കാലം കരുതി വെച്ച ലോക്ക് ഡൗൺ
Apr 4, 2020, 22:06 IST
നിയാസ് എരുതുംകടവ്
(www.kasargodvartha.com 04.04.2020) മനുഷ്യൻ ആകാശം മുട്ടെ വളർന്നപ്പോൾ പ്രകൃതിയോട് കാണിച്ച നഗ്നമായ വെട്ടിനിരത്തൽ. ഭൂമി മനുഷ്യനും പ്രകൃതിക്കുമിടയിൽ മധ്യസ്ഥത വഹിച്ചപ്പോഴെല്ലാം ഉള്ളിൽ മുറിവേറ്റ പ്രകൃതി അതിന്റ സംഹാര താണ്ഡവത്തിന്റെ ശക്തി പല ആവർത്തി കാണിച്ചതാണ്.
മനുഷ്യൻ അവർക്കിടയിൽ തന്നെ മൂന്ന് തട്ടുകളുണ്ടാക്കി. ധനികൻ, മധ്യവർഗം, താഴെത്തട്ട് എന്നിങ്ങനെ. ധനികൻ തന്റെ സർവ്വധനം കൊണ്ട് അഹങ്കാരത്തിന്റെ കൊടുമുടി വാണു. കല്യാണം പോലുള്ള വിശിഷ്ട ആചാരങ്ങളെ തന്റെ അധികാരത്തിന്റെയും പണത്തിന്റെയും ഹുങ്ക് കാട്ടാനുള്ള വേദിയായി കണ്ടു. പ്രകൃതിയോട് നീതി നിഷേധത്തിന്റെ, വെറുപ്പിന്റെ മുഖം സമ്മാനിച്ചു.
മധ്യവർഗവും താഴെക്കിടയിൽ ഉള്ളവനും പരസ്പരം മത്സരമായിരുന്നു,എന്തിനെന്നോ ആർക്കെന്നോ അറിയാത്ത മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന രീതിയിൽ മത്സര ചിന്താഗതിയോടെ ഉള്ള ജീവിത ശൈലി.
പിന്നിട്ട കാലങ്ങളിലൊക്കെ പ്രകൃതി ദുരന്തങ്ങളിലൂടെ നമ്മെ ചിന്തിപ്പിക്കാൻ പല അവസരങ്ങൾ തന്നപ്പോൾ അതിനോടൊക്കെ മുഖം തിരിച്ചു നമ്മൾ. ഭൂമിയുടെ വിശാലമായ മാറിടം സർവ്വ ജീവജാലങ്ങൾക്കുള്ളതാണെന്ന യാഥാർഥ്യം നാം സൗകര്യപൂർവ്വം വിസ്മരിച്ചു.
പ്രകൃതി ഒരു വൈറസിന്റെ രൂപത്തിൽ ലോക മനുഷ്യരാശിയോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്, തങ്ങളുടെ രാജ്യത്ത് ഒരു ഇല അനങ്ങിയാൽ ഞൊടിയിടയിൽ മനസിലാക്കാൻ പറ്റുന്ന രീതിയിൽ റഡാറുകൾ വായുവിൽ പതിപ്പിച്ച ആധുനികവത്കരണത്തിന്റെ വക്താക്കളായ ചൈനയും, അമേരിക്കയും, യൂറോപ്യൻ രാജ്യങ്ങളും ഈ വൈറസിന് മുന്നിൽ കിടുകിടാ വിറക്കുകയാണ്.
എവിടെയാണ് നാം ഇപ്പോൾ ചെന്ന് നിൽക്കുന്നത്.. വീടിന്റെ ഉമ്മറപ്പടി കടക്കാൻ അനുവദിക്കാതെ പണക്കാരനോ പാവപെട്ടവനോ എന്ന വേർതിരിവില്ലാതെ, വെളുത്തവനോ കറുത്തവനോ എന്ന വേർതിരിവില്ലാതെ മനുഷ്യനെ ഭയപ്പെടുത്തുന്നു.
എല്ലാവർക്കുമിടയിൽ ഒന്നരമീറ്ററിന്റെ അകലം,വീർപ്പു മുട്ടലിന്റെ മാസ്ക്ക് ധരിച്ചും സോപ് വെള്ളത്തിൽ കൈ കഴുകി നാല് ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട്, മനുഷ്യ നിന്റെ ജീവിതം എത്ര നാൾ ഇങ്ങനെ? ഒരു പരിധിക്കപ്പുറം അവസാനിക്കാൻ പോകുന്ന ലോക്ക് ഡൗണിന് ശേഷം പ്രകൃതിയുമായി സമരസപെട്ട് ഇനി ജീവിക്കാൻ പോകുന്ന ജീവിതത്തിന്റെ മാർഗ രേഖ എന്താണ്?