city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാണിയുടെ കാണാകാഴ്ചയില്‍ കാണാത്തത്

പ്രതിഭാരാജന്‍

ദേശാഭിമാനിയുടെ കാസര്‍കോട് ബ്യൂറോ ചീഫ് എം.ഒ. വര്‍ഗീസിന്റെ പ്രഥമ പുസ്തകമായ 'കാണിയുടെ കാണാകാഴ്ച്ച' യുടെ പ്രകാശനം കഴിഞ്ഞ മാസം കാസര്‍കോടില്‍ വെച്ച് നടന്നുവല്ലോ. കാണി എന്ന തൂലികാ നാമത്തില്‍ ദേശാഭിമാനി ദിനപത്രത്തില്‍ എല്ലാ തിങ്കളാഴ്ചയിലും അച്ചടിച്ചു വന്ന ലേഖന പരമ്പരയുടെ ഒത്തു ചേരലാണീ പുസ്തകം.

കാണി എന്നാല്‍ എം.ഒ. വര്‍ഗീസ്. ഏതായാലും ലേഖകന്‍ കാണാത്ത കാഴ്ചയായിരിക്കില്ലല്ലോ പഠനത്തില്‍. അപ്പോഴെങ്ങനെ കാണാത്ത കാഴ്ചയാകും? തലവാചകത്തില്‍ പഴിയില്ലായിരിക്കാം. പക്ഷെ എവിടെയോ ഒരു മുടന്തുണ്ട്. രാഷ്ട്രീയ വിമര്‍ശനത്തിന്റെ പട്ടികയില്‍ ഉള്‍പെടുത്തിയ പുസ്തകമാണ് ഇത്. രാഷ്ട്രീയ വിമര്‍ശനം എന്നു കരുതി അല്‍പം പുകഴ്ത്തി പറയുന്നതില്‍ കുഴപ്പമൊന്നുമില്ലല്ലോ. പുകഴ്ത്തലുകളുമുണ്ട് അത്യാവശ്യത്തിന്. രൂപ, കാല ഘടനയോ, അവതാരികയോ പുസ്തകത്തിലില്ല. ഇത് നിര്‍മാണത്തെ വികലമാക്കിയിട്ടുണ്ടെന്ന വിമര്‍ശനം പുകാസ നടത്തിയ പുസ്തക ചര്‍ചയില്‍ ഉയര്‍ന്നു വന്നിരുന്നു.

അപ്രധാന സംഭവ വികാസങ്ങളെ ചരിത്ര രേഖകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് അപ്രസക്തവും, പുസ്തകമാക്കേണ്ട ആവശ്യമില്ലാത്തതുമായ ഏതാനും ഭാഗമുണ്ട് ഗ്രന്ഥത്തിലെന്നും ചര്‍ച വന്നു. രസമതല്ല, പുസ്തകം വിറ്റു തീര്‍ന്നത് രാഷ്ട്രീയ എതിരാളികളുടെ ചേരിയിലത്രെ. രചനാ വേളയില്‍ വര്‍ഗീസ് സാഹിത്യ നിയമങ്ങളോട് നീതി പുലര്‍ത്തിയോ എന്നതവിടെ നില്‍ക്കട്ടെ. തന്റെ എതിരാളികളോട് സമരസതക്ക് തയ്യാറാകാത്തതു കൊണ്ടായിരിക്കണം പുസ്തകത്തിന്റെ പ്രതിബിംബം എതിരാളിയേ തേടിപ്പോവാന്‍ കാരണമായത്.

കാസര്‍കോടിലെ കുമ്പിളില്‍ കഞ്ഞി കുടിക്കുന്ന കോരനില്‍ തുടങ്ങി അവരവരുടെ 'ഉദരപ്രദേശം' വികസിപ്പിക്കുന്ന - അപ്പാടെ വിഴുങ്ങുന്ന - വന്‍ സ്രാവുകളെ അടക്കം തന്റെ പേനാ കത്തി കൊണ്ട് വരഞ്ഞ് ചോര വീഴ്ത്താന്‍ എം.ഒ. വര്‍ഗീസിന്റെ കാണി എന്ന പംക്തി ഒരു വിവേചനവും കാണിച്ചിരുന്നില്ലാ എന്ന് അതിനകത്തെ ലേഖനങ്ങള്‍ സുക്ഷ്മമായി നിരീക്ഷിച്ചാല്‍ വ്യക്തമാകും. അവിടെയാണ് ലേഖകന്‍ തന്റെ ധൈര്യവും, ധീഷണതയും പ്രകടമാക്കിയിരിക്കുന്നത്.

കാണിയുടെ കാണാകാഴ്ചയില്‍ കാണാത്തത്തലനാരിഴ കീറി പരിശോധിച്ചും, ആകാശം തുളച്ചു കയറുന്ന ആക്ഷേപ ഹാസ്യത്തിന്റെ കുന്തമുന കൂര്‍പിച്ച് രാഹുല്‍ ഗാന്ധിയെ വാക്കു കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച് മുന്നേറുന്ന ആദ്യത്തെ കാണി പ്രബന്ധമായ 'പാദസേവയെ നാണിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തനം' എന്ന ലേഖനം തുടങ്ങി വര്‍ഗീസ് കെട്ടഴിച്ചു വിട്ട യാഗാശ്വം മുന്നോട്ടു കുതിക്കുന്നു. തന്റെ തൊഴിലില്‍പെട്ട പത്ര പ്രവര്‍ത്തനത്തിലെ കെടുകാര്യസ്ഥതയെ ദുരൂപയോഗം ചെയ്യുന്നവരെ പോലും മുഖം നോക്കാതെ കടിച്ച്കുടഞ്ഞ് നിലം പരിശാക്കിയാണ് വര്‍ഗീസിന്റെ ജൈത്രയാത്ര. അത് അവസാനിക്കുന്നത് 'പാര വെപ്പിന്റെ ബിരുദാനന്തര ബിരുദം' എന്ന ലേഖനത്തില്‍. ഇതിനിടയിലുള്ള ഓരോ വിഭവങ്ങളിലും തന്റെ പ്രസ്ഥാനത്തിന്റെ എതിര്‍ ചേരിയുടെ മടിക്കുത്തിനു പിടിച്ചും, വാള്‍, പരിച ചുഴറ്റിയും എം.ഒ. വര്‍ഗീസ് എന്ന അങ്കച്ചേകവര്‍ മുന്നേറുന്ന കാഴ്ച്ച ആവേശത്തിരതല്ലലോടു കൂടി മാത്രമേ വായിച്ചെടുക്കാനാവു.

ലെനിന്റെ ഒരു വാക്കിവിടെ ഉദ്ധരിക്കട്ടെ, വിമര്‍ശനത്തിന്റെ വാരി കുന്തം എഴുത്തുകാരനോട് മന്ത്രിക്കുക ഇതാണ്. 'പ്രിയ്യപ്പെട്ട എഴുത്തുകാരാ... എന്നെ ശത്രുവിന്റെ നെഞ്ചിലേക്ക് എത്രയും വേഗം പറഞ്ഞയക്കു'. രക്തം ഇറ്റിറ്റു വീഴുന്നതും, ശത്രു പിടയുന്നതും ശ്രദ്ധിക്കേണ്ട കാര്യം യജമാനനില്ല. പേന എന്ന ആയുധം (പേന, വാക്ക്) നിങ്ങളുടെ കൈയ്യിലുണ്ടല്ലോ. അതു കുത്തിയിറക്കാന്‍ എഴുത്തുകാരന്റെ ഒരു നിമിഷത്തിലെ തീരുമാനം മാത്രം മതി.

പൂക്കുറ്റി പോലെ ചോര ചീറ്റുന്ന പ്രവൃത്തി അക്ഷരങ്ങള്‍ ചെയ്തു കൊള്ളും വാക്കുകള്‍ ചെലവഴിക്കേണ്ടത് സാമൂഹ്യ അനീതിക്കെതിരെയുള്ള വിമര്‍ശകന്റെ കടമയും നിയോഗവുമാണ്. 'വാളായി മാറുന്ന പേനയെ' സനാധനമാര്‍ഗത്തിലൂടെ ചലിപ്പിക്കുക മാത്രമാണ് എഴുത്തുകാരന്‍ ചെയ്യേണ്ടത്. ലെനിന്‍ പറഞ്ഞ ഈ മഹദ് വചനത്തെ അനുസ്മരിക്കുന്നു മിക്ക ലേഖനങ്ങളിലും വര്‍ഗീസ്.

ധീരോദാത്തമായ ഭാഷ ഉപയോഗിച്ച് ചൊട്ടി ചോര തെറിപ്പിക്കുന്ന ലേഖനങ്ങളെഴുതാന്‍ വര്‍ഗീസിന് എവിടെ നിന്നു കിട്ടി ഇത്രയും ധൈര്യമെന്ന് പുകാസയുടെ പുസ്തക ചര്‍ചയില്‍ ചോദ്യമുയര്‍ന്നിരുന്നു. അതിനു ഉത്തരമുണ്ട്. സൂര്യന് സ്വന്തമായ പ്രകാശമുണ്ടല്ലോ. ചന്ദ്രന്‍ സൂര്യന്റെ പ്രകാശം പ്രതിഫലിപ്പിച്ചാണ് തിളങ്ങുന്നതെന്നതുപോലെ ആന്തരിക പ്രകാശം പ്രസരണം ചെയ്യുന്ന ദേശാഭിമാനിയുടെ ജില്ലാ ബ്യൂറോ ചീഫിന്റെ ചന്ദ്ര പ്രകാശം എല്ലാ തിങ്കളാഴ്ചയിലും കാണി എന്ന പംക്തിയിലൂടെ നാം അനുഭവിക്കുന്നു. ഇതില്‍ ജില്ലാ ബ്യൂറോ ചീഫിന് പൂര്‍ണതയില്‍ എത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന പരിശോധനയാണ് ഈ കുറിപ്പു കൊണ്ട് പരിശോധിക്കാന്‍ ശ്രമിക്കുന്നത്. പലപ്പോഴായി സാന്ദര്‍ഭികമായും, അനുചിത വേളയിലും, അല്ലാതെയും ആക്ഷേപ ഹാസ്യം സ്ഥാനത്തും, അസ്ഥാനത്തും പടര്‍ത്തി വികാര സംഗതികള്‍ വിശദീകരിക്കുന്നതിന് കുറുക്കു വഴികള്‍ തേടുന്നു വര്‍ഗീസ് പലതിലും.

കാണിയുടെ കാണാകാഴ്ചയില്‍ കാണാത്തത്
Prathibha Rajan
(Writer)
ഒരു വായനക്കാരന്‍ തന്റെ കൈവശമുള്ള കൃതിയിലെ ഒരു ഖണ്ഡിക പലപ്രാവശ്യം വായിച്ചു എന്നിരിക്കട്ടെ. എന്നിട്ടും അത് അയാളുടെ ആത്മാവിനെ സ്പര്‍ശിക്കുന്നില്ലെങ്കില്‍, സൂക്ഷ്മ നിരീക്ഷണം നടത്തുന്ന മുറക്ക് ആശയ ഗാംഭീര്യത്തിന്റെ ശക്തി കുറഞ്ഞുവരികയാണെങ്കില്‍ ആ കൃതി ഉദാത്തമാണെന്ന് അവകാശപ്പെടാന്‍ പാടില്ലെന്ന് നിയമമുണ്ട് സാഹിത്യത്തില്‍. യാഥാര്‍ത്ഥ്യവും, ഭാവനയും, സ്വപ്നങ്ങളും തുടങ്ങിയ ചേരുവകള്‍ ചേരും പടി ചേര്‍ത്തല്ലാതെ നിര്‍മിക്കുന്ന കൃതികള്‍ വായനാസുഖം തരില്ല. കാണിയിലും ഈ ദുരിതാവസ്ഥ പരിഹരിക്കാതെ കിടപ്പുണ്ട്. എത്ര തവണ ഉഴുതു മറിച്ചിട്ടാലും ശക്തി നശിക്കാത്തതും, അപ്രതിരോധ്യമായ ആകര്‍ഷണത്വമുള്ളതും എഴുത്തിലെ കാതല്‍ ഹൃദയത്തെ വിടാതെ അലോസരപ്പെടുത്തുന്നതുമായ കൃതിയെ ഉദാത്ത രചനയെന്ന് പറയും.

ഇങ്ങനെ ഒരു സൃഷ്ടി മെനയാന്‍ പദങ്ങളുടെ കൂട്ടിയോചിപ്പിക്കലും, പദാനുപദങ്ങളായുള്ള വിളക്കിച്ചേര്‍ക്കലും, വാക്കുകളെ ഘടനാ പരമായി നിയന്ത്രിച്ചു നിര്‍ത്തലുമുണ്ടാകണം. ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തും, കുറുക്കു വഴിയുപയോഗിച്ചും ഈ സാഹിത്യ നിര്‍വചനത്തെ മറി കടക്കാന്‍ ആവില്ല. ഏച്ചു കെട്ടിയാല്‍ മുഴച്ചു നില്‍ക്കില്ലെ?

Part 2:
ചെറു മെഴുകുതിരി വെട്ടങ്ങള്‍
Keywords:  Article, Prathibha Rajan, Book review, Kaaniyude Kanakazhcha, Deshabhimani, Kaani, News Paper, Kasaragod, Article, Writer, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia