city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലഹരി പിടിമുറുക്കുന്ന കാസര്‍കോട്

എ എസ് മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 02/09/2016) ഒരു ഞായറാഴ്ച സായാഹ്നം. സ്ഥലം: പുലിക്കുന്ന് ഗസ്റ്റ് ഹൗസിനു മുമ്പിലുള്ള നഗരസഭാ പാര്‍ക്ക്. നല്ല കാലാവസ്ഥയായതിനാലാവാം പാര്‍ക്കില്‍ സാമാന്യം ആള്‍ക്കാരുണ്ട്. എവിടെ നിന്നോ ഒരു പോലീസ് വാഹനം പ്രത്യക്ഷപ്പെടുന്നു. അതവിടെയെത്തുമ്പോള്‍ ഒന്ന് വേഗത കുറച്ചുവോന്ന് സംശയം. പെട്ടെന്നത് കണ്ട പാര്‍ക്കിനകത്തിരിക്കുകയായിരുന്ന ഒരു പറ്റം ചെറുപ്പക്കാര്‍ ചിതറിയോടി. പാര്‍ക്കിലെ ബാക്കിയുള്ളവരും ഒരു പക്ഷെ പോലീസുകാര്‍ തന്നെയും അന്തം വിട്ടിരിക്കും. അതെ ദിവസം. രംഗം ജില്ലാ ബാങ്കിനു മുന്‍വശത്തെ കെട്ടിടങ്ങളുടെ ഇടുക്ക്. ഒരു മോട്ടോര്‍ സൈക്കിളില്‍ രണ്ട് പോലുസുകാര്‍ എന്തിനോ അവിടെ നിര്‍ത്തുന്നു. അതു കണ്ടാവണം രണ്ട് ചെറുപ്പക്കാര്‍ അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു സ്‌കൂട്ടറില്‍ എങ്ങനെയൊക്കെയോ ചാടിക്കയറി ജീവിതവും കൊണ്ടോടി. അപകടകരമാം വിധം അമിത വേഗതയില്‍ ടയറുരയുന്ന ശബ്ദത്തോടെയുള്ള ആ പാച്ചില്‍ കണ്ടവര്‍ നെഞ്ചത്ത് കൈവെച്ചു ദൈവത്തെ വിളിച്ചു പോയിരിക്കും. ഈ രണ്ട് രംഗങ്ങളിലും. പോലീസ് അവരെ ഓടിച്ചിട്ട് പിടിച്ചില്ല. കാരണം അങ്ങനെ ചെയ്താല്‍ വല്ല വണ്ടിയുടെ മുന്നിലോ കിണറ്റിലോ ഗര്‍ത്തങ്ങളിലോ വീണു ചത്താല്‍ പിറ്റേന്ന് പത്രത്തില്‍ തലവാചകമാകും. പോലീസുകാര്‍ ഓടിച്ചിട്ട് യുവാവ് വണ്ടിക്കടിയില്‍ പെട്ട്/കിണറ്റില്‍/ഗര്‍ത്തത്തില്‍ വീണ് ദാരുണമാം വിധം കൊല്ലപ്പട്ടു എന്ന്. ഈ രണ്ട് രംഗങ്ങളിലും ഈ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നവരാണെന്ന് അനുമാനിക്കുന്നു. ഇവ കേവലം യാദൃച്ഛീകമായി കാണാനിടയായവ. കാണാത്ത എത്ര കേന്ദ്രങ്ങളുണ്ടാവും ഇങ്ങനെയുള്ള... നമ്മുടെയീ കാസര്‍കോട്ട്..

ഇവര്‍ ആരുടെ മക്കളുമാകാം. കാസര്‍കോട് പൊതുവെ ഇത്തരം വാര്‍ത്തകള്‍ക്ക് പ്രസിദ്ധിയാര്‍ജ്ജിച്ച ഇടമാണത്രെ. ഇവിടുത്തെ പത്രങ്ങള്‍ എന്തെ ഇങ്ങനെ? എന്ന് കാസര്‍കോട്ടെത്തിയ ഒരു പ്രശസ്ത എഴുത്തുകാരന്‍ ഒരിക്കല്‍ ചോദിച്ചപ്പോള്‍ ഉള്ളതല്ലെ എഴുതാന്‍ പറ്റൂ സാര്‍ എന്ന് തിരിച്ചു പറഞ്ഞതോര്‍ക്കുന്നു. ഈ മക്കളും തുടങ്ങിയിരിക്കുക കൂട്ടുകാരോടൊത്ത് പാന്‍ പരാഗ് ചവച്ചു കൊണ്ടാവും. പതുക്കെ ചുവടുകള്‍ മാറും അല്ലെങ്കില്‍ ഏജന്റുമാര്‍ മാറ്റും. കഞ്ചാവ്, ചരസ് ഭംഗ്, ബ്രൗണ്‍ ഷുഗര്‍ അങ്ങനെ ഉന്നത് ശ്രേണിയിലെത്തും. ഇത് ഒരു വണ്‍വേ ട്രാഫിക്കാണ്. തിരിച്ചിങ്ങോട്ട് പ്രതീക്ഷിക്കേണ്ടതില്ല. ഇരയായിപ്പോയി കിട്ടിയാല്‍ പിന്നീടവര്‍ ഈ കച്ചവടക്കാരുടെ ഉപഭോക്താക്കളായിയെന്നര്‍ത്ഥം. ഇവരുടെ ശൃംഖല വിശാലമാക്കിയാലെ അവര്‍ക്ക് കോടിക്കണക്കിന് രൂപയുടെ വിറ്റുവരവിലെത്താനാവൂ. ബംഗ്ലാവും ആഡംഭര കാറും, അവരുടെ ആശ്രിതര്‍ക്ക് അല്ലലില്ലാത്ത ജീവിതവും അവര്‍ക്ക് നല്‍കാനാവൂ. അവരുടെ ഭാര്യ, മക്കളുടെ പരിസരത്ത് പോലും ലഹരി വസ്തുക്കള്‍ എത്തുകയില്ല. പക്ഷെ അവര്‍ നല്‍കുന്ന ആര്‍ഭാടങ്ങളില്‍ ഇതിന്റെ സമ്പാദ്യമുണ്ട്. അതില്‍ ആയിരങ്ങളുടെ ശാപവചനങ്ങളുണ്ടെന്ന് അവരറിയുന്നുണ്ടാവില്ല. ഒരു സമൂഹത്തെ, തലമുറയെ ഇഞ്ചിഞ്ചായി കൊല്ലുന്ന വിഷം എത്തിച്ചും വില്‍പ്പന നടത്തിയുമുണ്ടാക്കിയ സമ്പാദ്യം അവര്‍ക്ക് ഉതകിയാല്‍ തന്നെ അത് താത്ക്കാലികമാവും. ഒരുനാളത് തിരിഞ്ഞു കുത്തുമെന്ന് അവരും ഓര്‍ക്കുന്നത് നന്ന്.

അതെസമയം ഉപഭോക്താക്കളുടെ സ്ഥിതിയോ? ഉപയോഗിച്ചൊരു പരുവമായാല്‍ അവരുടെ കോലവും മാറിയിരിക്കും. ചത്ത കണ്ണുകളും ചത്ത നോട്ടവും. കൈകള്‍ തൂങ്ങി, വിരലുകള്‍ക്ക് വിറയല്‍ ബാധിച്ച്. ബുദ്ധി മന്ദീഭവിച്ച് ഒന്നിനും കൊള്ളാത്ത ഒരു ജീവച്ഛവം. മഹാനഗരങ്ങളില്‍ ഇയാള്‍ സ്ഥിരം കാണാറുള്ളതായിരുന്നു. മക്കള്‍ ഇങ്ങനെയാവണമെന്ന് ആഗ്രഹിക്കുന്നവര്‍ നമുക്കിടയില്‍ കാണുമോ? പോട്ടെ ആരെങ്കിലും അത് സഹിക്കുമോ? പക്ഷെ ഏത് വീട്ടിലെ പയ്യനും ഈ വലയില്‍ വീഴാന്‍ സാധ്യത വളരെ കൂടുതലാണ്. മധ്യവര്‍ഗ്ഗവും ഏറ്റവും താഴെയ്ക്കിടയില്‍ കിടക്കുന്ന അടിസ്ഥാന വര്‍ഗ്ഗവുമായിരിക്കും ഏറെയും ഇതിന്റെ ഇര.

കടപ്പുറത്തെ, ചേരിപ്രദേശങ്ങളിലെ പതിനഞ്ചിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായക്കാരായ യുവാക്കളാണ് വളരെയെളുപ്പത്തില്‍, ഇവയ്ക്കിരയാവുന്നത്. അവരുടെ രക്ഷിതാക്കള്‍ ഇതൊന്നും അറിയുന്നുണ്ടാവില്ല. പലരുടെയും അച്ഛന്‍/വാപ്പ ഗള്‍ഫിലെ മണലാരണ്യത്തില്‍ ചുട്ടു പൊള്ളുന്ന വെയിലത്ത് പണിയെടുത്ത് നാട്ടിലെത്തിക്കുന്ന കാശ്, അമ്മ/ഉമ്മ മാരില്‍ നിന്ന് കൈക്കലാക്കി സായാഹ്നങ്ങളില്‍, പ്രത്യേകിച്ചും അവധി നാളുകളില്‍, ഇറങ്ങുന്നത് എവിടെയ്ക്കാണെന്ന് ഒരു കണ്ണുണ്ടാവുന്നത് എല്ലാവര്‍ക്കും നന്ന്. നാശത്തിലേയ്ക്കാണോ എന്നറിയാന്‍ മാത്രം. പിന്നീട് ഖേദിച്ചിട്ട് ഫലമില്ലല്ലോ. കാസര്‍കോടിന്റെ പല സങ്കേതങ്ങളിലും ഒരുപാട് പരിചിത മുഖങ്ങളെ കാണുന്നു. ഇവരെല്ലാം പുറംനാടുകളില്‍ നിന്ന് വന്നവരാണെന്ന് കരുതണമോ?

സമകാലീന സമൂഹത്തോട്, വരും തലമുറയോട് അല്‍പമെങ്കിലും പ്രതിബദ്ധതയുള്ളവര്‍ ഇതിനെതിരെ വിരലല്ലെങ്കില്‍ നാവെങ്കിലും ചലിപ്പിക്കേണ്ടതുണ്ട്. അത്രയ്ക്കങ്ങ് നമ്മുടെ പട്ടണത്തെ ലഹരി ഗ്രസിച്ചു പോയിട്ടുണ്ടെന്ന് തോന്നുന്നു. കന്നി യാത്ര തിരിക്കുന്ന, പല പ്രാവശ്യം പോയിട്ടും വകതിരിവ് വന്നിട്ടില്ലാത്ത, വിദേശങ്ങളിലേയ്ക്ക് തൊഴില്‍ തേടി പോകുന്നവരും ഏറെ ജാഗരൂകരാവേണ്ടതുണ്ട്. വളരെ അടുപ്പമുള്ളവരായിരിക്കും വസ്ത്രം അല്ലെങ്കില്‍ മരുന്ന് കടലാസു പൊതി ഏല്‍പ്പിക്കുന്നത്. വിശ്വസിക്കാവുന്നവര്‍. പക്ഷെ ഇതൊരു ചൈന്‍ ആണ്‍ ഏല്‍പ്പിക്കുന്നവരും ചിലപ്പോള്‍ അറിഞ്ഞിട്ടുണ്ടാവില്ല. അതിനാല്‍ ആരുടേയും, ഒന്നും സ്വീകരിക്കാതിരിക്കലാണുചിതം. സ്വീകരിക്കാതിരിക്കാന്‍ നിവൃത്തിയില്ലെങ്കില്‍ അയാളുടെ മുമ്പില്‍ വെച്ച് പൊതിയഴിച്ച് നന്നായി പരിശോധിച്ച ശേഷമെ സ്വീകരിക്കാവൂ. അല്ലെങ്കില്‍ കാത്തിരിക്കുന്ന വിധിയെ സധൈര്യം നേരിടുക മാത്രമെ നിവൃത്തിയുള്ളൂ. ആ രാജ്യങ്ങളില്‍ ഇതുമായി പെട്ട് പോയാല്‍ അവിടെ ഇതിനുള്ള ശിക്ഷയില്‍ നിന്ന് പിന്നീടൊരിക്കലും നിങ്ങള്‍ മോചിതരായെന്നു വരില്ല.

നമ്മുടെ പോലീസും മോശമല്ല. കൈയില്‍ കിട്ടിയാല്‍ ശരീരത്തിന് ശാശ്വതമായ പണി കൊടുത്തിട്ടെ വിടാറുള്ളൂ എന്നൊരു സുഹൃത്ത് പറഞ്ഞത് ഇവിടെ പങ്ക് വെയ്ക്കട്ടെ. യുവാക്കളാണ്. അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്നതാണ്. ഒരുപക്ഷെ രാഷ്ട്രത്തിന് ഉപകാരപ്പെടുന്ന ഒരു ജീവിതമായി അത് നാളെ പരിണമിക്കും എന്നൊന്നും കണ്ണില്‍ ചോരയില്ലാത്തവര്‍ പരിഗണിച്ചെന്ന് വരില്ല.
ലഹരി പിടിമുറുക്കുന്ന കാസര്‍കോട്

Keywords:  Kasaragod, Kerala, Ganja, Police, Vehicle, Police-officer, Investigation, Youth, Bike, Drug and youth of Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia