city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാര്‍ട്ടി ലക്ഷ്യത്തിലേക്കെത്താന്‍ ഇനിയെത്ര കാതം? ബ്രാഞ്ചു സമ്മേളനങ്ങള്‍ക്കു തുടക്കമായി, ചര്‍ച്ചകള്‍ കൊഴുക്കും

നേര്‍ക്കാഴ്ച്ചകള്‍/ പ്രതിഭാരാജന്‍

(www.kasargodvartha.com 16.09.2017) സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു തുടക്കമായി. സെപ്തംബര്‍ 17 മുതല്‍ മുതല്‍ സമ്മേളനങ്ങള്‍ സജീവമായിത്തുടങ്ങും. ആദൂരില്‍ ശ്രീകൃഷ്ണ ജയന്തിയുടെ മറവില്‍ നടന്ന അക്രമവും, തീവെപ്പും ഇനിയും കെട്ടടങ്ങിയിട്ടില്ല. രാജ്യ സ്നേഹികളെന്ന് സ്വയം വീമ്പിളക്കുന്ന പാര്‍ട്ടികള്‍ തമ്മില്‍ വാളെടുത്ത് റോഡിലിറങ്ങി പരസ്പരം വെട്ടും കുത്തും നടത്തുന്നു. അവരവര്‍ക്കു സ്വാധീനമുള്ള സ്ഥലങ്ങളില്‍ മറ്റൊരു കക്ഷിക്കും പ്രവേശനം പാടില്ലെന്ന് ശഠിക്കുന്നു. ബാലസംഘത്തിന്റെ വില്ലേജ് സെക്രട്ടറിയെ വരെ ശരിപ്പെടുത്താന്‍ ശ്രമിക്കുന്നു. ആലിലയില്‍ കെട്ടിയിട്ട കണ്ണനെ കണ്ടു നില്‍ക്കാന്‍ കഴിയാതെ ബാലാവകാശ കമ്മീഷന്‍ സ്വയം കേസെടുക്കുന്നു. പോലീസിനു പോലും രക്ഷയില്ലാത്ത കാലം. അതിനൊക്കെയിടയിലൂടെയാണ് സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് ജില്ലയിലൂടെ കടന്നു പോകുന്നത്.

1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴു വരെ കൊല്‍ക്കത്തയില്‍ നടന്ന സി.പി.ഐ.-യുടെ ഏഴാമത് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നിന്നുമാണ് സി.പി.എമ്മിന്റെ പിറവി. അന്ന് ഇറങ്ങിപ്പോയവരില്‍ ഇന്നു ശേഷിക്കുന്നത് വി.എസ്. മാത്രം. അടഞ്ഞ കൂട്ടിലാണ് ആ തത്ത. തെരെഞ്ഞെടുപ്പു വന്നു. ശാരീരികമായ അവശതയെ വെല്ലുന്ന ചെറുപ്പവുമായി വി.എസ് വേങ്ങരയിലെ തെരെഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നതിനിടയിലൂടെയാണ് ബ്രാഞ്ച്- ലോക്കല്‍ സമ്മേളനങ്ങളുടെ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് തത്ത്വസംഹിതകള്‍ നടപ്പിലാക്കി സോഷ്യലിസ്റ്റ് വ്യവസ്ഥിതി അടിസ്ഥാനമായുള്ള ഒരു ഭരണസംവിധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അന്ന് രൂപപ്പെട്ട പാര്‍ട്ടി ഇന്ന് എവിടെ ചെന്നു നില്‍ക്കുന്നു എന്ന പുനന്യേഷണത്തിനു പാര്‍ട്ടി തയ്യാറാവുകയാണ്.  അത്തരം വിശകലനത്തിനായി  അനുഭാവികള്‍ക്കു പറമെ, പൊതു സമൂഹത്തിനെ നിര്‍ബന്ധമായും പങ്കെടുപ്പിക്കും. പാര്‍ട്ടിയുടെ  ജനകീയ അടിത്തറ മെലിയുന്നു എന്ന പാലക്കാട് പ്ലീനത്തിന്റെ വിലയിരുത്തലാണ് രൂപമാറ്റത്തിനുള്ള കാരണം.

കൊല്‍ക്കത്തയില്‍ വെച്ചു നടന്ന ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വിപ്ലവമാണ് ലക്ഷ്യമെന്ന് വാദിച്ചവരോട് പിണങ്ങി അല്ല, ജനകീയ ജനാധിപത്യമാണ് കരണീയമെന്ന ആശയവാദത്തോടെ ഉയര്‍ത്തെഴുന്നേറ്റ പാര്‍ട്ടി അതില്‍ എത്രത്തോളം വിജയിച്ചു എന്ന മൂല വിഷയം ഈ സമ്മേളനത്തില്‍ ചോദ്യം ഉയരുമ്പോള്‍ വിശദീകരിക്കാന്‍ ബ്രാഞ്ചു തലത്തിലേക്കു വരെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം മുതല്‍ താഴോട്ടുള്ള നേതാക്കല്‍ ഇറങ്ങി വരും. പ്രശ്നബാധിത ബ്രാഞ്ചുകളിലായിരിക്കും ഇവരുടെ സാമീപ്യം ഏറെ അനുഭവപ്പെടുക. ഉദുമ ഏരിയയിലെ എരോല്‍, ചെര്‍ക്കാപ്പാറ രണ്ട്, ബങ്ങാട്, അമ്പങ്ങാട്, അരമങ്ങാനം തുടങ്ങിയ കേന്ദ്രങ്ങളില്‍ കെ.വി. കുഞ്ഞിരാമനെത്തുമ്പോള്‍ ചെര്‍ക്കാപ്പാറ ഒന്ന്, മലാങ്കുന്ന്, കണ്ണിക്കുളങ്ങര, ബിട്ടിക്കല്‍, കല്ലിങ്കാല്‍ തുടങ്ങിയ ബ്രാഞ്ചുകളെ കേന്ദ്രീകരിച്ച് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉണ്ടാകുമെന്ന് പാര്‍ട്ടി ഘടകം അറിയിച്ചിട്ടുണ്ട്. മടിക്കൈ അടക്കമുള്ള പാര്‍ട്ടിയുടെ മോസ്‌കോ അടങ്ങുന്ന കേന്ദ്രങ്ങളില്‍ 19 മുതലാണ് സമ്മേളനം ആരംഭിക്കുക. ഉദുമ ഏരിയ, കാഞ്ഞങ്ങാട് ഏരിയ കേന്ദ്രീകരിച്ചുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു 17 മുതല്‍ തുടക്കമാവും.

പാര്‍ട്ടി സമ്മേളനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് കലാകായിക മത്സരങ്ങളിലും മത്സര പരീക്ഷകളിലും മികച്ച വിജയം നേടിയവരെ പ്രത്യേകം ക്ഷണിച്ച് അനുമോദിക്കണമെന്നു 2015 ലെ കോണ്‍ഗ്രസിനു മുമ്പാകെ നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും അവ വേണ്ട വിധത്തില്‍ പ്രയോജനപ്പെട്ടിരുന്നില്ല. പാര്‍ട്ടിയുടെ മുന്‍കാല നേതാക്കളെ സമ്മേളനങ്ങളില്‍ ആദരിക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു. സമ്മേളന നടപടികള്‍ കാച്ചിക്കുറുക്കരുത്. ഒരു ദിവസം മുഴുവനായി നീളണം. നിലവില്‍ ഏതെങ്കിലും പാര്‍ട്ടിയംഗത്തിന്റെ വീട്ടില്‍ രാവിലെ മുതല്‍ ഉച്ചഭക്ഷണം വരെയോ ഉച്ച മുതല്‍ വൈകുന്നേരം വരെയോ ആണ് മിക്കയിടത്തും ബ്രാഞ്ച് സമ്മേളനം നടക്കുന്നത്. അതു പോര. ഉദ്ഘാടന സമ്മേളനത്തിന് ശേഷം റിപ്പോര്‍ട്ട് അവതരണം, ചര്‍ച്ച, പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കല്‍ തുടങ്ങിയവ ചട്ടപ്പടിയാവരുത്. കോടിയേരി കീഴ്ക്കമറ്റികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  പുതുതായി രൂപം കൊള്ളുന്ന കമ്മിറ്റികളില്‍ സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും മുന്‍ഗണനയുണ്ടാകും. മറ്റു ഗത്യന്തരമില്ലെങ്കില്‍ മാത്രമേ നിലവിലെ സെക്രട്ടറിയെ നാലാമാതായും തെരെഞ്ഞെടുക്കുകയുള്ളൂ.

യു.ഡി.എഫിലെ പ്രമുഖ കക്ഷികളിലെ മാത്രമല്ല, ബി.ജെ.പിയില്‍ വിശ്വസിക്കുന്ന അസംതൃപ്തരെയും പാര്‍ട്ടിയോടുപ്പിക്കാന്‍ നിമിത്തമാകും വിധമാണ് സമ്മേളനം ലക്ഷ്യമിടുന്നത്. കണ്ണൂരില്‍ ഇത് നേരത്തെ പരീക്ഷിച്ചു വിജയിച്ചിരുന്നു. അമ്പാടിമുക്ക് ഇതിനുദാഹരണമാണ്. അതാതിടത്തെ ക്ലബുകളുമായും സാംസ്‌ക്കാരിക സ്ഥാപനങ്ങളുമായും സഹകരിച്ച് ഓണാഘോഷം സംഘടിപ്പിക്കാനും സമ്മേളന മാര്‍ഗരേഖയില്‍ പ്രത്യേകം നിര്‍ദേശിച്ചിരുന്നു. അഷ്ടമി രോഹിണി ആഘോഷം അതിന്റെയൊക്കെ ഭാഗമാണ്. അതിന്റെ പ്രതിഫലനമാണ് ആദൂരില്‍ കണ്ടു വരുന്നത്. പൊതുമണ്ഡലത്തില്‍ പുതുതായി തെരെഞ്ഞെടുക്കുന്ന ഏരിയാ കമ്മിറ്റിയില്‍ ചുരുങ്ങിയത് രണ്ടു പേരെങ്കിലും 40 വയസില്‍ താഴെയുള്ളവരായിരിക്കണം. ന്യൂനപക്ഷ, പട്ടിക വിഭാഗങ്ങളുടെ പ്രാതിനിധ്യവും ഉറപ്പാക്കണം. ഏരിയാ കമ്മിറ്റി അംഗങ്ങളുടെ എണ്ണം 19 ല്‍ നിന്ന് 21 ലേക്ക് വേണമെങ്കില്‍ ഉയര്‍ത്താം.

ഭരണമുറപ്പിക്കാന്‍ മാണിയും വെള്ളാപ്പള്ളിയും ദിവസങ്ങളെണ്ണി കാത്തു നില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ സമ്മേളനം ലീഗിനോടുള്ള സമീപനമെന്തായിരിക്കും? തുടര്‍ന്ന് നമുക്കതിനെ വിലയിരുത്താം. അതിനുത്തരം കാത്തു നില്‍ക്കുന്ന പൊതു സമൂഹത്തിന്റെ മനസ് നമുക്ക് ചര്‍ച്ചക്കെടുക്കാം.

പാര്‍ട്ടി ലക്ഷ്യത്തിലേക്കെത്താന്‍ ഇനിയെത്ര കാതം? ബ്രാഞ്ചു സമ്മേളനങ്ങള്‍ക്കു തുടക്കമായി, ചര്‍ച്ചകള്‍ കൊഴുക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, CPM, Article, Prathibha-Rajan, Politics, CPM Branch conference

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia