അടൂര്‍: (www.kasargodvartha.com) അടൂര്‍ നെല്ലിമൂട്ടില്‍പ്പടിയില്‍ വലിയതോട്ടില്‍ കണ്ട പെരുമ്പാമ്പിനെ കാണാന്‍ എത്തിയത് വന്‍ജനക്കൂട്ടം. ഇതോടെ റോഡില്‍ വാഹനങ്ങളുടെ നീണ്ട നിര തന്നെ അനുഭവപ്പെടുകയും ഗതാഗതക്കുരുക്കിന് ഇടയാക്കുകയും ചെയ്തു. എന്നിരുന്നാലും പെരുമ്പാമ്പിനെ മാത്രം കണ്ടെത്താന്‍ കഴിഞ്ഞില്ല.
ചൊവ്വാഴ്ച രാവിലെ എട്ടുമണിക്കാണ് പ്രദേശവാസികളില്‍ ഒരാള്‍ തോട്ടില്‍ പെരുമ്പാമ്പിനെ കണ്ടത്. പിന്നീട് വിവരം നാടാകെ പരന്നു. ഒപ്പം സമൂഹ മാധ്യമങ്ങളിലൂടെയും. ഇതോടെ നൂറുകണക്കിന് ആളുകള്‍ പെരുമ്പാമ്പിനെ കാണാന്‍ സ്ഥലത്തെത്തി. ചിലര്‍ രണ്ട് പെരുമ്പാമ്പിനെ കണ്ടതായി അവകാശവാദം ഉന്നയിച്ചു. ചിലരാകട്ടെ നാല് പാമ്പിനെവരെ കണ്ടതായി പറഞ്ഞു. തിരക്ക് വര്‍ധിച്ചതോടെ പൊലീസ് എത്തി ആളുകളെ പറഞ്ഞുവിട്ടു.
എന്നാല്‍, കൂടുതല്‍ ആളുകള്‍ പിന്നെയും എത്തിക്കൊണ്ടിരുന്നതോടെ പൊലീസ് തിരികെ പോയി. ഒടുവില്‍ പാമ്പിനെ കാണാന്‍ നോക്കി കണ്ണുകഴച്ചവര്‍ വാച്ചിലെ സമയം നോക്കിയതോടെ നോട്ടം അവസാനിപ്പിച്ച് പെട്ടെന്ന് തന്നെ ജോലിക്കുപോയി. മറ്റുള്ളവര്‍ അവിടെ തന്നെ പിന്നെയും ഇരുന്നു.
പിന്നീട് വനം വകുപ്പ് അധികൃതര്‍ എത്തി പാമ്പിനെ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. വൈകുംവരെ തോട്ടിന്‍കരയില്‍ പാമ്പിനെ കാണാന്‍ ആളുകള്‍ എത്തിക്കൊണ്ടിരുന്നു.
എന്നാല്‍, തോട്ടില്‍ കിടക്കുന്ന മാലിന്യത്തിനിടയില്‍ ഒളിക്കുന്നതിനാല്‍ പാമ്പിനെ കാണാനോ പിടിക്കാനോ സാധിച്ചില്ലെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്.
വൈകിട്ട് 6.30 വരെയും പാമ്പിനെ കാണാന്‍ തോട്ടിലേക്ക് നോക്കി നില്‍ക്കുന്നവരെ കാണാമായിരുന്നു. ഒപ്പം പൊലീസ് ഇടയ്ക്കിടെ വന്ന് നോക്കിപ്പോവുകയും ചെയ്യുന്നുണ്ടായിരുന്നു.
Keywords: Huge crowd came to see python appeared in stream, News, Snake, Traffic-block, Police, Top-Headlines, Kerala.