city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പരീക്ഷാ കാലം രക്ഷിതാക്കള്‍ അവശ്യം വായിക്കേണ്ടത്...

നിരീക്ഷണം /   അസ്‌ലം മാവില

(www.kasargodvartha.com 28.02.2016) ഒരനുഭവം പറയാം. ദുബൈയില്‍ ഉള്ള കാലം. എന്റെ ഒരു പരിചയക്കാരന്‍. ഒരു ജമാഅത്ത് പ്രസിഡണ്ട്. സംഘാടകന്‍. അത്ര വിദ്യാഭാസമില്ലെങ്കിലും ചില വേദികളിലൊക്കെ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തി. എപ്പോഴും ഞാന്‍ അയാളുടെ മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ ആരായും. അദ്ദേഹം നാട്ടില്‍ പോകുന്നത് ഒരു ഫിക്‌സഡ് മാസത്തിലല്ല. ആവശ്യമെന്ന് തോന്നുമ്പോള്‍ നാട്ടിലേക്ക്. മകന്‍ പ്ലസ് വണ്ണിനു പഠിക്കുന്നത് അറിയാം. എന്നോടൊക്കെ ആരാഞ്ഞിരുന്നു കുട്ടിയുടെ ഭാവി പഠനത്തെ കുറിച്ച്. രണ്ടു വര്‍ഷവും കഴിഞ്ഞ് പിന്നെയും അയാള്‍ പറയുന്നത് മകന്റെ പ്ലസ് ടുവിനെ കുറിച്ച്. എന്റെ ഓര്‍മ വെച്ച് അവന്‍ അപ്പോള്‍ ഡിഗ്രി ഒന്നാം കൊല്ലം പഠിക്കണം. അയാള്‍ എന്നോട് വാശി പിടിച്ചു 'എന്റെ മോന്‍ വളരെ പാവം'. കള്ളം മേമ്പൊടിക്ക് പോലും പറയില്ല. നാട്ടില്‍ ആര്‍ക്കും അവനെ കുറിച്ച് പരാതിയും ഇല്ല. അവനെ മാത്രമേ ഞാന്‍ വീട്ടില്‍ വിശ്വസിക്കാറുമുള്ളൂ. പ്ലസ് ടു പഠിക്കുന്ന മോന്‍ എങ്ങിനെ ഡിഗ്രിക്ക് പഠിക്കുക ?'

ഒരു മാസം കഴിഞ്ഞില്ല അദ്ദേഹത്തെ ഒരു സദസ്സില്‍ കണ്ടു മുട്ടി. വീണ്ടും എന്റെ പതിവ് ചോദ്യം. മോന്റെ പഠനം എങ്ങിനെ ? പ്ലസ് ടു അരക്കൊല്ല പരീക്ഷയില്‍ മകന്റെ റിസല്‍ട്ട് എങ്ങിനെ ? മെച്ചമുണ്ടോ ? അയാളുടെ കണ്ണ് നിറയുന്നത് കണ്ടു. ''അസ്‌ലം, നീ അന്ന് പറഞ്ഞതായിരുന്നു ശരി, എന്റെ വിദ്യാഭ്യാസ കുറവും അവനോടുള്ള വിശ്വാസക്കൂടുതലും മോന്‍ നന്നായി മുതലെടുത്തു. കഴിഞ്ഞ വര്‍ഷം പ്ലസ് ടു തോറ്റു. എന്നോടത് പറഞ്ഞില്ല. നേരം തെറ്റിയുള്ള നാട്ടില്‍ പോക്ക് എനിക്ക് തന്നെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കി. ചില പരീക്ഷകള്‍ എഴുതിയിട്ടേയില്ല. അകലെയുള്ള സ്‌കൂള്‍ അവന്‍ വഴിവിട്ട ഏര്‍പ്പാടിന് ഉപയോഗിച്ചു. അസുഖമുള്ള ഉമ്മ സ്‌കൂളില്‍ പോയന്വേഷിക്കില്ലെന്നതും അവനു എളുപ്പമായി.

ഒരു ''വാടക എളേപ്പ'' ആയിരുന്നു രക്ഷിതാവ്. അയാള്‍ അത് മുതലാക്കി ഇവന്റെ കയ്യിന്ന് ഇടക്കിടക്ക് കാശും വാങ്ങിക്കൊണ്ടിരുന്നു. അയാള്‍ പിന്നൊരു സ്‌കൂളില്‍ ഇവന്റെ കൂട്ടുകാരന്റെ ''മൂത്താപ്പ''യാണ്. ഇപ്പോഴും പഠിക്കാനെന്ന് പറഞ്ഞു ദിവസവും പോകും. ഒരു ടുട്ടോറിയലില്‍ സയന്‍സ് വിഷയങ്ങള്‍ക്ക് ട്യൂഷന് പോകുന്നെന്നാണ് വിളിച്ചു വിരട്ടിയപ്പോള്‍ പറഞ്ഞത്''

ഞാന്‍ പറഞ്ഞു ''അതും കള്ളമാകാനാണ് സാധ്യത. ഒന്ന് കൂടി അന്വേഷിക്കൂ. നിങ്ങള്‍ അന്നുപറഞ്ഞ സയന്‍സ് ഗ്രൂപ്പും ആകില്ല ഇപ്പോള്‍ പഠിക്കുന്നത്; പ്രാക്റ്റിക്കല്‍ ക്ലാസ് എന്നൊന്നുണ്ട്; അത് ഈ പറഞ്ഞ ''കിട്ടുണ്ണി'' ടുട്ടോറിയലില്‍ കിട്ടില്ല. തവളയും പാറ്റയും പഴുതാരയും ചീന്‍ട്രവാളയും സള്‍ഫർ ഹൈഡ്രോസിട്രിക്കാസിഡൊന്നും ആ ''ഓലപ്പുര''യില്‍ പരീക്ഷണ വിധേയമാക്കുന്നു എന്ന് നിങ്ങളുടെ മകന്‍ എത്ര വലിയ ബിരുദാനന്തര ബിരുദ മെടുത്തവന്റെ പിന്‍ബലത്തില്‍ പറഞ്ഞാലും വിശ്വസിക്കാന്‍ എന്നെ കിട്ടില്ല.''

പിറ്റേ ദിവസം ''.....ക്കത്തെ ഇച്ച'' എന്നെ അതിരാവിലെ വെറും വയറ്റില്‍ വിളിച്ചു .''ഒക്കുറോ, ഓന്‍ ഡാക്ട്ട്ര് ബേണ്ടാലോ... അക്കൗണ്ട്രേ പാഗെല്ലോ ഇപ്പോ പടിക്കിന്നെ... ഞമ്മോ നിരീച്ചെ പോലേ അല്ല ഇപ്പള്‌ത്തെ പുള്ളോ ...ഞമ്മളെ ബിറ്റിറ്റ് ബെരും ..''. പാപഭാരം മുഴുവന്‍ മകന്റെ തലയില്‍ കെട്ടി വെച്ചു. അയാളോ ? നല്ല വെള്ളത്തില്‍ കാലും വെച്ചു.


********************************************************

പരീക്ഷാ കാലമായി. രക്ഷിതാക്കള്‍ അറിഞ്ഞിരിക്കുമല്ലോ. അറിഞ്ഞില്ലെങ്കില്‍ ഈ കുറിപ്പ് അതിനു ഇടയാകട്ടെ. വെറും പത്താം ക്ലാസ് മാത്രമല്ല പരീക്ഷ. പ്രീ സ്‌കൂള്‍ മുതലുള്ള എല്ലാ പരീക്ഷയും രക്ഷിതാവിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്; കുട്ടികള്‍ക്കും. നിങ്ങളാണ് മക്കളെ മദ്രസയിലേക്കും സ്‌കൂളിലേക്കും രാവിലെ പറഞ്ഞ് വിടുന്നത്. അവരെ തുടക്കം മുതലേ ശ്രദ്ധിക്കണം. എങ്കില്‍ അത് കുട്ടികള്‍ക്ക് പഠനത്തില്‍ മുഴുകാന്‍ പ്രേരിപ്പിക്കും. ഒരു ഉടായിപ്പൊന്നും പിന്നെ നടക്കില്ല.

ലീവ് കിട്ടുന്നതനുസരിച്ച് നാട്ടില്‍ പോകുന്ന പ്രവാസികളായ രക്ഷിതാക്കളും ശ്രദ്ധിക്കണം.''......ക്കത്തെ ഇച്ചാന്റെ'' മോന്‍ പറ്റിച്ചത് പോലെ ആകരുത് കാര്യങ്ങള്‍. മാര്‍ച്ച് രണ്ടു മുതല്‍ പരീക്ഷ ഒമ്പത് വരെയുള്ള കുട്ടികള്‍ക്ക്. മാര്‍ച്ച് ഒമ്പത് മുതല്‍ പത്താാം ക്ലാസിലെ കുട്ടികള്‍ക്ക് പബ്ലിക് പരീക്ഷ. അത് 23 വരെ. പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകളും ഇതേ സമയത്ത് തന്നെ. അത് കഴിഞ്ഞു ഒമ്പതാം ക്ലാസിലെ കുട്ടികള്‍ക്ക് ബാക്കി പരീക്ഷ.

കല്യാണം, വിരുന്ന്, ബിസ്താരം എല്ലാത്തിനും കുറെ പോയതല്ലേ. ഇനി മക്കള്‍ കുറച്ചു വീട്ടില്‍ അടങ്ങി ഒതുങ്ങി പഠിക്കട്ടെ. അമ്മമാര്‍ അവര്‍ക്ക് വേണ്ടി ഒന്നിരിക്കണം, അവരുടെ കൂടെ. ടി.വി, സീരിയല്‍ ഇതൊക്കെ മാറ്റി വെച്ച് (ആ ശീലമുള്ളവര്‍) കുട്ടികളുടെ അടുത്ത് ഇരിക്കട്ടെ, മക്കള്‍ക്ക് സപ്പോര്‍ട്ടായി. ടി.വി ഓഫാക്കി പത്രം വായിച്ചാല്‍ പോരേ ?. കോഴിയും ഇറച്ചിയും മീനൊക്കെ കുറക്കുക; പച്ചക്കറിയാകട്ടെ കുറച്ചു ദിവസങ്ങള്‍.

കുട്ടികള്‍ ശാന്തമായി റിവിഷന്‍ നടത്തട്ടെ. ''പടിക്ക്‌റാ... പടിക്ക്‌റാന്ന്'' പറഞ്ഞോണ്ടിരിക്കാതെ അവരെയൊന്ന് ശ്രദ്ധിച്ചാല്‍ മതി, നല്ല വാക്കുകള്‍ പറഞ്ഞ് കൂടെ ക്കൂടുക. ഗള്‍ഫിലുള്ള രക്ഷിതാക്കളോട് ഒരഭ്യര്‍ത്ഥന. പരീക്ഷ കഴിയും വരെ നിങ്ങള്‍ രാത്രിഫോണ്‍ വിളി ഒരു മണിക്കൂറില്‍ നിന്ന് അഞ്ച് - പത്ത് മിനിട്ടാക്കി ചുരുക്കണം. കുട്ടികളുടെ ശ്രദ്ധ അങ്ങോട്ട് തിരിയും. ഉമ്മാന്റെ ശ്രദ്ധ കുട്ടികളില്‍ നിന്ന് വഴി മാറുകയും ചെയ്യും. ഈ പരീക്ഷാ കാലം കഴിയുന്നത് വരെ കുടുംബ സമേതമുള്ള രാത്രി കാല വിരുന്നു പോക്കും നിര്‍ത്തണം. നമ്മുടെ കുട്ടികള്‍ ഏതായാലും പഠിക്കുന്നില്ല, മറ്റേ കുട്ടികളെ പോയി ശല്യം ചെയ്യണോ ?

Related:
മാര്‍ച്ചിലെ ഒച്ചയുടെ ബാസ്സ് കുറക്കണം

പരീക്ഷാ കാലം രക്ഷിതാക്കള്‍ അവശ്യം വായിക്കേണ്ടത്...

Keywords : Article, Examination, Parents, Education, School, Students, Aslam Mavila.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia