city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആടിനെയും പശുവിനെയും അഴിച്ചുവിട്ടോളൂ, അതിന്റെ ഉടമകള്‍ വള്ളിയും വടിയുമായി കൂടെ വേണം

അസ്ലം മാവിലെ

(www.kasargodvartha.com 03.11.2019) 
നാട്ടില്‍ യഥേഷ്ടം ആടിനെയും പശുവിനെയും അഴിച്ചുവിടുന്ന അവറ്റകളുടെ മുതലാളിമാരോട്. നിങ്ങള്‍ നാല്‍ക്കാലികളെ അഴിച്ചുവിടുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. അവറ്റകളുടെ പിന്നാലെ വള്ളിയും കൊള്ളിയുമായി നിങ്ങളും കൂടെ വേണം. ഇല്ലെങ്കില്‍ അഴിച്ചു വിടരുത്. പ്ലീസ്...

മതില്‍ കെട്ടി ഗേറ്റ് അടച്ചവന്റെ വീട്ടുമുറ്റത്ത് പശു കയറില്ല. ശരി. ഗേറ്റ് തുറന്നാലോ? 24 മണിക്കൂറും അടച്ചിടാന്‍ പറ്റുമോ? ഗേറ്റും മതിലും കെട്ടാത്തവനെ നിങ്ങള്‍ പരീക്ഷിക്കുകയാണോ? ഈ ആട്ടിന്‍ കൂട്ടങ്ങളുടെ കാര്യമോ? ഇവര്‍ക്കെന്ത് മതിലും ഗേറ്റും! മതിലില്‍ തന്നെയാണ് ആടുകള്‍ മേഞ്ഞ് മേല് കായാന്‍ ഓടിച്ചാടുന്നത്! പച്ച കണ്ടാല്‍ ആടിനെന്ത് വേലിയും വെട്ടാമതിലും, ഭായ്.

ആടിനെയും പശുവിനെയും അഴിച്ചുവിട്ടോളൂ, അതിന്റെ ഉടമകള്‍ വള്ളിയും വടിയുമായി കൂടെ വേണം

എത്ര വീട്ടുവളപ്പിലാണ് ഇവര്‍ കയറി ഇറങ്ങി നട്ടുവളര്‍ത്തിയതിനെ നശിപ്പിക്കുന്നതെന്ന് കയറഴിച്ചു വിടുന്ന നാല്‍ക്കാലികളുടെ വീട്ടുകാര്‍ മനസിലാക്കിയിട്ടുണ്ടോ? അവിടെ നടുന്ന വാഴക്കന്ന്, പച്ചക്കറി, പൂച്ചെടി, തെങ്ങുതൈ, മാവിന്‍ ചെടി എന്ന് വേണ്ട സകലതും ഇവര്‍ കടിച്ചു പറിക്കുകയാണ്. ആട് തിന്ന ചെടിക്ക് പിന്നെ ജീവിതം വെന്റിലേറ്ററിലാണല്ലോ.

അഴിച്ചുവിട്ട ആടും മാടും വൈകുന്നേരം സ്വന്തം വീട്ടുമുറ്റത്തെത്തുമ്പോള്‍ നിങ്ങള്‍ അവറ്റകളുടെ വയറു നിറഞ്ഞു കാണുന്നുണ്ടാകുമല്ലോ. ആ നേരം ആരാന്റെ വയറാണ് കത്തുന്നത്, അവരുടെ കൃഷി എന്ന സ്വപ്നമാണ് നിങ്ങളുടെ ഈ വേണ്ടാത്ത പണികൊണ്ട് തകര്‍ന്നു വീഴുതുന്നത്. അവര്‍ക്കുണ്ടായ നഷ്ടം നിങ്ങള്‍ എണ്ണിക്കൊടുക്കുമോ? ആ മാട് തരുന്ന പാലിനും ആട് വിറ്റാല്‍ കിട്ടുന്ന കാശിനും എത്ര പരിശുദ്ധത ഉണ്ടാകും? അതിന്റെ ചെലവില്‍ കഴിയുന്നത് അനുവദനീയമാകുമോ? ആ പാല്‍ എങ്ങിനെ ചൂടാക്കിയാലാണ് അനുവദനീയമാകുക? നാടന്‍ ഭാഷയില്‍ ചോദിച്ചാല്‍ ഇദെല്ലോ ദയിക്കോപ്പാ?

എന്റെ അഭിപ്രായത്തില്‍ ഇങ്ങിനെ തിന്നുകൊഴുത്ത നാല്‍ക്കാലികളും കോഴിയും താറാവും മുയലുമെല്ലാം പൊതുഖജനാവിനുള്ളതാണ്. കിടത്തവും ചാണകമിടലും സ്വന്തം വീട്ടിലെ തൊഴുത്തിലും, മേയലും കൃഷിനശിപ്പിക്കലും ആരാന്റുപ്പാന്റെ വീട്ടുവളപ്പിലുമായാല്‍ അവകാശി ആരാണ്? അത് പറ.

പാവങ്ങള്‍ ചില കൃഷിക്കാര്‍ ഇങ്ങനെ മേഞ്ഞുവരുന്ന നാല്‍ക്കാലികളെ ശല്യം സഹിക്കാഞ്ഞ് മുറ്റത്ത് പിടിച്ചു കെട്ടിയിടുന്നത് കാണാറുണ്ട്. സൈ്വര്യം കിട്ടണ്ടേ? അപ്പോള്‍ കാണാം ചില മുതലാളിമാര്‍ ഓടിവന്ന് വഴക്കു കൂടുന്നത്. കഷ്ടമുണ്ട് സാറന്മാരേ!

മുമ്പൊക്കെ മിക്ക വീട്ടിലെയും പ്രായമുള്ളവര്‍ മരണനേരത്ത് ഒസ്യത്ത് പറയുമത്രെ - 'മക്കളേ.. കെട്ടിയിടാത്ത കാല്യോളെ പോറ്റിറ്റ് ഞങ്ങളെ പേര് പറയിച്ചര്‍ണ്ടാ, ഖബ്‌റ്‌ല് ഞങ്ങൊ സമധാന്‍ത്തില് കെട്‌ന്നോര്‍ന്നെ..' ഈ ഒസ്യത്ത് ഓര്‍മയുള്ളത് കൊണ്ടാണ് ഇവിടെ ആരും വള്ളിയില്ലാത്ത കാലികളെ പോറ്റാത്തത്.

പോത്തിനോടും പശുവിനോടും ആടുകളോടും പറഞ്ഞാല്‍ തിരിയാത്തത് കൊണ്ടാണ് ഇവിടെ എഴുതുന്നത്. നിങ്ങള്‍ നാല്‍ക്കാലികളെ അഴിച്ചു വിടുന്നതില്‍ ഞങ്ങള്‍ക്ക് ആര്‍ക്കും എതിര്‍പ്പില്ല. പച്ചപ്പുല്ലിടത്ത് അവറ്റകള്‍ വന്ന് മേഞ്ഞ് വയറുനിറച്ചും പോട്ടെ, പക്ഷെ, വള്ളി പിടിച്ചു നിങ്ങളും കൂടെ ഉണ്ടാകണം.

പലര്‍ക്കും അത്യാവശ്യത്തിന് പുറത്തെവിടെയും പോകാന്‍ പറ്റാതായിട്ടുണ്ട്. എങ്ങിനെ പോകും? കണ്ണുതപ്പിയാല്‍ ഇവര്‍ അറഞ്ചം പൊറഞ്ചം മേയുകയല്ലേ? അഴിച്ചുവിട്ടവര്‍ മാത്രം കല്യാണത്തിനും വിരുന്നിനും ആശുപത്രിയിലും മരിച്ചിടത്തും പോയാല്‍ മതിയോ?

ഇക്കഴിഞ്ഞ ഗ്രാമസഭയില്‍ വന്നവരില്‍ 90% പേരും ഈ പരാതിയാണ് പറഞ്ഞത്. മെമ്പര്‍ സാര്‍, നിങ്ങള്‍ പറഞ്ഞ മാവിന്‍ തൈയും ബത്തക്ക, കുമ്പളം വള്ളിയും കശുമാവും പ്ലാവും പ്ലാച്ചിങ്ങയും എല്ലാം എല്ലാവര്‍ക്കും മുറ്റത്ത് നടണമെന്നുണ്ട്. അതിന് ഇവറ്റങ്ങള്‍ സമ്മതിക്കണ്ടേ?

മിനിഞ്ഞാന്ന് അതിരാവിലെ സ്‌കൂളില്‍ പോകുന്ന ഒരു കുട്ടിയെ റോഡില്‍ അലയുന്ന ഒരു നാല്‍ക്കാലി ഒന്ന് മുരണ്ട് അടുത്ത് പോയതാണ്. കുഞ്ഞുമക്കള്‍ ഓടി ഒരു വീട്ടില്‍ കയറി! അത്‌കൊണ്ട് മാത്രം ഒരു അപകടം ഒഴിവായി.

ഇക്കഴിഞ്ഞ മാസം ആളില്ലാ നേരം നോക്കി ഒരു വീട്ടിലെ ആള്‍മറയില്‍ ഗുസ്തി കാണിച്ചു ഒരു അജം കിണറ്റില്‍ ചാടി. രണ്ടീസം കഴിഞ്ഞ് അവര്‍ വന്നു നോക്കുമ്പോഴാണ് അവര്‍ക്ക് മണത്തത്. പണിയായാ? എത്ര വട്ടം ഉമിയിട്ട് വെള്ളം കോരിയിരിക്കണം, ആ കിണറില്‍ നിന്ന്. എന്നാലും സംശയം തന്നെ?

ഇവിടെയല്ല എവിടെയും ഒരുപാടാളുകള്‍ മാന്യമായി ആടും കോഴിയും പശുവും പോറ്റുന്നുണ്ട്. അവരോട് എല്ലാവര്‍ക്കും ബഹുമാനവുമാണ്. ഇങ്ങിനെ പറ്റില്ലെങ്കില്‍ ഞാന്‍ നേരത്തെ പറഞ്ഞ മാതിരി വള്ളിയും പിടിച്ചു മേയാന്‍ കൊണ്ട് പോകണം. പിന്നൊരു ഓപ്ഷന്‍ വിറ്റുകളയുക എന്നത് മാത്രമാണ്.

പലര്‍ക്കും ശല്യമായിട്ടുണ്ട്. ഇത് സീരിയസായി കാണണം. വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍  ബോധവത്കരണ നടപടികള്‍ തുടങ്ങണം. സ്‌കൂളിലും മദ്രസകളിലും ആരാധനാലയങ്ങളിലും അധ്യാപകര്‍ ശരിയായ ഗൈഡന്‍സ് നല്‍കണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Aslam Mavile, Kerala, Article, Article by Aslam Mavila     < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia