Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

Nava Kerala Sadas | നവ കേരള സദസിൽ മുഖ്യമന്ത്രിയുടെ പ്രസംഗം നീണ്ടു; കസേരകൾ കാലിയായി

അധ്യക്ഷനായ റവന്യൂ മന്ത്രി കെ രാജനും ദീർഘനേരം സംസാരിച്ചു Nava Kerala Sadas, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (KasargodVartha) വളരെ ആവേശത്തോടുകൂടി ആരംഭിച്ച നവ കേരള സദസിന്റെ അധ്യക്ഷനായ റവന്യൂ മന്ത്രി കെ രാജന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രസംഗം നീണ്ടു പോയപ്പോൾ കാണികൾ സദസ് വിട്ടു. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിനിർത്തിയാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇത്രയും പ്രൗഢഗംഭീരമായ സദസ് ഒരുക്കിയതിന് മഞ്ചേശ്വരം മണ്ഡലങ്ങളിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്.
 


അധ്യക്ഷനായ റവന്യൂ മന്ത്രിയുടെ പ്രസംഗം 35 മിനിറ്റും, മുഖ്യമന്ത്രി കേന്ദ്രസർകാരിനെതിരെ പ്രതിക്കൂട്ടിൽ നിർത്തി നടത്തിയ പ്രസംഗം ആരംഭിച്ച് 15 മിനിറ്റ് കഴിഞ്ഞുമാണ് കേരളത്തിൻെറ കാര്യങ്ങളിലേക്ക് കടന്നത് .തുടർന്ന് ഓരോ വകുപ്പും നടത്തിയ വികസന പ്രവർത്തനങ്ങളും ചിലവഴിച്ച തുകയും അക്കമിട്ട് നിരത്താൻ തുടങ്ങിയതോടെ സദസിലെ ചിലർ അസ്വസ്ഥതരായി. എഴുതി തയ്യാറാക്കിയ പ്രസംഗമാണ് മുഖ്യമന്ത്രി കൂടുതലും വായിച്ചത്.
 



ഇതോടെ മുഖ്യമന്ത്രി പ്രസംഗം നിർത്തുന്നതിന് മുമ്പ് തന്നെ കസേരകൾ കാലിയായി. തുടക്കത്തിൽ തന്നെ ഫലസ്തീൻ - ഇസ്രാഈൽ പ്രശ്നത്തിൽ കേന്ദ്രസർകാർ കാണിച്ച നിലപാട് രാജ്യത്തിന് ആപത്താണെന്ന് രീതിയിൽ ഏറെനേരം സംസാരിച്ചപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ സ്ഥിരം ശൈലിയിലുള്ള പ്രസംഗം കേൾക്കാൻ എത്തിയവർ നിരാശരായിരുന്നു. സർകാർ കൊട്ടിഘോഷിച്ചു നടത്തുന്ന നവ കേരള സദസിൽ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രീതിയിൽ സംസാരിച്ചതോടെ രാഷ്ടീയം മറന്ന് എത്തിയ പലർക്കും വല്ലാത്ത അസ്വസ്ഥത. മൊബൈൽ ഫോൺ നോക്കിയും പരസ്പരം സംസാരിച്ചും പ്രസംഗം കേൾക്കാതെ സമയം ചിലവഴിച്ചു.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയെ വെല്ലുന്ന രീതിയിൽ നേരിട്ട് നിവേദനം സ്വീകരിക്കുകയും പരിഹാരത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്നുമാണ് പലരും കരുതിയിരുന്നെങ്കിലും ആരുടെയും കയ്യിൽ നിന്നും ഒരു തുണ്ട് കടലാസ് പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ സ്വീകരിക്കാത്തതും ജനങ്ങളെ നിരാശരാക്കി.

മുഖ്യമന്ത്രി പ്രസംഗം നിർത്താനാവുമ്പോഴേക്കും പലരും വേദി വിട്ടു പോയത് സംഘാടകർക്ക് വലിയ തിരിച്ചടിയായി. മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞതിനു ശേഷം പ്രസീത ചാലക്കുടിയുടെ നാടൻ പാട്ടുകളും , മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു. എന്നാൽ ആരും ഇത് കാണാൻ പോലും നിൽക്കാതെ സദസ് വിട്ടത് സംഘാടകരെ ശരിക്കും ഞെട്ടിച്ചു.

മഞ്ചേശ്വരം മണ്ഡലത്തിൽ സിപിഎം കേന്ദ്രമായ പൈവളികെയിൽ സംസ്ഥാനതല ഉദ്ഘാടനം സംഘടിപ്പിച്ചത് പലർക്കും എത്തിച്ചേരാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. പ്രസംഗം നീണ്ടപ്പോൾ തിരിച്ചുപോകാൻ വാഹന സൗകര്യം ലഭിക്കുമോ എന്നുള്ള ആശങ്കയിലാണ് പലരും സദസ് വിട്ടത്. 20 മന്ത്രിമാരും ചീഫ് സെക്രടറിയും ഉൾപ്പെടെയുള്ളവർ സംബന്ധിക്കുന്ന ഒരു പരിപാടിയിൽ അവസാനം വരെ കാണികളെ പിടിച്ചിരുത്താൻ കഴിയാത്തത് സംഘാടകരുടെ പോരായ്മയാണെന്ന് പൊതുവെ വിലയിരുത്തപ്പെട്ടത്.

Keywords:News, Top-Headlines, Kasaragod, Malayalam-News, Kasaragod-News, Kerala, Nava Kerala Sadas, Malayalam News, Chief Minister's speech prolonged

Post a Comment