വെള്ളരിക്കുണ്ട്: (www.kasargodvartha.com) മലയോര താലൂക് ആസ്ഥാനമായ വെള്ളരിക്കുണ്ടിൽ കെട്ടിട ഉടമകൾ നടത്തുന്നത് നിയമലംഘനമെന്ന് ആരോപണം. വാഹന പാർകിംഗ് സൗകര്യം കാണിച്ച് കെട്ടിട നിർമാണ അനുമതി വാങ്ങിയവർ ഇപ്പോൾ അത് ഷടർ പിടിപ്പിച്ച മുറിയാക്കി വാടകയ്ക്ക് നൽകുന്നുവെന്നാണ് ആക്ഷേപം. റോഡ് കയ്യേറിയും പുഴ കയ്യേറിയുമൊക്കെ നടക്കുന്ന ഇരുനില ബഹുനില കെട്ടിടനിർമാണത്തിന് ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയും ചെയ്യുന്നുവെന്നാണ് പരാതി.
മഴവെള്ളം ഒഴുകേണ്ട ഓട മുഴുവൻ മണ്ണിട്ടും സ്ലാബിട്ടും മൂടി അവരുടേതായ കെട്ടിടങ്ങൾക്ക് ശോഭയും കൂട്ടുന്നുവെന്നും ആരോപണമുണ്ട്. താലൂക് ആസ്ഥാനത്ത് വികസനം ലക്ഷ്യമാക്കിയാണ് വിദേശത്തും സ്വദേശത്തും ഉള്ളവർ വെള്ളരിക്കുണ്ടിൽ ഷോപിംഗ് മോളുകൾ കെട്ടിപൊക്കുന്നത്. എന്നാൽ അടുത്തിടെ ഉണ്ടായ വികസനത്തിനു മുൻപ് കിട്ടിയ വ്യാപാരനേട്ടം കച്ചവടക്കാർക്ക് ലഭിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.
ലാഭം നോക്കി മാത്രം അടിക്കടി കെട്ടിട വാടക വർധിപ്പിച്ച് ഉടമകൾ വ്യാപാരികളെ വട്ടം കറക്കി വരുന്ന പ്രവണതയാണ് ഉള്ളതെന്നാണ് ഇവർ പറയുന്നത്. നിലവിൽ 10,000 മുതൽ 50,000 രൂപവരെ മാസവാടകയും ലക്ഷത്തിനുമുകളിൽ കോടിക്കടുത്ത് ഡെപോസിറ്റും നൽകി വെള്ളരിക്കുണ്ടിലെ താലൂക് ആസ്ഥാനത്ത് വ്യാപാര സ്ഥാപനം നടത്തുന്നവർക്ക് ആവശ്യമായ ഒരു സുരക്ഷാ സംവിധാനങ്ങളും കെട്ടിടഉടമകൾ ഒരുക്കിയിട്ടില്ലെന്നാണ് ആക്ഷേപം.
'ആവശ്യത്തിന് ശുചി മുറികളോ പാർകിംഗ് സൗകര്യങ്ങളോ ഒരിടത്തുമില്ല. കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും തരത്തിലാണ് കെട്ടിടങ്ങളുടെ മുന്നിൽ വാഹന പാർകിംഗ് നിലവിൽ ഉള്ളത്. റോഡ് പൊളിച്ച് ഇന്റർലോക് പതിച്ച സ്ഥലം മറ്റാർക്കും അവകാശമില്ലാത്തവിധം ചില കെട്ടിട ഉടമകൾ സ്വന്തമാക്കി വെച്ചിരിക്കുകയാണ്', വ്യാപാരികൾ പരാതിപ്പെട്ടു. വർഷങ്ങളായി ഹോടെൽ ഉൾപെടെയുള്ള കച്ചവടം നടത്തി വരുന്ന വ്യാപാരികളെ പോലും കെട്ടിടവികസനത്തിന്റെയും നവീകരണത്തിന്റെയും പേരിൽ ഉടമകൾ ഒഴിഞ്ഞുപോകാൻ നോടീസും നൽകിയിട്ടുണ്ടെന്നും ആരോപണം ഉയരുന്നു.
Keywords: Kasaragod, News, Kerala, Allegation, Building, Vellarikundu, Vehicle, Road, River, Complaint, Merchant, Rent, Hotel, Top-Headlines, Alleged that owners of building in Vellarikund violating law.