Join Whatsapp Group. Join now!
Aster MIMS 10/10/2023

Satheeshan Pacheni | കെപിസിസി അംഗവും കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റുമായ സതീശന്‍ പാച്ചേനി അന്തരിച്ചു; വിട വാങ്ങിയത് കോണ്‍ഗ്രസിന് കമ്യൂണിസ്റ്റ് ഗ്രാമത്തില്‍ മേല്‍വിലാസം കുറിച്ച നേതാവ്

Kannur: Congress leader Satheeshan Pacheni passed away #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kasargodvartha.com) കെപിസിസി അംഗവും കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റുമായ സതീശന്‍ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഈ മാസം 19 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. കോഴിക്കോട് ഗവ. മെഡികല്‍ കോളജില്‍ നിന്നും വിരമിച്ച വിദഗ്ദ്ധ ഡോക്ടര്‍മാരുടെതടക്കമുള്ള നിര്‍ദേശ പ്രകാരം ചികിത്സ തുടരവെയാണ് അന്ത്യം. 

പാച്ചേനിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവരടക്കമുള്ള നേതാക്കളെത്തിയിരുന്നു. കെപിസിസി ജനറല്‍ സെക്രടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ പാലക്കാട് ലോക്സഭ സീറ്റിലും മത്സരിച്ചിട്ടുണ്ട്.

കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സതീശന്‍ പാച്ചേനി കേവലം രണ്ടായിരത്തിലേറെ വോടുകള്‍ക്കാണ് രാമചന്ദ്രന്‍ കടന്നപ്പള്ളിയോട് പരാജയപ്പെട്ടത്. ഇതിനു ശേഷം ഡി സി സി അധ്യക്ഷ പദവിയൊഴിഞ്ഞ അദ്ദേഹത്തിനെ കെപിസിസി ഭാരവാഹിത്വത്തിലേക്ക് പരിഗണിച്ചിരുന്നില്ല.

                      news,Kerala,State,Top-Headlines,Politics,Political party,Trending,Death, Kannur: Congress leader Satheeshan Pacheni passed away

തളിപ്പറമ്പിലെ കമ്യൂനിസ്റ്റ് ഗ്രാമത്തില്‍ അടിയുറച്ച ഒരു കമ്യൂനിസ്റ്റ് കുടുംബത്തിലായിരുന്നു പാച്ചേനിയുടെ ജനനം. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം വലതുപക്ഷം ചേര്‍ന്നായിരുന്നു. പ്രമാദമായ മാവിച്ചേരി കേസില്‍ ഉള്‍പെടെ നിരവധി തവണ കമ്യൂനിസ്റ്റ് പാര്‍ടിക്കുവേണ്ടി ജയില്‍ശിക്ഷ അനുഭവിക്കുകയും അനവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു.

1968 ജനുവരി അഞ്ചിന് കമ്യൂനിസ്റ്റ് പാര്‍ടിയുടെ സജീവ പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായ പരേതനായ പാലക്കീല്‍ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായാണ് മാനിച്ചേരി സതീശന്‍ എന്ന സതീശന്‍ പാച്ചേനി ജനിച്ചത്.

പാച്ചേനി സര്‍കാര്‍ എല്‍പി സ്‌കൂളില്‍ പ്രാഥമിക പഠനത്തിനുശേഷം ഇരിങ്ങല്‍ യുപി സ്‌കൂള്‍, പരിയാരം സര്‍കാര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കണ്ണൂര്‍ എസ്എന്‍ കോളജില്‍ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂര്‍ കോളജില്‍ നിന്ന് പൊളിറ്റികല്‍ സയന്‍സില്‍ ബിരുദവും നേടി. കണ്ണൂര്‍ സര്‍കാര്‍ പോളിടെക്‌നികില്‍ നിന്ന് മെകാനികല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ നേടി. 

അടിയന്തരാവസ്ഥയുടെ ദുരുപയോഗത്തിനെതിരെ 1977-78 ലെ ഗുവാഹത്തി എഐസിസി സമ്മേളനത്തില്‍ എ കെ ആന്റണി നടത്തിയ പ്രസംഗം പത്രത്താളുകളിലൂടെ അറിഞ്ഞതാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന പാച്ചേനിയെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിച്ചത്. എ കെ ആന്റണി മുന്നോട്ടു വച്ച മൂല്യാധിഷ്ഠിത രാഷ്ട്രീയത്തോടുള്ള ആദരവ് സ്‌കൂള്‍ കാലയളവില്‍ കെഎസ്യുവില്‍ അണിചേരാന്‍ പ്രേരണയായി. 

പരിയാരം ഹൈസ്‌കൂള്‍ പഠിക്കുമ്പോള്‍ ആദ്യമായി രൂപീകരിക്കപ്പെട്ട കെഎസ്യു യൂനിറ്റിന്റെ പ്രസിഡന്റായി. പിന്നീട് കണ്ണൂര്‍ പോളിടെക്‌നികിലും കെഎസ്യു യൂനിറ്റ് പ്രസിഡന്റായി. കെഎസ്യു താലൂക് സെക്രടറി, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമിറ്റി അംഗം, സംസ്ഥാന ജനറല്‍ സെക്രടറി എന്നിങ്ങനെ 1999 ല്‍ സംസ്ഥാന പ്രസിഡന്റ് വരെയായി. കണ്ണൂരില്‍ നിന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റായ ഒരേയൊരു നേതാവ് കൂടിയായിരുന്നു അദ്ദേഹം. 

കമ്യൂനിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിലെ ഇളമുറക്കാരന്‍ കെഎസ്യു ആയെന്നറിഞ്ഞപ്പോള്‍ തറവാട്ടില്‍ നിന്നു പതിനാറാം വയസ്സില്‍ പടിയിറക്കിയെങ്കിലും റേഷന്‍ കാര്‍ഡില്‍ നിന്ന് പേരു വെട്ടിയെങ്കിലും അതിലൊന്നും പാച്ചേനി തളര്‍ന്നില്ല. കോണ്‍ഗ്രസായാല്‍ കയറിക്കിടക്കാന്‍ വീടും പഠിക്കാന്‍ പണവും കിട്ടില്ലെന്നായിട്ടും തന്റെ തീരുമാനത്തില്‍ നിന്നു പിന്‍മാറിയുമില്ല.

കെഎസ്യുവിലെ ഭാരവാഹിത്വം ഒഴിഞ്ഞതോടെ യൂത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാതെ തന്നെ കെപിസിസി സെക്രടറിയായി കോണ്‍ഗ്രസ് സംഘടനാതലപ്പത്തേക്ക് പാച്ചേനിക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 2001 മുതല്‍ തുടര്‍ച്ചയായ 11 വര്‍ഷം കെപിസിസി ജനറല്‍ സെക്രടറിയായും പ്രവര്‍ത്തിച്ചു. 2016 ഡിസംബര്‍ മുതല്‍ 2021 വരെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി. 

ഡിസിസി പ്രസിഡന്റായിരിക്കെ സ്വന്തം വീടുണ്ടാക്കുന്നതിനേക്കാളേറെ കരുതലോടെ മേല്‍നോട്ടം വഹിച്ചു നിര്‍മിച്ച കണ്ണൂര്‍ ഡിസിസി ഓഫിസ് 'കോണ്‍ഗ്രസ് ഭവന്‍' പൂര്‍ത്തിയാക്കിയത് പാച്ചേനിയുടെ നേതൃത്വമികവായി. സിപിഎമിന്റെ ശക്തിദുര്‍ഗമായ ജില്ലയില്‍, ഇന്‍ഡ്യയിലെ തന്നെ ഏറ്റവും വിസ്തൃതിയുള്ള കോണ്‍ഗ്രസ് ഓഫിസുകളിലൊന്നുണ്ടെന്ന ഖ്യാതിയും മേല്‍വിലാസവും എഴുതിച്ചേര്‍ത്താണ് സതീശന്‍ പാച്ചേനി ഡിസിസി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതും.

news,Kerala,State,Top-Headlines,Politics,Political party,Trending,Death, Kannur: Congress leader Satheeshan Pacheni passed away


പാര്‍ലമെന്ററി രംഗത്ത് അധികം അവസരം ലഭിച്ചില്ലെങ്കിലും പരാതികളില്ലാതെ പാര്‍ടിയില്‍ ശക്തമായും സജീവമായും നിലകൊണ്ട വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. ജനകീയ വിഷയങ്ങളിലും പാര്‍ടി പ്രവര്‍ത്തനങ്ങള്‍ക്കുമായി നിരവധി തവണ ജില്ലയിലും പുറത്തും പദയാത്രകള്‍ നടത്തിയതിലൂടെയും പാച്ചേനി ശ്രദ്ധേയനായി. 

സ്ഥാനമുള്ളപ്പോഴും ഇല്ലാത്തപ്പോഴും താഴെക്കിടയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ശബ്ദമായി മാറാനുള്ള കഴിവാണ് പാച്ചേനിയെ പാര്‍ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വേറിട്ട നേതാവാക്കിയത്. തളിപ്പറമ്പ് അര്‍ബന്‍ കോഓപറേറ്റീവ് ബാങ്കില്‍ ജീവനക്കാരിയായ കെ വി റീനയാണ് ഭാര്യ. മക്കള്‍: ജവഹര്‍, സാനിയ.

Keywords: news,Kerala,State,Top-Headlines,Politics,Political party,Trending,Death, Kannur: Congress leader Satheeshan Pacheni passed away 

Post a Comment