കാസര്‍കോട്: (www.kasargodvartha.com) 74-ാമത് റിപബ്ലിക് ദിനം വിപുലമായി ആഘോഷിക്കാന്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിന് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹ് മദ് ദേവര്‍കോവില്‍ പതാക ഉയര്‍ത്തി സല്യൂട് സ്വീകരിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എംഎല്‍എമാരായ എകെഎം അശ്റഫ്, എന്‍ എ നെല്ലിക്കുന്ന്, സി എച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന എന്നിവര്‍ പങ്കെടുക്കും.
ജില്ലയിലെ ജനപ്രതിനിധികള്‍, സര്‍കാര്‍-പൊതുമേഖലാ സ്ഥാപന ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ റിപബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു. ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളായ കെ.കുഞ്ഞിക്കണ്ണന് നമ്പ്യാര്‍, ഗോപാലന് നായര്‍ എന്നിവര്‍ മുഖ്യാതിഥികളാവും.
റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ മുനിസിപ്പില്‍ സ്റ്റേഡിയത്തില്‍ സുരക്ഷ ശക്തമാക്കി. പരേഡ് വീക്ഷിക്കാനെത്തുന്നവര്‍ രാവിലെ എട്ടിനകം മുനിസിപല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 8.20 മണിക്ക് ചടങ്ങുകള്‍ ആരംഭിക്കും. സായുധ സേന, പൊലീസ്, വനിതാ പൊലീസ്, എക്സൈസ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, റെഡ്ക്രോസ്, എന്‍എസ്എസ്, എന്‍സിസി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തില്‍ പരേഡ് അരങ്ങേറും.
പരേഡില്‍ പങ്കെടുക്കുന്നവര്‍ രാവിലെ ഏഴിനകം സ്റ്റേഡിയത്തില്‍ എത്തണം. പരേഡിനുശേഷം സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. തിരെഞ്ഞെടുത്ത 11 ടീമുകള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. ജവഹര്‍ നവോദയ വിദ്യാലയ പെരിയ, കൊഹിനൂര്‍ പബ്ലിക് സ്കൂള്‍ കുമ്പള, എംആര്എച്എസ് പരവനടുക്കം, കേന്ദ്രീയ വിദ്യാലയ രണ്ട് വിദ്യാനഗര്‍, ലിറ്റില്‍ ലില്ലി ഇന്ഗ്ലീഷ് മീഡിയം സ്കൂള്‍ കുമ്പള, യോദ്ധ തയ്കോണ്ടോ അകാഡമി കാസര്‍കോട്, ജനനി നാട്ടറിവ് പഠന കേന്ദ്രം അമ്പലത്തറ, നാട്യമണ്ഡപ മധൂര്‍ എന്നിവയുടെ നേതൃത്വത്തില്‍ ദേശീയോദ്ഗ്രഥന ഗാനങ്ങള്‍, നാടന്‍പാട്ട്, ഗ്രൂപ് ഡാന്‍സ്, യോഗാ പ്രദര്‍ശനം, ഡിസ്പ്ലേ തുടങ്ങിയവ അരങ്ങേറും.
Keywords: Kasaragod, news, Kerala, Republic-Day, Top-Headlines, Republic day celebrations, Kasaragod preparations are complete to celebrate Republic Day.
إرسال تعليق