Join Whatsapp Group. Join now!
Aster MIMS 10/10/2023

Remanded | 54 ഓളം ബാങ്ക് ചെക് ലീഫുകള്‍ അടിച്ചുമാറ്റി വ്യാജ ഒപ്പിട്ട് പല തവണകളിലായി ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ യുവാവ് റിമാൻഡിൽ; അറസ്റ്റിലായത് സഹോദരന്റെ മകൻ

മുൻ‌കൂർ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു Bekal, Malayalam News, Crime, കാസറഗോഡ് വാർത്തകൾ
കാഞ്ഞങ്ങാട്: (KasargodVartha) ചെക് ലീഫിൽ വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചെന്ന പരാതിയില്‍ യുവാവ് റിമാൻഡിൽ. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഹ്‌മദ്‌ കബീർ (38) ആണ് അറസ്റ്റിലായത്. ഹൊസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് ഇയാൾ അറസ്റ്റിലായത്. കേസെടുത്തതിന് പിന്നാലെ പ്രതി മുൻ‌കൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളിയിരുന്നു.
 



സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാനും കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ ഹാജരായ അഹ്‌മദ്‌ കബീറിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഹൊസ്ദുർഗ് ചീഫ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.

 



പള്ളിക്കര കല്ലിങ്കാല്‍ സബീന മന്‍സിലില്‍ പി പി മുഹമ്മദ്, കെ ശബാന എന്നിവരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പി പി മുഹമ്മദിന്റെ സഹോദരന്റെ മകനാണ് അറസ്റ്റിലായ അഹ്‌മദ്‌ കബീർ. അഞ്ച് ചെക് ബുകുകളില്‍ നിന്ന് 54 ഓളം ചെക് ലീഫുകള്‍ അടിച്ചുമാറ്റി കള്ള ഒപ്പിട്ട് ലക്ഷങ്ങൾ പിന്‍വലിച്ചെന്നാണ് പരാതി.

ബറോഡ ബാങ്കിന്റെ കാഞ്ഞങ്ങാട് ബ്രാഞ്ചിലുള്ള പി പി മുഹമ്മദിന്റെ അകൗണ്ടിൽ നിന്നും 14.58 ലക്ഷം രൂപ 2018 ഫെബ്രുവരി മൂന്നിനും ജൂൺ 14 നുമിടയില്‍ പ്രതിയുടെ അകൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുവെന്നും

2021 ജൂലൈ ഒമ്പതിന്, പി പി മുഹമ്മദിന്റെ ഫോൺ നമ്പർ മാറ്റി വ്യാജ രേഖ ചമച്ച് പ്രതിയുടെ ഫോൺ നമ്പർ നൽകി ഗൂഗിൾ പേ വഴി ഭീമമായ തുക വിവിധ അകൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തുവെന്നുമാണ് പി പി മുഹമ്മദ് നൽകിയ പരാതിയിൽ പറയുന്നത്.

2008 മുതൽ 2023 ജൂലൈ 20 വരെയുള്ള കാലയളവിൽ താനും അജാനൂർ അർബൻ സഹകരണ ബാങ്ക് അധികൃതരും തമ്മിൽ മാസ വാടക സംബന്ധിച്ചുള്ള കേസ് ആവശ്യത്തിനും മറ്റുമായി പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മാതാവിൽ നിന്നും തന്റെ പേരിലുള്ള രണ്ട് ബ്ലാങ്ക് ചെകുകൾ കൈക്കലാക്കി വ്യാജ ഒപ്പിട്ടു നൽകി അജാനൂർ അർബൻ സഹകരണ ബാങ്കിൽ നിന്ന് 4.48 ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് ശബാന പരാതിയിൽ വ്യക്തമാക്കിയിരുന്നത്.

പരാതികളുടെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 420, 468, 471 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രതിക്കെതിരെ ബേക്കൽ പൊലീസ് സ്റ്റേഷനിലും കേസുള്ളതായി അധികൃതർ അറിയിച്ചു.


Keywords: News, Top-Headlines, Kasaragod-News, Kasaragod, Malayalam-News, Bekal, Malayalam News, Crime, Youth remanded on cheque fraud case

Post a Comment