എന്ത് ജില്ല, എന്ത് ജില്ലാ ഭരണകൂടം
Jun 12, 2012, 10:10 IST
ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. ഈ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹോളില്‍ നടക്കുന്ന കോണ്‍ഫറന്‍സുകളില്‍ (അത് ഔദ്യോഗികതലത്തിലാവട്ടെ, പൊതു/സര്‍വ്വ കക്ഷി സമ്മേളനങ്ങളിലാവട്ടെ) എടുക്കുന്ന തീരുമാനങ്ങളില്‍-(പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും വന്ന കാണുന്ന വാര്‍ത്തകളനുസരിച്ച്) ഒരു ഇരുപത്തഞ്ച് ശതമാനമെങ്കിലും പ്രായോഗികമായി വന്നിരുന്നെങ്കില്‍ കാസര്‍കോട് എന്നെ നന്നായിപ്പോയേനെയെന്ന്. എന്തൊക്കെ തീരുമാനങ്ങളാണ് ഓരോ കോണ്‍ഫറന്‍സ് കഴിഞ്ഞും അവര്‍ പുറത്ത് വന്ന് മാധ്യമക്കാരോട് പറയുന്നത്? ജില്ലയില്‍ പാന്‍മസാല സമ്പൂര്‍ണ്ണമായി നിരോധിക്കും. ഒരു സമ്പൂര്‍ണ്ണ മാലിന്യമുക്ത ജില്ലയാക്കും. പരസ്പരം സൗഹാര്‍ദ്ദത്തില്‍ കഴിയുന്ന സമൂഹങ്ങള്‍ സമാധാനത്തോടെ വസിക്കുന്ന അന്തരീക്ഷം സംജാതമാക്കും. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കും. നിയമം ലംഘിക്കുന്നവരെ അവിടെ വെച്ച് തന്നെ പിടികൂടും. ശിക്ഷിക്കും. അങ്ങനെയെന്തൊക്കെ... ഇങ്ങനെയൊക്കെയുള്ള തീരുമാനങ്ങളെടുത്തു ചായ കുടിച്ച് പിരിഞ്ഞ് പുറത്ത് വന്ന് പത്രക്കാരോട് പറഞ്ഞ് പിന്നെ... അടുത്ത മീറ്റിങ്ങില്‍ അടുത്ത തീരുമാനങ്ങള്‍ അത്ര തന്നെ...
ഈയിടെ ഒരു യോഗത്തില്‍ ഒന്നിച്ചായപ്പോള്‍ ജില്ലാ പോലീസ് മേധാവി(ഡി.പി.സി)യോട് ഇയാള്‍ പറഞ്ഞു സാര്‍, ഇവിടെ ട്രാഫിക് ഒരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണ്. ഇരുചക്രവാഹനങ്ങളില്‍ രാത്രി പകലെന്നില്ലാതെ രണ്ട് പേര്‍ക്ക് പകരം മൂന്ന് പേര്‍ സഞ്ചരിക്കുന്നു. അതില്‍ രണ്ട് പേര്‍ക്കും മൂന്നാള്‍ക്കും വേണമെങ്കില്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ട് റൈഡ് ചെയ്യാം. അമിത വേഗതയില്‍, സൈലന്‍സര്‍ ഘടിപ്പിക്കാത്ത വാഹനത്തില്‍ ചെകിടടപ്പിക്കുന്ന ശബ്ദമുണ്ടാക്കിക്കൊണ്ട് വണ്ടിയോടിക്കാം. ഒണ്‍വേയില്‍ കൂടി തലങ്ങും വിലങ്ങും സഞ്ചരിക്കാം. നഗരത്തില്‍ എവിടേയും പാര്‍ക്ക് ചെയ്തിടാം. എന്തിനേറെ... ഇതൊക്കെ നോക്കു കുത്തി പോലെ നില്‍ക്കുന്ന ട്രാഫിക് ഡ്യൂട്ടിയിലുള്ള ഒരു പോലീസുകാരന്റെ മീശയ്ക്ക് കീഴെ കൂടിയാണെന്നതാണ് നമ്മെ അതിശയിപ്പിക്കുക. അദ്ദേഹം കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന മറുപടിയും പറഞ്ഞിരുന്നു. പിന്നെ മറന്നിട്ടുണ്ടാവും. നൂറുകൂട്ടം ആനക്കാര്യത്തിനിടയില്‍ ഇത്തരം ചേനക്കാര്യങ്ങള്‍ എവിടെ ഓര്‍ക്കാനാണ്.
കുറച്ച് മുമ്പ്, മാര്‍ച്ച് മാസത്തിലാണെന്ന് തോന്നുന്നു എന്തോ കാര്യത്തിനായി കലക്ടരുടെ ചെയിമ്പറിലെത്തിയപ്പോള്‍ പോയ കാര്യം കഴിഞ്ഞ ശേഷം ഇവിടെ കാസര്‍കോട്ട് നഗരത്തില്‍ വ്യാപകമായി രാത്രികാലങ്ങളില്‍ തെരുവോരങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. അതിന്റെ പുകപടലങ്ങള്‍ ദൈവത്തിന്റെ ഓസോണ്‍ പാളി വരെയെത്തി നശിപ്പിക്കാനാവുമെങ്കില്‍ അത് ശ്വസിക്കുന്ന പാവം മനുഷ്യ/മറ്റിതര ജീവികളുടെ ശ്വാസകോശങ്ങളുടെ അവസ്ഥയെന്താണെന്ന് അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തി. ഈ മാര്‍ച്ച് മാസം തിരക്കിന്റെതാണെന്നും അത് കഴിഞ്ഞ ഉടനെ അക്കാര്യത്തില്‍ ആവശ്യമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നതായി ഓര്‍ക്കുന്നു.
എന്തിനേറെപ്പറയുന്നൂ. വാഹനങ്ങളില്‍ അകത്തുള്ളവരെ കാണാനാവാത്ത വിധം ഫിക്‌സ് ചെയ്ത കറുത്ത ഗ്ലാസുകള്‍ മാറ്റണമെന്ന് ഹൈക്കോടതി (അതൊക്കെ കോടതി പറഞ്ഞിട്ട് വേണമെന്നില്ല എന്നത് വേറെകാര്യം) ഉത്തരവിട്ടിട്ടും കാസര്‍കോട്ട് അത് നിയമമായിട്ടില്ല. ഇവിടെ യഥേഷ്ടം അത്തരം കാറുകള്‍ വിഹരിക്കുന്നുണ്ട്. അപ്പോഴൊക്കെ സ്വാഭാവികമായും ചോദിച്ചു പോകുന്നു എന്ത് ജില്ല. എന്ത് ജില്ലാ ഭരണകൂടമെന്ന്. ഇത്രയും ചോദിക്കാനാളില്ലാത്ത നാട് വേറെ ഉണ്ടാകുമോ ഭൂമിയില്ലല്ലെങ്കിലും ഭൂമി മലയാളത്തില്‍? എന്താണിത്ര നിസ്സംഗത? അധികാരികള്‍ അങ്ങ് തെക്ക് നിന്ന് വന്നവരായത് കൊണ്ടാണോ? പഴയൊരു ഹെഡ്മിസ്ട്രസ്സിനെ ഓര്‍മ്മ വരികയാണ്. ഏത് കടലാസില്‍ സൈന്‍ ചെയ്യണമെങ്കിലും രണ്ട് വട്ടം ആലോചിക്കും. പലരോടും അഭിപ്രായം ആരായും. കാരണമെന്തെന്നല്ലെ? അവര്‍ അടുത്ത വര്‍ഷം പിരിയുന്നു. പെന്‍ഷന്‍ കിട്ടാതാവുന്ന എന്തെങ്കിലും നൂലാമാല ഉണ്ടായിപ്പോകുമോ എന്ന ഭയം. കടുത്ത സ്വാര്‍ത്ഥതയെന്നല്ലാതെ ഇതിനെ മറ്റെന്ത് വിളിക്കും?
-എ.എസ്.മുഹമ്മദ്കുഞ്ഞി
-എ.എസ്.മുഹമ്മദ്കുഞ്ഞി
Keywords: Collectorate, Article, A.S.Mohammedkunhi