മസ്‌ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നിസ്‌കാരം നടക്കും. മഴ മൂലം പലയിടങ്ങളിലും ഈദ് ഗാഹുകൾ ഒഴിവാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ എട്ട് മണിക്കും അതിന് മുമ്പായുമാണ് കാസർകോട്ട് മിക്കയിടങ്ങളിലും പെരുന്നാൾ നിസ്കാരം നടക്കുക. പുതുവസ്ത്രങ്ങൾ അണിഞ്ഞ് ആബാലവൃദ്ധം വിശ്വാസികളും നിസ്‌കാരത്തിൽ പങ്കെടുക്കും.
നിസ്‌കാരവും ഖുത്ബയും പ്രാർഥനയും കഴിഞ്ഞ് പരസ്‌പരം ആശംസകള്‍ കൈമാറിയും സൗഹൃദം പങ്കുവെച്ചുമാണ് വിശ്വാസികള്‍ വീട്ടിലേക്ക് മടങ്ങുക. തുടർന്ന് കുടുംബ, സുഹൃദ് വീടുകൾ സന്ദർശിച്ച് സൗഹൃദവും ബന്ധവും പുതുക്കും. മൃഗബലിയാണ് ബലിപെരുന്നാൾ ദിനത്തിലെ മറ്റൊരു പ്രധാന കർമം. അല്ലാഹുവിന്റെ കൽപന മാനിച്ച് ഏക മകനെ ബലി കൊടുക്കാൻ സന്നദ്ധനായ പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗത്തെ സ്‌മരിച്ചാണ് വിശ്വാസികള്‍ മൃഗബലി നടത്തുന്നത്.
പെരുന്നാൾ വിപണിയും സജീവമായിരുന്നു. പെരുന്നാൾ തലേന്ന് വലിയ തിരക്കാണ് കാസർകോട് നഗരത്തിൽ അനുഭവപ്പെടുന്നത്. വസ്ത്രക്കടകളിലും ചെരുപ്പ് കടകളിലും പലചരക്ക് കടകളിലുമായിരുന്നു ആളുകളേറെയും. ഊദ്, അത്തര്‍, മൈലാഞ്ചി വിപണികളും ആളുകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. മഴ പ്രതിസന്ധിയായെങ്കിലും കച്ചവടത്തെ വലിയരീതിയിൽ ബാധിച്ചിട്ടില്ല.
Keywords: Kerala, News, Kasaragod, Eid Ul Adha, Mailanchi, Namaz, Religion, Muslims, Festival, Getting Ready For Eid.
< !- START disable copy paste -->