city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓർമയിലൊരു അവധി ദിനം

- ഡോ. അബ്ദുൽ സത്താർ എ എ

(www.kasargodvartha.com 10.04.2021) കോഴിക്കോട് മെഡിക്കൽ കോളേജിൽ എം ബി ബി എസിന് പഠിക്കുമ്പോൾ വീടും അതിന്റെ ഓർമ്മകളും എന്നെ വല്ലാതെ അലട്ടിയിരുന്നു. കാരണം, അതുവരെ ഞാൻ വീട് വിട്ട് രണ്ട് ദിവസത്തിലധികം മാറി താമസിച്ചിരുന്നില്ല.

ശനിയാഴ്ചകളിൽ ഉച്ചവരെയേയുള്ളു ക്ലാസ്. പന്ത്രണ്ടരയാകുമ്പോൾ തീരും. വെള്ളിയാഴ്ചയായാൽ ശനിയാഴ്ച നാട്ടിലെത്താനുള്ള തയ്യാറെടുപ്പ് തുടങ്ങും. രാവിലെത്തന്നെ ക്ലാസ് നോട്ടെഴുതാനുള്ള കടലാസുമെടുത്ത് ഹോസ്റ്റലിൽ നിന്നുമിറങ്ങും. ഹോസ്റ്റൽ - ബയോ കെമിസ്ട്രി ഹാൾ - മെഡിക്കൽ കോളേജ് ജംഗ്ഷൻ - കോഴിക്കോട് റെയിൽവേ സ്റ്റേഷൻ.... തലേന്നാൾ തന്നെ യാത്രക്കുള്ള റൂട്ട് മാപ്പ് തയ്യാറായിട്ടുണ്ടാവും. ഉച്ച ഭക്ഷണം ഒഴിവാക്കും. ഒരു മണി പത്ത് മിനിറ്റ് കഴിഞ്ഞാൽ കോയമ്പത്തൂരിൽ നിന്നും വരുന്ന ഒരു വണ്ടിയുണ്ട്. ഫാസ്റ്റ് പാസഞ്ചർ എന്നാണ് പേരെങ്കിലും എല്ലാ സ്റ്റേഷനുകളിലും നിർത്തും. അധികം തിരക്കുണ്ടാവാറില്ല. പന്ത്രണ്ടു രൂപയാണ് കാസർകോട്ടേക്കുള്ള ചാർജ്ജ്. അന്ന് അത് ഒരു വലിയ തുക തന്നെയായിരുന്നു. ഒരാഴ്ച ഒന്നും ചിലവാക്കാതെ ഇറുക്കി വെച്ചാണ് ആ തുക കണ്ടെത്തിയിരുന്നത്. രണ്ട് മൂന്ന് വർഷം ഈയാത്ര തുടർന്നു. ജീവിതം തന്നെ യാത്രയാണല്ലോ? ഒരു തീവണ്ടിയാത്ര. അവരവരുടെ സ്റ്റേഷനെത്തുമ്പോൾ ഇറങ്ങിപ്പോകേണ്ടവരാണെല്ലാം. ചിലർക്ക് ചുരുങ്ങിയ ദൂരവും മറ്റു ചിലർക്ക് ദീർഘയാത്രയുമാണ് വിധി.
                                                                                 
ഓർമയിലൊരു അവധി ദിനം

രാത്രിയിൽ ഉമ്മയുണ്ടാക്കുന്ന മത്തിക്കറിയും കൽത്തപ്പവും കുറത്തിപ്പത്തലും മനസ്സ് നിറച്ചുണ്ടാവും. എനിക്ക് ഇഷ്ടപ്പെട്ടവയാണവ. ഉമ്മ അവ റെഡിയാക്കി വെക്കും. അവ പുറത്ത് എവിടെ നിന്നും കിട്ടുകയുമില്ല. വീട്ടിലെത്തിയാൽ കുളിച്ചു ഭക്ഷണം കഴിച്ചു ഉറക്കം തന്നെ. ഞായറാഴ്ച രാവിലെ ഒരുങ്ങും. ഉച്ചക്കുള്ള മദ്രാസ് മെയിലിന് പോകാൻ. ഉച്ചയായാൽ യാത്ര വൈകീട്ടത്തേക്ക് നീട്ടും. വൈകുന്നേരമായാൽ ഉമ്മ തള്ളിവിടും. മലബാർ എക്സ്പ്രസ്സിലെ തിങ്ങി നിറഞ്ഞ കമ്പാർട്ട്മെന്റിൽ കയറിപ്പറ്റും. മനസ്സിന്റെ അസ്വസ്ഥതകൾക്കിടയിലും അൽപമെങ്കിലും നമുക്ക് ആശ്വാസമേകുന്നത് ഇത്തരം ഓർമ്മകളാണ്. അത് തന്നെയാണ് മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തനാക്കുന്നതും.

ഒരു ശനിയാഴ്ച വണ്ടി പിടിക്കാനുള്ള ഓട്ടത്തിനിടയിൽ മെഡിക്കൽ കോളേജ് ജംഗ്‌ഷനിലെത്തിയപ്പോൾ ബ്രേയ്ക്കിട്ടു. വൃത്താകൃതിയിൽ ഒരു വലിയ ആൾക്കൂട്ടം. ഒത്ത മദ്ധ്യത്തിൽ ഒരു മനുഷ്യൻ. അരക്കു താഴെ ജീവനില്ലാത്ത ഒരാൾ. നാലുരുളുകളുള്ള ഒരു മരപ്പലകയിലിരിക്കുന്നു. കൈ രണ്ടും കുത്തി ഇഴയാൻ വേണ്ടി രണ്ടു കൈകളിലും റബർ കൊണ്ടു പൊതിഞ്ഞ മരത്തിന്റെ കൈപ്പിടിയും. നമ്മൾ പലരും ഇത്തരം നിർഭാഗ്യവാന്മാരെ ജീവിതത്തിലെവിടെയെങ്കിലും വെച്ച് കണ്ടു കാണും. അത്തരത്തിൽ യാദൃച്ഛികമായിത്തന്നെയാണ് ഞാനും ഈ മനുഷ്യനെക്കാണുന്നത്. എന്റെ യാത്രയുടെ ലക്ഷ്യം മാറ്റി. ആ മനുഷ്യ വലയത്തിൽ ചേർന്നു. എന്താണെന്നറിയാനുള്ള ആഗ്രഹവും. അയാൾ കണ്ണൂർ ജില്ലയിലെ കിഴക്കൻ പ്രദേശത്ത് നിന്നും ട്രാൻസ് പോർട്ട് ബസ്സിൽ വന്നിറങ്ങിയതാണെന്നും, അയാളുടെ കുടിലിലേക്ക് വൈദ്യുതി കിട്ടുവാൻ മെഡിക്കൽ കോളേജിൽ നിന്നും ഒരു സർട്ടിഫിക്കറ്റ് വേണമെന്നും ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്. ആരെങ്കിലും സഹായിക്കണമെന്നും അഭ്യർത്ഥിക്കുന്നുണ്ട്. ഇന്നും ഈ ശീലത്തിന് മാറ്റമൊന്നുമില്ല എന്നത് അതിശയപ്പെടുത്തുന്നു. ഗ്രാമങ്ങളിൽ നിന്നും ശരിയായ മാർഗ്ഗ നിർദ്ദേശമില്ലാതെ സർക്കാർ ആസ്പത്രികളിലെ ഡോക്ടർമാരുടെ അടുത്തേക്ക് ആൾക്കാരെ പറഞ്ഞു വിടുന്നത് എന്നും കാണാറുണ്ട്. അംഗ പരിമിതർക്കുള്ള ആനുകൂല്യം ലഭിക്കാൻ വേണ്ട സർട്ടിഫിക്കറ്റിന്. അതുപോലെ ആരെങ്കിലും അയാളെ പറഞ്ഞുവിട്ടതാവും . അംഗപരിമിതർക്കുള്ള മുൻഗണനാ വിഭാഗത്തിൽപ്പെടുത്തി വൈദ്യുതി കണക്ഷൻ ലഭിക്കാൻ. മനുഷ്യവൃത്തത്തിന്റെ സാന്ദ്രത കൂടിക്കൂടി വന്നു. ഒരു വലിയ ജനസഞ്ചയമായി ആ ആൾക്കൂട്ടം മാറി. എല്ലാവരും ആകാംക്ഷയോടെ നോക്കുന്നതല്ലാതെ ആരും ഒന്നും മിണ്ടുന്നില്ല. നേരം നട്ടുച്ചയും.

കോയമ്പത്തൂർ - മംഗലാപുരം ഫാസ്റ്റ് പാസഞ്ചർ ഞാനില്ലാതെ പോയിക്കാണും. ഇനി ഈയാഴ്ച നാട്ടിലേക്കില്ല. ഫോൺ വിളിക്കണമെങ്കിൽ ട്രങ്ക് കാൾ ബുക്ക് ചെയ്യണം. അത് സാധ്യവുമല്ല. ഉമ്മ കാത്തിരിക്കുകയൊന്നുമില്ല. സൗകര്യപ്പെടാത്തത് കൊണ്ട് വന്നില്ല എന്നേ വിചാരിക്കുകയുള്ളൂ. അയാളുടെ നിസ്സഹായതയും ദയനീയതയും ആരുടെയും മനസ്സലിയിക്കും. അയാൾ ഉരുളകളുള്ള പലകയിൽ രണ്ടു മൂന്ന് പ്രാവശ്യം 360 ഡിഗ്രിയിൽ കറങ്ങി. ചുറ്റും കൂടിയവരുടെ മുഖത്തേക്ക് നോക്കി. ആരും ഒന്നുമുരിയാടിയില്ല. ആർക്കും അറിയില്ലായിരിക്കും അയാൾക്കെന്താണ് വേണ്ടതെന്ന് കുടിൽവൈദ്യുതീകരിക്കുക എന്നത് അയാളുടെ ജീവിതാഭിലാഷമായിരിക്കാം. അതുകൊണ്ടായിരിക്കണമല്ലോ കിലോമീറ്ററുകൾ താണ്ടി വന്ന് പൊരി വെയിലത്ത് സഹായമഭ്യത്ഥിച്ചു കൊണ്ട് നിലവിളിക്കുന്നത്. ഒരു മണി കഴിഞ്ഞ് മെഡിക്കൽ കോളജിൽ ആരുമുണ്ടാവുകയുമില്ല. പ്രത്യേകിച്ചും ശനിയാഴ്ചകളിൽ. എന്ത് ചെയ്യണമെന്ന് എനിക്കും നിശ്ചയമില്ലായിരുന്നു. ഞാനയാളുടെ അടുത്തു കൂടി. അയാൾക്ക് എന്താണ് വേണ്ടതെന്നും മറ്റും ചോദിച്ചറിഞ്ഞു. അയാളെയും കൂട്ടി മെഡിക്കൽ കോളേജിലേക്ക് നടന്നു. കൂട്ടം കൂടിയവർ ഒരോന്നായി പിരിഞ്ഞു പോയി.

ഇപ്പോൾ ഞാനും ആവലാതിക്കാരനും മാത്രം. ഞങ്ങൾ മെഡിക്കൽ കോളേജ് ആസ്പത്രിയുടെ ഗേറ്റിലെത്തി. സെക്യൂരിറ്റിക്കാരൻ മാർഗ്ഗ നിർദ്ദേശം നൽകി. എല്ലുരോഗ വിഭാഗം ഒ പി യിലാണ് പോകേണ്ടതാണെന്നും പറഞ്ഞു. ഒ പി യിലെത്തുമ്പോൾ രണ്ടു മണി കഴിഞ്ഞു കാണും. ഡ്യൂട്ടിയിലുള്ളവരൊക്കെ പോയ്ക്കഴിഞ്ഞിരുന്നു. നിരാശനായില്ല. ഒന്നു കറങ്ങി നോക്കിയപ്പോൾ ഒരു വാതിൽ തുറന്നു കാണുന്നുണ്ട്. അകത്ത് ഒരുദ്യോഗസ്ഥനും. വിഷയമവതരിപ്പിച്ചു. അയാൾക്ക് വേണ്ടത് മെഡിക്കൽ ഡിസേബിലിറ്റി സർട്ടിഫിക്കറ്റാണെന്നും അതിന് മുൻകൂട്ടി റജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നും അറിഞ്ഞു. ഏറ്റവും അടുത്ത തിയ്യതിക്ക് അയാളോട് വരാൻ പറഞ്ഞു. ഈ വിവരങ്ങൾ അയാളെ പറഞ്ഞു മനസ്സിലാക്കി, ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ കൊണ്ടാക്കിയപ്പോൾ അയാളുടെ മുഖത്ത് വൈദ്യുത വിളക്കിന്റെ വെളിച്ചം മിന്നിമറയുന്നത് കാണാമായിരുന്നു. അയാളാരെന്ന് എനിക്കിന്നും അജ്ഞാതം. ഞാനാരെന്നയാൾക്കും. ഓർമ്മകളുടെ തളികയിൽ നിന്നും ഇത്തരം ഓർമകൾ ചികഞ്ഞെടുക്കുന്നത് ഉമ്മയുടെ കൽത്തപ്പവും മത്തിക്കറിയും പോലെ തന്നെ രുചികരമത്രേ.

Keywords:  Article, Kozhikode, Medical College, Kasaragod, Dr. Abdul Sathar A A, Kerala, A holiday in memory.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia