ചെർക്കളം അബ്ദുല്ല; കാസർകോടിന്റെ പകരം വെക്കാനില്ലാത്ത സുൽത്താൻ വിടവാങ്ങിയിട്ട് മൂന്ന് വർഷം
Jul 26, 2021, 23:04 IST
സലാം കന്യാപ്പാടി
(www.kasargodvartha.com 26.07.2021)
ചെര്‍ക്കളം അബ്ദുല്ല,
ആ ജീവിതം സമരമായിരുന്നു.
അപകര്‍ഷതാബോധം, നിരാശരാക്കിയ
ഒരു മര്‍ദ്ദിത സമൂഹത്തിന്
ഉത്തേജനം നല്‍കാന്‍ നടത്തിയ സമരം....
അവര്‍ക്ക് വീര്യം പകരാനുള്ള സമരം....
ഭാവി തലമുറക്ക്
ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ
മാതൃക കാട്ടിയ സമരം....
അദ്ദേഹത്തെ ഈ സമര രംഗത്ത്
വെല്ലുവിളിച്ചവര്‍ ധാരാളം പേർ
അവർ കരുത്തന്മാരായിരുന്നു.
ഉരുക്ക് മനുഷ്യര്‍, ഇരുമ്പ് മനുഷ്യര്‍....പക്ഷെ,
മുസ്ലിം ലീഗിനെ നശിപ്പിക്കാനുള്ള ശ്രമത്തില്‍,
മുസ്ലിം മനസ്സിനെ ശിഥിലമാക്കാനുള്ള ശ്രമത്തില്‍
വിജയിച്ചവരെ, തോറ്റവരെ
ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
തീർച്ചയായും വിജയശ്രീലാളിതനായി,
രാഷ്ട്രീയ രംഗത്ത് നിറഞ്ഞ്നിന്ന,
ജൈത്രയാത്ര നടത്തിയ
ഒരു വീരനായകനുണ്ട്,
സപ്തഭാഷാ സംഗമഭൂമിയുടെ മണ്ണില്‍.
കാസർകോടിന്റെ സ്വന്തം പുത്രന്‍.
ഉത്തരദേശത്തിന്റെ ധീരന്‍
ചെര്‍ക്കളം അബ്ദുല്ല....എന്ന്
ഭാവി ചരിത്രകാരന്മാര്‍ പറയാതിരിക്കില്ല.
സംഘടനാ ശക്തിയുടെ
ആര്‍ജ്ജവം തെളിയിച്ച
ആ ധീരനായകന്റെ,
ആ യുഗപുരുഷന്റെ
ജീവചരിത്രം നമുക്ക് അനാവരണം
ചെയ്തു വെക്കേണ്ടതുണ്ട്.
ശോകസാന്ദ്രമായ ഒരോര്‍മ്മയായി,
നമുക്കിടയില്‍ ഇന്നും അദ്ദേഹമുണ്ട്.
നമ്മുടെ സ്മൃതികളില്‍
ഓര്‍മ്മയുടെ ചില്ലകളില്‍
പടരുന്ന കാന്തിയായി,
സുഗന്ധവാഹിയായ ഒരനുഭവമായി
ചെര്‍ക്കളം പുഞ്ചിരിച്ചു നില്‍ക്കുന്നു....
ജീവിതം കൊണ്ട് സംഭവബഹുലമായ അടയാളങ്ങള്‍ തീര്‍ത്ത് ശാശ്വതമായ ലോകത്തേക്ക് പറന്ന്‌പോയ മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുല്ല വിട വാങ്ങിയിട്ട് മൂന്ന് വർഷം തികയുന്നു. കറകളഞ്ഞ വ്യക്തിത്വത്തിനുടമയും ജനങ്ങളുടെ വികസന നായകനുമായിരുന്ന അദ്ദേഹം രാഷ്ട്രീയത്തിലെ കരുത്തിന്റെ പര്യായമായിരുന്നു. പ്രായോഗിക രാഷ്ട്രീയവും നയതന്ത്രജ്ഞതയും കൊണ്ട് ഉത്തര കേരളത്തില്‍ വികസനവും സമാധാനാന്തരീക്ഷവും സാധ്യമാക്കിയ നേതാവ്. സാധാരണക്കാരുടെയും കൂലിവേലക്കാരുടെയും ഉറ്റതോഴനായി, ശാന്തിയുടെ ദൂതനായി, പ്രതിസന്ധികളിലെ ധീര നേതൃത്വമായി പരിലസിച്ച ചെര്‍ക്കളം അബ്ദുല്ല കേരളത്തിന്റെ വികസന – ക്ഷേമ ഭാഗധേയം നിര്‍ണ്ണയിച്ച ഭരണാധികാരി കൂടിയായിരുന്നു.
വളരെ വലിയ സുഹൃദ് വലയത്തിനുടമയായിരുന്ന അദ്ദേഹം വര്‍ഗീയ കക്ഷികള്‍ കേരളത്തില്‍ വേരുകളുറപ്പിക്കാന്‍ കേരളത്തിന്റെ വടക്കേ അറ്റമായ മഞ്ചേശ്വരം പ്രദേശത്തെ ഉപയോഗപ്പെടുത്തിയ കാലത്ത് അതിനെ പ്രതിരോധിച്ച് കോട്ട പോലെ കാത്തുസൂക്ഷിച്ചു. തികഞ്ഞ നിശ്ചയദാര്‍ഢ്യവും കൃത്യ – വാക് നിഷ്ഠയും ചെര്‍ക്കളത്തിന് കരുത്ത് നല്‍കി.
ആരുമായും അനല്‍പമായ സ്‌നേഹവായ്പയും മതജാതി വര്‍ഗഭേദങ്ങള്‍ തീണ്ടാത്ത കൈത്താങ്ങും പകരാന്‍ ചെര്‍ക്കളത്തിനുള്ള കഴിവാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി സ്ത്രീകളുടെ കൂട്ടായ്മ, അയൽക്കൂട്ടങ്ങൾ സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ തുടങ്ങിയ നൂതന ആശയങ്ങള്‍ നടപ്പാക്കിക്കൊണ്ട് പഞ്ചായത്ത് വകുപ്പിന് തിലകക്കുറി ചാര്‍ത്താനായത്.
ലേഖകൻ ചേർക്കളത്തോടൊപ്പം (ഫയൽ ഫോടോ)
ശത്രുക്കളെ പോലും ആകര്‍ഷിക്കുന്ന വ്യക്തിത്വ മാസ്മരികത, മത മൈത്രിയുടെ പ്രതിപുരുഷന്‍, സ്‌നേഹത്തിന്റെ കാവല്‍ക്കാരന്‍ തുടങ്ങിയ വിശേഷണങ്ങള്‍ക്ക് പാത്രീഭൂതനായ ചെര്‍ക്കളം അബ്ദുല്ല വര്‍ഗീയമായ സംഘര്‍ഷങ്ങളുടെയും പ്രതിസന്ധികളുടെയും ഘട്ടങ്ങളില്‍ ബന്ധപ്പെട്ട എല്ലാവരെയും ഒരു മേശക്ക് ചുറ്റും വിളിച്ചിരുത്തി രഞ്ജിപ്പിലെത്തിക്കാന്‍ കാട്ടിയ ജാഗ്രത വര്‍ഗീയ കലാപങ്ങളില്‍നിന്ന് ആ നാടിനെ പരിരക്ഷിച്ചു. അനിതരസാധാരണമായ ആ നേതൃപാടവം സാമുദായിക സംഘര്‍ഷം വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടത്തിയ ദുഷ്ട ശക്തികളുടെ നീക്കം പരാജയപ്പെടുത്താനും നാടിന്റെ മൈത്രി കാത്ത് സൂക്ഷിക്കാനുമാണ് വിനിയോഗിച്ചത്.
ചെർക്കളം അബ്ദുല്ല സാഹിബ് വിട പറഞ്ഞിട്ട് മൂന്ന് വർഷം പിന്നിട്ടിറ്റും അദ്ദേഹത്തിന്റെ പകരക്കാരനായി മറ്റൊരു മുഖം കാസർകോട്ടുകാർക്ക് സങ്കല്പ്പിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. അത്രമാത്രം ആഴത്തിൽ ഊർന്നിറങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. നിറമിഴികളോടെ ചെർക്കളം അബ്ദുല്ല സാഹിബിന്റെ പരലോക മോക്ഷത്തിനായി പ്രാർത്ഥിക്കുന്നു.
(ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമിറ്റി ജനറൽ സെക്രടറിയാണ് ലേഖകൻ)
Keywords: Kerala, Article, Muslim-league, Cherkalam Abdulla, Salam Kanyapady, Remembrance, Memorial, Cherkalam Abdullah; It has been three years since the irreplaceable Sultan of Kasargod left.
< !- START disable copy paste -->