പള്ളിക്കര: (www.kasargodvartha.com) കാണാതായ വിദ്യാർഥിയെ തിരച്ചിലിനൊടുവിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിൽ നാട്. പള്ളിക്കര ഗവ. ഹയർ സെകൻഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയും പള്ളിക്കര പൂച്ചക്കാട് തെക്ക്പുറം സുബൈർ - സമീറ ദമ്പതികളുടെ മകനുമായ മുഹമ്മദ് ശഹീം (15) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ച കഴിഞ്ഞ് സ്‌കൂളിൽ നിന്ന് പോയ ശഹീമിനെ പിന്നീട് കാണാതാവുകയായിരുന്നു. അധ്യാപകരോട് വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞിരുന്നുവെന്നാണ് വിവരം. സ്‌കൂൾ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് സ്‌കൂളിൽ നിന്ന് നേരത്തെ പോയതായുള്ള വിവരം അറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ ബേക്കൽ പൊലീസിൽ പരാതി നൽകുകയും വിദ്യാർഥിക്കായി നാടൊന്നാകെ തിരച്ചിൽ നടത്തി വരികയുമായിരുന്നു. സോഷ്യൽ മീഡിയയിലും കുട്ടിയെ കണ്ടെത്തുന്നതിനായി സന്ദേശങ്ങൾ പ്രചരിച്ചു.
അതിനിടെയിലാണ് രാത്രി എട്ട് മണിയോടെ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സന്ധ്യവരെ ശഹീമിനെ ബേക്കൽ ബീച് പാർകിൽ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ശഹീമിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനും നാടിനും വലിയ ആഘാതമായി.
സഹോദരങ്ങൾ: സലുൽ അബ്ദുർ റഹ്‌മാൻ, നഫീസത് സുൽഫ.
Keywords: Pallikara, News, Kerala, Top-Headlines, Death, Kasaragod, Student found dead.