Join Whatsapp Group. Join now!
Aster MIMS 10/10/2023

Mangalpady | മതിയായ ജീവനക്കാരുടെ പ്രശ്‌നത്തിന് പരിഹാരമായില്ല; 'മംഗൽപാടി പഞ്ചായതിൽ തീർപ്പാകാതെ കിടക്കുന്നത് 3280 ഫയലുകൾ'; ഒഴിവുകൾ നികത്തിയില്ലെങ്കിൽ സെക്രടേറിയറ്റ് നടയിൽ സമരം നടത്തുമെന്ന് ഭരണസമിതി

ചുമതലയേൽക്കുന്നതിന് പിന്നാലെ ഉദ്യോഗസ്ഥർ സ്ഥലം മാറിപ്പോകുന്നു News, Malayalam News, കാസറഗോഡ് വാർത്തകൾ, Mangalpady Panchayat
ഉപ്പള: (KasargodVartha) മംഗൽപാടി പഞ്ചായത് ഓഫീസിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത് ഭരണസമിതി ആവശ്യപ്പെട്ടു. 3280 ഫയലുകളാണ് നിലവിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി തുടരുന്ന ജീവനക്കാരുടെ അഭാവം കാരണം 2017 മുതലുള്ള ഫയലുകൾക്ക് പരിഹാരം കണ്ടിട്ടില്ല. 100-ഓളം ഫയലുകൾ വളരെ പെട്ടന്ന് തീർപ്പാക്കേണ്ടവയാണ്. ഇതു മാറ്റി നിർത്തിയാൽ തന്നെ ബാക്കിയുള്ളവയ്ക്ക് ശാശ്വത പരിഹാരം വേണം. ഇതിൽ 2400 പഴയ ഫയലുകളും 500 ചുവപ്പ് നാടയിലുമാണ്. 280 എണ്ണം പുതിയ ഫയലുകളുമാണ്.
 



ആകെ 13 ജീവനക്കാർ വേണ്ടിടത്ത് ഏഴു പേർ മാത്രമാണ് ഇപ്പോഴുള്ളത്. ചുമതലയേൽക്കുന്നതിന് പിന്നാലെ ഉദ്യോഗസ്ഥർ സ്ഥലം മാറിപ്പോഴുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധിയാവുന്നത്. മതിയായ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഭരണസമിതി സമരം നടത്തിവരികയാണ്. വിവിധ രാഷ്ടീയ പാർടി പ്രതിനിധികളും, സന്നദ്ധ സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപന്തലിലെത്തുണ്ട്.

ഇപ്പോൾ ഒഴിവുള്ള തസ്തികകൾ മാത്രം നികത്തിയാൽ പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് ഭരണസമിതി ചൂണ്ടിക്കാട്ടുന്നു. പകരം സംവിധാനമെന്ന നിലയിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാണ് ഇവരുടെ ആവശ്യം. നികുതി പിരിവുകളടക്കം നിലച്ച മട്ടാണ്. ഇത് വരുമാനത്തെ കാര്യമായി ബാധിച്ചേക്കും. ജില്ലയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരസഭാ സ്വഭാവമുള്ള പഞ്ചായതാണ് മംഗൽപാടിയിലേത്. അതുകൊണ്ട് തന്നെ ജനകീയ പ്രശ്നങ്ങളും ഏറെയാണ്.

 



മന്ത്രിമാർക്കും, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയാലും ഫലമുണ്ടാവുന്നില്ലെന്നും ഭരണ സമിതിയുടെ സമരത്തെ അവഗണിക്കുകയാണെങ്കിൽ സെക്രടേറിയറ്റ് നടയിൽ സമരം നടത്താനാണ് ആലോചിക്കുന്നതെന്നും പഞ്ചായത് പ്രസിഡൻ്റ് റുബീന നൗഫൽ, വൈസ് പ്രസിഡൻ്റ് യൂസുഫ് ഹേരൂർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഖൈറുന്നീസ ഉമർ, മുഹമ്മദ് ഹുസൈൻ, അംഗങ്ങളായ മജീദ് പച്ചമ്പള, ഇർഫാന ഇഖ്ബാൽ, ബാബു ബന്തിയോട്, കിഷോർ ബന്തിയോട് എന്നിവർ പറഞ്ഞു.

Keywords: News, Top-Headlines, News-Malayalam, Kasaragod,Kasaragod-News, Kerala,  Malayalam New, Mangalpady Panchayat, Not enough staff; 3280 files pending in Mangalpady Grama Panchayat

Post a Comment