city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രഭാഷണ മാഫിയയും വിമര്‍ശന മാഫിയയും

റസാഖ് പള്ളങ്കോട്

(www.kasargodvartha.com 27/04/2015) പ്രമുഖ പണ്ഡിതനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ആണ് 'പ്രഭാഷണ രംഗത്ത് മാഫിയകള്‍ വളരുന്നു' എന്ന രീതിയില്‍ ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റിട്ട് ആദ്യം വെടിപൊട്ടിച്ചത്. മതപ്രഭാഷണ രംഗത്തെ മാഫിയ വല്‍ക്കരണം ശ്രദ്ധിക്കുക. പരാതികള്‍ ശരിയാണെങ്കില്‍ ഈ സമുദായത്തെ ചില പുതിയ പ്രഭാഷകര്‍ അങ്ങേയറ്റം വഞ്ചിക്കുകയാണ്. യാതൊരു തത്വദീക്ഷയുമില്ലാതെ പിരിഞ്ഞ കാശില്‍ പകുതിയും ഇവര്‍ ഡയ്റ്റ് കൊടുത്ത വകയിലും, റൂം വാടക ഇനത്തിലും ഏജന്റ്, ഡ്രൈവര്‍, കാര്‍ വാടക ഇനങ്ങളില്‍ വാങ്ങി പിഴിയുകയാണ്, ജാഗ്രത.. എന്നായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്. പിന്നാലെ സത്താര്‍ പന്തല്ലൂരും സമാന രീതിയിലുള്ള അഭിപ്രായ പ്രകടനവുമായി രംഗത്തുവന്നു. മതപ്രഭാഷണ മാഫിയ മുസ്ലിം സമുദായത്തെ ഞെക്കി പിഴിയുന്നു. മതപ്രഭാഷണത്തിന്റെ പേരില്‍ പള്ളിക്കും മദ്രസയ്ക്കും വേണ്ടി ലക്ഷങ്ങള്‍ പിരിച്ചെടുക്കുന്ന തെക്കന്‍ മേഖലയിലെ എട്ടോളം പേരടങ്ങുന്ന മതപ്രഭാഷണ മാഫിയ മലബാറില്‍ അഴിഞ്ഞാടുന്നു...എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

ഇവരുടെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇതിന്റെ പിന്തുടര്‍ച്ചയെന്നോണം ദര്‍ശന ചാനലും ഈ വിഷയത്തില്‍ ഒരു ചര്‍ച്ച നടത്തുകയുണ്ടായി. അതൊക്കെ വളരെ മാന്യമായ രീതിയിലുമായിരുന്നു. മത രംഗത്തെ ചില കീഴ് വഴക്കങ്ങളുടെ ലംഘനങ്ങളുടെ പേരിലാവാം മത നേതാക്കളും ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്തവരും  അങ്ങനെ ഒരു പ്രയോഗം നടത്തിയത്.

കാലാകാലങ്ങളിലായി മത പ്രഭാഷകര്‍ക്ക് സമൂഹം വലിയ വില കല്‍പിക്കുന്നതോടൊപ്പം ഉന്നത സൗകര്യങ്ങളാണ് ഒരുക്കാറുള്ളത്. പോസ്റ്റ് വിവാദങ്ങളെല്ലാം കെട്ടടങ്ങി മാസങ്ങള്‍ക്കു ശേഷം ഇപ്പോള്‍ ഒരു വെടിക്കെട്ട് തന്നെ ഉണ്ടായിരിക്കുന്നു. കാസര്‍കോട്ടെ ചടങ്ങുമായി ബന്ധപ്പെട്ട് തുടങ്ങിയ വിവാദം കേരളമൊട്ടുക്കും കോലാഹലങ്ങളുണ്ടാക്കി. തെക്കന്‍ കേരളത്തില്‍ നിന്നെത്തുന്ന പ്രഭാഷണ മാഫിയകള്‍ കൊഴുക്കുന്നു എന്ന രീതിയിലാണ് ചര്‍ച്ചകള്‍ കൊടുമ്പിരികൊണ്ടത്.

മാഫിയ എന്ന വാക്കു തന്നെ ഉപയോഗിച്ചുപയോഗിച്ച് അര്‍ഥം മാറിയോ എന്നു സംശയമുണ്ട്. കണ്ടിടത്തെല്ലാം മാഫിയ. അല്‍പം മുമ്പു കടന്നുവന്ന ഒരു മാഫിയയുണ്ട്, അവാര്‍ഡ് മാഫിയ. ഇപ്പൊ ദേ മലയാള നിഘണ്ടുവില്‍ പ്രഭാഷണ മാഫിയയും ഇടം പിടിച്ചിരിക്കുന്നു. പലര്‍ക്കും ഇഷ്ടപ്പെടാത്തവര്‍ക്ക് അവാര്‍ഡ് കിട്ടുന്നുവെന്നു കണ്ട് അസൂയപ്പെട്ടവരാണ് ഈ അവാര്‍ഡ് മാഫിയ എന്ന വാക്കു കണ്ടുപിടിച്ചത്. പ്രഭാഷണ മാഫിയ എന്ന വാക്കിനേയും അതേ രീതിയിലാണ് കഴിഞ്ഞ ആഴ്ച ചില ആളുകള്‍ വിലയിരുത്തിയത്.

തെക്കന്‍ പ്രഭാഷകരെ മാഫിയാ ഗണത്തില്‍പ്പെടുത്തിയത്, അവര്‍ കൂലി ചോദിച്ചു, താമസിക്കാന്‍ മുന്തിയ ഫ്ലാറ്റ് വേണം, എയര്‍ കണ്ടീഷന്‍ കാര്‍ വേണം, ഫ്‌ളൈറ്റ് ടിക്കറ്റെടുത്തു കൊടുക്കണം എന്നിങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ടാണെന്ന് തോന്നുന്നില്ല. അനേകം കിലോമീറ്ററുകള്‍ യാത്ര ചെയ്ത് വരുന്ന പ്രഭാഷകര്‍ പീടികത്തിണ്ണയില്‍ വിശ്രമിക്കണമെന്നാരെങ്കിലും പറയുമോ? അഞ്ഞൂറും അറുനൂറും കിലോമീറ്ററുകള്‍ യാത്ര ചെയ്യാന്‍ അവര്‍ക്ക് ഇക്കാലത്ത് ഓട്ടോറിക്ഷ മതിയോ? പ്രഭാഷണം കഴിഞ്ഞു മടങ്ങുമ്പോള്‍ വെറുംകയ്യോടെ തിരിച്ചയക്കണോ?

പ്രഭാഷണ മാഫിയയും വിമര്‍ശന മാഫിയയും

തെക്കു നിന്ന് വാക്ചാരുതയും നല്ലഭാഷയുമുള്ള പ്രഭാഷകര്‍ അറിയാവുന്ന കാലം തൊട്ടേ മലബാര്‍ മേഖലകളില്‍ മതപ്രഭാഷണത്തിനെത്തിയിരുന്നു. പുത്തന്‍ കാലത്ത് തന്മയത്തമുള്ള ശൈലി കൊണ്ടു യുവാക്കളടക്കമുള്ള ലക്ഷക്കണക്കിന് ശ്രാവ്യക്കാരുടെ മനം കവര്‍ന്ന് നിരവധി പ്രഭാഷകര്‍ കടന്നുവന്നു. ഓരോ പ്രഭാഷണം കഴിയുമ്പോഴും അടുത്ത പ്രഭാഷണത്തിന് ഇരട്ടിയാളുകള്‍ വര്‍ധിക്കാന്‍ തുടങ്ങി. ജമാഅത്ത് കമ്മിറ്റികളും സംഘടനാ പ്രവര്‍ത്തകരും ഇവരുടെ വട്ടംകൂടാന്‍ തുടങ്ങി. ഗള്‍ഫിലേക്ക് കൊത്തിക്കൊണ്ടു പോയി പ്രഭാഷണം നടത്തിക്കാനും പലരും തയ്യാറായി. ജമാഅത്ത് കമ്മിറ്റികള്‍ ഇവരുടെ റൂമുകളിലും വീടുകളിലും പോയി അടുത്ത തീയ്യതിക്കായി ക്യൂ നിന്നു. മാസങ്ങള്‍ക്കപ്പുറമുള്ള തീയ്യതിയേ ഉള്ളൂ എന്നു പറയുമ്പോഴും അതെങ്കിലും കിട്ടിയല്ലോ എന്ന ആശ്വാസത്തില്‍ ഡയറിയില്‍ കുറിപ്പിച്ചു.

പ്രഭാഷണ മാഫിയയും വിമര്‍ശന മാഫിയയുംനിശ്ചയിച്ച തീയ്യതിക്കകം ആളെക്കൂട്ടാനുള്ള തിടുക്കത്തില്‍ ലക്ഷങ്ങള്‍ ജമാഅത്ത് കമ്മിറ്റികളും സംഘാടകരും നോട്ടുകള്‍ പൊടിപൊടിക്കുന്നു. എല്ലാം ഈ പ്രഭാഷകര്‍ പിരിപ്പിച്ചു കൊടുക്കുമെന്ന ആത്മവിശ്വാസത്തോടെ. പ്രഭാഷകരുടെ നീട്ടിയ കൈകള്‍ ഒരിക്കലും മടക്കാന്‍ ആഗ്രഹിക്കാത്ത ജനങ്ങള്‍ വാരിയും കോരിയും കൊടുത്തു. നോട്ടു കെട്ടുകള്‍ ചാക്കിലാക്കിയെടുക്കുന്നതും പല മതപ്രഭാഷണ വേദിയില്‍ നിന്നുള്ള കാഴ്ചയായിരുന്നു. അതിനനുസരിച്ചുള്ള കൂലിയും പ്രതിഫലവും അവര്‍ ചോദിച്ചു കാണും. കൊടുക്കാനാവുന്നതു കൊണ്ടല്ലേ സംഘാടകര്‍ ഇവരെത്തന്നെ വിളിച്ചു കാത്തിരിക്കുന്നത്. ഇത്രയും കൊടുക്കാനാവുമെന്നറിയിച്ച് ഉസ്താദുമാരെ കൊണ്ടുവന്ന് പ്രഭാഷണത്തിനുമപ്പുറം പിരിവുവേദിയാക്കി മാറ്റുന്ന ജമാഅത്ത് കമ്മിറ്റികളും സംഘാടകരുമല്ലേ മതപ്രഭാഷകരെ ദുരുപയോഗം ചെയ്തത്.

ഉസ്താദുമാരെന്നാല്‍ സമൂഹത്തില്‍ ആത്മാഭിമാനമില്ലാത്ത പണിയെടുക്കുന്ന വര്‍ഗമെന്നുവരെ മുദ്രകുത്തപ്പെട്ട സമൂഹത്തില്‍ ആഡംബര കാറുകളില്‍ സഞ്ചരിക്കുന്നതു കാണുമ്പോള്‍ ചൊറിയുന്നുണ്ടാവും. കമ്മിറ്റി തന്നെ നടത്തുന്ന സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ശമ്പളത്തിനു പുറമേ അലവന്‍സും ചെലവന്‍സുമായി ആയിരങ്ങള്‍ എണ്ണിക്കൊടുക്കുമ്പോള്‍ പള്ളിയിലെ ഉസ്താദുമാരെ വെറും മൂന്നക്ക ശമ്പള പറ്റുകാരായി തരംതാഴ്ത്താന്‍ എത്ര വലിയ ഹാജ്യാരാണെങ്കിലും ഒരു ഹരമാണ്. വര്‍ഷങ്ങളോളം പള്ളിയുടെ മൂത്രപ്പുര തുടച്ചും ഇമാമത്ത് നിന്നും സേവിക്കുമ്പോള്‍ നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായ ഉസ്താദ് പെണ്‍കുട്ടിയെ കെട്ടിക്കാനുള്ള പ്രയാസം അറിയിക്കുമ്പോള്‍ അടുത്ത മഹല്ലിലേക്കുള്ള നോട്ടീസ് കൊടുത്തയക്കുകയല്ലേ പതിവ്.

പ്രഭാഷണ മാഫിയയും വിമര്‍ശന മാഫിയയുംകൈലി മുണ്ടും കൈയ്യില്‍ ഒരു ചോറ്റു പാത്രവും തൂക്കി നടന്നിരുന്ന ഉസ്താദുമാര്‍ക്കെന്താ എയര്‍ കണ്ടീഷന്‍ കാറില്‍ കയറിയാല്‍ ചൂടെടുക്കുമോ? പിരിയുന്ന പണത്തെപ്പറ്റിയല്ലാതെ ദിനംതോറും ഒന്നിലധികം പ്രഭാഷണ വേദികള്‍ കയറിയിറങ്ങുന്ന ഉസ്താദുമാരുടെ അവസ്ഥയോര്‍ത്ത് കമ്മിറ്റിക്കാര്‍ വേവലാതിപ്പെട്ടിട്ടുണ്ടോ? മലയാളമറിയുന്ന പ്രഭാഷകര്‍ കേരളത്തിലുടനീളം ഉണ്ടായിട്ടും മറ്റു പ്രഭാഷകര്‍ മതിയാവില്ലെന്ന് വാശിപിടിച്ച് ഇവരെ തേടിപ്പിടിച്ചവര്‍ പിന്നീട് പിന്നില്‍ നിന്ന് കുത്തുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.

വേലയോടൊപ്പം കൂലിയും മാറുമെന്ന് എല്ലാവര്‍ക്കുമറിയായിരുന്നിട്ടും ഉസ്താദുമാര്‍ മാത്രം കഞ്ഞിയും പയറുമായി ജീവിക്കണമെന്നാണ് പലരുടെയും ദുരാഗ്രഹം. ഭൂമിയിലുള്ള ഓരോ സൗകര്യങ്ങള്‍ക്കും മറ്റുള്ളവരെപ്പോലെ അവരും അവകാശികളല്ലേ. അവരവരുടെ ജോലിക്കനുസരിച്ചാണ് കൂലി നിശ്ചയിക്കപ്പെടുന്നത്. സൗകര്യങ്ങളും ജീവിതശൈലിയും അതിനനുസരിച്ച് മാറുന്നതും സ്വാഭാവികം. ജീവിത നിലവാരം മാറിയിട്ടും ശൈലി മാറ്റാത്തവര്‍ ഉണ്ടെന്നത് അതു മാറ്റിയവരുടെ കുറ്റമല്ലല്ലോ. യാത്രാ ക്ഷീണം എല്‍ക്കാത്ത രീതിയില്‍ നല്ല വാഹനം തന്നെ അവര്‍ക്കു നല്‍കണം. നല്ല സ്ഥലത്ത് തന്നെ താമസിപ്പിക്കണം. പ്രഭാഷണത്തിനു വരുന്ന ഉസ്താദുമാര്‍ക്ക് നല്ല തുക തന്നെ നല്‍കണം. അവര്‍ക്കും ജീവിക്കേണ്ടേ? വീടുവെക്കേണ്ടെ? മക്കളെ കെട്ടിക്കേണ്ടേ?

കാസര്‍കോട്ട് സംഭവിച്ചത്

ജില്ലയില്‍ തന്നെ കൊട്ടിഘോഷിച്ച് നടത്തിയ പരിപാടിയോടനുബന്ധിച്ച് അരുതാത്തതൊന്നും നടന്നിരുന്നില്ല. നിരവധി പെണ്‍കുട്ടികള്‍ക്ക് മംഗല്യ ഭാഗ്യമൊരുക്കിയ സാമൂഹ്യ പ്രവര്‍ത്തനത്തെ കാണേണ്ട രൂപത്തില്‍തന്നെ സഹൃദയരെന്ന രീതിയില്‍ നാനാവിഭാഗക്കാരും കണ്ടു. കേന്ദ്രമന്ത്രിയെ കൊണ്ടുവന്നത് ചെറിയൊരു അസ്വാരസ്യമുണ്ടാക്കിയിരുന്നെങ്കിലും സംഘടനയുടെ കാരുണ്യപ്രവര്‍ത്തനത്തില്‍ അതെല്ലാം മുങ്ങിപ്പോയിരുന്നു. മാത്രമല്ല, എല്ലാ വിഭാഗം നേതാക്കളെയും പരിപാടിയില്‍ കൊണ്ടുവരാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞിരുന്നു.

സംഘടനയക്ക് സ്വാഭാവികമായും വരവു ചെലവു കണക്കുകള്‍ അവതരിപ്പിക്കേണ്ടിവരും. ഇവിടെയാണ് വിവാദങ്ങളുടെ തുടക്കം. ആവശ്യമില്ലാഞ്ഞിട്ടു പോലും ചില ഉസ്താദുമാരുടെ പേരുകള്‍ മാത്രം ചെലവിനത്തില്‍ ഹൈലൈറ്റ് ചെയ്തു കാണിച്ചുവെന്നാണ് ആക്ഷേപം. ചെലവ് വന്നതല്ലേ പറയേണ്ടൂ എന്നാണ് ഇക്കാര്യത്തില്‍ ക്ലബുകാര്‍ വിശദീകരിക്കുന്നത്. ഓരോ ആളുടെ പേരും അവരുടെ ചെലവുകളും പ്രത്യേകം പ്രത്യേകം തരംതിരിച്ചു കാണിക്കാതെ മതപ്രഭാഷകര്‍ എന്ന് മൊത്തത്തില്‍ പറയാമായിരുന്നു. സംഗതി ഇത്രയും കത്തുമെന്നു നിനച്ചിരിക്കില്ല.

അതേസമയം  പന്തല്‍ ഇനത്തില്‍ ചെലവായ വലിയ തുക ആരും കണ്ടില്ലെന്ന് നടിച്ചു. അത് അത്ര വലിയെ ചെലവൊന്നുമല്ല എന്ന രീതിയിലാണ് വിമര്‍ശകര്‍ കണക്കാക്കിയത്. പന്തല്‍വകയില്‍ മാത്രം ഇത്രയും തുക ചെലവഴിച്ച പരിപാടിയില്‍ സരോപദേശം നല്‍കാനെത്തിയ ഉസ്താദുമാര്‍ക്ക് കൊടുത്തതില്‍ സങ്കടം ഉണ്ടാവാന്‍ ഇടയില്ലെന്നത് മറ്റൊരു വസ്തുതയാണ്. അത് സന്തോഷത്തോടെ നല്‍കിയതാണെന്നും ചോദിച്ചു വാങ്ങിയതല്ലെന്നും പിന്നീട് വിശദീകരണമുണ്ടായി. പിന്നെ ആരാണ് ഇതിനിടയില്‍ ഇടങ്കോലിട്ടത്.

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകമെന്നത് പോലെ ഉസ്താദുമാരെ അടിക്കാന്‍ വടികാത്തിരുന്നവര്‍ക്ക് മറ്റൊന്നും കണ്ടില്ല. അതവര്‍ വാര്‍ത്തയാക്കി. ഈ കണക്കുകള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചു. വീട്ടുവഴക്കുകള്‍ പോലും ഗ്രൂപ്പ് പ്രശ്‌നമായി മാറ്റുന്ന സമൂഹത്തിലേക്ക് ഈ സാധനം ഇട്ടുകൊടുത്തതോടെ തുടങ്ങി, വാക് യുദ്ധത്തിന്റെ പരമ്പര. സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. പിന്നെ കത്തലായി, കരിയലായി, പുകയലായി... ഒടുവില്‍ ഗ്രൂപ്പുമാറി അന്യ വിഭാഗങ്ങളും മുതലെടുത്തു, ആസ്വദിച്ചു.


ഉസ്താദുമാര്‍ തെറ്റിദ്ധരിക്കരുത്

വരവു ചെലവടക്കമുള്ള കണക്കുകള്‍ വന്നയുടനെ ഒരു ഉസ്താദിന്റെ പ്രതികരണം വന്നു. താന്‍ അങ്ങനെയൊരു തുക വാങ്ങിയിട്ടില്ലെന്നും അതു തെളിയിക്കാനാവില്ലെന്നും. ഈ സന്ദേശം സംഘാടകരുടെ ഗ്രൂപ്പിലും എത്തിക്കാണണം. പ്രതികരണവുമായി ഒന്നടങ്കം രംഗത്തുവന്നു. പ്രശ്‌ന പരിഹാരം ഇവിടെയും ഉണ്ടായില്ല.

മറ്റൊരു ഉസ്താദിന്റെ പ്രതികരണം വാട്‌സ്ആപ്പിലൂടെയോ ഫെയ്‌സ്ബുക്കിലൂടെയോ അല്ലായിരുന്നു. അടുത്ത മതപ്രഭാഷണ വേദിയില്‍. ഒരു ക്ലബ്ബിന്റെ പരിപാടിയുടെ സംഘാടകര്‍ക്ക് പിഴവ് പറ്റിയിട്ടുണ്ടെങ്കില്‍ തന്നെ  കാസര്‍കോട്ടെ മുഴുവന്‍ ജനങ്ങളെ ഒന്നടങ്കം കുറ്റപ്പെടുത്തണോ? വര്‍ഷങ്ങളായി താന്‍ പ്രഭാഷണ രംഗത്തെന്ന് പറയുന്ന ഉസ്താദ് കാസര്‍കോട്ടുകാരെപ്പറ്റി പുകഴ്ത്തിപ്പറയാത്ത വേദികള്‍ കുറവാണെന്നും സാക്ഷ്യപ്പെടുത്തുന്നു.

ഏറ്റ പരിപാടികള്‍ തീര്‍ത്ത് ഇനിയങ്ങോട്ട് കാസര്‍കോട്ട് പ്രഭാഷണത്തിനില്ലെന്നും അപമാനം താങ്ങാനാവില്ലെന്നും തുറന്നടിക്കുന്ന ഉസ്താദിനെ ദീന്‍ പഠിപ്പിക്കാനൊന്നും ഈയുള്ളവന്‍ അര്‍ഹനല്ല. പക്ഷേ, കാസര്‍കോട് ജില്ലയിലെ ഒരു പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഒരു ക്ലബ് പുറത്തുവിട്ട കണക്കില്‍ നിന്നുണ്ടായ വിവാദത്തിനു മൊത്തം ജില്ലയിലെ ജനങ്ങളോട് പിണങ്ങേണ്ട കാര്യമുണ്ടോ? ഹദ് യ (സമ്മാനം) ആയി തന്നത് സ്വീകരിച്ചിരുന്നു, അതില്‍ തെറ്റൊന്നുമില്ല എന്ന പ്രതികരണം മാത്രം  മതിയായിരുന്നു. ഉസ്താദുമാര്‍ക്ക് നല്ല തുക നല്‍കുകയാണ് വേണ്ടതെന്നും അവര്‍ക്ക് നല്ല സൗകര്യം ഒരുക്കുകയും വേണമെന്നും ജനങ്ങളെ ഒന്നുകൂടി ഉണര്‍ത്താനുള്ള അവസരം ആയി ഈ വിവാദത്തെ കണ്ടാല്‍ മതിയായിരുന്നു.

ഗോള്‍ഡ് ഹില്‍ ഹദ്ദാദ് നഗര്‍ എന്ന സംഘടനയാണ് മഹര്‍ 2015 എന്ന പേരില്‍ സമൂഹ വിവാഹ ചടങ്ങ് സംഘടിപ്പിച്ചത്. അത് തീര്‍ച്ചയായും പ്രശംസിക്കപ്പെടേണ്ട സംഗതി തന്നെയാണ്. ഉസ്താദുമാരും നേതാക്കളും ആ പരിപാടിയില്‍ പങ്കെടുത്തു, ആശിര്‍വദിച്ചു. പ്രഭാഷണത്തിനിടയില്‍ പിരിവ് നടത്തിയിരുന്നില്ല. ആ നാട്ടിലെ യുവാക്കളുടെ ക്ലബ് എന്ന നിലയില്‍ വരവുചിലവ് കണക്കുകള്‍ പലരേയും ബോധിപ്പിക്കേണ്ടതായി വരും. അങ്ങനെ പുറത്തുവന്ന കണക്ക് ചൂണ്ടിക്കാട്ടി ചിലര്‍ വിവാദമുണ്ടാക്കിയപ്പോള്‍ അവരുടെ ഉദ്ദേശം ലക്ഷ്യം സാധൂകരിക്കുന്ന രൂപത്തിലായിപോയി അതിനെ നേരിട്ട രീതി എന്നതാണ് ശരി.

സമുദായം ഇത്തരം ഒരു വിഷയത്തില്‍ ചര്‍ച്ച നടത്തിയത് തന്നെ ലജ്ജാകരമണ്. എന്തൊക്കെ വിഷയങ്ങളുണ്ട് ഈ ലോകത്ത് ചര്‍ച്ച ചെയ്യാന്‍!  എന്തുതന്നെയാലും വിമര്‍ശനങ്ങളെ പോസിറ്റീവ് ആയി മാത്രമേ കാണാവൂ. വിമര്‍ശനങ്ങളെ സൃഷ്ടിക്കുന്നത് നിങ്ങളുടെ വിമര്‍ശനങ്ങള്‍ കൊണ്ടാകാം. വിമര്‍ശനങ്ങള്‍  വ്യക്തിപരമാകുന്നത് കൂടുതല്‍ വിമര്‍ശനങ്ങളെ ക്ഷണിച്ചുവരുത്തും. ഗ്രൂപ്പുണ്ടെങ്കില്‍ എന്തിനെയും ഏതിനെയും ന്യായീകരിക്കാനും എതിര്‍ക്കാനും ആളുണ്ടാകുന്നു. മത പണ്ഡിതന്മാരെയും പ്രഭാഷകരെയും കുറ്റപ്പെടുത്താല്‍ അതിനീചമായ മാര്‍ഗങ്ങളാണ് ചിലര്‍ അവലംബിച്ചത്.

വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ ആരായാലും അത് തിരുത്തുകയും മുമ്പോട്ട് അതിന് ഇടവരുത്താതിരിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യേണ്ടത്. അത് മതപണ്ഡിതരായാലും, പ്രഭാഷകരായാലും, സംഘടനകളായാലും, സാധാരണക്കാരനായാലും. ഒരു പ്രബോധനവുമായി ജന്മനാട്ടിലെത്തിയ പ്രവാചകനെ ബന്ധുക്കളടക്കമുള്ളവര്‍ ആട്ടിയോടിച്ച ചരിത്രം ഓര്‍ക്കാതെയാണ് പലരും പ്രസംഗിക്കുന്നതെന്നു തോന്നിപ്പോകും. വിവാദം കത്തിപ്പടരുന്നതിനിടയിലും സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു ഉസ്താദുമാര്‍ പ്രതികരണവുമായി രംഗത്തുവരാത്തത് അഭിനന്ദനാര്‍ഹമാണ്.

ഏതായാലും ഉസ്താദുമാരോട് ഒരപേക്ഷയുണ്ട്, ദയവായി ഈ വിഷയത്തില്‍ ഞങ്ങള്‍ കാസര്‍കോട്ടുകാരെ തെറ്റിദ്ധരിക്കരുത്, പഴി പറയുകയുമരുത്. ഞങ്ങള്‍ എല്ലാ കാലത്തും മത  പ്രഭാഷകാരെയും നേതാക്കളെയും നല്ലവണ്ണം സല്‍ക്കരികുന്നവരാണ്. അത് ഇനിയുമുണ്ടാകും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Article, Kasaragod, News, Controversy. Onampilly Muhammed Faizy, Sathar Panthallur, Group, Mafia. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia