ജലചൂഷണം: ബിആര്‍ഡിസി ഗ്രാമത്തെ വഞ്ചിച്ചു
Mar 28, 2012, 13:30 IST
1998 ആകാശത്തുനിന്നുമിറങ്ങി വന്ന പേടകം പോലെ ഏതാനും പുത്തന്‍ വാഹന വ്യൂഹം പള്ളിക്കര പഞ്ചായത്തിലെ കിഴക്കന്‍ അതിര്‍ത്തി വാര്‍ഡായ പെരിയാട്ടടുക്കത്തെ ബംഗാട് എന്ന ഗ്രാമത്തിലേക്ക് കുതിച്ചെത്തി. കരിയന്‍ തൊട്ടിയിലെ ചെമ്മണ്‍ പാത പൊടി മണ്ണു പാറ്റി പ്രതിഷേധിച്ചു. കോട്ടും സൂട്ടും കറുത്ത കണ്ണടയും ധരിച്ച ഏതാനും ആധുനിക വാഴോന്നോര്‍മാര്‍ കാറില്‍ നിന്നുമിറങ്ങി. ബംഗാടിലെ പട്ടിണി പാവങ്ങള്‍ കൈകൂപ്പി തൊഴുതു.
ബംഗാട് മൊട്ടയില്‍ വണ്ടി നിര്‍ത്തി അന്വേഷകസംഘം കരിച്ചേരി പുഴയിലേക്കുള്ള കുന്നിറങ്ങി. സമൃദ്ധമായ കരിച്ചേരി പുഴ. നിറ യൗവനം തുളുമ്പി നില്‍ക്കുന്നു. ബംഗാഡ് ഗ്രാമത്തിലെ വലിയൊരു ജനാവലിയും അവരെ പിന്‍തുടര്‍ന്നു. പുഴയെ സസൂക്ഷ്മം നോക്കിയും, അളന്നും ആംഗലേയ ഭാഷയില്‍ അവരെന്തൊക്കെയോ പിറുപിറുത്തു. ഭാഷാ ദാരിദ്ര്യത്തിലും കീഴാളന്മാരായ ബംഗാടിനൊന്നും മനസിലായില്ല. കൂട്ടത്തിലുള്ള മലയാളി സൂപ്പര്‍വൈസര്‍ പരിഭാഷപ്പെടുത്തി. ഇവിടെ ബണ്ട് നിര്‍മിക്കുന്നു. ജലം തടഞ്ഞു നിര്‍ത്തി ശുദ്ധീകരിച്ച് ബേക്കല്‍ കോട്ടയിലേക്കും റിസോര്‍ട്ടിലേക്കും സ്റ്റാര്‍ ഹോട്ടലുകളിലേക്കും കൊണ്ടു പോകും. ജനം അപ്പോള്‍ തന്നെ എതിര്‍ത്തു. തരില്ല. ഇത് ഈ ഗ്രാമത്തിന്റെ ഞങ്ങളുടെ കണ്ണീരാണിത്. ഇതു മാത്രമെ ഞങ്ങള്‍ക്ക് സ്വന്തമായുള്ളു . പുഴയിലെ വെള്ളം ഊറ്റി കൊണ്ടുപോയി വിദേശിക്ക് വിറ്റുള്ള വികസനം വേണ്ട.
ഒടുവില്‍ രാഷ്ട്രീയമിടപെട്ടു. സമവായമുണ്ടായി. വിദേശത്തു നിന്നും വരുന്ന ടൂറിസ്റ്റുകള്‍ക്കും, ഹോട്ടലുകള്‍ക്കും നല്‍കുന്നതിനു പുറമേ സൗജന്യമായി തദ്ദേശീയര്‍ക്കും കുടിവെള്ളമെത്തിച്ചു കൊടുക്കാമെന്ന ബിആര്‍ഡിസിയുടെ ഉറപ്പിന്മേല്‍ പദ്ധതി നിര്‍വ്വഹണ സാദ്ധ്യത അന്വേഷിച്ചെത്തിയ ഉയര്‍ന്ന ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഉദ്യമം വിജയിപ്പിച്ചു. ബംഗാടില്‍ ശുദ്ധജല നിര്‍മാണശാല ആരംഭിച്ചു. ഇതിന്റെ നിഴല്‍ ചിത്രം വായനക്കാര്‍ക്ക് വരച്ചു കാണിക്കാനാണ് ശ്രമിച്ചത്.
വെള്ളം കടത്തി കൊണ്ടുപോകാന്‍ ഒരിക്കലും ജനം സമ്മതിക്കില്ലെന്ന് വന്നപ്പോഴാണ് എവിടേയും എന്നപോലെ ഇവിടെയും രാഷ്ട്രീയത്തിന്റെ മുഖം മൂടികള്‍ അവതരിക്കപ്പെട്ടത്. ഗ്രാമത്തിലെ വെള്ളം കോട്ടക്ക് വിട്ടു കൊടുക്കണം. ബംഗാട്ടെ തദ്ദേശ വാസികള്‍ക്ക് ബിആര്‍ഡിസിയുടെ സ്വന്തം ചിലവില്‍ ഓരോ വീട്ടിലും വെള്ളമെത്തിച്ചു തരും. അതും തികച്ചും സൗജന്യമായി. വാഗ്ദാന പെരുമഴ ബംഗാടില്‍ പെയ്തിറങ്ങി. ജനത്തിന്റെ മനസ് തണുത്തു. വികസന മുരടിപ്പിന് ഗ്രാമങ്ങള്‍ ഒരിക്കലും കൂട്ടു നില്‍ക്കരുതെന്ന ഭരണക്കാരുടെ രാഷ്ട്രീയ സദാചാര ബോധം ബംഗാടിനെ കൂടി തെറ്റു തിരുത്താന്‍ പ്രേരിപ്പിച്ചപ്പോള്‍ പുഴയും വയലും കണ്ടും കളിച്ചും വളര്‍ന്ന ചെറുമന്മാരും നാട്ടുകാരും തങ്ങളുടെ വേദനകളെ തടങ്കിലിട്ട് മൗന സമ്മതം മൂളി.
കരിയന്‍ തൊട്ടിയില്‍ ഭീമാകാരങ്ങളായ യന്ത്രങ്ങള്‍ ഇഴഞ്ഞിറങ്ങി. അവ പുഴയെ മാന്തിപ്പറിച്ചു. കണ്ണെത്താത്ത ഗര്‍ത്തങ്ങള്‍ കൊണ്ട് കരിച്ചേരി പുഴ വേദന തിന്നു. കായക്കുന്നും, ആയംകടവിലും പുഴവക്കുകളില്‍ ചരല്‍ മണല്‍ കേറി. പുഴ മെലിഞ്ഞു. വയലുകള്‍ നശിച്ചു. കൃഷി വയല്‍ വിട്ട് യാത്രയായി. വയല്‍പ്പാട്ടും. കിളിയുടെ ഓടല്‍ക്കുഴല്‍ വിളിയും നാടു നീങ്ങി. ശ്മശാന മൂകത തളം കെട്ടി നില്‍ക്കുന്ന കരിച്ചേരി പുഴയില്‍ യന്ത്രഭീമന്റെ ഞരക്കം മാത്രം.
2010 ഏപ്രില്‍ 17. ബി.ആര്‍.ഡി.സിയുടെ ശുദ്ധ ജല പദ്ധതിയുടെ ഉദ്ഘാടനത്തിനായി കോടിയേരി എത്തി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഗൗരിയമ്മ വ്യവസായ വകുപ്പു മന്ത്രിയായിരുന്നപ്പോള്‍ വികലാംഗര്‍ക്കു വേണ്ടി പടത്തുയര്‍ത്തിയ പള്ളത്തുങ്കാലിലെ ഹോളോബ്രീക്‌സ് ഫാക്റ്ററിയുടെ ശവമാടം മെല്ലെ തലയുയര്‍ത്തി നോക്കി. മറ്റൊരു മന്ത്രി വരുന്നുണ്ട്. അന്ന് നല്‍കിയ വാഗ്ദ്ദാനങ്ങള്‍ ഇവിടെയാണ് അടക്കം ചെയ്തിരിക്കുന്നത്. ശ്രദ്ധ ജലപദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് ടൂറിസം വകുപ്പ് മന്ത്രി കോടിയേരി പറഞ്ഞു. 7 ദശലക്ഷം ലീറ്റര്‍ ശുദ്ധജലം ദിനം പ്രതി സംസ്‌കരിച്ച് ചെമ്മനാട്, ഉദുമ, പള്ളിക്കര, അജാനൂര്‍ പഞ്ചായത്തുകളില്‍ എത്തിക്കുന്ന ബൃഹത്തായ പദ്ധതിയാണിത്. ഇതിന് 15 കോടി രൂപ ചിലവ് വന്നു. 2000ത്തില്‍ പണി ആരംഭിച്ച് 5 വര്‍ഷം കൊണ്ട് ഇതിന്റെ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
ബംഗാടിന്റെ സ്വപ്ന പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു. ഇനി തങ്ങളുടെ വീടുകളില്‍ യഥേഷ്ടം വെള്ളം. സ്വപ്നങ്ങള്‍ ചിത്രശലഭങ്ങള്‍ പോലെ ബംഗാട് ഗ്രാമത്തില്‍ പാറി നടന്നു. അവയക്ക് മഴവില്ലിനേക്കാള്‍ നിറങ്ങള്‍ കൈ വന്നു. കരിച്ചേരി പുഴയിലെ വെള്ളം തങ്ങളുടെ കണ്ണുനീര്‍ തീര്‍ത്ഥങ്ങളായിരുന്നു. വീട്ടിനകത്ത്, പടിഞ്ഞാറ്റയില്‍ സ്വന്തം ജീവന്റെ തുടിപ്പുള്ള വെള്ളം കിണ്ടിയില്‍ പകര്‍ന്ന് ഇനി ദേവന് നിവേദിക്കാം .നീണ്ട 13 വര്‍ഷങ്ങളായി ബംഗാടിന്റെ ആശകളും, ആഗ്രഹങ്ങളും വിഷുപ്പുക്കളായി പൂത്തും കൊഴിഞ്ഞും കൊണ്ടിരുന്നു. 2012ലെ വിഷു പൊന്‍ പുലരിയുമരികെയെത്തി. കണിക്കൊന്നകള്‍ വിഷുവിന്റെ സാന്നിദ്ധ്യമറിയിച്ച് വിഷു ചെടികളെ പൊന്നു വാരിയണിയിച്ച് വിളംബരമറിയിച്ചെത്തി കഴിഞ്ഞു. എന്നാല്‍ ബംഗാടിന് ബിആര്‍ഡിസി നല്‍കിയ ആശകള്‍ ഇപ്പോഴും വാഗ്ദാനങ്ങളില്‍ മാത്രം .
ബംഗാടിലെ മൊട്ടക്കുന്നുകള്‍ക്ക് ഇന്നും വെള്ളമില്ല. ഭൂമി കരിയുന്നു. കൃഷി കര്‍ഷകരോട് യാത്ര പറഞ്ഞു. കുന്നുകളിലെ ഭൂഗര്‍ഭ ജലം പോലും ബിആര്‍ഡഡിസിയുടെ കൂറ്റന്‍ കനാല്‍ ഊറ്റിയെടുത്തു. എങ്ങും വെള്ളമില്ലാത്ത ഊഷര ഭൂമി . സമീപത്തെ മൂന്നു പഞ്ചായത്തുകളിലെ മാലിന്യം തള്ളുന്നതിനായി വന്‍കിട മാലിന്യ പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതി ഇട്ടിരിക്കുന്നതും ബംഗാടില്‍ തന്നെ. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമായതിനാല്‍ കടുത്ത ഏതിര്‍പ്പു ഭയന്ന് തല്‍ക്കാലം പദ്ധതി മാറ്റിവെച്ചിരിക്കുകയാണ്.
ഭരണം മാറി. എംഎല്‍എ മാറി. ബ്ലോക്ക് -ഗ്രാമ പഞ്ചായത്തുകളും പഴയവരെ പുതുക്കി പുതിയതിനെ സ്വീകരിച്ചു. വെള്ളം മാത്രമെത്തയില്ല. കൈയ്യിലുള്ള കടലാസുതുണ്ടുകളും മറ്റുമെടുത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗം ഗൗരിക്കുട്ടിയും, ഗ്രാമ പഞ്ചായത്ത് അംഗം ഗംഗ ബംഗാടും ബിആര്‍ഡിസിയിലെത്തി. വര്‍ഷങ്ങളുടെ ആയുസ്സുള്ള വാഗ്ദ്ദാനങ്ങള്‍ അവരിപ്പോള്‍ ഓര്‍ക്കുന്നില്ല. പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കി സംഭരണി ജലവിഭവ വകുപ്പിന് കൈമാറിയെന്നും ഇനി ചെയ്യേണ്ടതവരാണെന്നുമാണ് ബിആര്‍ഡിസിയുടെ ഒഴുക്കന്‍ മറുപടി. 9ാം വാര്‍ഡിലെ 2500ല്‍പ്പരം വരുന്ന കുടിവെള്ളം കാത്തിരുന്ന ഉപഭോക്താക്കളുടെ ഹൃദയം തേങ്ങി. തങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയമടക്കം വഞ്ചിക്കപ്പെട്ടിരിക്കുന്നു.