city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്ഷേത്രോത്സവങ്ങളിലും ജാതി വേര്‍തിരിവ്; മേല്‍ജാതിയാണെങ്കില്‍ അകത്ത് കടക്കാം; കീഴ്ജാതിയിലെ ദേവന്മാര്‍ പുറത്തും

സാംസ്‌കാരികം / പ്രതിഭാരാജന്‍

(www.kasargodvartha.com 02.03.2017)
തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ആറാട്ടും, പാലക്കുന്നിലെ ഭരണിമഹോത്സവത്തിനും പരിസമാപ്തിയായി. ഇനി പൂരം. ത്രയംബകേശന്റെ ആറാട്ടിനു കൊടിയിറങ്ങും വരെ ഗ്രന്ഥപ്പടിയില്‍ (ദണ്ഡപ്പടിയെന്നത് പ്രാക് രൂപം) കാത്തു നിന്ന തിയ്യ സമുദായത്തിലെ സ്ഥാനികര്‍ കമ്പയും കയറും സ്വീകരിക്കുന്നതോടെയാണ് പാലക്കുന്നില്‍ ഭരണിക്ക് കൊടിയേറുക. വെടിക്കെട്ടോടെ ആംരംഭിക്കുന്ന ഉത്സവം സമാപനം കുറിക്കുന്നതും കരിമരുന്നില്‍ രചിച്ച കവിതകളോടെ. ഒരു ചടങ്ങ് ആഘോഷമാകുന്നത് അവ സമൂഹം ഏറ്റെടുക്കുമ്പോഴാണെന്നതിനുള്ള ഉദാത്ത തെളിവാണ് പാലക്കുന്നിലെ ഭരണി മഹോത്സവം.

ക്ഷേത്രോത്സവങ്ങളിലും ജാതി വേര്‍തിരിവ്; മേല്‍ജാതിയാണെങ്കില്‍ അകത്ത് കടക്കാം; കീഴ്ജാതിയിലെ ദേവന്മാര്‍ പുറത്തും


ആറാട്ടിനു തിയ്യ കഴകം വകയുള്ള സ്ഥാനികര്‍ കെട്ടിച്ചുറ്റി ദേവിയുടെ പ്രതിരൂപം പൂണ്ട് എഴുന്നെള്ളത്തോടൊപ്പം ആറാട്ടിനെത്തും. അവര്‍, ദേവന്മാര്‍ ഗ്രന്ഥപ്പടിയില്‍ കാത്തു നില്‍ക്കും. അകത്ത് പ്രവേശനമില്ല. പഴയ ജാതി വ്യവസ്ഥിതിയുടെ ശേഷിപ്പാണ് അത്തരം ആചാരങ്ങള്‍. ഒരു കാലത്ത് തീയ്യനും അതിനു താഴെയുള്ള ജാതി വിഭാഗങ്ങള്‍ക്കും തൃക്കണ്ണാട് ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ പാടില്ലായിരുന്നുവെന്നത് ഇന്ന് ചരിത്രമാണ്. കാലം മാറി. ജാതിഭേതമന്യേ മുഴുവന്‍ പേര്‍ക്കും അകത്ത് പ്രവേശനം സിദ്ധിച്ചത് ജാതി വ്യവസ്ഥക്കകം സാദ്ധ്യമായ സാംസ്‌കാരിക വിപ്ലവങ്ങളിലൂടെയാണെന്നതിന് കാഞ്ഞങ്ങാട്ടെ ഉദാഹരണമാണ് കെ. മാധവേട്ടന്‍. നായര്‍ തറവാട്ടിലെ കുട്ടി ഗുരുവായുര്‍ സത്യാഗ്രത്തിനിരുന്നത് നമുക്കിവിടെ ഓര്‍ക്കാം.

കാലമാകെ മാറിയിട്ടും, ഉത്സവങ്ങളില്‍ നിന്നും ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും ജാതി മാഞ്ഞു പോയിട്ടില്ലെന്നതിന്റെ പതിനായിരക്കണക്കിനു ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണിവിടെ സൂചിപ്പിച്ചത്. ഇന്നും തീയ്യ സമുദായത്തിലെ ക്ഷേത്രേശന്മാര്‍ മിത്തുകളായി ദേവതാ രുപം പൂണ്ടുകഴിഞ്ഞാല്‍ തൃക്കണ്ണാട് ക്ഷേത്ര ഗോപുരത്തിനും പുറത്ത് ഗ്രന്ഥപ്പടിയില്‍ നില്‍ക്കണം. എന്നാല്‍ വാണിയ സമുദയാത്തില്‍ പെട്ടവരുടെ ദേവീ ദേവന്മാര്‍ക്ക് അകത്തേക്ക് പ്രവേശനമുണ്ട്. മത്സ്യ തൊഴിലെടുത്തു ജീവിക്കുന്നവരുടെ വാസ കേന്ദ്രത്തിലാണ് മഹാദേവന്റെ വാസം. അവരുടെ ദേവന്മാര്‍ക്കും അഷ്്ടമി വിളക്കിനു കെട്ടിച്ചുറ്റിയുള്ള ആചാര വരവുണ്ട്. അവര്‍ക്കും അകത്ത് പ്രവേശനമില്ല. നിത്യ ജീവിതത്തിലെ ജാതി ചിന്തകളില്‍ വന്ന മാറ്റം പൊതു ആഘോഷങ്ങളിലും ചടങ്ങുകളില്‍ നിന്നും ഇനിയും മാറ്റപ്പെട്ടിട്ടില്ല. ഇവിടേയും കാലോചിത മാറ്റങ്ങള്‍ ആവശ്യമുണ്ടോ എന്ന്് പുരോഗമനവാദ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചിന്തിക്കണം.

മാറ്റം, ജനം അത് ആഗ്രഹിക്കുന്നു. പക്ഷെ ജാതി വ്യവസ്ഥിതിക്കെതിരെ പൊരുതാന്‍ നിയുക്തരായ ക്ഷേത്ര വികസന പ്രവര്‍ത്തകരും ജാതി രഹിത ഹൈന്ദവ സംസ്‌കാരം നിലവില്‍ വന്നു കാണാന്‍ ആഗ്രഹിക്കുന്നവരും മാറ്റത്തിനു വേണ്ടി ചെറുവിലനക്കുന്നില്ല. സാമുഹ്യ പരിഷ്‌കര്‍ത്താക്കള്‍ കടമ നിര്‍വ്വഹിക്കുന്നില്ല. മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന പൊതു സമൂഹത്തിന്റെ മുമ്പില്‍ ബോധപൂര്‍വ്വം അവര്‍ മറയിടുകയാണ്. ഇവിടെ കീഴ്ജാതിയിലെ ക്ഷേത്രക്കമ്മറ്റികളും, അവരുടെ ഇടയില്‍ ബഹുമാന്യ സ്ഥാനത്തിരിക്കുന്ന സ്ഥാനികരും ഉണ്ട്. ജാതി വേര്‍തിരിവ് ആഘോഷങ്ങളില്‍ നിന്നും മാറണം എന്നാഗ്രഹിക്കുന്ന പൊതു സമൂഹത്തെ വാര്‍ത്തെടുക്കേണ്ട ചുമതലയില്‍ നിന്നും പുരോഗമന പ്രസ്ഥാനങ്ങള്‍ പിറകോട്ടു നോക്കിയാണ് സഞ്ചാരം. സമുഹത്തില്‍ നിന്നും നിഷ്‌കാസനം ചെയ്ത ജാതി വകതിരിവുകള്‍ ആഘോഷങ്ങളില്‍ നിന്നും മാറ്റാന്‍ ഇടപെടണം. കോണ്‍ഗ്രസായിരുന്ന കെ മാധവേട്ടനും, കേളപ്പനും, കറുപ്പനും ചെയ്തിരുന്നത് അതാണ്.

സാമൂഹിക ജീവിതങ്ങളിലെന്നപോലെ ഉത്സവങ്ങളില്‍ നിന്നും ജാതി വകതിരിവ് മാറേണ്ടതുണ്ടെന്ന് ഉറക്കെ പറയാന്‍ എഴുത്തുകാരും മുന്നോട്ടു വരേണ്ടതുണ്ട്. രാഷ്ട്രീയക്കാരെ നമുക്ക് വെറുതെ വിടാം. കാരണം അവര്‍ക്ക് വേണ്ടത് വോട്ടാണല്ലോ.

തൃക്കണ്ണാട് ക്ഷേത്രത്തിലെ ഉത്സവനാളില്‍ മല്‍ത്സ്യത്തൊഴിലാളികളുടെ കോല്‍ക്കളിയുണ്ട്. അത് ഗോപുരത്തിനും പുറത്തു വെച്ചാണ്. അകത്ത് പ്രവേശനമില്ല. കോപ്പാളന്‍ സമുദായത്തില്‍ പെട്ടവന്‍ തെയ്യം കെട്ടിയാല്‍ വീട്ടു മുറ്റത്ത് പോലും പ്രവേശനമില്ല. തൃക്കണ്ണാട്ടെ ചാമുണ്ഡിക്ക് തൃക്കണ്ണാടപ്പന്റെ തിരുമുറ്റം തീണ്ടിക്കൂട. മലയ സമുദായക്കാര്‍ തെയ്യമായാല്‍ ചിലയിടങ്ങളില്‍ കളത്തിനപ്പുറം വരാന്തയില്‍പ്പോലും പ്രവേശിച്ചു കൂട. കാരണം കെട്ടുന്നവന്‍ താണ ജാതിക്കാരനായതാണ്.

തെയ്യത്തിനു ജാതി ഉണ്ടായതു കൊണ്ടല്ലല്ലോ. ഭക്തിയില്‍, ആരാധനയില്‍, ചിന്തയില്‍ ആകമാനം മാറ്റമാഗ്രഹിക്കുകയാണ് ജനം. ഒരു തെയ്യത്തിനും തീണ്ടാരി വേണ്ടെന്നു വെക്കാന്‍ അത്തരം സമുദായക്കാരും മുന്നോട്ടു വരണം. സര്‍വ്വ വ്യാപിയായ തെയ്യത്തിനു അതിര്‍വരമ്പുകളില്ലെന്ന് ആ സമുദായം, അവരോടൊപ്പം ചേരുന്നവര്‍ പറയുമ്പോള്‍ പൊതു സമൂഹം അതേറ്റെടുക്കണം. അവര്‍ക്കു മുകളിലുള്ള സമുദായം ആചാരപ്രകാരം തന്നെ അവ സ്വീകരിക്കണം. അവിടെയാണ് രണ്ടാം നവോത്ഥാനമുണ്ടാവുക.

സ്വാതി തിരുന്നാല്‍ രാജാവ് ഒരിക്കല്‍ തന്റെ ഉറ്റ മിത്രമായ പുന്നശ്ശേരി നീലകണ്ഠ ശര്‍മ്മയോട് ചോദിച്ചു. ബ്രഹ്മത്തെ അറിയുന്ന രാജാവിനെ അദ്ദേഹം ഉപദേശിച്ചു. ദേവന് ജാതിയില്ല. ഗുരുവായൂരില്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശനം കിട്ടാന്‍ മുഖ്യകാരണം അതാണ്. ഇവിടെ വടക്കേ മലബാറില്‍ ഇനിയും ഇങ്ങനെ ഒട്ടേറെ ശര്‍മ്മമാര്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. കാത്തിരിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha Rajan, Temple, Temple fest, Program, Discrimination, Caste, Religion, Caste discrimination in Temple Fests

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia