Join Whatsapp Group. Join now!
Aster MIMS 10/10/2023

Eid in Sharjah | ഷാര്‍ജയിലെ മറക്കാനാവാത്ത ഒരു പെരുന്നാള്‍ ഓര്‍മ

പെരുന്നാൾ നിസ്കാരവും കഴിഞ്ഞ് എല്ലാവരും ചേർന്ന് റൂമിൽ കോഴി ബിരിയാണിയും പായസവുമെല്ലാം തയ്യാറാക്കിയിരുന്നു #പ്രവാസി-കുറിപ്പുകൾ #Eid-UAE #Sharjah-Memories
പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 29)

-കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) ഒരുപാട് പെരുന്നാളും മറ്റു ആഘോഷങ്ങളും പ്രവാസ ജീവിതത്തിനിടയില്‍ കഴിഞ്ഞു പോയിട്ടുണ്ടെങ്കിലും എന്റെ ഓര്‍മ്മയില്‍ നിന്ന് മാഞ്ഞു പോകാത്ത ഒരു പെരുന്നാള്‍ അനുഭവമാണ് ഇവിടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നത്. ഷാര്‍ജയില്‍ തന്നെയുള്ള ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ സ്വദേശികളായ അറബികള്‍ കൂടുതലായുള്ള ഒരു സാബിയയിലായിരുന്നു എന്റെ അളിയന്‍ ജലാല്‍ കട്ടപ്പണി ബേവിഞ്ചയും കുടുംബവും അന്ന് (2006) താമസിച്ചിരുന്നത്. അക്കാലത്തെ നോമ്പും പെരുന്നാളും തന്നോടൊപ്പം കൂടണമെന്നു പറഞ്ഞാണ് ഉമ്മയേയും വിസിറ്റിംഗ് വിസയില്‍ കൊണ്ടുവന്നത്. അതുകൊണ്ട് തന്നെ ഇപ്രാവശ്യത്തെ പെരുന്നാള്‍ എന്റെ വീട്ടില്‍ ആഘോഷിക്കാമെന്നും പറഞ്ഞ് എന്നേയും അനുജന്‍ സാദിഖിനേയും അങ്ങോട്ട് ക്ഷണിച്ചു.
           
Article, Gulf Story, Eid Story, Celebration, Islamic Festival, Kuttiyanam Muhammad Kunjhi, Sharjah Story, Unforgettable Eid memory in Sharjah.

രാവിലെ പെരുന്നാള്‍ നിസ്‌കാരവും കഴിഞ്ഞ് എല്ലാവരും ചേര്‍ന്ന് റൂമില്‍ കോഴി ബിരിയാണിയും പായസവുമെല്ലാം തയ്യാറാക്കിയിരുന്നു. അതില്‍ പങ്കുചേര്‍ന്ന ഞാന്‍ അതൊന്ന് രുചിച്ചു നോക്കുക പോലും ചെയ്യാതെ അളിയന്റെ വീട്ടിലേക്ക് ടാക്‌സി കയറാന്‍ പോകുമ്പോള്‍, വഴിയില്‍ ഒരാള്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്നു, പുഞ്ചിരിയോടെ സലാം പറഞ്ഞു. അദ്ദേഹം സ്വയം പരിചയപ്പെടുത്തി. കാസര്‍കോട് പടന്ന സ്വദേശിയാണ്. ഇവിടെ അബൂദാബിയിലാണ് താമസം. കുറച്ചു നാളായി പണിയൊന്നുമില്ലാതെ വളരെ ബുദ്ധിമുട്ടിലാണ്, അതിനിടയില്‍ ഒരാള്‍ ഷാര്‍ജയില്‍ ഒരു ജോലിയുണ്ടെന്ന് പറഞ്ഞതിലാണ് ഇന്നലെ ഇങ്ങോട്ട് വന്നത്, അത് ശരിയായില്ല, തിരിച്ചു പോകാന്‍ കൈയ്യില്‍ ഒന്നുമില്ല. അത് കൊണ്ട് വിഷമിച്ചു നില്‍ക്കുകയാണ് ഒന്ന് സഹായിക്കുമോ?.

അദ്ദേഹത്തിന്റെ കോലവും, ഭാവവും കണ്ടപ്പോള്‍ പറയുന്നത് വാസ്തവമാണെന്ന് തോന്നി. വല്ലതും കഴിച്ചോ എന്ന എന്റെ ചോദ്യത്തിന്ന് ഇല്ലെന്ന് തലയാട്ടുകയാണ് അപരിചിതന്‍ ചെയ്തത്. ഞാന്‍ അദ്ദേഹത്തെയും കൂട്ടി തൊട്ടടുത്തുള്ള മുസ്തഖ്ബാല്‍ റെസ്റ്റോറന്റിലേക്ക് കൊണ്ടുപോയി ഒരു ബിരിയാണി വാങ്ങിച്ചു കൊടുത്തു, അദ്ദേഹത്തിനു വേണ്ട വണ്ടിക്കൂലിക്കുള്ള കാശും നല്‍കി ഞങ്ങള്‍ പിരിഞ്ഞു. ഞാന്‍ ജലാല്‍ പറഞ്ഞ സ്ഥലത്തേക്ക് ടാക്‌സി കയറി. പക്ഷേ അദ്ദേഹത്തിന്റെ വീട് (വില്ല) എവിടെയാണെന്ന് വ്യക്തമായി ഒരു ധാരണയുമില്ലായിരുന്നു. ശരിക്കും അറിയാത്തത് കൊണ്ടും അറബികള്‍ താമസിക്കുന്ന ഏരിയ ആയതിനാലും കൂടുതല്‍ നോക്കി നടക്കാന്‍ നില്‍ക്കാതെ അടുത്തു കണ്ട പള്ളിയില്‍ കയറിയിരുന്നു. അപ്പോഴും ചുറ്റുവട്ടങ്ങള്‍ വീക്ഷിച്ചു കൊണ്ടേയിരുന്നു.
              
Article, Gulf Story, Eid Story, Celebration, Islamic Festival, Kuttiyanam Muhammad Kunjhi, Sharjah Story, Unforgettable Eid memory in Sharjah.

ഇപ്പോള്‍ കണ്ടില്ലെങ്കിലും ളുഹര്‍ നിസ്‌കാര സമയമാകുമ്പോള്‍ ജലാലോ അനുജന്‍ സാദിഖോ പള്ളിയില്‍ വരാതിരിക്കില്ല എന്ന വിശ്വാസത്തില്‍ ഇരിക്കുമ്പോഴും പലപ്പോഴും പുറത്തിറങ്ങി അടുത്തുള്ള ഫ്‌ലാറ്റുകളിലേക്ക് നോക്കി നിരാശയോടെ മടങ്ങിപ്പോകും. ഇത് ശ്രദ്ധയില്‍ പെട്ട ഒരു അറബി എന്നെ കൈകൊട്ടി വിളിച്ചു. ഞാന്‍ പേടിയോടെ നോക്കി, അപ്പോള്‍ അദ്ദേഹം മാടി വിളിച്ചു. വീണു കിട്ടിയ ധൈര്യത്തോടെ പോയി. എന്താ പെരുന്നാളായി ഇവിടെ നില്‍ക്കുന്നത്, ഭക്ഷണം കഴിച്ചോ? ഞാന്‍ സംഭവം വിവരിച്ചു, ശരിയാണ് ടെലികമ്മ്യുണിക്കേഷന്‍ തകരാറായതിനാല്‍ ആര്‍ക്കും പരസ്പരം ബന്ധപ്പെടാന്‍ പറ്റാതെ എല്ലാവരും കിടുങ്ങിയിരിക്കയാണ്.

ശരിയാവും എന്ന് പറഞ്ഞ് അദ്ദേഹം ഒരു പ്ലാസ്റ്റിക് കവര്‍ എന്റെ നേരെ നീട്ടി. ഞാന്‍ നന്ദി പറഞ്ഞു വാങ്ങി പള്ളിയില്‍ കൊണ്ടുപോയി തുറന്നു നോക്കിയപ്പോള്‍ മൂന്ന് ബിരിയാണി, മൂന്ന് പെപ്‌സി, മൂന്ന് ആപ്പിള്‍ വെള്ളം എല്ലാം അതിലുണ്ട്, സത്യത്തില്‍ എനിക്കു നല്ല വിശപ്പുമുണ്ടായിരുന്നു. അതറിഞ്ഞു ദൈവം കനിഞ്ഞു നല്‍കിയ ആ പൊതിയില്‍ നിന്ന് ഒരു ബിരിയാണിയെടുത്ത് കഴിച്ച് സമാധാനത്തോടെ ഇരിക്കുമ്പോള്‍ ബാങ്കുവിളി മുഴങ്ങി. അളിയന്മാരും വന്നു കയറി. നിസ്‌കാരം കഴിഞ്ഞു ഭക്ഷണപ്പൊതിയുമായി അവര്‍ക്കൊപ്പം നീങ്ങി.

(അവസാനിച്ചു)

(കാസര്‍കോട് വാര്‍ത്തയില്‍ 29 അധ്യായങ്ങളിലായി പ്രസിദ്ധീകരിച്ചു വന്ന പ്രവാസ അനുഭവക്കുറിപ്പുകള്‍ ക്യുവൈവ് ടെക്സ്റ്റ് ബുക്‌സ് പ്രസിദ്ധീകരണശാല ഉടന്‍ പുസ്തകമാക്കുകയാണ് എന്ന സന്തോഷ വാര്‍ത്ത കൂടി വായനക്കാരെ അറിയിക്കുന്നു - ലേഖകന്‍)

Also Read: 























വക്രബുദ്ധിക്കൊരു തിരിച്ചടി 28


Keywords: Article, Gulf Story, Eid Story, Celebration, Islamic Festival, Kuttiyanam Muhammad Kunjhi, Sharjah Story, Unforgettable Eid memory in Sharjah.
< !- START disable copy paste -->

Post a Comment