city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

2012ന് പറയാനുള്ളത്

ലോകം പുതുവര്‍ഷ പുലരി ആഘോഷിക്കുകയാണ്. കടലും, പുഴകളും ഋതു ഭേദങ്ങളും നിത്യ പൂജ ചെയ്യുന്ന തെയ്യങ്ങളുടെ നാടിന്  കാസര്‍കോടിന് വാര്‍ത്താ വാരത്തിന്റെ ആശംസകള്‍.
2012നെ സ്വീകരിക്കപ്പെടുമ്പോള്‍ ഓര്‍ത്തെടുക്കുവാനുള്ളത് നിലനില്‍പിന്റെ സ്വപ്‌നങ്ങളാണ്.
“കാഞ്ഞിരകൂട്ടങ്ങളുടെ പേരേറ്റു വാങ്ങിയ കാസര്‍കോട് നഗരത്തെ ദേശീയ നാലു വരി പാത വെട്ടി പരിക്കേല്‍പ്പിച്ച് രണ്ട് പിളര്‍പ്പുകളാക്കും. ഇതിനെതിരെ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. റോഡ് പട്ടണത്തില്‍ നിന്നും വഴി തിരിച്ചു വിടണമെന്നാണ് ആവശ്യം.

കാസര്‍കോട്‌  ദ്രാവിഡ ഭാഷയായ കന്നട സംസാരിക്കുന്നവരുടെ, സ്‌കൂളുകളുടെ എണ്ണം ചുരുങ്ങി വരുന്നു. ജില്ലയില്‍ കന്നട ഭാഷ മരിക്കുകയാണ്. സ്‌കൂളുകളില്‍ ഭാഷയെ പരിപോഷിക്കപ്പെടാന്‍ നടപടിയുണ്ടാവണം. 

2012ന് പറയാനുള്ളത്പുരാതന വകുപ്പിനോടൊപ്പം ബിആര്‍ഡിസിയുടെ കൂടി കരുതലുള്ളതു കൊണ്ട് ബേക്കല്‍ കോട്ട ത്രസിച്ചു നില്‍ക്കുന്നുെങ്കിലും ചരിത്ര സ്മാരകമായ ചന്ദ്രഗിരി കോട്ട, ഹോസ്ദൂര്‍ഗ്, മഞ്ചേശ്വരം, കുമ്പള പ്രാചീന മിനാരങ്ങള്‍, ഗുരുവനം, മന്നന്‍ പുറത്തു കാവടക്കമുള്ള നിരവധി കാവുകള്‍ നാശത്തോട് ഒട്ടി നില്‍ക്കുന്നു. 

വി.വി.രമേശന്റെ പാര്‍ട്ടിയില്‍ നിന്നുള്ള പുറത്തുപോക്കും, പു.കാ.സ നേതാവ് പി. അപ്പുക്കുട്ടന്റെ നൊമ്പരങ്ങളുടെ കവിതയും ജില്ലയിലെ രാഷ്ട്രീയത്തെ സംസ്ഥാന പത്രങ്ങളുടെ തലക്കെട്ടില്‍ കൊണ്ടെത്തിച്ചപ്പോള്‍ ഡിവൈഎഫ്‌ഐയുടെ സമരപ്രഖ്യാപന കണ്‍വെണ്‍ഷനില്‍ വന്നു പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ ജാഥ നയിച്ചതിന്റെ പേരില്‍ പുറത്താക്കാനൊക്കില്ലെന്ന വിഎസിന്റെ പ്രഖ്യാപനം പിറന്നു വീണത് കാഞ്ഞങ്ങാട്ടാണ്. ഇത് പോളിറ്റ് ബ്യൂറോയെ വരെ ചുഴലിയിലാഴ്ത്തി.

 ഉദുമ ടെക്സ്റ്റിയല്‍സ് മില്ല് ജില്ലയുടെ സ്വപ്‌നങ്ങള്‍ക്ക് നിറം ചാര്‍ത്തപ്പെട്ടതായിരുന്നെങ്കില്‍ പോലും പുതിയ സര്‍ക്കാര്‍ അത് ഫയലില്‍ പൊതിഞ്ഞ് ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേന്ദ്രീയ സര്‍വ്വകലാശാലയും, കഴിഞ്ഞ ബഡ്ജറ്റ് പാസാക്കിയ മെഡിക്കല്‍ കോളേജും, പെരിയയിലെ ഹെലിപാഡും കാസര്‍കോട്‌ ജില്ല കാത്തിരിക്കുന്ന സ്വര്‍ണ്ണ ചിറകുള്ള സ്വപ്‌നങ്ങളാണ്. നിലേശ്വരം മുതല്‍ കോവളം വരെ ജല പാത ഒരുക്കുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം കാറ്റിലെ ഓളങ്ങളില്‍ തട്ടി തകരുകയാണോ? ഗ്രാമസഭാ അദ്ധ്യക്ഷ ഗൗരിക്ക് മിണ്ടാട്ടമില്ല. 
രാംദാസ് പോത്തന്റെ വെടിയേറ്റ് രണ്ട് ജീവനുകള്‍ സാമൂഹ്യ കേരളത്തിന് നഷ്ടപ്പെട്ടതും, അഡൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ രവീന്ദ്ര റാവു മാഫിയയുടെ വെടിയേറ്റു മരിച്ചതും, ബഹുമാന്യനും മത പണ്ഡിതനുമായിരുന്ന ഖാസിയുടെ ദുരൂഹമരണവും, അബ്ദുല്‍ റഹിമാന്റെ മരണം തെളിയിക്കാനാവാതിരുന്നതും കാസര്‍കോടിനെ നടുക്കി. കാഞ്ഞങ്ങാട് നടന്ന വര്‍ഗീയ കലാപങ്ങള്‍ ജില്ലയുടെ മാനവികതയെ നഗ്നമാക്കി. പെരിയയിലെ ബാങ്ക് കവര്‍ച്ചയുടെ പ്രതികളെ ശിക്ഷിക്കാനായതും, രാജധാനി ജ്വല്ലറി കവര്‍ച്ചക്കാരെയും, തങ്കമണി സംഭവത്തിലെ പ്രതിയെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനായതും ഖത്തര്‍ ഹാജിയുടെ കിടപ്പറ കവര്‍ച്ചക്ക് വിധേയമായതും തെളിയിക്കാന്‍ കഴിഞ്ഞത് പുതുവര്‍ഷ പുലരിയില്‍ പോലീസിന്റെ തലപ്പാവില്‍ ചാര്‍ത്തി കൊടുക്കേണ്ടുന്ന അംഗീകാരത്തിന്റെ തൂവലുകളാണ്.

ജില്ലാ സമ്മേളനം ഭംഗിയാക്കിയ സിപിഎമ്മിനെ അഴിക്കുള്ളിലാക്കിയത് ബേഡകമായിരുന്നെങ്കില്‍ തുരുമ്പെടുത്ത ഉരുക്കു പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കി പാര്‍ട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി ചരിത്രത്തില്‍ കറുത്ത ചായത്തിലെഴുതപ്പെട്ട ഏടുകള്‍ സമ്മാനിച്ചത് കാസര്‍കോട്ടു നിന്നുമാണ്. സിപിഐ സമ്മേളനത്തില്‍ ആരും പ്രവചിക്കാത്ത മാറ്റങ്ങളായിരുന്നു സമ്മേളനത്തില്‍ നിഴലിച്ചത്. കഴിഞ്ഞ വര്‍ഷം സിപിഐ ജില്ലയില്‍ നേട്ടമുണ്ടാക്കിയോ എന്ന് അന്വേഷിച്ചാല്‍ എംഎന്‍ മന്ദിരത്തിനടുത്ത് ചെന്നെത്താം. കെട്ടിടമായത് വികസനമെങ്കില്‍ പാര്‍ട്ടിയില്‍ വികസനമുണ്ട്. കോണ്‍ഗ്രസ് പല നിറത്തിലുള്ള രസീറ്റ് ബുക്കടിച്ച് പണം പിരിച്ചുവെന്നും അതില്‍ ചില്ലറ കാണാനില്ലെന്നും ആരോപണമുയര്‍ന്നിരുന്നുവെങ്കിലും, രമേശ് ചെന്നിത്തലയ്ക്ക് നാട മുറിക്കാന്‍ ഒരു ഉഗ്രന്‍ ഭവനം അവര്‍ തീര്‍ത്തു. ബിജെപി പിരിച്ച പണത്തിന്റെ അടവ് പയറ്റാനാവാതെ നേതൃത്വം പരിച താഴ്ത്തി അങ്കത്തട്ടില്‍ നിന്നും ഒഴിഞ്ഞു, ഇപ്പോള്‍ പുതു നിര പാര്‍ട്ടിയെ നയിക്കുന്നു. ലീഗിന് നേടാനും നഷ്ടപ്പെടാനും ജില്ലയില്‍ ധാരാളമുണ്ടായി. ഒരു സീറ്റ് അവര്‍ പിടിച്ചെടുത്തുവെന്നുമാത്രമല്ല, ഇടതു സഹയാത്രികനായി അറിയപ്പെടുന്ന നെല്ലിക്കുന്നിനെ സ്വന്തം പാളയത്തിലെത്തിക്കാനും അവര്‍ക്കു കഴിഞ്ഞു. തെരെഞ്ഞെടുപ്പു ഗോദയില്‍ നിന്നും കേരളത്തിലെ ഇടതു പക്ഷം തിരിച്ചോടിയപ്പോള്‍ പിടിച്ചു നിന്നത് കാസര്‍കോട് ജില്ലയായിരുന്നു.
ജില്ലയില്‍ അണു കുടുംബം പെരുകിയതോടെ ശവപറമ്പുകള്‍ ശ്രീ കോവിലുകളാവുകയാണ്. ഭൂമി വിഭജിക്കപ്പെട്ടതോടെ പല ഹൈന്ദവ കുടുംബങ്ങളും ശവസംസ്‌ക്കാരത്തിന് ഇടമില്ലാതെ ഉഴറുന്നത് ജില്ല സാക്ഷ്യം വഹിച്ചു.

പള്ളിക്കരയിലെ പുകയില കൃഷി നാടു നീങ്ങി. അവിടെയുള്ള പൂഴി വിറ്റു തിന്നാണ് തദ്ദേശിയര്‍ വിശപ്പടക്കുന്നത്. പ്രകൃതിയെ വിറ്റു തിന്നുന്നവര്‍ തങ്ങളുടെ ജീവനുകളെ തന്നെയാണില്ലാതാക്കുന്നതെന്നവര്‍ ഓര്‍ക്കുന്നില്ല. ഗള്‍ഫ് നാടു തളരുകയാണ്. പണിയെടുക്കാത്ത തദ്ദേശിയരും പണിയെടുക്കുന്ന ഗള്‍ഫുകാരും തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നു. ആഘോഷങ്ങള്‍ കഴിഞ്ഞ് കേരളത്തിനെവിടെ പണിയെടുക്കാന്‍ സമയം.

വിഎസിനെതിരെയുള്ള പാര്‍ട്ടി അച്ചടക്കത്തിന്റെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടവരുടെ പട്ടികയുടെ ബലിക്കല്ലിനു മുമ്പില്‍ ആദ്യം തല വെച്ചു കൊടുത്തത് ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്റെ മകന്‍ പത്മരാജന്‍.

ജില്ല നട്ടു വളര്‍ത്തിയ സ്വപ്‌നങ്ങള്‍ പൂവണിഞ്ഞതില്‍ പ്രധാനം ബേക്കല്‍ മേല്‍പാലമാണ്. മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിരവധി പദ്ധതികള്‍ ജില്ലയില്‍ വന്നു. നാലുവരി പാത വന്ന് 2012-ന്റെ പടിവാതില്‍ക്കല്‍ വികസനവുമായി കാത്തു നില്‍ക്കുന്നു. പടന്നക്കാട് പാലം പണി പുരോഗമിക്കുന്നുണ്ടെങ്കിലും, ഉദുമ പഞ്ചായത്ത്, ചെറുവത്തൂര്‍ മേല്‍പ്പാലത്തിന്റെ പ്രാഥമിക പ്രവര്‍ത്തനം പോലും ആരംഭിച്ചിട്ടില്ല . കസ്തൂരി ടീച്ചര്‍ പ്രതീക്ഷക്കൊത്തു ഉയരാത്തതു പോലെ തന്നെ പള്ളിക്കരയിലെ പ്ലാസ്റ്റിക്ക് മാലിന്യ പ്ലാന്റ് ഉല്‍ഘാടനം നടന്ന് 6 മാസം കഴിഞ്ഞുവെങ്കിലും ഇതുവരെ മാലിന്യ സംസ്‌ക്കരണം ആരംഭിച്ചിട്ടില്ല.
ഹൊസ്ദുര്‍ഗ് മണ്ഡലം പേരു മാറി കാഞ്ഞങ്ങാടായതും, നിലേശ്വരം നഗരസഭയായതും ഈ വര്‍ഷത്തിലാണ്. എന്നാല്‍ നീലേശ്വരത്തിന് ഇരിക്കാന്‍ പുതിയ ഒരു കെട്ടിടം പോലുമില്ല. ഞെരുങ്ങിയാണ് പഴയ പഞ്ചായത്ത് കെട്ടിടത്തില്‍ നഗരസഭ‘ കഴിഞ്ഞു കൂടുന്നത്. പഴയതു പോലെ നിലേശ്വരത്ത് ഇത്തവണയും എഫ്‌സിഐയില്‍ തൊഴില്‍ തര്‍ക്കമുണ്ടായി. നിരവധി ധാന്യങ്ങള്‍ മഴയില്‍ കുതിര്‍ന്നു. 

എന്നും വിഎസിന്റെ കൂടെ നില്‍ക്കാറുള്ള നിലേശ്വരം ടൗണ്‍ ഇത്തവണയും ഫഌക്‌സ് വിപ്ലവത്തിലുടെ മടിക്കൈയോടൊപ്പമെത്തി. അഹമ്മദ് മാസ്റ്റരുടെ മരണം സാംസ്‌ക്കാരിക ജില്ലയെ തളര്‍ത്തിയപ്പോള്‍ സംസ്‌ക്കാരിക തലസ്ഥാനമായ നീലേശ്വരത്തിന്റെ നെറുകില്‍ നിന്നും അടര്‍ന്നു പോയ നക്ഷത്രമാണ് നാടക നടന്‍ ശ്രീധരന്‍ നീലേശ്വരം.

ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ വികസനം എടുത്തു പറയാറായിട്ടില്ല. ഏതാനും അംഗണ്‍ വാടികള്‍ അനുവദിച്ചു. ഇഎംഎസ് ‘ഭവന പദ്ധതി കഴിഞ്ഞ മഴ മുഴുവന്‍ നനഞ്ഞു. വീട് പൊളിച്ചു മാറ്റപ്പെട്ടവര്‍ ഇനിയെന്തു ചെയ്യുമെന്ന് ആകാശത്തേക്കു നോക്കുന്നു. ദിനേശ് ബീഡി കമ്പനികള്‍ മെലിഞ്ഞു തുടങ്ങി. ഒരു കാലഘട്ടത്തിന്റെ പ്രതാപം കൊണ്ടു മാത്രം കഴിഞ്ഞു കൂടുന്ന വ്യവസായ സ്ഥാപനമാണിന്നത്. ഉദുമയിലെ വര്‍ഗീയ കലാപങ്ങള്‍ മതത്തിനപ്പുറത്തെ മനുഷ്യനെ വേട്ടയാടുകയാണ്. സംസ്‌കാര സമ്പന്നതയുടെ നാടായ ഉദുമയിലെ കറുത്ത രാത്രികളെ ഭരിക്കുന്നത് മാഫിയാ സംഘങ്ങള്‍. കുമ്പളയിലെ അദ്ധ്യപകന്‍ പിഞ്ചു കുഞ്ഞുങ്ങളെ പ്രകൃതി വിരുദ്ധത്തിന് പ്രേരിപ്പിച്ചത് ജില്ലയിലെ സാംസ്‌കാരിക തനിമക്ക് നേരെ വന്ന മറ്റൊരു കാര്‍മേഘം.
ഇനിയുമിനിയും പറയാനേറെ. പറയാന്‍ നാവുകള്‍ തുളുമ്പുന്നു. കേള്‍ക്കാന്‍ അധികൃതരുടെ കൈയ്യില്‍ നല്ല മനസ്സില്ല. മല്‍സ്യ മേഖലയില്‍ ദാരിദ്ര്യത്തിനറുതിയില്ല. കര്‍ഷകനെ സഹായിക്കുവാന്‍ തൊഴിലുറപ്പു പദ്ധതികള്‍ വരുന്നില്ല. കാഞ്ഞങ്ങാട്ട് മിക്കയിടത്തെയും ഡ്രൈയിനേജ്, മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നില്ല. വയലില്‍ പണിയെടുക്കുവാന്‍ ആളില്ല. എന്‍ഡോസള്‍ഫാന്‍ പുനരധിവാസം വൈകുന്നു. അനര്‍ഹര്‍ കടന്നു കൂടുന്നു. ചെങ്ങറ സമരക്കാര്‍ പെരുവഴിയില്‍. കാസര്‍കോട്ടെ കുടി വെള്ളം പരിഹരിക്കപ്പെടാതെ കിടക്കുന്നു. ഇങ്ങനെ നിരവധി നിരവധി വിഷയങ്ങളുടെ ആകെത്തുകയുമായി നമുക്കാഘോഷിക്കാം ഹാപ്പി 2012.
2012ന് പറയാനുള്ളത്
Prathibha-Rajan
                                 - പ്രതിഭാ രാജന്‍


Keywords:  Prathibha-Rajan, Varthavaram, 2012

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia