(www.kasargodvartha.com) ഈ കാലത്ത് ഒരാളെ പോലും പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത ഒന്നിന്റെ പേരാണ് 'മാസ്‌ക്'. ലോകത്ത് മാസ്‌ക് വിവിധങ്ങളായ രൂപത്തില്‍ ലോകം ഉണ്ടായ കാലം മുതല്‍ക്കേ ഉള്ളതാണ്. എന്നാലും ഇത് ലോകത്തിന് അനിവാര്യമായി മാറുന്നത് 2019 നവംബര്‍ മുതലാണ്, ആ വര്‍ഷമാണ് ലോകത്ത് കൊറോണ വൈറസിന്റെ വ്യാപനം തുടങ്ങിയത്. ചൈനയിലെ വുഹാനയില്‍ നിന്ന് ആരംഭിച്ച കൊറോണയുടെ വ്യാപനത്തിന്റെ അതിഭീകരതയാണ് പിന്നീട് ലോകം കണ്ടത്. കൊറോണയെ പ്രതിരോധിക്കാന്‍ ലോകം മുഴുവന്‍ അടച്ചുപൂട്ടിയപ്പോള്‍ മനുഷ്യന്റെ മുഖവും മാസ്‌ക് എന്ന ഷട്ടറിനകത്തേക്ക് മാറ്റി.
മാസ്‌കിടാതെ പൊതുനിരത്തിലൂടെ പോയതിന് ഫൈന്‍ അടച്ചവര്‍ നിരവധിയാണ്. പക്ഷേ പിന്നീട് പതിയെ, പതിയെ ലോകത്ത് നിന്ന് കൊറോണയുടെ വ്യാപനം കുറയുകയും ലോകം പഴയ രീതിയിലേക്ക് മാറികൊണ്ടിരിക്കുകയും ചെയ്ത സമയത്ത് ഏകദേശം 10 മാസത്തിന് ശേഷം നമ്മുടെ നാടുകളിലെ സ്‌കൂളുകളും, കോളജുകളും മറ്റു അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കപ്പെട്ടു. കൊറോണ വ്യാപനം കൂടിയ സമയത്ത് മാസ്‌കിടാന്‍ മടിച്ച് നിന്ന കൗമാര പ്രായക്കാരെല്ലാം തന്നെ ക്ലാസിലിരിക്കാന്‍, കോളേജില്‍ പോകാന്‍ മാസ്‌കിടാന്‍ നിര്‍ബന്ധിതരായി. അങ്ങനെ ദിവസങ്ങള്‍ കഴിയുന്തോറും കൊറോണ ഭീതി ഒഴിഞ്ഞൊഴിഞ്ഞ് പോയി എല്ലാം പഴയ പോലെയായി.
പൊതുനിരത്തില്‍ മാസ്‌ക് നിബന്ധനയൊക്കെ ഒഴിവായി. പിന്നീടങ്ങോട്ട് മാസ്‌കിടുന്നത് ആരോഗ്യ പ്രവര്‍ത്തകരും, പ്രായം ചെന്നവരും, രോഗികളും മാത്രമായി ചുരുങ്ങി വന്നു. എന്നാല്‍ ഇന്നും നല്ല ഒരു ശതമാനം വിദ്യാര്‍ഥികള്‍ മാസ്‌കിടുന്നുണ്ട്, അതില്‍ നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയാണ് മാസ്‌ക് ധരിക്കുന്നത്. എന്നാല്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍, കൗമാരക്കാര്‍, യുവതി, യുവാക്കള്‍ ഇന്ന് മാസ്‌ക് ഉപയോഗിക്കുന്നത് അവര്‍ക്കൊരു മറയായി കൊണ്ടു നടക്കാന്‍ മാത്രമാണ്. പ്രണയങ്ങള്‍, വഴിവിട്ട ബന്ധങ്ങള്‍ ഇതിനൊക്കെ പൊതു ഇടങ്ങളില്‍ ഒരു മറ ലഭിക്കാന്‍ വേണ്ടിയുള്ള ഉപാധിയാണ് ഇന്ന് പലര്‍ക്കും മാസ്‌ക്. സ്‌കൂളും ,കോളേജും കഴിഞ്ഞ് വല്ല കഫേകളിലോ, മാളുകളിലോ, പാര്‍ക്കുകളിലോ സമയം ചിലവഴിച്ച് പ്രണയ സല്ലാപം തീര്‍ക്കാന്‍ ഇരിക്കുന്നവര്‍ തീര്‍ച്ചയായും ഈ കാലത്ത് മാസ്‌ക് വെച്ചിരിക്കുന്നു.
തമ്മില്‍ പ്രണയമെന്ന് ഓമനപ്പേര് വിളിക്കുമ്പോഴും മാസ്‌ക് ധരിച്ച് നടത്തുന്നത് വെറും ആഭാസങ്ങളായി മാറുന്ന കാഴ്ചകളാണ് ദിനേന കണ്ടു കൊണ്ടിരിക്കുന്നത്. പൊതു ഇടമെന്നോ മറ്റുള്ളവര്‍ കണ്ടാല്‍ നാണക്കേടാണെന്നോ എന്ന ഒരു ഉളുപ്പും ഇല്ലാതെ പുതിയ തലമുറയിലെ ആണ്‍, പെണ്‍ വിദ്യാര്‍ത്ഥികള്‍ കാണിക്കുന്ന സദാചാര അപചയങ്ങള്‍ എങ്ങനെയാണ് വരും തലമുറയെ സൃഷ്ടിക്കുക എന്നത് നമ്മളെ പേടിപ്പെടുത്തുന്നു. മുഖത്ത് മാസ്‌കിട്ട് കയ്യും കയ്യും പിടിച്ച് ടൗണിലും, മാളിലും കറങ്ങി നടക്കുന്ന എത്ര എത്ര കൗമാരക്കാരയാണ് ദിനേന കണ്ടു കൊണ്ടിരിക്കുന്നത്. ആഭാസം കാണിക്കുന്നത് കണ്ട് ചോദ്യം ചെയ്താല്‍ സദാചാര പൊലീസ് ചാപ്പ കുത്തുന്നതാണ് പുതിയ സാംസ്‌കാരിക കേരളം. ഇത്തരം വൃത്തികേടുകള്‍ക്കെതിരെ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മുടെ മക്കള്‍ നമ്മുടേതല്ലാതായി മാറും എന്ന കാര്യത്തില്‍ സംശയമില്ല. ആരോഗ്യ സുരക്ഷിതത്വത്തിന് മാസ്‌ക് അനിവാര്യമാണ്, എന്നാല്‍ അതിനെ മറയാക്കിയുള്ള ആഭാസങ്ങള്‍ അംഗീകരിക്കാനാവില്ല - ജാഗ്രത.
Keywords: Mask, New Generation, Covid, Corona Virus, Article Rashid Thuruthi, Mask and new generation.