city-gold-ad-for-blogger
Aster MIMS 10/10/2023

Court | മുൻ മന്ത്രി ഇ ചന്ദ്രശേഖരൻ എംഎൽഎയെ ആക്രമിച്ച കേസിൽ ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടത് സിപിഎം നേതാക്കൾ കൂറുമാറിയത് കൊണ്ടെന്ന് ആരോപണം; പകരം സിപിഎം നേതാക്കൾ പ്രതിയായ കേസിൽ ബിജെപിയും കോടതിയിൽ മലക്കം മറിഞ്ഞു; പരസ്പര ധാരണയെന്ന് ആക്ഷേപം

കാസർകോട്: (www.kasargodvartha.com) 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ മുൻ മന്ത്രിയും സിപിഐ നേതാവുമായ ഇ ചന്ദ്രശേഖരൻ എംഎൽഎയെ ആക്രമിച്ച കേസിലെ പ്രതികളായ ബിജെപി പ്രവർത്തകരെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടത് സിപിഎം നേതാക്കൾ കോടതിയിൽ കൂറുമാറിയതോടെയെന്ന് ആരോപണം. സിപിഎം ജില്ലാ കമിറ്റി അംഗം പ്രതിയായ നരഹത്യാ കേസിൽ നിന്ന് രക്ഷപ്പെടാൻ ബിജെപിയുമായി ധാരണയുണ്ടാക്കാൻ എംഎൽഎയുടെ കേസ് സിപിഎം ഉപയോഗിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം.

Court | മുൻ മന്ത്രി ഇ ചന്ദ്രശേഖരൻ എംഎൽഎയെ ആക്രമിച്ച കേസിൽ ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടത് സിപിഎം നേതാക്കൾ കൂറുമാറിയത് കൊണ്ടെന്ന് ആരോപണം; പകരം സിപിഎം നേതാക്കൾ പ്രതിയായ കേസിൽ ബിജെപിയും കോടതിയിൽ മലക്കം മറിഞ്ഞു; പരസ്പര ധാരണയെന്ന് ആക്ഷേപം

2016 മെയ് 18ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മാവുങ്കാലിൽ വിജയാഹ്ളാദ പ്രകടനമായെത്തിയ ഇടതുമുന്നണി പ്രവർത്തകർക്ക് നേരെ ബിജെപി പ്രവർത്തകർ ആക്രമണം നടത്തി എന്നായിരുന്നു കേസ്. അക്രമത്തിൽ പരുക്കേറ്റ ഇ ചന്ദ്രശേഖരൻ സ്ളിങ്ങിട്ട ഇടതുകൈയുമായാണ് 2016 മെയ് 25ന് തിരുവനന്തപുരത്ത് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയിരുന്നത്. ബിജെപി പ്രവർത്തകരായ ബലരാമൻ, എം പ്രദീപ് കുമാർ, അനൂപ്, മനോജ്, ബാബു, രാഹുൽ, രാജേഷ്, സുജിത്ത്, അരുൺ, ഷിജു, പികെ പ്രദീപ് എന്നിവരെയാണ് കോടതി വിട്ടയച്ചത്.

സംഭവം നടന്ന് ആറര വർഷത്തിന് ശേഷം ജനുവരി 25നാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി (രണ്ട്) തെളിവുകളുടെ അഭാവത്തിൽ 12 ബിജെപി-ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ടത്. മുഖ്യ സാക്ഷികളായ രണ്ട് സിപിഎം നേതാക്കൾ കോടതിയിൽ കൂറുമാറിയതാണ് ബിജെപി പ്രവർത്തകർ സ്വതന്ത്രരായി നടക്കാൻ കാരണമായതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. 'പൊലീസിന് നൽകിയ മൊഴികളിൽ നിന്ന് സിപിഎം നേതാക്കൾ പിന്നോട്ട് പോയി. കോടതിയിൽ പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന് പറഞ്ഞു. സ്വന്തം എംഎൽഎയെ അവർക്കെങ്ങനെ നിഷേധിക്കാനാവും? അതും ആർഎസ്എസ് പ്രവർത്തകരെ സംരക്ഷിക്കാൻ', ഒരു സിപിഐ നേതാവിനെ ഉദ്ധരിച്ച് ഓൺമനോരമ റിപ്പോർട്ട് ചെയ്തു.

കിനാനൂർ-കരിന്തളം പഞ്ചായത് പ്രസിഡന്റ് ടി കെ രവിയും, സിപിഎം മടിക്കൈ സൗത് ലോകൽ കമിറ്റി അംഗം അനിൽ എന്നിവർ കോടതിയിൽ വിരുദ്ധ നിലപാട് സ്വീകരിച്ചെന്നാണ് ആക്ഷേപം. 2016 മെയ് 19 ന് ചന്ദ്രശേഖരൻ തന്റെ മണ്ഡലത്തിൽ വിജയഘോഷയാത്ര നടത്തുമ്പോൾ തുറന്ന ജീപിൽ അന്ന് സിപിഎം ജില്ലാ കമിറ്റി അംഗവും നീലേശ്വരം ഏരിയാ സെക്രടറിയുമായിരുന്ന ടി കെ രവി അരികിലുണ്ടായിരുന്നു. സിപിഎം സംസ്ഥാന കമിറ്റി അംഗം എ കെ നാരായണൻ, സിപിഐ നേതാവ് കെ വി കൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. കാഞ്ഞങ്ങാട് ടൗണിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള ആർഎസ്എസ് സ്വാധീന കേന്ദ്രമായ മാവുങ്കാലിൽ ജീപ് എത്തിയപ്പോൾ ബിജെപി-ആർഎസ്എസ് പ്രവർത്തകർ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിയുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.

രവിയെയും കൈ ഒടിഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഡ്രൈവർ ഹകീമിനും പരിക്കേറ്റിരുന്നു. വൈകിട്ട് ആറോടെ പ്രതികളിൽ ആറുപേരെ ഡിവൈഎസ്പി ഓഫീസിൽ രവിക്ക് മുന്നിൽ ഹാജരാക്കുകയും തങ്ങളെ ആക്രമിച്ചവരിൽ ഇവർ ആറുപേരും ഉണ്ടെന്ന് രവി പൊലീസിന് മൊഴി നൽകിയിരുന്നുവെന്നുമാണ് പറയുന്നത്. എംഎൽഎയായ ചന്ദ്രശേഖരൻ 2022 നവംബർ 23ന് കോടതിയിൽ ഹാജരായി. പൊലീസിൽ നൽകിയ പരാതിയിൽ അദ്ദേഹം ഉറച്ചുനിന്നു. എന്നാൽ 2022 നവംബർ 28 ന് കോടതിയിൽ ഹാജരായ രവി പൊലീസ് സ്റ്റേഷനിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.

'ആൾക്കൂട്ടത്തിൽ നൂറിലധികം പേരുണ്ടായിരുന്നു. അതിനാൽ, ഞങ്ങൾക്ക് നേരെ കല്ലെറിഞ്ഞവരിൽ ഈ പ്രതികളും ഉൾപെട്ടിട്ടുണ്ടോ എന്ന് എനിക്ക് പറയാൻ കഴിയില്ല, സംഭവത്തിന് ശേഷം ഞാൻ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല, തിരിച്ചറിഞ്ഞതായുള്ള ഒരു മൊഴിയും ഞാൻ പൊലീസിന് നൽകിയിട്ടില്ല', ഇപ്പോൾ കിനാനൂർ-കരിന്തളം പഞ്ചായത് പ്രസിഡന്റായ രവി കോടതിയെ അറിയിച്ചു. സിപിഎം മടിക്കൈ സൗത് ലോകൽ കമ്മിറ്റി അംഗം അനിൽ ബങ്കളവും നേരത്തെ പൊലീസിന് നൽകിയ മൊഴിയിൽ നിന്ന് കോടതിയിൽ കൂറുമാറിയെന്നാണ് ആക്ഷേപം. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂടീവ് കമിറ്റി അംഗം കൂടിയായ അനിൽ സംഭവസമയത്ത് ചന്ദ്രശേഖനൊപ്പമുണ്ടായിരുന്നു.

ഇതേസമയത്ത് സിപിഎം ജില്ലാ കമിറ്റി അംഗവും പനത്തടി ഏരിയാ കമ്മിറ്റി സെക്രടറിയുമായ കൃഷ്‍ണൻ ഒക്ലാവിനും മറ്റ് 11 പാർടി പ്രവർത്തകർക്കുമെതിരെ വധശ്രമക്കേസ് കോടതി പരിഗണിച്ചിരുന്നു. 2018 നവംബർ 17 ന് ശബരിമലയിൽ നിന്ന് കെ പി ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി നടന്ന ഹർതാലിനിടെ ആർഎസ്എസ്-ബിജെപി പ്രവർത്തകരെ സിപിഎം ആക്രമിച്ചെന്നാണ് കേസ്. രാജപുരം പൊലീസ് 12 സിപിഎം പ്രവർത്തകരെയും നേതാക്കളെയും പിറ്റേന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യക്ക് ശ്രമിച്ചതും ഗുരുതരമായി പരിക്കേൽപ്പിച്ചതും ഉൾപ്പെടെ ഏഴ് കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.

കേസിൽ അന്നത്തെ സിപിഎം പനത്തടി ഏരിയാ കമിറ്റി സെക്രടറി കെ കൃഷ്ണൻ ഒക്ലാവ് (53), പികെ രാമചന്ദ്രൻ (56), സിപിഎം. രാജപുരം ലോകൽ കമിറ്റി അംഗം സിനു കുര്യാക്കോസ് (48) എന്നിവർക്ക് 17 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിന് ശേഷമാണ് ജാമ്യം ലഭിച്ചത്. മണിക്കുട്ടൻ എന്ന വിജയകുമാർ വി കെ (48), കെ പി സുരേഷ് (52), ഉദയകുമാർ ടി എന്ന ഉദയൻ കൊട്ടോടി (38) എന്നിവർ ആറുമാസവും 12 ദിവസവും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നു. ഒന്നാം പ്രതി കെ കുഞ്ഞികൃഷ്ണൻ (38), പത്താം പ്രതി രാഘവൻ കെ (43) എന്നിവർ 34 ദിവസം ജയിലിൽ കിടന്നു. മറ്റ് നാല് പ്രതികളായ ശങ്കരൻ കെ (54), രത്നാകരൻ ടി (49), പ്രശാന്ത് സി കെ (29), ജോഷി ജോർജ് (47) എന്നിവർക്ക് 17 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചു.

കേസിൽ എട്ട് സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. എന്നാൽ എല്ലാവരും കോടതിയിൽ സിപിഎം പ്രവർത്തകർക്ക് അനുകൂലമാവുന്ന രീതിയിൽ മൊഴി നൽകി കൂറുമാറി. ഇരകളും പ്രതികളും ഒരേ പ്രദേശത്തുകാരാണ്. സിപിഎമിന്റെയും ബിജെപിയുടെയും ജില്ലാ നേതാക്കളാണ് ഒത്തുതീർപ്പുണ്ടാക്കിയതെന്നാണ് സിപിഐ ആരോപിക്കുന്നത്. പ്രതികളുടെ പ്രായവും ജോലിയും കണക്കിലെടുത്താണ് നീക്കുപോക്കുണ്ടായതെന്നാണ് മറുവാദം. മുന്നണിയെ തന്നെ ഉലയ്ക്കുന്ന രീതിയിലേക്ക് ഈ വിഷയം മാറുമോയെന്ന് കണ്ടറിയണം.

കുമ്പള പഞ്ചായത് ഭരണസമിതിയിൽ സ്ഥാനമാനങ്ങൾ നേടാനും യുഡിഎഫിനെ മാറ്റി നിർത്താനും സിപിഎം-ബിജെപിയുമായി ധാരണയുണ്ടാക്കിയെന്ന വിവാദങ്ങൾ രാഷ്ട്രീയമായി സിപിഎമിന് ക്ഷീണം ഉണ്ടാക്കിയിരുന്നു. ബിജെപിയിലും നേതാക്കൾക്കെതിരെ പ്രവർത്തകർ തിരിഞ്ഞിരുന്നു.

Court | മുൻ മന്ത്രി ഇ ചന്ദ്രശേഖരൻ എംഎൽഎയെ ആക്രമിച്ച കേസിൽ ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടത് സിപിഎം നേതാക്കൾ കൂറുമാറിയത് കൊണ്ടെന്ന് ആരോപണം; പകരം സിപിഎം നേതാക്കൾ പ്രതിയായ കേസിൽ ബിജെപിയും കോടതിയിൽ മലക്കം മറിഞ്ഞു; പരസ്പര ധാരണയെന്ന് ആക്ഷേപം

Keywords:  Latest-News, Top-Headlines, Kerala, Kasaragod, CPI, CPIM, LDF, E Chandrashekharan, Kanhangad-Clash, Kanhangad, Case, Court, Leader, BJP, RSS-BJP workers walk free as CPM leaders turn hostile in court.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL