city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമാധാനം കാത്ത പോലീസിനു സല്യൂട്ട്; അന്വേഷണം നേരായ വഴിക്കു പോകട്ടെ, ശാന്തി പുലരട്ടെ...

(www.kasargodvartha.com 24.12.2014) എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ തളങ്കരയിലെ സൈനുല്‍ ആബിദിന്റെ കൊലയില്‍ പ്രതിഷേധിച്ചു ചൊവ്വാഴ്ചയുണ്ടായ ഹര്‍ത്താലിനിടയിലും, മൃതദേഹം വഹിച്ചു കൊണ്ടുള്ള യാത്രയ്ക്കിടയിലും സംഭവിക്കാമായിരുന്ന അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞത് പോലീസിന്റെ കരുതലോടെയുള്ള നീക്കമാണെന്ന് വിലയിരുത്തല്‍. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ പക്വവും ശാന്തവും സൗമ്യവുമായ ഇടപെടലും സംസാരവുമാണ് കുഴപ്പമുണ്ടാക്കാന്‍ തുനിയുകയായിരുന്ന ചിലരുടെ മനസുമാറ്റിയത്.

പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ആബിദിന്റെ മൃതദേഹം കൊണ്ടു വരുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ടു ചട്ടഞ്ചാലില്‍ ഒരു സംഘം കടകള്‍ അടപ്പിക്കാന്‍ നോക്കുകയും പോലീസിനെ ആക്രമിക്കുകയും വാഹനങ്ങള്‍ക്കു കേടുവരുത്തുകയും ചെയ്തിരുന്നു. ഇവിടെ അനുരഞ്ജനത്തിലൂടെ അക്രമികളെ പിന്മാറ്റാനാണു എസ്.പി.യുടെ നിര്‍ദേശത്തെ തുടര്‍ന്നു പോലീസുകാര്‍ ചെയ്തത്. ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന കാസര്‍കോട് ട്രാഫിക് യൂണിറ്റിലെ എ.എസ്.ഐ. പവിത്രന്‍ ഉള്‍പെടെ മൂന്നു പോലീസുകാര്‍ക്കു പരിക്കേല്‍ക്കുകയും, പോലീസ് വാഹനം കല്ലെറിഞ്ഞു തകര്‍ക്കുകയും ചെയ്തു. എന്നിട്ടും പോലീസ് സംയമനത്തിന്റെ പാത വെടിഞ്ഞില്ല എന്നതാണു സത്യം.

പോലീസ് സേനയുടെ കഴിവില്ലായ്മ എന്നു തോന്നിപ്പിക്കും വിധം അവര്‍ അക്രമം കണ്ടു നില്‍കുകയും ഒടുവില്‍ അക്രമികളോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ആ സംഭവത്തില്‍ ബുധനാഴ്ചയാണ് പോലീസ് 200 ഓളം പേര്‍ക്കെതിരെ കേസെടുക്കുക പോലും ചെയ്തത്.

വിലാപയാത്ര കാസര്‍കോട് പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനിലെത്തുമ്പോഴും സംഘര്‍ഷ സാധ്യത അതിന്റെ സര്‍വ്വ നിയന്ത്രണവും തകര്‍ത്തു പൊട്ടിത്തെറിക്കാന്‍ വെമ്പിയതാണ്. ഇതും എസ്.പി. തണുപ്പിച്ചു. വാഹനങ്ങളും കടകളും തകര്‍ക്കാനും വഴിയാത്രക്കാരെയെല്ലാം മര്‍ദിക്കാനും ഒരുങ്ങിപ്പുറപ്പെട്ട അക്രമാസക്തരായ ആള്‍ക്കൂട്ടത്തെയും നേരിടാന്‍ പോലീസ് മുറ പര്യാപ്തമല്ലെന്നു തിരിച്ചറിഞ്ഞ പോലീസ് അവിടെയും സംയമനത്തിന്റെ വഴിയാണ് സ്വീകരിച്ചത്.

അതിനാല്‍ വലിയ പരിക്കില്ലാതെയും, ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെയും ഒരു യുവാവിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള ഹര്‍ത്താല്‍ ദിനവും പ്രതിഷേധവും കടന്നുപോയതിന്റെ ആശ്വാസത്തിലാണ് പോലീസ്. കുഴപ്പങ്ങളെ ലഘൂകരിച്ചു കാണാന്‍ പോലീസ് തയ്യാറായതും സമാധാനം നിലനിര്‍ത്താനുള്ള വഴിയായിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂടുതല്‍ പോലീസിനെ വിന്യസിക്കുകയും ചെയ്ത് ഭയാനകമായ സ്ഥിതി ഉണ്ടാക്കിയിരുന്നുവെങ്കില്‍ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്നും പോലീസ് മുന്‍കൂട്ടി കണ്ടറിഞ്ഞു. അതും ഗുണം ചെയ്തു. എസ്.പി.യുടെയും, ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെയും സി.ഐ പി.കെ സുധാകരന്റെയും, എസ്.ഐ എം. രാജേഷിന്റെയും നേതൃത്വത്തിലുള്ള പോലീസ് നടപടികളെ തുടര്‍ന്നു കാസര്‍കോട്ടു സമാധാനാന്തരീക്ഷം പുലര്‍ന്നു വരുന്നതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍.

ആബിദിന്റെ വധത്തെ സംബന്ധിച്ചും ഘാതകരെ കുറിച്ചും പല വിധത്തിലുള്ള പ്രചരണങ്ങളും, ഊഹാപോഹങ്ങളും പ്രചരിക്കുന്നതിനെ പ്രതിരോധിക്കാന്‍ പഴുതടച്ച, കുറ്റമറ്റ അന്വേഷണങ്ങളുമായി പോലീസ് മുന്നോട്ടു പോകുമെന്ന പ്രതീക്ഷയും ജനങ്ങള്‍ക്കുണ്ട്.
 
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന ചില ആളുകളും, വിലാപ യാത്രക്കിടയിലും മറ്റും നുഴഞ്ഞുകയറി സംഘര്‍ഷത്തിന് വഴിമരുന്നിടുന്ന ചിലരും, വിഭാഗീയചിന്തക്കാരും, സ്ഥാപിത താത്പര്യക്കാരും  സ്ഥിതി ഗതികള്‍ വഷളാക്കാന്‍ ശ്രമിക്കുന്നത് പോലീസ് അമര്‍ച്ച ചെയ്യേണ്ടതാണ്. കാര്യങ്ങളെ മുന്‍വിധിയോടെ കാണുകയല്ല, സത്യസന്ധമായും പക്ഷപാതിത്വമില്ലാതെയും, നിര്‍ഭയമായും അന്വേഷിച്ചു യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പോലീസിനു കഴിയുമെന്നും ജനങ്ങള്‍ വിശ്വസിക്കുന്നു.

ഊണും ഉറക്കവുമൊഴിച്ചുള്ള പോലീസുകാരുടെ കൃത്യനിര്‍വ്വഹണം കൊണ്ടാണ് ഇവിടെ ആളുകള്‍ക്കു വഴി നടക്കാനും വീടുകളില്‍ സമാധാനത്തോടെ കിടന്നുറങ്ങാനും കഴിയുന്നതെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ നാടിന്റെ സമാധാനാന്തരീക്ഷത്തിനു ഭംഗം വരുത്താതിരിക്കാനും ആബിദിന്റെ കൊലയാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും രാഷ്ടീയപാര്‍ട്ടികള്‍ പോലീസ് നടപടികളോടു സഹകരിക്കുകയാണു  വേണ്ടത്.  കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടികളില്‍ നിന്നു എല്ലാവരും പിന്മാറിയാല്‍ തന്നെ ഇവിടെ ഒരു പരിധിവരെ സമാധാനത്തിന്റെ വെള്ളിവെളിച്ചം പുലരും എന്നുതന്നെയാണ് ജനമനഃസാക്ഷി മൗനമായി സംവദിക്കുന്നത്.

-ടീം കാസര്‍കോട് വാര്‍ത്ത

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സമാധാനം കാത്ത പോലീസിനു സല്യൂട്ട്; അന്വേഷണം നേരായ വഴിക്കു പോകട്ടെ, ശാന്തി പുലരട്ടെ...


Related News: 

ആബിദിന്റെ കൊലപാതകം: ആര്‍.എസ്.എസ് - ബി.ജെ.പി ഭീകരതയുടെ തെളിവ്: എ സഈദ്
കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് എസ്.പി; ജനങ്ങള്‍ ജാഗ്രത പാലിക്കണം
ആബിദ് വധം: പ്രതികളെ കുറിച്ചു വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായി പോലീസ്
ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി





Keywords : Kasaragod, Kerala, Article, SDPI, Death, Murder, Police, Abid, Attack, Big Salute to Police. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia