മലിന പരിസരങ്ങളും രോഗാതുരമാകുന്ന മനസും
Jul 18, 2018, 22:46 IST
-എ എസ് മുഹമ്മദ്കുഞ്ഞി
(www.kasargodvartha.com 18.07.2018) നാം ആരോഗ്യ രംഗത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരുപാട് മുന്നേറിയവരാണെന്നാണ് വെപ്പ്. എനിക്ക് തോന്നുന്നത്, നാം രാഷ്ട്രീയത്തിലെ മുന്നേറിയിട്ടുള്ളൂ എന്നാണ്. ആരോഗ്യ കാര്യത്തിലും രോഗപ്രതിരോധ കാര്യത്തിലും, എന്തിന് മനുഷ്യന്റെ മരണത്തില്‍ പോലും നാം രാഷ്ട്രീയമെ കാണൂ. കാസര്‍കോട് ജില്ലക്കനുവദിക്കപ്പെട്ട മെഡിക്കല്‍ കോളേജ് ആശുപത്രി ഇനിയും പൂര്‍ത്തിയാവാതിരിക്കുന്നതിലുള്ള രാഷ്ട്രീയവും എല്ലാവര്‍ക്കും തിരിയും.
എയിംസ് സമാനമായ കേന്ദ്ര മെഡിക്കല്‍ കോളേജിന് ഏറെ സാധ്യതയും കാസര്‍കോടിനാണ് എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശം എന്നതിനാലും, പരിസരത്ത് ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റിയുടെ അഭാവം നിമിത്തവും. കേന്ദ്ര സര്‍വ്വകലാശാല കാംപസിനടുത്ത് ഭൂമി മാറ്റി വെച്ചിരിക്കുന്ന ഈ വേള അതിനു വേണ്ടി ശക്തമായ ശബ്ദമുണര്‍ത്തിയില്ലെങ്കില്‍, കൈവിട്ടു പേവുക തന്നെ ചെയ്യും. മലയാളി സമൂഹത്തിന് ഇടക്ക് ഒരു വലിയ ഞെട്ടല്‍ സമ്മാനിച്ചാണ് നിപ വൈറല്‍ പനി വന്ന് പോയത്. ആരുടെയൊക്കെയോ ആയുസ്സിന്റെ ബലത്തിലാണ് അത് നിപ കാരണമാവാമെന്ന് ഒരു ഡോക്ടര്‍ക്ക് തോന്നിയതും, ചികിത്സ ആ വഴിക്ക് മുന്നോട്ട് പോയതും. അത് കാസര്‍കോട് പോലുള്ള മേഖലയിലായിരുന്നെങ്കില്‍. ആലോചിക്കാനെ വയ്യ. ജീവന്‍ തൃണവല്‍ക്കരിച്ച് രോഗികളെ പരിചരിച്ച ഡോക്ടര്‍മാരും നേഴ്‌സുമാരും. നിപയെ പെട്ടെന്ന് തളച്ചതിന്റെ ക്രെഡിറ്റും അവര്‍ക്കാണ് പോവേണ്ടത്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, മലേഷ്യയിലും പിന്നീട് ബംഗ്ലാദേശിലും നിപ പടര്‍ന്ന് പിടിച്ചിരുന്നു. ആ കാലത്ത് (2006ല്‍) ഒരു മലയാള പത്രത്തിന്റെ മുന്‍ പേജില്‍ തന്നെ ഈ രോഗത്തിന്റെ പ്രത്യാഘാതങ്ങളും, പ്രതിരോധിക്കേണ്ട മാര്‍ഗ്ഗങ്ങളും വിശദമാക്കിക്കൊണ്ട് ഒരു ലേഖനം വന്നിരുന്നു. നിപ വൈറസിന്റെ ക്ഷിപ്ര വ്യാപനവും, പെട്ടെന്ന് തിരിച്ചറിഞ്ഞ്, നടപടികള്‍ കൈ കൊണ്ടില്ലെങ്കിലുള്ള വിപത്തും. പക്ഷെ, ഭരിക്കുന്നവര്‍ക്കും ഭരിക്കപ്പെടുന്നവര്‍ക്കും, അതേശിയിട്ടുണ്ടാവില്ല. അതാണ് ഒരു പന്തീരാണ്ടിന് ശേഷവും നിപ സ്ഥിരീകരിക്കാന്‍ നമുക്ക് ഹൈദറാബാദിലേയും, ബെംഗളൂറുവിലേയും, പൂനെയിലേയും ലാബോറട്ടറികളെ ആശ്രയിക്കേണ്ടി വന്നത്.
ഇതിന്റെ വൈറസുകളെ വേര്‍തിരിക്കുന്ന, സ്ഥീരീകരിക്കുന്ന ഒരു സംവിധാനവും ഇവിടെ ഇക്കാലയളവിനിടയിലും നിലവില്‍ വന്നില്ല എന്നത് നാം ആരോഗ്യ രംഗത്ത് എത്ര മുന്നേറിയെന്നത് വ്യക്തമാക്കുന്നു. ഇപ്പോള്‍ നാം അതൊക്കെ മറന്നു കഴിഞ്ഞു. അത്രേയുള്ളൂ എല്ലാ കാര്യങ്ങളും. പക്ഷെ ആരെന്തൊക്കെ മറന്നാലും, നിപയാണെന്ന് സംശയം തോന്നിയ ഉടനെ ആശുപത്രി അധികൃതരും ആരോഗ്യ വകുപ്പും കാട്ടിയ വെപ്രാളങ്ങളെ നാം മറന്നു കൂടാ. ആരോഗ്യ വകുപ്പ് എവിടൊന്നൊക്കെയോ കിട്ടാവുന്ന മരുന്നുകളൊക്കെ വരുത്തി നല്‍കാനുള്ള ശ്രമം നടത്തി. ഇതുവരെ മനുഷ്യരില്‍ പരീക്ഷിക്കാത്ത മരുന്ന പോലും ഇവിടെ എത്തി. ഒക്കെ മനുഷ്യര്‍ ഒരു നിമിത്തം മാത്രമാണ്. ദൈവത്തിന്റെ അദൃശ്യ കൈ എല്ലായിടത്തും പ്രവര്‍ത്തിക്കുന്നു എന്ന ആശ്വസിക്കാം.
ഇന്ന് മനുഷ്യരെ പിടി കൂടുന്നത് ഒറ്റ പനിയല്ല, ഒരു കൂട്ടം പനികളാണ്. വൈറല്‍ പനികള്‍ തന്നെ തൊണ്ണൂറ് ഇനം കണ്ടെത്തപ്പെട്ടിട്ടുണ്ട്. അതിനു പുറമെയാണ് മാരകമായ എലിപ്പനി, ഡെങ്കിപ്പനി, ചിക്കൂണ്‍ ഗുനിയ, ജാപ്പാന്‍ ജ്വരം തുടങ്ങിയ നവാതിഥികള്‍. ഇവയില്‍ മിക്കതിനും കാരണങ്ങള്‍ കണ്ടെത്തിയിട്ടില്ല. കാസര്‍കോടും പരിസരങ്ങളില്‍ നിന്നും നൂറ് കണക്കിന് ഡെങ്കിപ്പനി രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളിലെത്തുന്നുണ്ട്. എത്രയോ പേര്‍ വേണ്ട പരിഗണന ലഭിക്കാതെ മരണത്തിന് കീഴടങ്ങുന്നുണ്ട്.
ഇതൊന്നും വലിയ വാര്‍ത്തയാവാത്തത് മറ്റൊന്നും കൊണ്ടല്ല, അവരൊക്കെ സാധാരണക്കാരാണ്, കൂലിപ്പണി ചെയ്തും മറ്റും ഉപജീവനം കഴിക്കുന്നവര്‍. പത്രങ്ങളില്‍ ചരമ കോളത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ തന്നെ --ദമ്പതികളുടെ മകള്‍/മകന്‍, 28/38 വയസ്സ്, കര്‍ഷകന്‍/കൂലിപ്പണി ഡെങ്കി ബാധിച്ച് മരണപ്പെട്ടു. ഇത്രമാത്രം. കാസര്‍കോടിന്റെ പരിസരങ്ങളിലെ ചില കോളണികളുടെ അവസ്ഥ പരിതാപകരമാണ്. തീര്‍ത്തും മലിനമാണ്. പരിസരങ്ങള്‍ രോഗാണുക്കള്‍ മൊത്തമായി ഉത്പാദിപ്പിക്കുന്ന ഇടങ്ങളാണ്. ഈ കോളണികളുടെ പേരില്‍ സര്‍ക്കാര്‍ എത്രയോ ധനം വര്‍ഷാവര്‍ഷം നീക്കി വെക്കുന്നുണ്ട്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗമെന്ന പേരിലൊക്കെ. ഇവരെ സംരക്ഷിക്കാന്‍ എത്രയോ വകുപ്പുകള്‍, അവയ്ക്ക് കാര്യാലയങ്ങള്‍. ശംബളം പറ്റുന്ന ഉദ്യോഗസ്ഥര്‍. എല്ലാത്തിനും മേലെ ആരോഗ്യ വകുപ്പും. പക്ഷെ ആരും അങ്ങോട്ട് പോയി ഇടപെടുകയില്ല. എന്തെങ്കിലും അത്യാഹിതം സംഭവിക്കാതെ- (സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം).
ഇവിടുത്തെ ഭൂരിപക്ഷം വരുന്ന ജനതക്കും ഒന്നെ അറിയൂ. എങ്ങനെയെങ്കിലും പണമുണ്ടാക്കണം. കുടുംബം നന്നായി പുലത്തണം. സഞ്ചരിക്കാന്‍ സ്വന്തം വണ്ടികള്‍ തന്നെ വേണം. ഒന്നിലധികം വാഹനങ്ങള്‍. നാലോ അഞ്ചോ അംഗ കുടുംബത്തിന് പത്തിരുപത് അംഗങ്ങള്‍ താമസിക്കുന്ന ബംഗ്‌ളാവ് വേണം. ടൈല്‍സ് പാകിയ, ഒരു പുല്ലും കിളിര്‍ക്കാത്ത വിശാല മുറ്റം.. ആ പറമ്പിനകത്ത്, ആ കുടുംബത്തിനകത്ത് ഒട്ടും പിശുക്കില്ലാത്ത, വിശാല മനസ്‌കനാണവന്‍. അവന്റെ പോക്കു വരവ് വഴിയില്‍ ഒരു മനുഷ്യശരീരം വീണു കിടക്കുന്നത് കണ്ടാല്‍ പോലും തിരിഞ്ഞു നോക്കില്ല. കാരണം അതവന്റെയാരുമല്ല. നഗരത്തിലെ അളിഞ്ഞ മാലിന്യക്കൂമ്പാരങ്ങളും അവന്റെ വിഷയമല്ല.
മേല്‍പ്പറഞ്ഞ രോഗങ്ങളുടെയൊക്കെ, സോര്‍സ് കണ്ടെത്തുന്നത് പോട്ടെ, പടരുന്നത് വൃത്തി ഹിനമായ പരിസരങ്ങളില്‍ നിന്നാണെന്നതിന് സംശയമുണ്ടോ.? പടര്‍ത്തുന്നത് അവിടെ വിഹരിക്കുന്ന എലി, ഈച്ച, കൊതുക് തുടങ്ങിയ ജീവിവര്‍ഗ്ഗങ്ങളെന്നതും നമുക്കറിയാം. നമ്മുടെ നഗരത്തിന്റെ കാര്യമോ.? ചില കോര്‍ണറുകളൊക്കെ മാലിന്യങ്ങള്‍ക്ക് റിസര്‍വ്വ് ചെയ്തിരിക്കുകയാണ്. ദുര്‍ഗ്ഗന്ധം വമിക്കുന്ന മൂലകള്‍. അവിടെയത് നിത്യമാണ്. കാലങ്ങളായി അവ അഴുകുന്നുണ്ട്. മലിന ജലം ഒഴുകി റോട്ടിലെത്തുന്നു. കാസര്‍കോട്ടെ മത്സ്യ മാര്‍ക്കറ്റിന്റെ മേല്‍ഭാഗത്ത് മാലിന്യത്തിന്റെ കുന്നുകള്‍ രൂപപ്പെട്ടിരിക്കുന്നു. അതിന്റെ താഴ്‌വാരങ്ങളില്‍ എത്രയോ കുടുംബങ്ങള്‍ വസിക്കുന്നുണ്ട്. അവിടേക്കായിരിക്കില്ലെ ഈ മലിന ജലം ഒലിച്ചിറങ്ങുന്നത്.? അവിടം ഒന്ന് ലോകാരോഗ്യ സംഘടയുടെ വിദഗ്ദ്ധര്‍ പരിശോധിക്കാനിടയായാല്‍ എന്താവും കഥ.!
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, A.S Mohammed Kunhi, Health, Treatment, Protest
Keywords: Article, A.S Mohammed Kunhi, Health, Treatment, Protest