപ്പിക്കപ്പെടും. ഭക്ഷണം അകത്തെത്തുമ്പോഴും ഇതിന്റെ ഉല്‍പാദനം നടക്കും. യഥാര്‍ത്ഥ നോമ്പുകാരനെ സംബന്ധിച്ചിടത്തോളം അവന്ന് ഭക്ഷണത്തോട് ആര്‍ത്തിയോ ഭക്ഷണം കഴിക്കണമെന്ന മോഹമോ ഉണ്ടാകില്ല. അതു കൊണ്ടു തന്നെ ആസിഡിന്റെ ഉല്‍പാദനവും കുറവായിരിക്കും. ഇതു മൂലം ഗ്യാസ്ട്രബിള്‍ ഉണ്ടാകാനുള്ള സാധ്യതയും കുറയുന്നു. മാത്രമല്ല വയറ്റിലുള്ള പുണ്ണ് കുറയാനും  ഇതിടവരുത്തുന്നു. അതേ സമയം ദൈവഭക്തി കുടാതെ ജനങ്ങളെ കാണിക്കാന്‍ വേണ്ടി നോമ്പെടുക്കുന്ന കപട നോമ്പുകാര്‍ക്ക് ഭക്ഷണത്തോടുള്ള ആര്‍ത്തി കൂടും. ഇത് വിപരീത ഫലം സൃഷ്ടിച്ചെന്നും വരും. പൂര്‍ണ്ണമായി ദൈവത്തില്‍ സമര്‍പ്പിതമായ നോമ്പുകൊണ്ട് ആരോഗ്യ പരിരക്ഷ ലഭിക്കും.

അമിതാഹാരം ശരീരത്തിന് പെട്ടെന്ന് വാര്‍ദ്ധക്യം സമ്മാനിക്കും. ഭക്ഷണത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന മാലിന്യങ്ങളായ ഫ്രീറാഡിക്കല്‍സ് ആണ് ഇതിന് കാരണം. കൂടാതെ നോമ്പ് ശരീരത്തിനും മനസ്സിനും പൂര്‍ണ്ണ വിശ്രമം നല്‍കുന്നു. ശരീരത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അത് ആക്കം കൂട്ടുകയും ശരീരത്തില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങളെ പുറം തള്ളുകയും ചെയ്യുന്നു. നോമ്പ് ഒട്ടനവധി അസുഖങ്ങള്‍ക്ക് പരിഹാരമായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. എക്‌സിമ, അര്‍ട്ടിക്കേരിയ, വാരിക്കോസ്,  അള്‍സര്‍, കുടലിലെ പുണ്ണ്, സന്ധിവാതം, സൈനസൈറ്റിസ്, ഹൃദയത്തിന്റെ പഴുപ്പ,് സോറിയാസിസ്, അപ്പന്റിസൈറ്റിസ്, മൂത്ര സഞ്ചിയിലെയും പിത്തസഞ്ചിയിലെയും കല്ലുകള്‍, മൈഗ്രൈന്‍ എന്ന തല വേദന, സ്തനങ്ങളിലെ മുഴകള്‍, അപസ്മാരം, ആസ്മ തുടങ്ങിയ രോഗങ്ങളെല്ലാം സുഖപ്പെടുത്തുന്നതില്‍ നോമ്പിന് വലിയ പങ്കുണ്ടെന്ന് അവര്‍ പറയുന്നു.

പക്ഷേ, ഇന്നത്തെ ചിലരുടെ നോമ്പ് കൊണ്ട് പരിരക്ഷ കിട്ടുമോ എന്നത് സംശയമാണ്. മാത്രമല്ല ചിലരെങ്കിലും നോമ്പ് കൊണ്ട് രോഗികളാകുന്നുമുണ്ട്. കാരണം നോമ്പ് തുറക്കുമ്പോഴും തറാവീഹ് നിസ്‌ക്കാരത്തിന് ശേഷവും അത്താഴ സമയത്തും കുടിശ്ശിക സഹിതം ഭക്ഷിക്കുന്നവരാണ് പല യുവാക്കളും. സല്‍ക്കാരങ്ങള്‍ക്ക് നാം തിരഞ്ഞെടുത്തതും ഈ മാസം തന്നെയാണ്. പല വിധ അപ്പത്തരങ്ങളും പുതിയ വിഭവങ്ങളും ഉണ്ടാക്കുക വഴി കുടുംബ ബജറ്റ് വരെ ഇരട്ടിയാകുന്നു.  ഇങ്ങനെ നാം ഭക്ഷിക്കുമ്പോള്‍ ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ട കൊഴുപ്പ് പൂര്‍വ്വാധികം ശക്തിയോടെ വീണ്ടും കൂടുകയും നാം വീണ്ടും രോഗികളായി മാറാന്‍ ഇട വരികയും ചെയ്യുന്നു.

ശാരീരിക ആരോഗ്യ പരിരക്ഷയ്ക്കപ്പുറം മാനസിക വ്യഥകള്‍ക്കും നോമ്പ് പരിഹാരമാണ്. അല്‍പബോധനം വഴി മനുഷ്യന് അവന്റെ ശരീരത്തിന്റെ ഇച്ഛകള്‍ നിയന്ത്രിക്കാനും മനസ്സിന്റെ നിയന്ത്രണം വിപുലപ്പെടുത്താനും സാധിക്കുന്നു. നോമ്പുകാലത്ത് മനസ്സിന്റെ ദുര്‍ചിന്തകളായ ദേശ്യം, അസൂയ, അഹങ്കാരം, ദുര്‍സംസാരങ്ങള്‍, കലഹങ്ങള്‍ എന്നിവ ഒഴിവാക്കുകയും ശാന്ത സുന്ദരമനസ്‌കരായി ജീവിക്കുകയും വേണം. ഇവ മനസ്സിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇങ്ങനെ ശരീരത്തിന്റെ പ്രതിരോധശക്തി വരെ കൂട്ടാനും ഉപകരിക്കുന്നു. പ്രവാചക അധ്യാപനങ്ങളും നമ്മെ നയിക്കുന്നത് ഇതെ ചിന്തയിലേക്കാണ്. നിങ്ങള്‍ ദുര്‍വാക്കുകളും ദുര്‍പ്രവര്‍ത്തികളും ഒഴിവാക്കുന്നില്ലെങ്കില്‍  അന്നപാനീയങ്ങള്‍ വര്‍ജിക്കണമെന്ന ആവശ്യം അല്ലാഹുവിനില്ല- ഹദീസ്.

പ്രവാചകന്‍ പഠിപ്പിക്കുന്നു. നിങ്ങള്‍ നോമ്പെടുത്തു കൊണ്ട് അസഭ്യം പറയുകയോ ബഹളമുണ്ടാക്കുകയോ ചെയ്യരുത്. ആരെങ്കിലും നിങ്ങളെ ചീത്ത വിളിക്കുകയോ അക്രമിക്കുകയോ ചെയ്താല്‍ അവനോട് ഞാന്‍ നോമ്പുകാരനാണെന്ന് പറയുക (ഹദീസ്). അങ്ങിനെ ശരീരേച്ഛകളെ നിയന്ത്രിച്ച് കൊണ്ട് ഔന്നത്യം കരസ്ഥമാക്കാനുള്ള ഒരു പരിശീലന കാലം കൂടിയാണ് നോമ്പ്.

വ്രതം: ചില ആരോഗ്യ ചിന്തകള്‍



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia