city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി.എല്‍. മുഹമ്മദലി സമൂഹത്തിന്റെ പുറമ്പോക്കിലൂടെ സഞ്ചരിച്ച പ്രതിഭ

എ.എസ്. മുഹമ്മദ്കുഞ്ഞി
       
ബുധനാഴ്ച. എന്റെ താമസ സ്ഥലത്തിന് തൊട്ടടുത്ത പള്ളിയില്‍ സുബ്‌ഹി നിമസ്‌കാരം കഴിഞ്ഞ് തിരിച്ചെത്തി ഒരു ഹ്രസ്വ മയക്കത്തിന് കോപ്പ് കൂട്ടവെയാണ് സി.എല്‍. ഹമീദ്ച്ചയുടെ ഫോണ്‍ വന്നത്. ഉറക്കത്തിലാണോ എന്ന ചോദ്യത്തിന് ശേഷം പറഞ്ഞു- സി.എല്‍. മുഹമ്മദലി അല്‍പനേരം മുമ്പ് മരിച്ചു പോയി.

ഒന്നും പറയാനാവാതെ അല്‍പനേരം നിശ്ചലനായോ ഞാന്‍! പിന്നെ അപ്പുറത്ത് നിന്നും ഒന്നും കേള്‍ക്കാതെ വന്നപ്പോള്‍ ഫോണ്‍ ഡിസ്‌കണക്ട് ചെയ്തു പോയി. ഹമീദ്ച്ച വീണ്ടും വിളിക്കുന്നു. എടുത്ത ഉടനെ ഞാന്‍ ചോദിച്ചു. വീട്ടില്‍ വെച്ച് തന്നെയാണോ? അതെ. അല്‍പം കഴിഞ്ഞ് സി.എല്‍. അമ്പാച്ചാന്റെ ഫോണ്‍ വന്നു. നമ്മുടെ സീയെല്‍ പോയി. രോഗം കലശലായതിനാല്‍ രക്ഷപ്പെടില്ലെന്ന് നേരത്തെ കണക്ക് കൂട്ടിയിരുന്നു.

കാരണം മരുന്നുകള്‍ പ്രതികരിക്കുന്നില്ലെന്നറിയാം.. പക്ഷെ ചിലരുടെ മരണം അതെപ്പോള്‍ സംഭവിക്കുമ്പോഴും മനസ് ഒരവിശ്വസനീയതയുടെ മൂടിയാല്‍ അത് നിരാകരിക്കാന്‍ ശ്രമിക്കും. 'ഒരിന്റിമസി'യുടെ പ്രശ്‌നമാവണമത്. സി.എല്‍. പിന്നെ എനിക്കൊരു ജേഷ്ഠ സുഹൃത്തിനെ പോലെയായിരുന്നു. പോലെയല്ല. വൈവാഹിക ബന്ധത്തില്‍ ജേഷ്ഠ സഹോദരന്‍ തന്നെയായായിരുന്നു.

ആ വീട്ടില്‍ സീയെലിനെ കാണാന്‍ പോയിട്ട് കുറച്ചായി. മനസ് കൂട്ടാക്കുന്നുണ്ടായിരുന്നില്ല. ആ നിസ്സഹായാവസ്ഥ കാണണം. സന്ദര്‍ശനങ്ങള്‍ ആശ്വാസത്തിന് പകരം, അത് സീയെലിന് അല്‍പം വിഷമമുണ്ടാക്കുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നിയിരുന്നു. മംഗലാപുരത്ത് ഇന്ത്യാന ആശുപത്രിയിലും അതെ അനുഭവം. അതിനാല്‍ മാറി നിന്ന് സുഖവിവരം അറിയുകയെ ഉണ്ടായിരുന്നുള്ളൂ. ഏറ്റവും അവസാനമായി കാണാന്‍ ചെന്നപ്പോള്‍ മുന്‍ വശത്തെ മുറിയിലടക്കം ധാരാളം പെയിന്റിങ്ങുകള്‍.

അക്രിലിക്കിലും വാട്ടറിലും, ഓയിലില്‍ പോലും ചെയ്തവ. ഏറെയും പ്രകൃതിയെ ഒപ്പിയെടുത്തവ. ഒരു വായനക്കാരനും നല്ലൊരു ഫോട്ടോഗ്രാഫറും ആണെന്നറിയാമെങ്കിലും ചിത്രകാരന്‍ കൂടിയാണെന്നത് എന്റെ അകത്തളങ്ങളില്‍ അത്ഭുതം കൂറുന്നുണ്ടായിരുന്നു. തിരിച്ചു വരുമ്പോള്‍ ഞാനോര്‍ത്തത് സര്‍വ്വകലാ വല്ലഭനായ സീയെലിനെ, ഒരുത്തരവാദപ്പെട്ട കുടുംബനാഥനും പിന്നെ സാമൂഹ്യപ്രവര്‍ത്തകനും കൂടി ഒതുക്കിയതിനെ കുറിച്ചാണ്.

സി.എല്‍. മുഹമ്മദലി സമൂഹത്തിന്റെ പുറമ്പോക്കിലൂടെ സഞ്ചരിച്ച പ്രതിഭവര ജീവിതത്തിന്റെ അവസാന ഫെയ്‌സില്‍ അദ്ദേഹത്തിന് ആശ്വാസമേകിയിട്ടുണ്ടങ്കില്‍ കല അത്രയും ധന്യമായി. സീയെലില്‍ നിന്നും ഞാനത്രയ്ക്കും പ്രതീക്ഷിച്ചിരുന്നില്ല. വരയുടെ അമേച്വറിസം ധ്വനിപ്പിക്കുന്നതൊഴിച്ച്, ഒരു ഫൈനല്‍ ടച്ചപ്പിന്റെ അഭാവമൊഴിച്ച് വളരെ ഹൃദ്യവും വശ്യവുമായ ചിത്രങ്ങള്‍ വരെ അതിലുണ്ടായിരുന്നു. ഞാനന്ന് ഇത് നമുക്കൊരു പ്രദര്‍ശനം വെക്കാം എന്ന ആശ കൂടി നല്‍കിപ്പോയിരുന്നു.

സംസാരിക്കാന്‍ ആഗ്രഹിക്കുന്നത് -അതും വെറും വീണ്‍വാക്കുകളല്ല, കണ്‍ഡെന്‍സുള്ളത് തന്നെ- സംസാരിക്കാന്‍ പറ്റാതെ വരുമ്പോഴുള്ള വിമ്മിട്ടം. അത് അസഹനീയം തന്നെ. പലര്‍ക്കും പറയാനുള്ളത് എഴുതിക്കൊടുക്കുമായിരുന്നു. പക്ഷെ അവസാനമാകുമ്പോഴേയ്ക്കും എഴുതാനും പറ്റാതെ വന്നു. ഏത് കാര്യത്തെ കുറിച്ചും സീയെലിന് ഒരു കണ്‍സെപ്റ്റ് തീര്‍ച്ചയായും ഉണ്ടായിരുന്നു. അതിന്റെ ആഴത്തിലുള്ള വിവരം അദ്ദേഹം നല്‍കും. അപ്പോള്‍ നാം സംതൃപ്തരാകും- വിഷയം എടുത്തിട്ടത് നന്നായി എന്ന്.

ജനാസ നമസ്‌കാരം കഴിഞ്ഞ് ചെമ്മനാട് ജമാഅത്ത് പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഹസന്‍ മാങ്ങാട് പറഞ്ഞു-ഒരു കാലമുണ്ടായിരുന്നു ഞങ്ങളുടെ. കുവൈറ്റില്‍ ആ പ്രദേശത്ത് മലയാളികള്‍ ഞങ്ങള്‍ മാത്രം. ഞാനും സീയെലും. പരസ്പരം ദുഃഖങ്ങള്‍ പങ്കിടും. ഒന്നിച്ച് രണ്ട് പേരും കൂടി തയ്യാറാക്കിയ മലയാളി ഭക്ഷണം കഴിക്കും. അത് ഞങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു. മുഹമ്മദലി നല്ലവനായിരുന്നു- ഹസന്‍ കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട്ടെ ഏറെക്കാലം നീറ്റലുണ്ടാക്കിയ ഒരുപാട് സാമൂഹ്യ പ്രശ്‌നങ്ങളില്‍ സീയെല്‍ ഇടപെട്ടിട്ടുണ്ട്. അതിലൊന്നാണ് ജി.എച്ച്.എസ്സിന്റെ മണ്ണിടിച്ചിലും അപകടാവസ്ഥയും. ഇപ്പോഴത്തേതല്ല. പഴയത്. താഴത്തെ ഭൂമിയുടെ ഉടമസ്ഥന്‍ സ്വന്തക്കാരനും ബന്ധക്കാരനുമായിട്ടും സീയെല്‍ ജനപക്ഷത്ത് നിന്നു. അതായത്  സ്‌കൂളിന്റെ പക്ഷത്ത്. സ്വന്തം ക്യാമറയില്‍ മണ്ണിടിച്ചില്‍ പകര്‍ത്തി പത്രങ്ങളില്‍ കൊടുത്ത്, അപകടാവസ്ഥ ജനങ്ങളെ ബോദ്ധ്യപ്പെടുത്തി. പിന്നീട് ഒരൊറ്റയാള്‍ പട്ടാളം പോലെ അതേറ്റെടുത്ത് ഉടമസ്ഥനെക്കൊണ്ട് കോണ്‍ക്രീറ്റ് സുരക്ഷാ മതില്‍ പണിയിപ്പിച്ചേ പിന്‍വാങ്ങിയുള്ളൂ. ഇതൊരുദാഹരണം മാത്രം.

സി.എല്‍. മുഹമ്മദലിയുമായി സൗഹൃദം തുടങ്ങുന്നതിന് മുമ്പ് ഞങ്ങള്‍ ബന്ധുക്കളായിക്കഴിഞ്ഞിരുന്നു. പക്ഷെ അന്നെനിക്കദ്ദേഹത്തെ പരിചയമുണ്ടായിരുന്നില്ല. ഞങ്ങള്‍ സഹോദരീ സഹോദരന്മാരുടെ മക്കളെയാണ് കല്യാണം കഴിച്ചിരിക്കുന്നത്. അതിന് മുമ്പും സീയെലിന് എന്റെ ഭാര്യാപിതാവുമായി രക്ത ബന്ധമുണ്ട്. എന്റെ വിവാഹത്തിന് പെണ്ണ് കാണല്‍ ചടങ്ങൊക്കെ കഴിഞ്ഞ് ചില എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു. വരന്‍ ശരിയാവില്ലെന്നും മറ്റും. പക്ഷെ അത് സിയെലിന്റെ ചെവിയിലെത്തുകയും ഞങ്ങള്‍ പരസ്പരം അറിയാതെ തന്നെ എനിക്ക് വേണ്ടി വളരെ സ്‌ട്രോങ് ആയി റെക്കമെന്റേഷന്‍ നടത്തുകയും ചെയ്ത ആളാണ് ഈ മുഹമ്മദലിയെന്ന് വളരെ പിന്നീടാണ് ഞാനറിയുന്നത്. ഞാന്‍ വളരെ അപൂര്‍വ്വമായേ വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാറുള്ളൂ എന്നും എയെസ്സിന്റേതായത് കൊണ്ട് എന്നെ ആദിമധ്യാന്തം പ്രതീക്ഷിക്കാമെന്നും ബന്ധുക്കളായ ഭാര്യാവീട്ടുകാരോട് സീയെല്‍ പറഞ്ഞു കളഞ്ഞു.

ഞങ്ങളുടെ പരിചയത്തിന് കേവലം ഒരു രണ്ടര പതിറ്റാണ്ടുകളുടെ കാലാവധിയെ കാണൂ. ഞാന്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ട്രാവല്‍ ഓഫീസുമായി സെറ്റില്‍ ചെയ്ത അവസരത്തില്‍, തൊണ്ണൂറിലാണെന്ന് തോന്നുന്നു- ഒരിക്കല്‍ ഇബ്രാഹിം ബേവിഞ്ചയും എം.എ. റഹ്മാനും മറ്റൊരാളും എന്റെ ഓഫീസില്‍ വന്നു. മൂന്നാമത്തെ ആളെ എനിക്ക് നേരിട്ടറിയില്ലായിരുന്നു. അവര്‍ പരിചയപ്പെടുത്തി, സി.എല്‍. മുഹമ്മദാലി.

എന്നാല്‍ എന്നെ അങ്ങോട്ട് പരിചയപ്പെടുത്താത്തതെന്തെയെന്ന് ചോദ്യത്തിന് റഹ്മാന്‍- ഞങ്ങള്‍ നിന്റെ ഓഫീസിലേയ്ക്ക് പോകുകയാണെന്ന് പറഞ്ഞപ്പോള്‍ നിന്നെ കാണണമെന്ന് പറഞ്ഞ ആളോട് പരിചയപ്പെടുത്തുന്നതെന്തിനെന്ന മറു ചോദ്യമാണ് ചോദിച്ചത്. അദ്ദേഹം കുവൈററില്‍ നിന്ന് വന്ന് ഇവിടെ സെറ്റില്‍ ആയ കാലമാണെന്ന് തോന്നുന്നു. പിന്നീടദ്ദേഹം സാഹിത്യവേദി അംഗമായി, പ്രവര്‍ത്തക സമിതിയംഗവും ഭാരവാഹിയും ആയി വന്നു. ഒരിക്കല്‍ ഏതോ പരിപാടി നടത്താന്‍ സെക്രട്ടറിയെന്ന നിലയില്‍, കയ്യില്‍ കാശില്ലെന്നറിയിച്ചപ്പോള്‍ സി.എല്‍. പറഞ്ഞു. കാശൊക്കെ ഉണ്ടാക്കാം. താന്‍ പരിപാടി ചാര്‍ട്ട് ചെയ്‌തോളൂ എന്ന്.

ഒരു ദിവസം രാത്രി വന്ന് ടൗണില്‍ നാല് കടയില്‍ കയറി പരിപാടിക്കായവശ്യമായ തുകയും കണ്ടെത്തി. ഞാന്‍ സാഹിത്യവേദി സെക്രട്ടറിയായിരുന്നപ്പോള്‍ ശക്തമായ പിന്തുണ നല്‍കിയ വ്യക്തികളില്‍ ഒരാള്‍ സീയെലായിരുന്നു. ആ കാലത്തദ്ദേഹം സാഹിത്യവേദിയില്‍ സജീവമായിരുന്നു. ബന്ധത്തിനപ്പുറമുള്ള അദ്ദേഹത്തിലെ കലാകാരനും വായനക്കാരനുമാവണം ഞങ്ങളെ അത്രയ്ക്കും അടുപ്പിച്ചത്.

എന്റെ ആദ്യ പുസ്തകമിറങ്ങുന്നുവെന്നറിഞ്ഞപ്പോള്‍ അതിന്റെ പ്രകാശനം വലിയൊരു ചടങ്ങാക്കണമെന്ന ചിന്ത എന്നിലാദ്യം അങ്കുരിപ്പിച്ചത് സീയെലായിരുന്നു. അതെങ്ങനെ എന്ന ചോദ്യത്തിന് ഒക്കെ ചെയ്യാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന് മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തിരക്കില്‍ സഹകരിക്കാനാവാതെ വന്നു. പിന്നീടത് സംഘടിപ്പിക്കപ്പെട്ടപ്പോള്‍ ചടങ്ങിന് നേരത്തെ തന്നെയെത്തി. എന്റെ കഥാസമാഹാരത്തിന്റെ ഒരു കോപ്പി സീയെലിന് സമ്മാനിക്കണമെന്ന് ഞാന്‍ നേരത്തെ മനസില്‍ പതിച്ചു വെച്ചിരുന്നു.

ചടങ്ങ് കഴിഞ്ഞ് തിരക്കിനിടയില്‍ അദ്ദേഹം ഒരു പുസ്തകവുമായി വന്ന് അതില്‍ എന്റെ ഇനീഷ്യല്‍ ചാര്‍ത്തണമെന്നാവശ്യപ്പെട്ടു. അത് ചെയ്യവെ ഞാന്‍ ചോദിച്ചു, കൗണ്ടറില്‍ നിന്ന് കാശ് കൊടുത്ത് വാങ്ങിയോ? അതതിന്റെ രീതിയില്‍ പോകുമെന്ന് പറഞ്ഞ്, ചടങ്ങ് ഗംഭീരമായി എന്നും എന്റെ പുറത്ത് തട്ടി.ഇനിയും പുസ്തകങ്ങള്‍ ഇറക്കാനുള്ള സൗഭാഗ്യം കൈവരട്ടേയെന്നും ആശംസിച്ചു.

മറ്റൊരിക്കല്‍ ഗള്‍ഫ് ജീവിതം നിര്‍ത്തിയോ എന്ന ചോദ്യത്തിന് മക്കളുടെ വിദ്യാഭ്യാസത്തിന് നമ്മുടെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് സൂചിപ്പിച്ചു. തുടര്‍ന്ന് അവരെ ലക്ഷ്യത്തിലേയ്‌ക്കെത്തിക്കാന്‍ അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞു വെയ്ക്കുകയും ചെയ്തു. അപ്പോഴൊക്കെ ഞാനോര്‍ത്തിരുന്നു ഈ പ്രതിഭാവിലാസം കാസര്‍കോട്ടെ മുഴുവന്‍ വളര്‍ന്നു വരുന്ന തലമുറയ്ക്കും ലഭ്യമാകേണ്ടതായിരുന്നു എന്ന്.
സി.എല്‍. മുഹമ്മദലി സമൂഹത്തിന്റെ പുറമ്പോക്കിലൂടെ സഞ്ചരിച്ച പ്രതിഭ
A.S. Mohammed Kunhi
(Writer)

അത്രയ്ക്കും എന്നെ അത്ഭുതപ്പെടുത്തിയ അറിവ് (സാങ്കേതികമടക്കം) സ്വകാര്യമെങ്കിലും ആ വാഗ്‌ധോരണിയിലൂടെ അദ്ദേഹത്തില്‍ നിന്നും പ്രസരിക്കുമായിരുന്നു. ജീവിതത്തിന്റെ കാറ്റും കോളും നിറഞ്ഞ മേഖലകളിലൂടെ സഞ്ചരിക്കുകയായിരുന്ന ആ കൊതുമ്പ് വള്ളം മക്കളൊക്കെ സെറ്റില്‍ഡ് ആയി പ്രശാന്തമായ പ്രതലത്തിലേയ്ക്ക് കടന്നപ്പോഴാണ് അസുഖം പിടികൂടുന്നത്. ഇത് നമ്മെ ഉണര്‍ത്തുന്നത് ജീവിതം ഒരു ദൗത്യ നിര്‍വ്വഹണത്തില്‍ കവിഞ്ഞൊന്നുമല്ല എന്നാണ്. സര്‍വ്വശക്തനോട് പൊറുക്കലിനും അനുഗ്രഹങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട്...

Related News:
സി.എല്‍. മുഹമ്മദലി നിര്യാതനായി

സി.എല്‍ മുഹമ്മദലിയുടെ മൃതദേഹം ഖബറടക്കി

Related Article:
സി.എല്‍. മുഹമ്മദലി: കാസര്‍കോടിന്റെ അകക്കണ്ണ് തുറപ്പിച്ച സാംസ്‌കാരിക സാന്നിധ്യം

Keywords: Article, CL Muhammed Ali, Memory, A.S. Muhammed Kunhi, Congress Leader, Obit, Friendship, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia