city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊറോണ വൈറസ് മനുഷ്യജീവിതത്തെ പുതുക്കി പണിയുമോ? ഡോ. എം കെ. മൂസക്കുഞ്ഞി എഴുതുന്നു

(www.kasargodvartha.com 12.04.2020) നോവല്‍ കൊറോണ വൈറസ് ഉണ്ടാക്കുന്ന അപകട സാധ്യതകള്‍ എന്തൊക്കെയാണ് എന്നുള്ള ചങ്കിടിപ്പിക്കുന്ന ഒരായിരം ചോദ്യങ്ങള്‍ക്ക് നടുവിലാണിന്ന് ലോകം. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ഭയാശങ്കകള്‍ മനുഷ്യ മനസ്സിനെ വലയം ചെയ്യുന്ന തരത്തില്‍ ഓരോ ദിനവും ദുരന്ത വാര്‍ത്തകള്‍ പെരുകിക്കൊണ്ടേയിരിക്കുന്നു. ഇതിനിടയിലാണ് ആളുകള്‍ക്കിടയിലെ പരസ്പര സമ്പര്‍ക്കത്തിന്റെ അകലം മിനിമം7അടി വേണമെന്ന പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.
അതിനാല്‍ ശാസ്ത്രീയമായി നിശ്ചയിക്കപ്പെട്ട  മാനദണ്ഡത്തില്‍ സാമൂഹിക അകലത്തിന്റെ കൃത്യത കര്‍ശനമായി ഉറപ്പു വരുത്തേണ്ടത് ഈമഹാമാരിയെ പിടിച്ചുകെട്ടാനുള്ള ലോകജനതയുടെ പോരാട്ടത്തിന് അനിവാര്യമാണ്.

ഈ പാന്‍ഡെമിക് പടര്‍ന്നുപിടിച്ച ഘട്ടംമുതല്‍ പ്രചരിപ്പിക്കപ്പെട്ട മൂന്ന് അടിയെന്ന അകല മാനദണ്ഡം തിരുത്തപ്പെടുന്നതിന് കാരണമായ കണ്ടെത്തലുകളാണ് ഈ രംഗത്തെ ഗവേഷകര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്നതു പോലെ തന്നെ നമ്മള്‍ സംസാരിക്കുമ്പോഴും കൊറോണ വൈറസ് പടരുന്നുവെന്ന ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് പുറത്തു വന്നതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നു പോന്നരീതികളും മുന്‍ഗണനകളും തിരുത്തി വ്യക്തമായ ശാസ്ത്രീയബോധത്തോടു കൂടി മുന്നോട്ടു പോകുന്നതിനുള്ള ഉത്തരവാദിത്വം കൂടിയാണ് നമ്മില്‍ വന്നു ചേര്‍ന്നിരിക്കുന്നത്.

ഇത്തരമൊരു ചുറ്റുപാടില്‍ സംസാരിക്കുമ്പോള്‍ പറയുന്നയാളുടെ വായില്‍ നിന്ന് വൈറസ് പുറത്തേക്ക് വരുന്നുവെന്നതും അത് കൂടുതല്‍ നേരം വായുവില്‍ തങ്ങിനിന്ന് കൂടുതല്‍ ദൂരം സഞ്ചരിക്കുന്നതും എയറോസോള്‍ വഴിയാണെന്നത് ഗൗരവമായി തന്നെ കാണണം.

നമ്മള്‍ സംസാരിക്കുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന സ്രവ കണികയുടെ വലിപ്പം ചെറുതും (1 മൈക്രോണില്‍ താഴെ) ,അവയുടെ ഭാരം കുറവായതും, പുകയ്ക്ക് സമാനമായ തരത്തില്‍ കൂടുതല്‍ കാലം വായുവില്‍ പൊങ്ങിക്കിടക്കുന്നതുമാണ്. പ്രത്യേകിച്ച് കൂടുതല്‍ വൈറസുകള്‍ തങ്ങി നില്‍ക്കാന്‍ സാദ്ധ്യത ഏറെയുള്ള  അടഞ്ഞ ഇടങ്ങളില്‍ വളരെ കൂടുതലായി നമ്മള്‍ ശ്വസിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത് അത്യന്തം അപകടകരമാണ്.

ചുമ അല്ലെങ്കില്‍ തുമ്മല്‍ എന്നിവയുണ്ടാകുന്ന സമയത്ത് ഉല്‍പാദിപ്പിക്കുന്ന കണികകള്‍ വലുതും (50 മൈക്രോണില്‍ കൂടുതല്‍) ഭാരമുള്ളതുമാണ്. അതിനാല്‍ തന്നെ അവ വേഗത്തില്‍ നിലത്തുവീഴുന്നു.
അതിനാല്‍ വളരെ തിരക്കേറിയതും അടച്ചതുമായ ഇടങ്ങളില്‍ കൂടുതല്‍ നേരം നാം ഒരു കാരണവശാലും നില്‍ക്കരുത്.

പ്രത്യേകിച്ച് കാറുകളില്‍ യാത്ര ചെയ്യുമ്പോള്‍ വിന്‍ഡോ ഗ്ലാസ്സുകള്‍ താഴ്ത്തി തന്നെ ഇടണം.
കാറുകളില്‍ ഏ.സി ഒഴിവാക്കുന്നതാണ് നല്ലത്. അടച്ച എയര്‍കണ്ടീഷന്‍ഡ് ഇടങ്ങള്‍ വളരെകൂടുതല്‍ അപകടകരമാണെന്ന തിരിച്ചറിവ്കൂടി ഇപ്പോഴത്തെ ദുരന്ത പൂര്‍ണ്ണമായപുത്തന്‍ പരിതസ്ഥിതിയില്‍
നമുക്ക് ഉണ്ടാകണം.

മുറിയില്‍ വായുസഞ്ചാരം സുഗമമാക്കാന്‍ ജനാലകള്‍ തുറന്നിടുമ്പോള്‍അതുവഴി വൈറസ് വ്യാപന സാന്ദ്രത കുറയുകയും മുകളിലേക്കും വേഗത്തിലും വായുസഞ്ചാരം വര്‍ദ്ധിക്കുകയും ചെയ്യും. ഇത്തരം മുന്‍കരുതലുകള്‍ നമുക്ക് ഗുണകരമായിത്തീരും. തുറന്ന ഇടങ്ങള്‍ തന്നെയാണ് താരതമ്യേന ഏറ്റവും കൂടുതല്‍ സുരക്ഷിതമെന്ന് നമ്മള്‍ മനസ്സിലാക്കണം.

ഇനിയങ്ങോട്ട് ഏതുതരം ചര്‍ച്ചകളും ആള്‍ക്കൂട്ട സംവാദങ്ങളും കണ്‍വെന്‍ഷനുകളും ഒഴിവാക്കണം. എ സിയോ അല്ലാത്തതോ ആയ ഹാളുകളിലാകട്ടെ ഇനി മുതല്‍ ഇത്തരം ഹൈ റിസ്‌ക്ക് പരിപാടികള്‍ നടത്തുന്നത് കോവിഡിന്റെ സാമൂഹിക വ്യാപനത്തിലൂടെ വലിയ ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതിന് വഴിയൊരുക്കും. കോവിഡ് മഹാമാരിയുടെ വരവോടെ ലോകം നിര്‍ണായകമായ ഒരു വഴിത്തിരിവിലാണെന്ന് തിരിച്ചറിഞ്ഞ് പരിപാടികളെ പുനക്രമീകരിച്ച്  ഒരു ഓപ്പണ്‍ ഫോറം പ്രോഗ്രാമാക്കി മാറ്റിക്കൊണ്ട് നന്നായി തുറന്ന ഇടങ്ങളിലാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

അതുപോലെ തന്നെ പരമ്പരാഗതമായി നാനാജാതി മതസ്ഥര്‍ കാലങ്ങളായി നടത്തിപ്പോരുന്ന
വന്‍ പ്രാര്‍ത്ഥനാ സമ്മേളനങ്ങളൊക്കെ ഒഴിവാക്കിക്കൊണ്ട് പുതിയൊരു സമീപനത്തിലേക്കും സങ്കല്‍പ്പത്തിലേക്കും ശീലത്തിലേക്കും നാം സ്വയമേവ മാറിത്തീരണം.
അതുപോലെ നമ്മളില്‍ പലരും പലപ്പോഴും കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കുന്നവരാണല്ലോ.സ്ഥാനത്തും അസ്ഥാനത്തും നമ്മുടെ സംഭാഷണങ്ങള്‍ പലപ്പോഴും ഉച്ചസ്ഥായിലാ കാറുള്ളതിന്റെ സാക്ഷികളോ ഇരകളോ ഒക്കെയാണ് നമ്മളില്‍ പലരും അത്തരം സംഭാഷണ സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്ന വേഗതയില്‍ വോക്കല്‍ കോഡുകളിലൂടെ വായു പുറത്തേക്ക് ഗമിക്കാറുണ്ട്.

അതുവഴി വായില്‍ നിന്നും കൂടുതല്‍ ഭാരം കുറഞ്ഞ എയറോസോള്‍ (വായു കണങ്ങള്‍) ഉല്‍പാദിപ്പിക്കുകയും കൂടുതല്‍ നേരം അവ വായുവില്‍ തങ്ങി തുടരുകയും ചെയ്യുന്നു. ഇത് കോവിഡ് രോഗ പകര്‍ച്ചയുടെ വ്യാപനത്തിന് വഴിയൊരുക്കുന്ന പുത്തന്‍ പ്രതിഭാസമായി ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗവേഷണപഠനങ്ങളിലൂടെ ആഗോള ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

ഇനി മുതല്‍ നാം വലിയ ശബ്ദഘോഷങ്ങളില്ലാതെ മൃദുവായി സംസാരിക്കുക. 'പയ്യെ തിന്നാല്‍ പനയും തിന്നാം 'എന്ന പഴഞ്ചൊല്ലു പോലെ പതുക്കെ സംസാരിച്ചാല്‍ ശബ്ദങ്ങള്‍ എന്നെന്നേക്കുമായി നിലച്ചുപോകാതെ, കൂടുതല്‍ കാലം നമുക്ക് ജീവനോടെയിരുന്ന് സന്തോഷത്തോടെ സംസാരിക്കാന്‍ കഴിയുമെന്ന അതിജീവനത്തിന്റെ രക്ഷാമാര്‍ഗ്ഗം നമ്മള്‍ കരുതലോടെയും ജാഗ്രതയോടെയും തെരഞ്ഞെടുക്കേണ്ട പുതിയൊരു അനുഭവ ലോകമാണ് ഈ കൊറോണാനന്തരകാലം എന്ന് പറയാതെ വയ്യ.

ആയതിനാല്‍ വാക്‌സിനുകള്‍ കണ്ടെത്തിയാലും ഈ വൈറസ് നമ്മുടെ സഹജീവിയായിരിക്കും. കൊറോണ വൈറസ് ഗസ്റ്റും മനുഷ്യന്‍ ഹോസ്റ്റുമാകുന്ന ഒരു വിചിത്രഗ്രഹമായി ഈ ഭൂഗോളം മാറിയിരിക്കുന്നു. ഈയൊരു യാഥാര്‍ത്ഥ്യബോധത്തോടെ ജീവിതശൈലിയും ചിന്താരീതിയും അടിമുടി നാം ഉടച്ചുവാര്‍ക്കണം. എങ്കില്‍ മാത്രമേ മനുഷ്യരാശിക്ക് അതിജീവനത്തിന്റെ പാതയിലൂടെ സുഖ സുന്ദരമായി മുന്നോട്ട് പോകാന്‍ പറ്റുകയുള്ളൂ. അതാണ് കോവിഡ് 19 എന്ന മഹാമാരി നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന
പുതിയ പാഠം.

(പ്രമുഖ കാര്‍ഡിയാക് സര്‍ജനാണ് ലേഖകന്‍)

കൊറോണ വൈറസ് മനുഷ്യജീവിതത്തെ പുതുക്കി പണിയുമോ? ഡോ. എം കെ. മൂസക്കുഞ്ഞി എഴുതുന്നു


Keywords:  Article, Top-Headlines, Trending, Health-Department, health, COVID-19, Dr MoosaKunhi writing about corona virus
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia