city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉറയിലിടാത്ത കത്തി നെഞ്ചുകള്‍ തുളച്ചുകയറുമ്പോള്‍ നാം ഓര്‍ക്കേണ്ടത്....

(സൈനുല്‍ ആബിദിന്റെ കൊലപാതകത്തിന്റെ നടുക്കത്തിനിടെ ഒരന്വേഷണം)

-രവീന്ദ്രന്‍ പാടി

(www.kasargodvartha.com 23.12.2014) സപ്ത ഭാഷകളുടെയും സംസ്‌ക്കാര സമ്പന്നതയുടെയും നാടായ കാസര്‍കോടിന്റെ മനസ്സ് വീണ്ടും കലങ്ങുകയാണോ? അടുത്തിടെയായി വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇവിടെ സമാധാനാന്തരീക്ഷം നിലനിന്നു പോരുകയായിരുന്നു. അതിനാണ് തിങ്കളാഴ്ച രാത്രി എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ തളങ്കരയിലെ സൈനുല്‍ ആബിദി (22)ന്റെ കൊലപാതകത്തോടെ ഉലച്ചില്‍ തട്ടിയത്. എം.ജി. റോഡില്‍ മുസ്ലിം ലീഗ് ജില്ലാ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ കടയില്‍, കട അടക്കാനായി സാധനങ്ങള്‍ അടുക്കി വെച്ചുകൊണ്ടിരിക്കെയാണ് അഞ്ചംഗ സംഘം ആബിദിനെ കഠാരയ്ക്കിരയാക്കിയത്. പിതാവിന്റെ മുന്നിലിട്ടാണ് ഈ നിഷ്ഠൂര കൃത്യം എന്നത് പൈശാചികതയുടെ ആഴം കൂട്ടുന്നു.

സംഭവത്തില്‍ ടൗണ്‍ പോലീസ് കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.  ഇവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. കൊലയാളികള്‍ സംഘ്പരിവാര്‍ സംഘടനയില്‍ പെട്ടവരാണെന്നാണ് നിഗമനം. എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാം, കൊലയാളികള്‍ സംഘ് പരിവാര്‍ സംഘാംഗങ്ങളാണെന്ന് ആരോപിച്ചിട്ടുമുണ്ട്.

കൊല്ലപ്പെട്ട ആബിദ്, ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ അണങ്കൂരിലെ ജ്യോതിഷിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ്. അതാകാം കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് കണക്കുകൂട്ടല്‍. ജ്യോതിഷിനെ വധിക്കാന്‍ ശ്രമിച്ചത് അയാള്‍ ഒരു കൊലക്കേസില്‍ പ്രതിയായതു കൊണ്ടാണ്. കുറ്റകൃത്യങ്ങളുടെയും പകയുടെയും ഒരു പരമ്പര തന്നെ ഇപ്പോഴത്തെ കൊലപാതകത്തിനു പിന്നിലുണ്ടെന്നു കാണാം.

എത്രയെത്ര ചുടു രക്തമാണ് വര്‍ഷങ്ങളായി കാസര്‍കോടിന്റെ മണ്ണില്‍ വീണു കൊണ്ടിരിക്കുന്നത്! പോരുകോഴികളെ പോലെ പരസ്പരം കുത്തി ചോരവാര്‍ന്നു യുവാക്കള്‍ മരിച്ചു വീഴുന്ന മണ്ണായി ഈ സപ്തഭാഷാ സംസ്‌ക്കാര ഭൂമി മാറുകയാണോ!

ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെയാണ് കാസര്‍കോട്ട് അശാന്തിയുടെയും പകയുടെയും വര്‍ഗീയവൈരത്തിന്റെയും തീപ്പൊരി വീണു തുടങ്ങിയത്. ആ തീയില്‍ എത്രയെത്ര യുവാക്കളാണ് കൊല്ലപ്പെട്ടത്. എത്രയെത്ര കുടുംബങ്ങള്‍ക്കാണ് മകനെയും, ഭര്‍ത്താവിനെയും, പിതാവിനെയും, സഹോദരനെയും, ബന്ധുവിനെയും, സുഹൃത്തിനെയും, കുടുംബത്തിന്റെ അത്താണിയെയും നഷ്ടപ്പെട്ടത്! അക്രമ സംഭവങ്ങളില്‍ പ്രതികളായി എത്രയെത്ര ചെറുപ്പക്കാരുടെ ജീവിതമാണ് തുലഞ്ഞു പോയത്!

എന്നിട്ടും ഈ തീക്കൊള്ളികൊണ്ടുള്ള തല ചൊറിയല്‍ നില്‍ക്കുന്നില്ലല്ലോ എന്നാലോചിക്കുമ്പോഴാണ് ഈ നാടിനെ ഗ്രസിച്ചിരിക്കുന്ന ദുര്‍വിധിയോര്‍ത്ത് കരഞ്ഞു പോകുന്നത്. ആബിദിന്റെ കൊലയാളികള്‍ക്ക് ഇവിടെ സൈവരവിഹാരം നടത്താനാകുമോ? പക പോക്കലുണ്ടാവില്ലേ? പ്രതികാര ദാഹം ഉണരില്ലേ? തുടങ്ങിയ ചോദ്യങ്ങള്‍ ജന മനസില്‍ ഉയരുകയാണ്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ജാഗ്രത കാട്ടുകയും ചെയ്യുന്ന പോലീസ് സേന, പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കുന്നതില്‍ പലപ്പോഴും പരാജയപ്പെടുകയാണ്. ഇവിടെ ഏതു സമയത്തും എന്തും സംഭവിക്കാം എന്ന സ്ഥിതിയുണ്ടെന്നു പോലീസുകാര്‍ക്കു നല്ല ബോധ്യമുണ്ട്. എന്നാല്‍ കാര്യത്തോടുക്കുമ്പോള്‍ അവരുടെ ബുദ്ധി ഉണരുന്നില്ല എന്നതാണ് വസ്തുത.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തില്‍ പോലീസ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ക്യാമറ ദൃശ്യങ്ങളിലൂടെ അക്രമികളെ കുടുക്കാനും കേസിനു തെളിവുണ്ടാക്കാനും പോലീസിനു കഴിയേണ്ടതുണ്ട്.

കുമ്പളയില്‍ സിപി.എം. പ്രവര്‍ത്തകന്‍ മുരളി കൊല്ലപ്പെട്ടപ്പോള്‍ അത് അവസാനത്തെ കൊലയായിരിക്കണേയെന്നും ഇനി ഈ മണ്ണില്‍ മനുഷ്യരക്തം വീഴരുതെന്നും നാട് പ്രാര്‍ത്ഥിച്ചതാണ്. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഉറയിലിടാത്ത കത്തി വീണ്ടും നെഞ്ചിലേക്കു തുളച്ചുകയറുമ്പോള്‍ ഈ നാട് സ്തംഭിച്ചു നിന്നു പോവുകയാണ്. സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്താനുള്ള വാക്കും പ്രവര്‍ത്തിയും എല്ലാ ഭാഗങ്ങളില്‍ നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. ഒപ്പം പോലീസിന്റെ ഭാഗത്തു നിന്നുള്ള കുറ്റമറ്റ നടപടികളും.
ഉറയിലിടാത്ത കത്തി നെഞ്ചുകള്‍ തുളച്ചുകയറുമ്പോള്‍ നാം ഓര്‍ക്കേണ്ടത്....
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ

ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു

ആബിദിന്റെ മൃതദേഹം മാലിക് ദീനാറില്‍ പൊതുദര്‍ശനത്തിന് വെക്കും, ഖബറടക്കം ഉച്ചയോടെ

ആബിദിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി

യുവാവ് കുത്തേറ്റ് മരിച്ച സംഭവം: കാസര്‍കോട് താലൂക്കില്‍ ചൊവ്വാഴ്ച എസ്.ഡി.പി.ഐ ഹര്‍ത്താല്‍

കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു

കാസര്‍കോട് നഗരത്തില്‍ യുവാവിന് കുത്തേറ്റു


Keywords: Kasaragod, Kerala, SDPI, Shop, Police, case, Murder, RSS, Article, A Murder And Our Responsibilities.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia