മെല്‍ബന്‍: (www.kasargodvartha.com) ട്വന്റി20 ലോകകപില്‍ ഇന്‍ഡ്യ- പാകിസ്താന്‍ മത്സരത്തിന് മുന്‍പ് ഇന്‍ഡ്യന്‍ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ വികാരഭരിതനായി ഇന്‍ഡ്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ദേശീയ ഗാനം അവസാനിക്കുമ്പോള്‍ കണ്ണുകള്‍ മുറുക്കി അടച്ച് മുകളിലേക്ക് തല ഉയര്‍ത്തി നില്‍ക്കുകയായിരുന്നു രോഹിത്.
ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ സ്റ്റേഡിയം ഒന്നാകെ ആലപിക്കുന്നതും തുടര്‍ന്ന് കണ്ണുനീര്‍ മറച്ചുവയ്ക്കാന്‍ രോഹിത് ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. രോഹിത്തിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
ഇതിന്റെ വീഡിയോ ഐസിസി (International Cricket Council) തന്നെ തങ്ങളുടെ സമൂഹമാധ്യമ അകൗണ്ടുകളില്‍ പങ്കുവച്ചു. 2007 മുതല്‍ ട്വന്റി20 ലോകകപ് കളിക്കുന്നുണ്ടെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ ആദ്യ ഐസിസി മത്സരമാണിത്.
അതേസമയം, മത്സരത്തില്‍ പാകിസ്താന് രണ്ട് വികറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ ബാബര്‍ അസം (0), മുഹമ്മദ് റിസ്വാന്‍ (4) എന്നിവരെയാണ് പാകിസ്താന് നഷ്ടമായത്. ഇരുവരെയും അര്‍ഷ്ദീപ് സിംഗ് മടക്കി അയച്ചു. ബാബറിനെ വികറ്റിന് മുന്നില്‍ കുരുക്കിയ അര്‍ഷ്ദീപ് റിസ്വാനെ ഭുവനേശ്വര്‍ കുമാറിന്റെ കൈകളിലെത്തിച്ചു.
രണ്ടാം ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപ് തന്റെ ആദ്യ പന്തില്‍ തന്നെ ബാബറെ കുടുക്കി. ബാബര്‍ ഡിആര്‍എസ് എടുത്തെങ്കിലും ഓണ്‍ഫീല്‍ഡ് കോള്‍ നിലനില്‍ക്കുകയായിരുന്നു. തന്റെ രണ്ടാം ഓവറില്‍, ഇനിംഗ്‌സിലെ നാലാം ഓവറിലെ അവസാന പന്തില്‍ റിസ്വാനെയും അര്‍ഷ്ദീപ് മടക്കി. ബൗണ്‍സര്‍ ഹുക് ചെയ്യാന്‍ ശ്രമിച്ച റിസ്വാന്‍ ഡീപ് ഫൈന്‍ ലെഗില്‍ ഭുവിയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു.
ഓപനര്‍മാര്‍ പുറത്തായതിന് ശേഷം ക്രീസിലെത്തിയ ശാന്‍ മസൂദും ഇഫ്തിക്കാര്‍ അഹ്മദും ചേര്‍ന്ന് സാവധാനത്തില്‍ ഇനിംഗ്‌സ് കെട്ടിപ്പടുക്കുകയാണ്. മൂന്നാം വികറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 76 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ശാന്‍ മസൂദ് (27), ഇഫ്തികാര്‍ അഹ്മദ് (51) എന്നിവര്‍ ക്രീസില്‍ തുടരുകയാണ്. 32 പന്തിലാണ് ഇഫ്തികാറിന്റെ ഫിഫ്റ്റി. 12 ഓവറില്‍ 2 വികറ്റ് നഷ്ടത്തില്‍ 91 റണ്‍സാണ് പാകിസ്താന്‍ നേടിയിരിക്കുന്നത്.
ടോസ് നേടിയ ഇന്‍ഡ്യന്‍ നായകന്‍ രോഹിത് ശര്‍മ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് പിചാണെങ്കിലും മഴ സാധ്യതയും മൂടിക്കെട്ടിയ അന്തരീക്ഷവും പരിഗണിച്ചാണ് രോഹിത് പാകിസ്താനെ ബാറ്റിംഗിനയച്ചത്.