Join Whatsapp Group. Join now!
Aster MIMS 25/06/2023

Drone | ഡ്രോണ്‍ പറത്താം, ലൈസന്‍സോടെ; കാസർകോട് അസാപിൽ അവസരം; കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; പരിശീലനം പൂര്‍ത്തിയാക്കി 3 യുവതികളും

'സര്‍ടിഫികറ്റ് ഇല്ലാതെ പ്രവർത്തിപ്പിക്കുന്നത് ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താവുന്ന കുറ്റം' Drone, കാസറഗോഡ് വാർത്തകൾ, ASAP Kerala, Education, Training
കാസർകോട്: (www.kasargodvartha.com) ലൈസന്‍സോടെ ഡ്രോണ്‍ പറത്താനുള്ള കോഴ്സുകള്‍ കാസര്‍കോട് അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍കില്‍ ആരംഭിച്ചതായി അസാപ് കാസര്‍കോട് സെന്റര്‍ ഹെഡ് സുസ്മിത്ത് എസ് മോഹന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കല്യാണ വീടുകളിലോ, ഗാനമേളയ്ക്കോ, പൊതുയോഗത്തിനിടയിലോ എവിടെയായാലും ഡ്രോണ്‍ പറത്താന്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന നിയമ പ്രകാരം ഡയറക്ടര്‍ ജെനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) റിമോട് പൈലറ്റ് സര്‍ടിഫികറ്റ് ഇല്ലാതെ ഡ്രോണ്‍ പറത്തുന്നത് ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

News, Kasaragod, Kerala, Drone, ASAP Kerala, Education, Training, Applications invited for Drone Pilot Training Courses in ASAP Kerala.

ഡിജിസിഎ ഡ്രോണ്‍ റൂള്‍സ് 2021 ലെ ഓപറേഷന്‍ ഓഫ് അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റംസ് നാലാമത്തെ പാര്‍ടില്‍ ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അറിവില്ലായ്മ മൂലമോ, ട്രെയിനിംഗ് എങ്ങനെ നേടാം എന്ന വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാലോ പലരും ഈ നിയമം ലംഘിക്കാറുണ്ട്. ഭീമമായ പിഴയൊടുക്കേണ്ടി വന്നവരും നിരവധിയാണ്. ഏതു വലിപ്പത്തിലുമുള്ള വാണിജ്യ ആവശ്യത്തിനുള്ള ഡ്രോണ്‍ പറത്താനും ഒരാള്‍ക്ക് റിമോട് പൈലറ്റ് സര്‍ടിഫികറ്റ് ആവശ്യമാണെന്ന് ഓടോനാമസ് അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് (AUAS) അകൗണ്ടബിള്‍ മാനജര്‍ കെ ശിവപ്രസാദ് പറഞ്ഞു.

ലൈസന്‍സ് നേടാനുള്ള ആദ്യപടി ഒരു ഡിജിസിഎ അംഗീകൃത പരിശീലന കേന്ദ്രത്തില്‍ നിന്നും പരിശീലനം നേടി ഡിജിസിഎ റിമോട് പൈലറ്റ് സര്‍ടിഫികറ്റ് നേടുക എന്നതാണ്. കേരള സര്‍കാര്‍ ഇതിനൊരു അവസരം ഒരുക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ കാസര്‍കോട് വിദ്യാനഗര്‍ ഉള്ള കമ്യൂണിറ്റി സ്‌കില്‍ പാര്‍കില്‍ ഇതിനുള്ള പരിശീലനം നല്‍കുന്നു. കേരളത്തിലെ ഏക റിമോട് പൈലറ്റ് ട്രെയിനിംഗ് ഓര്‍ഗനൈസേഷന്‍ ആയ ഓടോനോമസ് അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് സ്‌മോള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് കോഴ്സിലാണ് പരിശീലനം.

ഇത് വിജയകരമായി പൂര്‍ത്തിയാക്കി സര്‍ടിഫികറ്റ് നേടുന്നവര്‍ ഡ്രോണ്‍ പറത്താന്‍ യോഗ്യരാകും. ഡിജിസിഎ നിഷ്‌കര്‍ഷിക്കുന്ന ക്രമത്തില്‍ ആണ് പരിശീലനം. ഫ്‌ലൈറ്റ് ആസൂത്രണം, പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ എന്നിവ ഈ പരിശീലനത്തില്‍ ഉള്‍പെടുന്നു. ഇതു വരെ 47 പേര് അസാപ് കേരള വഴി പരിശീലനം പൂര്‍ത്തിയാക്കി. അതില്‍ മൂന്നുപേര്‍ വനിതകളാണ്. റിന്‍ഷാ പട്ടക്കല്‍, സൗമ്യ കണ്ടലായി, വോറ്യ മാറ്റ് എന്നിവരാണ് അവര്‍. ഇവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

കോഴ്‌സ് ഇങ്ങനെ

ചെറിയ ഡ്രോണ്‍ പൈലറ്റ് പരിശീലനം, കാര്‍ഷിക ഡ്രോണ്‍ പൈലറ്റ് പരിശീലനം എന്നീ കോഴ്സുകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓടോനാമസ് അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ട്രെയിനിങ് പാര്‍ട്ണര്‍. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും ഡിജിസിഎ നല്‍കുന്ന 10 വര്‍ഷം കാലാവധിയുള്ള 25 കിലോഗ്രാം വരെ ഭാരമുള്ള ഡ്രോണ്‍ പറത്താന്‍ ഉള്ള റിമോട് പൈലറ്റ് സര്‍ടിഫികറ്റ് ആണ് ലഭിക്കുക.

എസ്എസ്എല്‍സി യോഗ്യതയുള്ള ഇൻഡ്യന്‍ പാസ്പോര്‍ടുള്ള 18-65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഇൻഗ്ലീഷ് എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. ചെറിയതരം ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിന് അഞ്ച് ദിവസത്തെ ക്ലാസ് ലഭിക്കും. 54,280 രൂപയാണ് കോഴ്സ് ഫീസ്. കാര്‍ഷിക ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിന് ഏഴ് ദിവസത്തെ പരിശീലനം ലഭിക്കും. 61,360 രൂപയാണ് കോഴ്സ് ഫീസ്.

ഇവര്‍ ഡ്രോണ്‍ പറത്തുന്ന പെണ്‍മണികള്‍

മലപ്പുറം ചങ്ങരംകുളത്തെ വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളുമായി കഴിയുന്നതിനിടെയാണ് സൗമ്യ അസാപിന്റെ ഡ്രോണ്‍ പരിശീലനത്തിന്റെ ഭാഗമായത്. ജൂലൈയില്‍ കോഴ്സ് പൂര്‍ത്തിയാക്കിയിറങ്ങിയ ബാചിന്റെ ഭാഗമാണ് സൗമ്യ. ഡ്രോണ്‍ മേഖലയില്‍ തൊഴില്‍ കണ്ടെത്താനുള്ള തിരക്കിലാണ് സൗമ്യ. മലപ്പുറത്തെ റിന്‍ഷ പട്ടാക്കല്‍ പ്ലസ് ടു കഴിഞ്ഞ ശേഷമാണ് ഡ്രോണ്‍ പരിശീലനത്തിനെത്തിയത്. സിവില്‍ എൻജിനീയറായ പിതാവിനൊപ്പം സര്‍വേ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായ റിന്‍ഷ ബി ടെക് സിവില്‍ പഠിച്ച ശേഷം ഡ്രോണ്‍ സര്‍ടിഫികറ്റുമായി ഫീല്‍ഡിലിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

എറണാകുളം തമ്മനം സ്വദേശിയായ വോറ്യ മാറ്റ് ബി കോം പഠനത്തിന് ശേഷമാണ് ഡ്രോണ്‍ പരിശീലനത്തിനെത്തിയത്. സിനിമാ മേഖലയില്‍ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായ വോറ്യ പാര്‍ട് ടൈം പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഡ്രോണ്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. മൂന്ന് പേരും ജൂലൈയിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.

Keywords: News, Kasaragod, Kerala, Drone, ASAP Kerala, Education, Training, Applications invited for Drone Pilot Training Courses in ASAP Kerala.
< !- START disable copy paste -->

Post a Comment