city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാത്സല്യമുള്ള പത്രാധിപര്‍

വാത്സല്യമുള്ള പത്രാധിപര്‍
പ്പോള്‍ അറിഞ്ഞുവോ സുകന്യേ? ആല്‍മരം പറഞ്ഞു ആരൊക്കെയോ നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. നാം തനിച്ചല്ല. എന്തൊക്കെയോ നന്മകളുടെ നടുക്കാണ് നമ്മുടെ യത്‌നങ്ങള്‍, അല്ലേ? മധുരം ഗായതി.
കണ്ണടകള്‍ക്കിടയിലൂടെ സുകുമാര്‍ അഴീക്കോടിന്റെ കൂര്‍പ്പിച്ച നോട്ടം എന്റെ മേല്‍ പതിയാന്‍ ഇടയാക്കിയത് മധുരംഗായതിയായിരുന്നു. കോഴിക്കോട്ട് നിന്നും പ്രസിദ്ധീകരിക്കുന്നതും അദ്ദേഹം മുഖ്യപത്രാധിപനുമായ വര്‍ത്തമാനം ദിനപത്രത്തിലേക്ക് പത്രപ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നടക്കുകയായിരുന്നു. കഥാകൃത്ത് എന്‍.വി.ഫാസിസ് മുഹമ്മദ്, പ്രമുഖപത്രപ്രവര്‍ത്തകനായ വി.ആര്‍.ജയരാജ്, പി.ജെ.മാത്യു, സാക്ഷാല്‍ അഴീക്കോട് എന്നിവരടങ്ങിയതാണ് ഇന്റര്‍വ്യൂബോര്‍ഡ്. പല വിഷയങ്ങള്‍ക്കൊടുവില്‍ സാഹിത്യവും കടന്നുവന്നു.

ആരാണ് ഇഷ്ടപ്പെട്ട എഴുത്തുകാരന്‍? ചോദ്യം ഫാസിസ് മുഹമ്മദിന്റേതായിരുന്നു. ഒ.വി.വിജയന്‍ ഞാന്‍ മറുപടി പറഞ്ഞു. എതാണ് ഇഷ്ടനോവല്‍ അടുത്ത ചോദ്യം, മധുരം ഗായതി ഞാന്‍ പറഞ്ഞു. എന്തുകോണ്ട്? അഴീക്കോട് മാഷാണ് ചോദിച്ചത്. കണ്ണടകള്‍ക്കിടയിലൂടെ തിളങ്ങുന്ന കണ്ണുകള്‍ എന്നെ പേടിപ്പിച്ചു. ഉപനിഷത്ത് ദര്‍ശങ്ങളില്‍ മുങ്ങിത്താഴ്ന്ന് തത്വമസിയുമായി ഗജരാജനെപ്പോലെ തലയുയര്‍ത്തി നില്‍ക്കുന്ന അഴീക്കോടിന് മുന്നില്‍ മധുരംഗായതി എന്ന് വിളിച്ചുപറഞ്ഞത് അബദ്ധമായിപ്പോയോ എന്ന് ഞാന്‍ സംശയിച്ചു. എന്നിലെ ഇരുപത്തിയൊന്നുകാരന്‍ പൂച്ചയെപ്പോലെ പരുങ്ങി. ഭാരതീയ ദര്‍ശനത്തെ ആഗോളമായി ലളിതമായി അവതരിപ്പിക്കുന്നു. ഞാന്‍ ഒറ്റശ്വാസത്തില്‍ മറുപടി പറഞ്ഞു. ആഴ്ചകള്‍ക്കുശേഷം തെരഞ്ഞെടുക്കപ്പെട്ടുവെന്ന അറിയിപ്പു പോസ്റ്റമാന്‍ തരുമ്പോഴാണ് സത്യത്തില്‍ എന്റെ ശ്വാസം നേരെ വീണത്.

രണ്ടുമാസക്കാലം കോഴിക്കോടിനടുത്തുള്ള ചാലപ്പുറത്തെ വര്‍ത്തമാനം ഓഫീസില്‍ പരിശീലനകളരി. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമായി 25 വയസില്‍ താഴെയുള്ള 30 പേര്‍. അതോടൊപ്പം ടൈംസ്ഓഫ് ഇന്ത്യയില്‍ നിന്നും വന്ന വി.ആര്‍.ജയരാജ്, പി.ജെ.മാത്യു, ജിമോന്‍ ജേക്കബ്, ഇന്ത്യന്‍ എക്‌സ്പ്രസില്‍ നിന്നും വന്ന രവിമേനോന്‍ എന്നിവരടങ്ങിയ സീനിയര്‍ പത്രപ്രവര്‍ത്തകരും എല്ലാവരുടെയും മാഷും പത്രാധിപരുമായി സുകുമാര്‍ അഴീക്കോടും. സര്‍ഗാത്മകമായിരുന്നു ആ ദിനങ്ങള്‍. അനുഭകഥകളും വാര്‍ത്തകളുടെ ചൂരും ചൂടും നിറഞ്ഞ് നിന്ന അന്തരീക്ഷം ഒരു കാരണവരെപ്പോലെ അഴീക്കോട് മാഷിന്റെ നോട്ടം എല്ലായിടത്തുമെത്തിയിരുന്നു.

ഞാന്‍ പരാജയപ്പെട്ട പത്രാധിപരാണ് എന്നു പറഞ്ഞായിരുന്നു മാഷിന്റെ തുടക്കം. എനിക്ക് അത്ഭുതമാണ് തോന്നിയത്. വിമര്‍ശന ശരങ്ങളെയ്ത് എതിരാളികളെ കുഴപ്പിച്ച ജി.ശങ്കരകുറുപ്പിനെ വിമര്‍ശിച്ച് കോളിളക്കമുണ്ടാക്കിയ മനുഷ്യനേയല്ല അവിടെ കണ്ടത്. ദേശമിത്രം, നവയുഗം, ദിനപ്രഭ എന്നിവയുടെ പത്രാധിപരായി ശോഭിക്കാന്‍ കഴിയാത്തതും വര്‍ത്തമാനകാലത്തെ വാണിജ്യതന്ത്രങ്ങള്‍ക്ക് കീഴ്‌പ്പെടാന്‍ കഴിയാത്തതുമായിരിക്കണം മാഷിനെകൊണ്ട് അങ്ങനെ പറയിപ്പിച്ചത്. ഇത്രയും ചെറുപ്പക്കാരെ ഒരുമിച്ച് കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്പോളത്തിലെ മത്സരത്തിനനുസരിച്ച് അച്ചുനിരത്താത്തതിനാല്‍ വര്‍ത്തമാനം വലിയ സര്‍ക്കുലേഷനുണ്ടാക്കിയില്ല. അത് എന്തൊക്കെയായലും അഴീക്കോട് മാഷിന്റെ പിതൃതുല്യമായ വാത്സല്യം അനുഭവിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ 30 പേര്‍ക്കുമുണ്ടായി. ജാതിയും മതവും ജില്ലകളും മറികടന്ന് ഞങ്ങള്‍ ഒന്നായി. ഞങ്ങള്‍ എഴുതിയതെല്ലാം അദ്ദേഹം വായിക്കുമായിരുന്നു. അഭിപ്രായം അറിയിക്കും. ഇതില്‍പ്പരം സന്തോഷം വേറെന്തുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ പലവഴിക്കായെങ്കിലും ഞങ്ങളുടെ സംഭാഷണങ്ങളില്‍ എന്നും മാഷും കടന്നുവരും.

വര്‍ത്തമാനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കവേയാണ് എന്റെ അച്ഛന്റെ മരണം സംഭവിച്ചത്. നേര്‍ത്തുപെയ്യുന്ന മഴയില്‍ മംഗലാപുരത്ത് കെ.എം.സി.സി ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ അച്ഛന്റെ മരവിച്ച ശരീരത്തില്‍ നോക്കവേ ആകെപ്പാടെ ഒരുമരവിപ്പ് എനിക്കും അനുഭവപ്പെട്ടു. ആംബുലന്‍സ് വീട്ടിലെത്തിയിട്ടും അത് തുടര്‍ന്നു. തികച്ചും യാന്ത്രികമായി ഞാന്‍ അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തി. ചിതയടങ്ങവേ വര്‍ത്തമാനത്തിന്റെ കോഴിക്കോട് ഓഫീസില്‍ നിന്നും സി.കെ.വിജയേട്ടനും, ഹാരിസിച്ചയുമെത്തി. ഒരു കവര്‍ എനിക്ക് തന്നു. ഞാന്‍ തുറന്ന് നോക്കി. കേരളത്തിന് പുറത്താണെന്ന് പറഞ്ഞുകൊണ്ടുള്ള അഴീക്കോടിന്റെ കത്തായിരുന്നു. കറുത്തനിറത്തില്‍ കുത്തനെയെഴുതിയ അക്ഷരങ്ങള്‍ എഴുന്നേറ്റ് വന്ന് എന്നോട് സംസാരിച്ചു.എന്റെ മരവിപ്പ് ക്രമേണ വിട്ടുമാറി. അച്ഛന്റെ സഞ്ചയനവും മറ്റ്
ചടങ്ങകളും കഴിഞ്ഞ് ഞാന്‍ വീണ്ടും വര്‍ത്തമാനത്തിലെത്തി.

മഞ്ചേശ്വരത്തിനടുത്ത് പാവൂര്‍ ഹോളിക്രോസ് ചര്‍ച്ചില്‍ നാലുഭാഷകളില്‍ കുര്‍ബാന നടക്കുന്നതിനെക്കുറിച്ചായിരുന്നു എന്റെ ആദ്യവാര്‍ത്ത. അത് കണ്ട് അഴീക്കോട് മാഷ് എന്നെ വിളിച്ച് അഭിനന്ദിച്ചു. അതെനിക്ക് നല്‍കിയ ഊര്‍ജ്ജം വളരെ വലുതാണ്. കുയിലിന് ഗാനമുണ്ടെന്ന് സമ്മതിക്കാം. പക്ഷെ നമ്മുടെ പൂര്‍വ്വികര്‍ കുതിരയിലും ആടിലും സംഗീതം കണ്ടെത്തി. തവളയുടെ ഗാനത്തെപ്പോലും വേദഘോഷത്തിന് സമമായി ഋഗ്‌വേദത്തില്‍ പറയുന്നു. എന്റെ മധുരംഗായതിയില്‍ പിടിച്ചാണ് മാഷ് സംസാരിച്ചത്.

പ്രദീപ് എല്ലാറ്റിലും വാര്‍ത്ത കണ്ടെത്തുകയാണല്ലോ? മാഷിന്റെ ശബ്ദത്തില്‍ സ്‌നേഹവും വാത്സല്യവുമുണ്ടായിരുന്നു. സന്തോഷം കൊണ്ടും അഭിമാനംകൊണ്ടും ഞാന്‍ വീര്‍പ്പുമുട്ടി.
മറ്റുള്ളവര്‍ നിരാശരാകുമ്പോള്‍ പ്രത്യാശിക്കുകയും പ്രത്യാശിക്കുമ്പോള്‍ നിരാശനാകുകയും ചെയ്യുന്നു പ്രവാചകന്‍ എന്ന് കസന്‍സാക്കിസ് പറഞ്ഞിട്ടുണ്ട്. സുകുമാര്‍ അഴീക്കോടിന്റെ കാര്യത്തില്‍ അന്വര്‍ത്ഥമാണിത്. ഒരു കാലഘട്ടത്തന്റെ മനസാക്ഷിയായി ജീവിക്കുക. എല്ലാറ്റിനോടും പ്രതികരിക്കുക. അതേ സമയം നല്ല അധ്യാപകനും സ്‌നേഹസമ്പന്നനുമാകുക തത്വമസി എഴുതിയ ആ ജന്മം പൂര്‍ണ്ണം തന്നെ എന്നു പറയാം. കാരണം മറ്റുള്ളവരെ പ്രചോദിപ്പിക്കാന്‍ കഴിയുമ്പോഴാണല്ലോ നമ്മുടെ ജന്മം മനുഷ്യന്റേതാണെന്ന് പറയാന്‍ കഴിയുക.

വാത്സല്യമുള്ള പത്രാധിപര്‍
-കെ.പ്രദീപ്‌

Keywords: Article, Sukumar Azheekode, K.Pradeep

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia