city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പട്ടാള പരേഡും നബിദിന ചിന്തകളും

പട്ടാള പരേഡും നബിദിന ചിന്തകളും
തേന്‍കുഴമ്പില്‍ ചാലിച്ച ഈന്തപഴം പൂത്തു നില്‍ക്കുന്ന മക്കയില്‍ വസന്തം വാരി പുതച്ചുറങ്ങുന്ന പുണ്യ റബീഉല്‍അവ്വല്‍ മാസത്തിലെ 12ം നാളിലാണ് അബ്ദുല്ലയുടേയും ആമിനയുടേയും മകനായി ലോക മാനവികതയുടെ ഉദയ സൂര്യനായ മുഹമ്മദ് നബി മക്കയില്‍ പിറന്നു വീണത് അതിന്റെ ഓര്‍മ പുതുക്കലിന്റെ സ്മരണയുമായി നബി ദിനം ലോകം വിപുലമായി ആഘോഷിക്കുന്നു. ഖര്‍ആനിന്റെ വിശുദ്ധ സന്ദേശം ലോകം മുഴുവനും എത്തിക്കാന്‍ ഈ മാസത്തിലെ 12ം സുദിനം പ്രയോജനപ്പെടുത്തണമെന്ന പണ്ഡിതന്മാരുടെ ആഹ്വാനം കേരളത്തിന്റെ ഇളം തെന്നല്‍ കൈയേറ്റി സ്വീകരിച്ചു. വിശുദ്ധ പോരാളിയുടെ ആ പുണ്യ ദിനം നാടും നഗരവും നബിയുടെ ഓര്‍മകള്‍ കൊണ്ട് മുഖരിതമായി. പായസവും മധുര പലഹാരങ്ങളും മതങ്ങള്‍ക്കപ്പുറത്തെ മാനവികതയുടെ നാവില്‍ മധുരം വിളമ്പി.

ലോകം മുഴുവന്‍ ആ പുണ്യവാന്റെ അപധാനങ്ങള്‍ വാഴ്ത്തി പാടുന്നതിനിടയിലാണ് കാഞ്ഞങ്ങാട് പട്ടാള വേഷത്തില്‍ മാര്‍ച്ചു ചെയ്തതിന്റെ പേരില്‍ ഒരു വിഭാഗം നബിയുടെ അനുവാചകരായ യുവാക്കളുടെ പേരില്‍ പോലീസ് കേസ് ചാര്‍ത്തപ്പെട്ടത്. അറിവില്ലായ്മ കൊണ്ടുള്ള ആപത്തായിരുന്നു അതെന്നും ഇന്ത്യാ മഹാ രാജ്യത്തിന്റെ അച്ചുതണ്ടായ അതിര്‍ത്തി രക്ഷാ സൈനികരെ അപമാനിക്കുക വഴി രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയല്ല ലക്ഷ്യമെന്ന് മിലാദു ശരീഫിന്റെ പ്രവര്‍ത്തകര്‍ വിശദീകരിച്ചുവെങ്കിലും ചെയ്ത തെറ്റിനുള്ള നിയമ നടപടികളെ അവര്‍ സ്വാഗതം ചെയ്തു. നബിയോടുള്ള ഭക്തിയും, ബഹുമാനവും വെച്ചു പുലര്‍ത്തുന്ന മുസ്ലീം ജനവിഭാഗത്തിന് പിറന്നു വീണ ദേശത്തോടും ആ ഭക്തി പ്രകടിപ്പിക്കാന്‍ ബാദ്ധ്യതയുണ്ടെന്ന തിരിച്ചറിവാണ് ഏറ്റു പറഞ്ഞ തെറ്റില്‍ മാപ്പര്‍ഹിക്കാത്ത കുറ്റമുണ്ടെങ്കില്‍ അതേറ്റെടുക്കാന്‍ അത്തരക്കാര്‍ മുന്നോട്ടു വന്നത്. രാജ്യത്തിന്റെ അഖണ്ഡതക്ക് കോട്ടമാകുന്ന ഏതു പ്രവണതയേയും ചോദ്യം ചെയ്യപ്പെടുന്നതില്‍ എന്നും പിന്നോട്ടു പോകാന്‍ കൂട്ടാക്കാതിരുന്ന കേരളം, ഒരു പക്ഷെ അറിവില്ലായ്മ കൊണ്ടു വന്ന ഈ സംഭവത്തെ കാര്യമാക്കിയില്ല. മുഖ്യാധാര രാഷ്ടിയക്കാരായ കോണ്‍ഗ്രസും സിപിഎമ്മും ഇത് ഉയര്‍ത്തി കൊണ്ടു വന്നില്ല. എന്നാല്‍ ബിജെപി സ്വീകരിച്ച വഴി മറ്റൊന്നായിരുന്നു. തെറ്റു ചെയ്തവര്‍ ശിക്ഷിക്കണമെന്ന് മാത്രമല്ല, അതു സംഘടിപ്പിക്കാന്‍ മൌനാനുവാദം നല്‍കിയതിന്റെ പേരില്‍ ജമാഅത്ത് ഭാരവാഹികള്‍ പോലും കുറ്റക്കാരാണെന്ന് അവര്‍ കണ്ടു. അവര്‍ നോക്കി കണ്ടത് അഖണ്ഡതക്കപ്പുറത്തെ വര്‍ഗീയ മുതലെടുപ്പിനെയാണെന്ന് ജനം തിരിച്ചറിഞ്ഞതാണ് പട്ടാള വേഷ പ്രകടനം വിവാദമായത് .

പഴുതില്ലാത്ത അച്ചടക്കത്തിന്റെ പ്രതീകമാണ് ഇന്ത്യന്‍ സൈന്യം. നബിയുടെ തീരു വചനത്തിലും ബദര്‍ യുദ്ധ തന്ത്രങ്ങളിലും നമുക്കത് വീക്ഷിക്കാനാവും. ചിട്ടകളുടെ നിറവാക്കാണ് ബദ്ര്‍ യുദ്ധം. സ്വന്തം പിതാവ് മരിച്ചു വീഴുമ്പോഴും കണ്ണീരൊലിപ്പിക്കാന്‍ ബദ്ര്‍ യുദ്ധത്തിലെ പോരാളിക്ക് അവസരമുണ്ടായിരുന്നില്ല. അത്രക്ക് തന്നെ കര്‍ക്കശമായും കൂര്‍മ്മമായും ചിട്ടപ്പെടുത്തിയ സംവിധാനമാണ് ഇന്ത്യന്‍ പട്ടാളത്തിന്റെതുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ദേശ സ്നേഹത്തിന്റെ പ്രകാശത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന പട്ടാളത്തിന്റെ യൂനിഫോമിനെ നബിയുടെ ആരാധകര്‍ എല്ലാ അര്‍ത്ഥത്തിലും ആദരിക്കണമെന്നതില്‍ തര്‍ക്കത്തിന് സ്ഥാനമില്ല. ദീര്‍ഘ നാളത്തെ പരിശീലനവും പരീക്ഷണവും കൊണ്ടു നേടുന്ന ഒന്നാണ് യൂനിഫോം . രാജ്യത്തിന്റെ കാവല്‍ക്കാരുടെ യുനിഫോമിന്റെ പവിത്രതയ്ക്കുള്ളിലാണ് 120 കോടി ജനങ്ങളുടെ സുരക്ഷ. ആരാധനാലയങ്ങളും യതീം ഖാനകളും അക്രമിക്കപ്പെടുന്ന മതാന്ധത പടര്‍ന്നു കയറി അഗ്നി പര്‍വ്വതങ്ങളുടെ മുകളില്‍ ജീവിക്കുന്ന കാഞ്ഞങ്ങാട് പ്രദേശം പ്രവാചകന്റെ തിരുപ്പിറവി ദിനം സങ്കീര്‍ണ്ണമാക്കാന്‍ ഉതകും വിധത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൂടായിരുന്നു.

തികഞ്ഞ മത വര്‍ഗീയത മുഴച്ചു നില്‍ക്കുന്ന ഈ പ്രദേശത്തിലെ മത പണ്ഡിതരും അവരുടെ ഭക്തരും നബിയെ ഓര്‍ക്കേണ്ടതും നബി വചനം പ്രാവര്‍ത്തികമാക്കേണ്ടതുമായ ഏതാനും വരികള്‍ സുചിപ്പിക്കാതെ വയ്യ. ലോകത്താകമാനമുള്ള അനുഗ്രഹമാണ് (റഹ്മത്തുല്‍ ലില്‍ ആലമീന്‍) എന്ന ഖുര്‍ആന്‍ വചനം. അത് പെയ്തിറങ്ങുമ്പോള്‍ കുളിരു കോരിയിടാത്ത മനസുകളില്ല. ഈ പുണ്യ വചനം ലോകത്തിനു മുമ്പില്‍ ഒഴുകി നടക്കുന്ന പാട്ടായി പരിണമിക്കുമ്പോഴാണ് മിലാദു ശരീഫിന്റെ ലക്ഷ്യം പൂര്‍ണമാകുന്നത്.

ലോകം കണ്ട ഏതൊരു മത പരിഷ്ക്കാരിയേക്കാളും പണ്ഡിതനേക്കാളും ഭരണാധികാരിയേക്കാളും മികച്ച തൂവലുകളാണ് നബിയുടെ തലപ്പാവില്‍ എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക ചാര്‍ത്തി കൊടുത്തത്. മതപരമായും മതേതരമായും ഒരു പോലെ ഇടപെട്ട് മാനവ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും സമഗ്രമായ വിപ്ളവം സാധിച്ചെടുത്ത മഹാനാണ് നബി. അന്യ മതസ്ഥന്റെ ശവമഞ്ചം കടന്നു പോകുമ്പോള്‍ വഴിയില്‍ കൂട്ടുകാരുടെ ഇടയില്‍ നിന്നും എഴുന്നേറ്റു നിന്ന് മരിച്ചവന് വേണ്ടി പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ട ശാന്ത സാഗരമാണ് നബിയുടെ മതേതര മനസെന്ന് നബിയെക്കുറിച്ച് പഠനം നടത്തിയ ജര്‍മ്മന്‍ ചരിത്രകാരന്‍ മൈക്കില്‍ എച് ഹാര്‍ഡ് അഭിപ്രായപ്പെട്ടിട്ടുണ്ട്. റഹ്മത്തുന്‍ ആലമീന്‍ - ലോകര്‍ക്കാകമാനമുള്ള അനുഗ്രഹം - അതാണ് നബിയുടെ മുദ്രാവാക്യം. അതില്‍ മതവും മതേതരവും വിപ്ളവവും അന്യമത സൗഹാര്‍ദ്ദവുമുണ്ട്.

-പ്രതിഭാ രാജന്‍




English Summery
Article on issue of army uniform in Milad-e-Sherif day.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia