city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൈനുല്‍ ഉലമയുടെ പിന്‍ഗാമിയായി ശൈഖുല്‍ ജാമിഅ ആലിക്കുട്ടി ഉസ്താദ്

ഇര്‍ഷാദ് ഹുദവി ബെദിര 

(www.kasargodvartha.com 28.02.2016) പാണ്ഡിത്യത്തിന്റെ പ്രൗഢിയും പ്രതിഭാ ധനത്വത്തിന്റെ പകിട്ടും ലാളിത്യത്തിന്റെ എളിമയും കൂടിക്കലര്‍ന്ന പണ്ഡിത കേസരിയാണ് ഉസ്താദ് ആലിക്കുട്ടി മുസ്‌ലിയാര്‍. സമസ്തയുടെ കര്‍മ രംഗത്ത് നിസ്തുലമാര്‍ന്ന സേവനങ്ങളനുഷ്ടിച്ച ഉസ്താദ് പ്രോജ്വലിച്ച് നില്‍ക്കുന്നു. 1945 ല്‍ മൂസ ഹാജി-ബിയ്യാത്തു കുട്ടി എന്നീ ദമ്പതികളുടെ മൂത്തമകനായിട്ടാണ് ഉസ്താദിന്റെ ജനനം. 1965 ല്‍ അമ്മാവന്‍ മമ്മുക്കുട്ടി ഹാജിയുടെ മകള്‍ ഫാത്വിമയെ വിവാഹം ചെയ്തു. പ്രാഥമിക ഖുര്‍ആന്‍ പഠനം ഏഴാം വയസ്സില്‍ വല്ല്യുപ്പ ആലി ഹാജിയില്‍ നിന്നായിരുന്നു.

പിന്നീട് നാലു വര്‍ഷത്തോളം സൈദാലി മുസ്‌ലിയാരുടെ ഇരുമ്പുഴി ദര്‍സില്‍ പഠനം തുടര്‍ന്നു. അതിന് ശേഷം വാളപുരം കെ ടി മുഹമ്മദ് മുസ്‌ലിയാരുടെ പുത്തനങ്ങാടി ദര്‍സില്‍ നാല് മാസവും മൊയ്തീന്‍ മുസ്‌ലിയാരുടെ പടിഞ്ഞാറ്റുമുറി ദര്‍സില്‍ അഞ്ച് മാസവും മൂന്ന് വര്‍ഷത്തോളം കായി മുസ്‌ലിയാര്‍ ദര്‍സ് നടത്തിയിരുന്ന അരിപ്രയിലും ഉസ്താദവര്‍കള്‍ പഠനം തുടര്‍ന്നിട്ടുണ്ട്. പിന്നീട് മൂന്നര വര്‍ഷത്തോളം ബാപ്പുകുട്ടി മുസ്‌ലിയാരുടെ പടിഞ്ഞാറ്റുമുറി ദര്‍സില്‍ ചേര്‍ന്ന് ജ്ഞാനം നുകര്‍ന്നതിന് ശേഷമാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്ക് വരുന്നത്. പതിനാലാം വയസ്സില്‍ സ്വന്തം നാട്ടില്‍ ഖത്വീബ് സ്ഥാനം ഏറ്റെടുക്കുകയും അക്കാലയളവില്‍ എട്ട് ദിവസം നീണ്ട് നിന്ന വഅള് പരമ്പരക്കും ഉസ്താദ് നേതൃത്വം നല്‍കി. ഇരുപതാം വയസ്സില്‍ നാട്ടിലെ ഖാളി. ഉസ്താദിന്റെ പാണ്ഡിത്യവും വ്യക്തിത്വവും മനസ്സിലാക്കാന്‍ ഇതില്‍ കൂടുതല്‍ പറയേണ്ടി വരില്ല.

ജാമിഅ നൂരിയ്യയിലെ നാല് വര്‍ഷത്തെ പഠന കാലം ഉസ്താദിന്റെ ജീവിതത്തില്‍ പല വഴിത്തിരിവുകള്‍ക്കും നിദാനമായിട്ടുണ്ട്. ഉസ്താദിന്റെ പാണ്ഡിത്യം ആഗോള തലത്തില്‍ തന്നെ അറിയപ്പെടാന്‍ കാരണമായ ഭാഷാ പഠനം നടന്നത് ജാമിഅയില്‍ വെച്ചായിരുന്നു. ഒരാഴ്ച മാത്രം സ്‌കൂള്‍ പഠനം നടത്തിയ ഉസ്താദവര്‍കള്‍ക്ക് ഇംഗ്ലീഷ് പഠനം സാധ്യമായത് ഉമറലി ശിഹാബ് തങ്ങളിലൂടെയായിരുന്നു. ഉമറലി തങ്ങളെ ഗുരുവായി സ്വീകരിക്കുകയും ഇംഗ്ലീഷില്‍ അത്യുന്നതി കൈവരിക്കാന്‍ സാധിക്കുകയും ചെയ്തു. അക്കാലത്ത് എല്ലാ ശനിയാഴ്ചയും ജാമിഅയില്‍ നടത്തിയിരുന്ന കെ പി ഉസ്മാന്‍ സാഹിബിന്റെ ഉര്‍ദു ക്ലാസിലൂടെ ഉര്‍ദു ഭാഷയും കരഗതമാക്കാന്‍ സാധിച്ചു. ജ്ഞാന കുലപതികളായ ശംസുല്‍ ഉലമയുടെയും കോട്ടുമല ഉസ്താദിന്റെയും ശിഷ്യത്വം സ്വീകരിക്കാന്‍ ജാമിഅ കാലത്ത് ഉസ്താദിന് സാധിച്ചു. ഉസ്താദിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും ഇവരുടെ മനസ്സറിഞ്ഞ പ്രോത്സാഹനം ലഭിച്ചിരുന്നുവെത്രെ. കുമരം പുത്തൂര്‍ കുഞ്ഞലവി മുസ്‌ലിയാര്‍, കെ സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, വെല്ലൂര്‍ അബൂബക്കര്‍ ഹസ്രത്ത്, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിത മഹത്തുക്കളുടെയും ശിഷ്യത്വം സ്വീകരിച്ച് ജ്ഞാനം നുകരാന്‍ ജാമിഅയില്‍ വെച്ച് ഉസ്താദവര്‍കള്‍ക്ക് സാധിച്ചിട്ടുണ്ട്.

1968ല്‍ ഫൈസി ബിരുദം കരഗതമാക്കിയതിന് ശേഷം മലപ്പുറത്തിനടുത്ത മീനാര്‍ കുഴിയിലാണ് ഉസ്താദവര്‍കള്‍ ദര്‍സ് നടത്താന്‍ പോയത്. താടിയോ മീശയോ ഇല്ലാത്ത ഉസ്താദിനെ കണ്ട നാട്ടുകാര്‍ കോട്ടുമല ഉസ്താദിന്റെ അടുക്കല്‍ പോയി പരാതി പറഞ്ഞു. ഉടന്‍ മഹാനവര്‍കള്‍ പ്രതികരിച്ചു. പുറമെയല്ല വേണ്ടത്, ഉള്ളാണ് ഉണ്ടാവേണ്ടത്. അവന്‍ അവിടെ നില്‍ക്കട്ടെ. അതിന് ശേഷം എട്ട് വര്‍ഷത്തോളം ഉസ്താദ് മീനാര്‍ കുഴിയില്‍ ദര്‍സ് നടത്തി ജനങ്ങള്‍ക്ക് ഉസ്താദിന്റെ വ്യക്തിത്വവും പാണ്ഡിത്യവും വളരെയധികം ഇഷ്ടപ്പെട്ടു. സമസ്തയുടെ കര്‍മ്മ രംഗത്തേക്ക് ഉസ്താദ് കടന്ന് വരുന്നത് 1970 ല്‍ പെരിന്തല്‍ മണ്ണ താലൂക്ക് സമസ്ത ജനറല്‍ സെക്രട്ടറി യാവുന്നതോടെയാണ്. 76ല്‍ മലപ്പുറം ജില്ലാ സമസ്ത ജോയിന്റ് സെക്രട്ടറിയായി. 78മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന(ഓസ് ഫോജ്‌ന) ജനറല്‍ സെക്രട്ടറിയായും 86 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എന്ന നിലയിലും 91 മുതല്‍ എസ് വൈ എസ് ജനറല്‍ സെക്രട്ടറിയായും ഉസ്താദവര്‍കള്‍ സേവനമനുഷ്ടിച്ചു വരുന്നു.

79ല്‍ ആണ് ഉസ്താദവര്‍കള്‍ ജാമിഅയില്‍ മുദരിസായി ചേരുന്നത്. 2003 ല്‍ ജാമിഅയുടെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തേക്ക് വരികയും ചെയ്തു. ഇപ്പോള്‍ സമസ്ത ജോയിന്‍ സെക്രട്ടറിയാണ്. സ്ഥാന മാനങ്ങളുടെ നീണ്ട നിര തന്നെ ഉസ്താദിന് കൈവന്നെങ്കിലും താഴ്മയുടെ ലളിത രൂപത്തില്‍ തന്നെ ജീവിതം ചിട്ടപ്പെടുത്താനാണ് ഉസ്താദവര്‍കള്‍ ശ്രമിച്ചത്. അന്താരാഷ്ട്ര രംഗത്തും ദേശീയ രംഗത്തും തന്റെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ഉസ്താദിന് സാധിച്ചിട്ടുണ്ട്. നിരവധി സെമിനാറുകളില്‍ പങ്കെടുത്ത് ഗണനീയമായ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ ഉസ്താദിന് അവസരം ലഭിച്ചിട്ടുണ്ട്. 1986ല്‍ ഹൈദരാബാദില്‍ നടന്ന അന്താരാഷ്ട്ര ഇസ്‌ലാമിക് സെമിനാര്‍ (ആധുനിക പ്രശ്‌നങ്ങളും ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രവും) 1989 ല്‍ ഹൈദരാബാദില്‍ നടന്ന ദേശീയ സെമിനാര്‍ (അറബി-പേര്‍ഷ്യന്‍ പാഠ്യ പദ്ധതികളുടെ പുനര്‍ഘടന) 1998 ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നടന്ന റെഫ്രഷര്‍ കോഴ്‌സ് ഇന്‍ അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്.

മുസ്‌ലിം കൈരളിക്ക് താങ്ങും തണലുമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗമായ ഉസ്താദ് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ മെമ്പര്‍ കൂടിയാണ്.  2003 മുതല്‍ 2006 വരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായും അതിന്ന് ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ ഉസ്താദിന് സാധിച്ചിട്ടുണ്ട്. തൂലികാ രംഗത്ത് വ്യക്തമായ സ്വാധീനം ചെലുത്തുന്ന ഉസ്താദ് സുന്നീ യുവജന സംഘത്തിന്റെ മുഖപത്രമായ സുന്നി അഫ്കാര്‍ വാരിക, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിദ്ധീകരണമായ അല്‍ മുഅല്ലിം മാസിക, അന്നൂര്‍ അറബി മാസിക, തിരൂര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാറ്റാ നെന്ന് ഫോര്‍ ഇസ്‌ലാമിക് പ്രൊപ്പഗേഷന്‍ പുറിത്തിറക്കുന്ന മുസ്‌ലിം ലാകം - ഇയര്‍ ബുക്ക് എന്നീ നാലോളം പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപനായും സേവനമനുഷ്ഠിക്കുന്നുണ്ട്.

കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയായിരുന്ന ശൈഖുനാ ടി കെ എം ബാവ മുസ്ലിയാരുടെ മരണത്തിന്ന് ശേഷം കാസര്‍കോട് സംയുക്ക ജമാഅത്ത് ഖാസിയായി തുടരുകയാണ്. കേരള മുസ്‌ലിം ഡാറ്റാ ബാങ്ക് വെബ് പോര്‍ട്ടല്‍ ചീഫ് എഡിറ്ററാണ്. ആഗോള തലത്തില്‍ ഇസ്‌ലാമിക മുന്നേറ്റം, പുണ്യ ഭൂമിയിലേക്ക് എന്നീ പുസ്തകങ്ങളും ഹജ്ജിനെ കുറിച്ചുള്ള മൂന്ന് പുസ്തകങ്ങളും ഉസ്താദ് രചിച്ചിട്ടുണ്ട്. കേരളത്തലെ നിരവധി സ്ഥാപനങ്ങളുടെ ഭാരവാഹിത്വവും ഉസ്താദ് വഹിക്കുന്നുണ്ട്. വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ ഇസ്‌ലാമിക് കോപ്ലക്‌സ് ജനറല്‍ സെക്രട്ടറി, തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‌ലാമിക് വിദ്യഭ്യാസ കോംപ്ലക്‌സ് വൈസ് പ്രസിഡണ്ട്, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളേജ് പ്രസിഡണ്ട്, വടകര ഹുജ്ജത്തുല്‍ ഇസ്‌ലാം ഇസ്‌ലാമിക് കേംപ്ലക്‌സ് പ്രസിഡണ്ട് തുടങ്ങിയവ അതില്‍പെടുന്നു.

ഉമറലി ശിഹാബ് തങ്ങള്‍, സി കെ എം സ്വാദിഖ് മുസ്‌ലിയാര്‍, വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്‌ലിയാര്‍, ഏലങ്കുളം മൊയ്തീന്‍ മുസ്‌ലിയാര്‍, മുക്കം മുഹമ്മദ് മോന്‍ ഹാജി, സയ്യിദ് അലി ബാഫഖി തങ്ങള്‍ തുടങ്ങിയവര്‍ ഉസ്താദിന്റെ പ്രധാന സഹപാഠികളാണ്. മൂസ ഫൈസി, അബൂബക്കര്‍, സൈനബ, ഖദീജ, മൈമൂന, മറിയം, ഹഫ്‌സ എന്നിവരാണ് മക്കള്‍.

(എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖലാ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

സൈനുല്‍ ഉലമയുടെ പിന്‍ഗാമിയായി ശൈഖുല്‍ ജാമിഅ ആലിക്കുട്ടി ഉസ്താദ്


Keywords:  SKSSF, Shihab thangal, Islam, kasaragod, Kerala,  article, Irsahd Hudavi Bedira

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia