city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കടലിന്റെ കലി തീര്‍ക്കാന്‍ കടല്‍ഭിത്തിയല്ല പരിഹാരം, ചപ്പുചവറുകളാണ്; പരിസ്ഥിതി പ്രശ്‌നങ്ങള്‍ തലയിലേറ്റി ഒരു മത്സ്യത്തൊഴിലാളി

- സിദ്ദീഖ് നദ്‌വി ചേരൂര്‍

(www.kasargodvartha.com 03/03/2019) പൊതുവേ അഭ്യസ്തവിദ്യരും ബുദ്ധിജീവികളും മാത്രം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യുന്ന കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളും സ്വന്തമായ നിരീക്ഷണങ്ങളും പ്രായോഗികമായ പരിഹാര നിര്‍ദേശങ്ങളുമായി ഒരു സാധാരണക്കാരന്‍. അതും പിന്നാക്ക പ്രദേശമായി മുദ്ര കുത്തപ്പെടുന്ന കാസര്‍കോടിനും വടക്കുള്ള ഉപ്പളയ്ക്കടുത്ത ഷിറിയ കടപ്പുറത്തെ ഒരു മത്സ്യത്തൊഴിലാളി.

കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി കടലും കരയും കാടും മഴയും മരവും കാലാവസ്ഥാ മാറ്റങ്ങളും പഠന - മനന - നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി പുതിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമായി അലഞ്ഞു നടക്കുന്ന ബിഎം അബ്ദുല്ല എന്ന തൊഴിലാളിയുടെ മനസ് നിറയേ പുതിയ ആശയങ്ങളാണ്. കയ്യില്‍ കൂടെ കൊണ്ടു നടക്കുന്ന പ്ലാസ്റ്റിക് സഞ്ചി നിറയേ താന്‍ കുത്തിക്കുറിച്ച കുറിപ്പുകളുടെയും വിവിധ അധികൃതര്‍ക്കും പൗരപ്രമുഖര്‍ക്കും നല്‍കിയ നിവേദനങ്ങളുടേയും കുറിപ്പുകളുടെയും കോപ്പികളും പരിസ്ഥിതി -കലാവസ്ഥാമാറ്റങ്ങള്‍ സംബന്ധിച്ച വിവിധ പത്ര കട്ടിങ്ങുകളും ചിത്രങ്ങളും.

ജന്‍മം കൊണ്ടു തീരപ്രദേശത്തുകാരനും തൊഴില്‍ പാരമ്പര്യം കൊണ്ട് മല്‍സ്യത്തൊഴിലാളിയുമായ ഇദ്ദേഹം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പരിസ്ഥിതി വിഷയങ്ങള്‍ തലയിലേറ്റി കറങ്ങി നടക്കുകയാണ്. പഞ്ചായത്ത് അധികൃതര്‍ മുതല്‍ ജില്ലാ കലക്ടര്‍മാരെ വരെ കണ്ടു നിവേദനങ്ങള്‍ കൈമാറി. വിവിധ രാഷ്ട്രീയ നേതാക്കളേയും പൗരപ്രമുഖരേയും കണ്ടു വിഷയത്തിന്റെ ഗൗരവം ഉണര്‍ത്തി. ഖാദിമാരേയും ഖത്തീബുമാരേയും സന്ദര്‍ശിച്ചു വിഷയത്തില്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ വിവരിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വേണ്ടത് ചെയ്യണമെന്നഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കടല്‍ ഇന്ന് പ്രക്ഷുബ്ധമാണ്. കടലാക്രമണം വ്യാപകമാകുന്നു. മല്‍സ്യ സമ്പത്ത് കുറഞ്ഞു വരുന്നു. കടലാക്രമണം തടുക്കാനെന്ന പേരില്‍ കടല്‍ഭിത്തികള്‍ നിര്‍മിച്ചു ലക്ഷക്കണക്കിനു രൂപ പാഴാക്കുന്നു. അത് വഴി കടല്‍ തീരങ്ങളുടെ മുഖം വികൃതമാകുന്നുവെന്നല്ലാതെ മറ്റു പ്രയോജനം ഉണ്ടാകുന്നില്ല. കടലാക്രമണത്തിനു പരിഹാരം ഭിത്തി കെട്ടുകയല്ല; മറിച്ച് കടലിന് വിശപ്പിന്റെ പാരവശ്യമാണ്. അതിന് കശക്കിയെടുത്ത് ചവച്ചരച്ചു പുറന്തള്ളാന്‍ പറ്റിയ ജൈവ മാലിന്യങ്ങള്‍ കടലിലേക്ക് തള്ളിവിടുകയാണ് വേണ്ടത്. അബ്ദുല്ല അഭിപ്രായപ്പെടുന്നു.

മഴക്കാലത്തേക്ക് റോഡുകളും തോടുകളുമെല്ലാം ശാസ്ത്രീയമായി സംവിധാനിച്ചു വയ്ക്കണം. കാര്യക്ഷമമായ ഡ്രൈനേജ് സിസ്റ്റം ഏര്‍പ്പെടുത്തണം. എല്ലായിടത്തു നിന്നും ചപ്പുചവറുകളും ജൈവ മാലിന്യങ്ങളും സ്വഛമായി പുഴകളിലേക്കും അവിടെ നിന്ന് കടലിലേക്കും ഒഴുകിപ്പോകട്ടെ. വേനല്‍ കാലത്ത് ഓരോ പ്രദേശത്തെയും ഇത്തരം മാലിന്യങ്ങള്‍ പഞ്ചായത്ത് മുഖേന ശേഖരിച്ചു കടലില്‍ നിക്ഷേപിക്കാന്‍ വേണ്ട ഏര്‍പ്പാട് ചെയ്യണം. അങ്ങനെ പരമാവധി ജൈവ മാലിന്യങ്ങള്‍ കടലിലെത്തട്ടെ. അതോടെ കടലിന്റെ കലിയിളകല്‍ കുറയും. മല്‍സ്യ സമ്പത്ത് വര്‍ധിക്കും. കടല്‍ ആര്‍ത്തി പൂണ്ട് കരയിലേക്ക് ചാടിക്കയറി കണ്ടതെല്ലാം കശക്കിയെടുത്ത് തിരിച്ചു പോകുന്ന കടലാക്രമണ ഭീഷണി കുറയും. ഇതിന് ഭിത്തിയൊന്നും നിര്‍മിക്കേണ്ടതില്ല.

പിന്നെ കടല്‍ ക്ഷോഭങ്ങള്‍ . അത് കാറ്റിന്റെ ഗതിയനുസരിച്ച് രൂപപ്പെടുന്നതാണ്. അതിലൂടെയാണ് നീരാവി മേല്‍പ്പോട്ടുയരുന്നതും മഴ മേഘങ്ങള്‍ ഉരുണ്ടു കൂടുന്നതും. അതിനാല്‍ കടലിലോ കരയിലോ അതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ല.

അബ്ദുല്ലയുടെ സുചിന്തിതമായ നിര്‍ദേശങ്ങള്‍ ഇതിനകം കാസര്‍കോട്ടെ മൂന്ന് കലക്ടര്‍മാരെ സമീപിച്ചു വിശദീകരിച്ചു കൊടുത്തിരുന്നു. ഒടുവില്‍ നിലവിലെ കലക്ടര്‍ സജിത്ത് ബാബു ഇദ്ദേഹത്തിന്റെ നിവേദനം വായിച്ചു സംശയ നിവാരണം വരുത്തിയ ശേഷം 'ഇദ്ദേഹത്തിന്റെ കടലിലെ പരീക്ഷണ- നിരീക്ഷണങ്ങള്‍ക്ക് പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ നടത്താന്‍ അനുവാദം നല്‍കിയിരിക്കുന്നു ' എന്ന് കുറിപ്പെഴുതി അനുമതി നല്‍കിയിരിക്കയാണ്. 27.11.2018 നാണ് ഇങ്ങനെ അനുമതി ലഭിച്ചത്. പക്ഷെ, ബന്ധപ്പെട്ട അധികതരും ജനപ്രതിനിധികളും പൊതുജനങ്ങളും നിലവിലുള്ള അവരുടെ മനോഭാവം മാറ്റുകയും നിലവില്‍ അവര്‍ക്ക് പരിചയമില്ലാത്ത ഈ നിര്‍ദേശം ഉള്‍കൊള്ളാന്‍ പാകപ്പെടുകയും ചെയ്താലേ ഇത് നടക്കൂ.

അതിന് വേണ്ടിയുള്ള ഒപ്പുശേഖരണ യജ്ഞത്തിലാണ് ഒറ്റയാള്‍ പട്ടാളമായി അദ്ദേഹം മുഴുകിയിരിക്കുന്നത്. അതിനായി വിശ്രമമില്ലാതെ അദ്ദേഹം ഓടി നടക്കുകയാണ്. രണ്ട് പെണ്‍കുട്ടികളുടെ പിതാവിനെ സ്വന്തം കുടുംബ പ്രാരാബ്ധങ്ങളെക്കാള്‍ മനസിനെ അലട്ടുന്നത് നാടിന്റെ നന്‍മയും ദുരിതങ്ങളില്‍ നിന്നുള്ള മോചനവും തേടിയുള്ള തന്റെ ഓട്ടം വിജയത്തിലെത്തുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ഒരു അപകടത്തില്‍ പെട്ടു കാലിന് പരിക്കേറ്റു ഊന്നുവടിയുടെ സഹായത്തോടെ മാത്രം നടക്കാന്‍ കഴിയുമ്പോഴും തന്റെ ദൗത്യത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ല. ഓരോ വ്യക്തിയെയും സ്ഥാപനങ്ങളെയും സമീപിക്കുമ്പോള്‍, എന്നെങ്കിലും നാട്ടുകാര്‍ തന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കുമെന്നും അങ്ങനെ കടലിലേയും കരയിലേയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയാണയാളെ മുന്നോട്ടു നയിക്കുന്നത്.

അബ്ദുല്ലയുടെ നിരീക്ഷണത്തില്‍ നിലവിലുള്ള കാലാവസ്ഥാവ്യതിയാനം മനുഷ്യ കരങ്ങളുടെ സൃഷ്ടിയല്ല; മറിച്ച് പ്രകൃതിയുടെ പ്രതിഭാസമാണ്. രാപ്പകലുകള്‍, ചൂടും തണുപ്പും, വേലിയേറ്റവും വേലിയിറക്കവും പോലെ പ്രകൃതിയിലെ സ്വഭാവിക മാറ്റങ്ങളാണ് ക്ഷാമ കാലവും ക്ഷേമകാലവും. നൂറ്റാണ്ടുകളിലൂടെ കണ്ണോടിച്ചാല്‍ സമൃദ്ധമായ മഴയും വെള്ളപ്പൊക്കവും പിന്നീട് തീരേ മഴയില്ലാതെ വരള്‍ച്ചയും ക്ഷാമവും എല്ലാം ഇടവിട്ടു വന്നതായി കാണാം. അതിനെ മാറ്റാന്‍ മനുഷ്യന് കഴിയില്ല.

എന്നാല്‍ ക്ഷേമകാലത്തെ മുന്‍കരുതലിലൂടെ ക്ഷാമകാലത്തെ ദുരിതം കുറയ്ക്കാനും ജീവിതം ഭദ്രമാക്കാനും കഴിയും.

നൂഹ് നബിയുടെ കാലത്തുണ്ടായ പ്രളയവും പിന്നീട് വന്ന സമൃദ്ധിയും യൂസുഫ് നബിയുടെ കാലത്ത് ഈജിപ്തിലെ രാജാവ് കണ്ട സ്വപ്നത്തിന് യൂസഫ് നബി നല്‍കിയ വ്യാഖ്യാനവുമൊക്കെ ചരിത്രത്തിലെ ഇത്തരം ഗതിമാറ്റങ്ങളായി അബ്ദുല്ല ചൂണ്ടിക്കാട്ടുന്നു. അടുത്ത ഏഴ് വര്‍ഷം നല്ല സമൃദ്ധിയുണ്ടാകുമെന്നും ശേഷം വരണ്ട ക്ഷാമകാലമാണ് വരികയെന്നും അപ്പോഴേക്ക് വേണ്ടത് ക്ഷേമകാലത്ത് കരുതി വയ്ക്കണമെന്നും ആണല്ലോ അന്ന് ഈജിപ്തിലെ രാജാവിന് സ്വപ്നത്തിലൂടെ നിര്‍ദേശം നല്‍കപ്പെട്ടത്.

ഇതില്‍ മനുഷ്യന് ചെയ്യാനുള്ളത് നിവാരണ മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ്. രാത്രി ഇരുട്ടായപ്പോള്‍ അവിടെ വെളിച്ചത്തിന് വേണ്ടി മനുഷ്യന്‍ ഉപാധികള്‍ കണ്ടെത്തി. അല്ലാതെ ഇരുട്ടിനെ മാറ്റി മറിക്കുകയല്ല മനുഷ്യന്‍ ചെയ്തത്. മഴ വരുമ്പോള്‍ അതില്‍ നിന്ന് രക്ഷനേടാന്‍ പാര്‍പ്പിടങ്ങളും കുട പോലുള്ള പ്രതിരോധ വസ്തുക്കളും നിര്‍മിച്ചു. മറിച്ച് മഴയെ ഇല്ലായ്മ ചെയ്യുകയായിരുന്നില്ല. ഇത് പോലെ കാലാവസ്ഥാ വ്യതിയാനം കാണുമ്പോള്‍ അതിന്റെ പേരില്‍ ഉല്‍കണ്ഠാകുലരായി അന്തം വിട്ടു നില്‍ക്കാതെ അതിന്റെ തിരിച്ചടികളില്‍ നിന്ന് എങ്ങനെ രക്ഷ നേടാമെന്ന് ആലോചനയാണ് വേണ്ടത്. അതിനായി ശാസ്ത്രജ്ഞര്‍ വേണ്ട ഉപാധികള്‍ കണ്ടു പിടിക്കട്ടെ. ദൈവവിശ്വാസികള്‍ അതിന്റെ തീവ്രത കുറഞ്ഞു കിട്ടാന്‍ അവരവര്‍ വിശ്വസിക്കുന്ന ദൈവത്തോട് പ്രാര്‍ത്ഥിക്കട്ടെ. അബ്ദുല്ല അഭിപ്രായപ്പെടുന്നു.

മാലിന്യ നിര്‍മാര്‍ജനം സമൂഹത്തെ അലട്ടുന്ന ഒരു സങ്കീര്‍ണപ്രശ്‌നമാണ്. ഇതിന് ശാശ്വത പരിഹാരമെന്ന നിലയ്ക്ക് അബ്ദുല്ലയ്ക്ക് ചിലത് നിര്‍ദേശിക്കാനുണ്ട്.

മാലിന്യങ്ങളെ ജൈവ മാലിന്യങ്ങള്‍, അറവ് മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍, ചത്ത ജീവികള്‍, പ്ലാസ്റ്റിക് റബ്ബര്‍ ഇനങ്ങള്‍. ഇവയില്‍ പ്ലാസ്റ്റിക് - റബ്ബര്‍ ഇനങ്ങള്‍ പ്രത്യേകം ശേഖരിച്ചു ബന്ധപ്പെട്ട ഫാക്ടറികളിലയച്ചു റീസൈക്കിള്‍ ചെയ്തു വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പഞ്ചായത്തടിസ്ഥാനത്തില്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുക, അത് പോലെ അറവ് അവശിഷ്ടങ്ങള്‍ മറ്റു ചത്ത ജീവികള്‍, ഹോട്ടല്‍ അവശിഷ്ടങ്ങള്‍ തുടങ്ങിയവ ബന്ധപ്പെട്ട ഫാക്ടറികളിലെത്തിച്ചു വളമായും മറ്റും മാറ്റിയെടുക്കാന്‍ ഏര്‍പ്പാട് ചെയ്യുക, ജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു കടലില്‍ നിക്ഷേപിക്കാന്‍ പഞ്ചായത്ത് - ബ്ലോക്ക് - മുന്‍ സിപ്പാലിറ്റി നേതൃത്വത്തില്‍ വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ അവലംബിക്കുക. ഇത് വഴി നാട്ടിലെ മാലിന്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നതിന് പുറമെ കടലിനെ ശാന്തമാക്കി നിര്‍ത്താനും അതിന്റെ ആക്രമണോത്സുകത കുറക്കാനും കഴിയും. കൂടാതെ ഇത് വഴി മല്‍സ്യ സമ്പത്ത് വലിയ തോതില്‍ വര്‍ധിക്കുകയും തീരദേശത്ത് പഴയ സമൃദ്ധി തിരിച്ചു വരികയും ചെയ്യും - അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കടല്‍ അവിടെ എത്തിയ വസ്തുക്കളെ അതേപടി കരയിലേക്ക് പുറം തള്ളുന്നുവെന്ന വാദം അദ്ദേഹം ഖണ്ഡിക്കുന്നു. കടല്‍ അത്തരം വസ്തുക്കളെ കശക്കി, ചവച്ചരച്ചു അവയുടെ സത്തയും മൂല്യയും വലിച്ചെടുത്ത ശേഷം ചവറുകളെയാണ് പുറത്തേക്ക് തള്ളുന്നത്. അങ്ങനെ വലിച്ചെടുക്കുന്ന വസ്തുക്കള്‍ കടലിനും മല്‍സ്യ ഉല്‍പാദനത്തിനും വര്‍ദ്ധനവിനും മുതല്‍ക്കൂട്ടാകുന്നു. ഇതിലൂടെ കടലാക്രമണ ഭീഷണി കുറയുകയും അതിനാല്‍ കടല്‍ ഭിത്തി നിര്‍മാണം പോലുള്ള പാഴ് ചിലവുകള്‍ കുറയുകയും ചെയ്യും.

ഇദ്ദേഹത്തിന്റെ പരിസ്ഥിതി സംബന്ധിച്ച വേറിട്ട ചിന്തകള്‍ ഇതിനകം ദേശാഭിമാനി, ചന്ദ്രിക, തേജസ്, ഉത്തരദേശം, കാരവല്‍ പത്രങ്ങള്‍ ഫീച്ചറായി പ്രസിദ്ധപ്പെടുത്തിയിരുന്നു. മംഗലാപുരത്തിനടുത്തുള്ള എക്കൂര്‍ ഫിഷറീസ് കോളേജിലെ വിദഗ്ധരുടെ മുന്നില്‍ ഇദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും അവര്‍ ശ്രദ്ധാപൂര്‍വം അത് കേള്‍ക്കുകയും ചെയ്തിരുന്നു. തമ്മില്‍ നീണ്ട ചര്‍ച്ചകളും ചോദ്യോത്തരങ്ങളും നടത്തിയ ശേഷം അതെല്ലാം സി ഡി യിലാക്കി ഇദ്ദേഹത്തിന്ന് നല്‍കുകയും പരിപാടിയില്‍ സംബന്ധിച്ചതിന് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.

സെന്‍ട്രല്‍ മറൈന്‍ റിസര്‍ച്ച് സെന്റര്‍ ഏതാനും വര്‍ഷം മുമ്പ് മല്‍സ്യ സമ്പത്ത് ശോഷിക്കുന്നത് സംബന്ധിച്ചും അതിന് നിവാരണം അന്വേഷിച്ചും പൊതുജനങ്ങള്‍ക്കായി നല്‍കിയ 85 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയില്‍ മിക്ക ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയതിന്റെ പേരില്‍ നേരില്‍ വന്നു വിഷയം ചര്‍ച്ച ചെയ്യാനാവാശ്യപ്പെട്ടു ഇദ്ദേഹത്തെ അവര്‍ ക്ഷണിച്ചിരുന്നു. പക്ഷെ, ദൈനംദിന ജീവിതച്ചിലവിന് കൂലിവേല ചെയ്യുന്ന അബ്ദുല്ലയ്ക്ക് അങ്ങോട്ടു പോകാന്‍ സാധിച്ചില്ല.

ധകഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയം കേരളത്തെ നക്കിത്തുടച്ചു വെടിപ്പാക്കിയപ്പോള്‍ തുടര്‍ന്നുള്ള ആഴ്ചകളില്‍ വന്‍തോതില്‍ മല്‍സ്യലഭ്യതയുടെ അളവ് വര്‍ധിക്കുകയും തുടര്‍ന്നു മല്‍സ്യത്തിന് വില കുറയുകയും ചെയ്തത് പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത കാര്യവും ഇവിടെ ശ്രദ്ധേയമാണ്.

പരമ്പരാഗത കടല്‍ ബന്ധത്തിലൂടെയും സമ്പര്‍ക്കത്തിലൂടെയും1996 മുതലുള്ള നിരന്തര പരീക്ഷണ-നിരീക്ഷണങ്ങളിലൂടെയും നേടിയെടുത്ത അറിവും അനുഭവങ്ങളുമാണ് ബങ്കര മുട്ടം അബ്ദുല്ല എന്ന 55 കാരന്‍ ജനങ്ങളുമായി പങ്കു വയ്ക്കുന്നത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ജാടയോ ബിരുദങ്ങളുടെ മോടിയോ ഇല്ലെന്ന പേരില്‍ അനുഭവജ്ഞാനത്തിന്റെ കരുത്തും തിളക്കവുമുള്ള നിര്‍ദ്ദേശങ്ങളെ അങ്ങനെ അപ്പാടെ എഴുതിത്തത്തള്ളുന്നത് ബുദ്ധിയാവില്ല.

തന്റെ നിലപാട് അദ്ദേഹം വ്യക്തമായും കൃത്യമായും വിശദീകരിക്കുന്നു എന്ന് മാത്രമല്ല; ഇത് പ്രായോഗികവും ഫലപ്രദവുമാണെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം കൂടി അദ്ദേഹം ഏറ്റെടുക്കുന്നു. ബന്ധപ്പെട്ടവര്‍ സഹകരിക്കുകയാണെങ്കില്‍ മുന്‍പന്തിയില്‍ നിന്ന് ഇതിനു നേതൃത്വം നല്‍കാന്‍ കൂടി അദ്ദേഹം സന്നദ്ധനാണ്. ഏത് വിദഗ്ധരുമായും ഉദ്യോഗസ്ഥരുമായും ഈ വിഷയങ്ങളില്‍ തുറന്ന ചര്‍ച്ചകള്‍ നടത്താനും തന്റെ നിലപാട് വസ്തുനിഷ്ഠമായി വിശദീകരിക്കാനും തയ്യാറാണെന്ന് കൂടി അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

കടലിന്റെ കലി തീര്‍ക്കാന്‍ കടല്‍ഭിത്തിയല്ല പരിഹാരം, ചപ്പുചവറുകളാണ്; പരിസ്ഥിതി പ്രശ്‌നങ്ങള്‍ തലയിലേറ്റി ഒരു മത്സ്യത്തൊഴിലാളി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, fishermen, Environment, Weather, Environmental problems solved by a fisherman, Siddeeq Nadvi Cheroor

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia