കൊച്ചി: (www.kasargodvartha.com) ആര്യങ്കാവില്‍ മായം കലര്‍ന്ന പാല്‍ പിടികൂടിയ സംഭവത്തില്‍ വാഹനം ക്ഷീരവികസന വകുപ്പിന് വിട്ടുനല്‍കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് ഉത്തരവ് നല്‍കി ഹൈകോടതി. പഞ്ചായതുമായി ചേര്‍ന്ന് വാഹനത്തിലെ പാല്‍ നശിപ്പിക്കാനും ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കാനും ക്ഷീരവികസന വകുപ്പിന് നിര്‍ദേശം നല്‍കി.
നഷ്ടപരിഹാരം വേണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം പുതിയ ഹര്‍ജിയായി നല്‍കാനും കോടതി നിര്‍ദേശിച്ചു. അതേസമയം ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കണ്ടെത്താനായിരുന്നില്ല. പാലില്‍ കൊഴുപ്പിന്റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താനായത്.
ജനുവരി 11നാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല്‍ ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് മായം കലര്‍ത്തിയ പാല്‍ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്.