ബി എച്ച് - മലയോര മണ്ണിന്റെ തീരാനഷ്ടത്തിന് അഞ്ചാണ്ട്
Aug 7, 2020, 14:02 IST
സലാം കന്യപ്പാടി
(www.kasargodvartha.com 07.08.2020) മലയോര മണ്ണിന് മാത്രമല്ല അദ്ദേഹത്തെ അടുത്തറിയുന്ന കാസർകോടൻ നിവാസികൾക്കും എന്തിന് ഈ മണ്ണിന്റെ പുൽക്കൊടിക്ക് പോലും ബി എച്ച് എന്ന രണ്ടക്ഷരം കാണാപാഠമാണ്. അദ്ദേഹത്തിൻ്റെ അസാനിധ്യം ഉണ്ടാക്കിത്തീർത്ത നീറും നൊമ്പരവും അഞ്ചാണ്ടുകൾക്കിപ്പുറവും കണ്ണീരു വറ്റാതെ ഇവിടെ അവശേഷിക്കുകയാണ്.
ഭൂമിയിൽ അല്ലാഹു നൽകിയ ചെറിയ ആയുസ്സിൽ ഒരു പുരുഷായുസ്സ് മുഴുവനും ചെയ്തു തീർക്കാൻ പറ്റാത്തത്രയും കർമ്മങ്ങൾ അദ്ദേഹത്തിന് ചെയ്തുവെക്കാനായിട്ടുണ്ടെങ്കിൽ, അറിയണം അദ്ദേഹം ഒരു അത്ഭുതം തന്നെയായിരുന്നുവെന്ന്.
നിശബ്ദമായ പ്രവർത്തനത്തിലൂടെ എല്ലാവരുടെയും ഹൃദയം കീഴടക്കിയ ബഹുമാന്യ വ്യക്തിത്വം.
കൈവെച്ച എല്ലാ മേഘലയിലും തന്റേതായ പ്രവർത്തനമികവിൽ ശോഭിച്ച മനുഷ്യസ്നേഹിയായിരുന്നു ബി എച്ച്. മത - സാമൂഹിക - രാഷ്ട്രീയ രംഗങ്ങളിൽ നിസ്തുലമായ മാതൃകകളാണ് ബി എച്ച് കാഴ്ച വെച്ചത്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ചെയ്യാൻ സാധ്യമാകുന്ന എല്ലാകാര്യങ്ങളും വളരെ കൃത്യതയോടെയും ശുഷ്കാന്തിയോടെയും നിറവേറ്റാനും പ്രാദേശിക പ്രശ്നങ്ങളിൽ കാര്യക്ഷമമായി ഇടപെടാനും അദ്ദേഹത്തിന് സാധിച്ചു.
സേവനകർമ്മ പാതയിൽ പുലർത്തിയ ആത്മാർത്ഥതയും അർപ്പണബോധവുമാണ് ബി എച്ചിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കിയത്. ബി എച്ചിന്റെ ഊർജ്ജസ്വലതയും സൂക്ഷ്മമായ ഇടപെടലുകളും ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ഏറെ ശ്രദ്ധേയമായിരുന്നു. നന്മയും മഹത്വവും വിളക്കിച്ചേർത്ത ബി എച്ചിന്റെ ജീവിതം പുതിയ തലമുറയ്ക്ക് ദിശാ ബോധം നൽകുന്ന മാതൃകാ വഴിവിളക്കാണ്. വിടവാങ്ങലിൻ്റെ അഞ്ചു വർഷങ്ങൾ പിന്നിടുമ്പോഴും ബി എച്ച് എന്ന മനീഷി വിട്ടേച്ചു പോയ വിടവ് നികത്താനാവാതെ അങ്ങിനെ തന്നെ ഇപ്പഴും അവശേഷിക്കുകയാണ്.
അദ്ദേഹം ജീവിതകാലത്ത് ചെയ്തു വെച്ച തുല്യതയില്ലാത്ത നന്മകൾ നമുക്ക് കൂടുതൽ അറിയാനും മനസ്സിലാക്കാനുമൊക്കെ കഴിഞ്ഞത് അദ്ദേഹത്തിന്റെ വിയോഗ ശേഷമായിരുന്നു. അള്ളാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട് ലോകമാന്യതയോ 'ഷോ ഓഫോ' ഒന്നുമില്ലാതെ ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്തു എന്നിടത്താണ് അദ്ദേഹത്തിന്റെ മഹത്വം. ഈ നന്മകളൊക്കെയും ഓർത്തെടുക്കുകയും അദ്ദേഹത്തിന്റെ പാരത്രിക മോക്ഷത്തിന്ന് വേണ്ടി ദുആ ചെയ്യുകയും ചെയ്യുക എന്നത് മാത്രമാണ് നമുക്ക് അദ്ദേഹത്തിന് വേണ്ടി തിരിച്ചു ചെയ്യാൻ സാധിക്കുന്ന നന്മകൾ.
സൗഹൃദങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിരുന്ന ബി എച്ച് എന്റെ ഉപ്പയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു. പണ്ഡിതന്മാരെയും സയ്യിദന്മാരെയും നിറഞ്ഞ മനസ്സോടെ സ്നേഹിച്ചിരുന്ന ബി എച്ച് കണ്ണിയത്തു ഉസ്താത് അക്കാദമിയുടെ ഉയർച്ചയിൽ മുഖ്യ പങ്കു വഹിച്ച വ്യക്തി കൂടിയായിരുന്നു.
മലയോര മണ്ണിന്റെ മത -രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ഇടനാഴിയിൽ തൻ്റെ മികവുറ്റ പ്രവർത്തനങ്ങൾ കൊണ്ട് തങ്കലിപികളാൽ ഉല്ലേഖനം ചെയ്യപ്പെട്ട ബി എച്ച് എന്ന ബി എച്ച് അബ്ദുള്ളയുടെ പച്ചയായ ജീവിതം വളരുന്ന തലമുറകൾക്ക് മുമ്പിൽ സവിനയം തുറന്നു വെച്ചുകൊണ്ട് നമുക്കദ്ദേഹത്തെ കണ്ണീരോടെ അനുസ്മരിക്കാം...
(ദുബൈ കെ എം സി സി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
Keywords: Kerala, Kasargod, Article, B H Abdulla, Rememmberance, KMCC, Political Party, Leader, Salam Kanyapady, Article about B H Abdulla.