കുമ്പള പേരാൽ കണ്ണൂർ കുന്നിൽ ഹൗസിലെ പരേതനായ അബ്ദുല്ല - സഫിയ ദമ്പതികളുടെ മകനും അംഗഡിമുഗർ ഗവ. ഹയർ സെകൻഡറി സ്‌കൂൾ പ്ലസ് ടു കൊമേഴ്‌സ് വിദ്യാർഥിയുമായ ഫർഹാസിന്റെ (17) മരണമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പൊലീസുകാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥിയുടെ മാതാവ് നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 25ന് സ്കൂളിൽ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കാണ് അപകടം നടന്നത്. സ്‌കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഫർഹാസും സുഹൃത്തുക്കളും കാറിൽ വന്നിരുന്നു. ഇതിനിടെ ഖത്വീബ് നഗർ എന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാർ പരിശോധിക്കാൻ എത്തിയപ്പോൾ വിദ്യാർഥികൾ വാഹനവുമായി പോവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസുകാർ ആക്രോശിക്കുകയും കാറിന്റെ ഡോറിലേക്ക് ചവിട്ടുകയും ചെയ്തപ്പോൾ കുട്ടികൾ പേടിച്ചാണ് കാർ ഓടിച്ചുപോയതെന്നും പിന്നാലെ പൊലീസ് പിന്തുടർന്നുവെന്നുമാണ് ആരോപണം.
ആറ് കിലോമീറ്ററോളം പിന്നിട്ടപ്പോൾ കാറിന്റെ നിയന്ത്രണം തെറ്റുകയും കളത്തൂർ പള്ളത്ത് വെച്ച് തലകീഴായി മറിയുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫർഹാസ് ചൊവ്വാഴ്ച പുലർചെ 4.30 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ഫർഹാസിനൊപ്പം ഉണ്ടായിരുന്ന നാല് കൂട്ടുകാർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഫർഹാസിന്റെ മൃതദേഹം പോസ്റ്റ് മോർടം നടപടികൾ പൂർത്തിയാക്കി വൈകീട്ടോടെ വീട്ടിൽ എത്തിക്കും.
യൂത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിലാണ് കുമ്പള പൊലീസ് സ്റ്റേഷൻ ഉപരോധിക്കുന്നത്. ഗേറ്റിന് മുന്നിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞിട്ടുണ്ട്. പ്രതിഷേധത്തിന് നേതാക്കളായ യൂസഫ് ഉളുവാർ, അസീസ് കളത്തൂർ, ഇർശാദ് മൊഗ്രാൽ, മുസ്ത്വഫ ഉപ്പള, സിദ്ദീഖ് ദണ്ഡഗോളി, സവാദ് അംഗഡിമൊഗർ, സെഡ് എ കയ്യാർ, അശ്‌റഫ് കൊടിയമ്മ, മജീദ് പച്ചമ്പളം, ഹമീദ്, എം എ നജീബ്, അസീസ് കളായി, ഇല്യാസ് ഹുദവി തുടങ്ങിയവർ നേതൃത്വം നൽകുന്നു.
Keywords: News, Kumbala, Kasaragod, Kerala, Protest, Kumbla, Police, Angadimogar, Investigation, Accident, Protest against police over student's death.
< !- START disable copy paste -->