city-gold-ad-for-blogger
Aster MIMS 10/10/2023

Diesel shortage | ഡീസല്‍ ക്ഷാമത്തില്‍ കിതച്ച് കെഎസ്ആര്‍ടിസി; സ്വകാര്യ ബസുകളില്‍ യാത്രക്കാരുടെ തിരക്ക്

കാസര്‍കോട്: (www.kasargodvartha.com) ഡീസല്‍ ക്ഷാമത്തില്‍ കെഎസ്ആര്‍ടിസി കിതക്കുന്നു. ട്രിപ് മുടക്കവും പതിവായി മാറുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും നിരവധി കെഎസ്ആര്‍ടിസി ബസുകളും നിരത്തിലിറക്കാനായില്ല. വ്യാഴാഴ്ചയും സ്ഥിതിക്ക് മാറ്റമൊന്നുമുണ്ടായില്ല.
  
Diesel shortage | ഡീസല്‍ ക്ഷാമത്തില്‍ കിതച്ച് കെഎസ്ആര്‍ടിസി; സ്വകാര്യ ബസുകളില്‍ യാത്രക്കാരുടെ തിരക്ക്

കാസര്‍കോട് ഡിപോയില്‍ കുറച്ച് ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. രണ്ട് ഡിപോയിലുമായി 470 സര്‍വീസുകളാണുള്ളത്. കാസര്‍കോട് ഡിപോയില്‍ 66 ബസുകളും കാഞ്ഞങ്ങാട് ഡിപോയില്‍ 42 ബസുകളുമാണ് ഉള്ളത്. കാസര്‍കോട് 8000 ലിറ്ററും കാഞ്ഞങ്ങാട്ട് 5000 ലിറ്റര്‍ ഡീസലുമാണ് ആവശ്യമായി വരുന്നത്. എന്നാല്‍ മിക്ക ദിവസങ്ങളിലും ഇതിന്റെ പകുതി പോലും ലഭിക്കുന്നില്ലെന്നാണ് റിപോര്‍ട്. ചില സര്‍വീസുകള്‍ പരസ്പരം മാറ്റിയും ചില ട്രിപുകള്‍ ഒഴിവാക്കിയും ഡീസല്‍ ഉപയോഗം ക്രമീകരിക്കാനാണ് അധികൃതര്‍ ശ്രമമാരംഭിച്ചിരിക്കുന്നത്.

ഡീസല്‍ പൂര്‍ണമായും എത്താത്തതിനാല്‍ ഒരോ ദിവസവും ട്രിപ് വെട്ടിച്ചുരുക്കേണ്ട അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം വൈകീട്ട് വരെ കാഞ്ഞങ്ങാട് ഡിപോയില്‍ ഒരു ബസ് പോലും സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയായിരുന്നു. കാസര്‍കോട് ഡിപോയില്‍ 15 ബസുകളാണ് കഴിഞ്ഞ ദിവസം ഓടാതിരുന്നത്. കാഞ്ഞങ്ങാട് ഡിപോയില്‍ ബുധനാഴ്ച വൈകീട്ട് 1000 ലിറ്റര്‍ ഡീസല്‍ എത്തിച്ചിട്ടുണ്ട്. പത്തനംതിട്ടയിലേക്കും ബെംഗ്‌ളൂറിലേക്കും പോകുന്ന ബസുകളിലും പാണത്തൂര്‍-കൊന്നക്കാട് ഭാഗങ്ങളിലേക്ക് പോയി അവിടെ രാത്രി നിര്‍ത്തിയിടുന്ന ബസുകളിലും ഡീസല്‍ നല്‍കി പരമാവധി യാത്രക്കാരുടെ പരാതി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

വ്യാഴാഴ്ച ഇന്ധനം എത്തിയില്ലെങ്കില്‍ സര്‍വീസുകള്‍ മുഴുവനും നിര്‍ത്തിയിടേണ്ട അവസ്ഥയിലാണ് എത്തിച്ചേരുക. ദേശീയ പാതയിലും സംസ്ഥാന പാതയിലും കെഎസ്ആര്‍ടിസി ബസുകളാണ് കൂടുതലായി ഓടുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ ഒഴിവായതേടെ സ്വകാര്യ ബസുകളില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. ദേശസാത്കൃത പാതയായ ചന്ദ്രഗിരി വഴിയുള്ള സർവീസുകൾ കെഎസ്ആർടിസി വെട്ടിക്കുറക്കുന്നത് മൂലം യാത്രക്കാർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. രാവിലെയും വൈകീട്ടും വിദ്യാർഥികൾ അടക്കമുള്ളവർ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നു. യാത്രക്കാർക്ക് ശ്വാസം വിടാനാകാത്ത വിധം കുത്തിനിറച്ചാണ് ഉള്ള ബസുകൾ സർവീസ് നടത്തുന്നത്.

സൂചി കുത്താന്‍ ഇടമില്ലാത്ത വിധം യാത്രക്കാരെ കുത്തിനിറച്ച് സര്‍വീസ് നടത്തുകയാണ് സ്വകാര്യ ബസുകള്‍. യാത്രാ ക്ലേഷം രൂക്ഷമായിട്ടും അധികൃതര്‍ അനാസ്ഥ തുടരുകയാണ്. അതിനിടെ ബന്തടുക്കയില്‍ നിന്നും കാസര്‍ക്കോട്ടേക്കുള്ള ആദ്യ ബസ് സര്‍വീസ് മുടങ്ങിയത് യാത്രക്കാരെ വഴിയാധാരമാക്കി. ഡീസല്‍ ക്ഷാമം മൂലം ജില്ലാ ഡിപോയില്‍ നിന്ന് റദ്ദാക്കിയ സര്‍വീസുകളുടെ കൂട്ടത്തില്‍ ഉള്‍പെട്ടതിനാലാണ് ആദ്യ സര്‍വീസ് തന്നെ മുടങ്ങിയത്. ബന്തടുക്കയില്‍ നിന്ന് രാവിലെ ആറു മണിക്ക് സര്‍വീസ് ആരംഭിക്കേണ്ട ബസ് എരിഞ്ഞിപ്പുഴ വഴിയാണ് ഓടിക്കാന്‍ തീരുമാനിച്ചിരുന്നത്. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ വഴി സര്‍വീസ് നടത്തുന്ന ബസ് ഇല്ലാത്തതും നിരവധി പേരെ ബാധിച്ചു. പുതുതായി സര്‍വീസ് നടത്താന്‍ തീരുമാനച്ചതിനാല്‍ പല ബസ് സ്റ്റാന്‍ഡുകളിലും ആളുകള്‍ ബസ് കാത്തുനിന്ന് വലഞ്ഞു. മണിക്കൂറുകള്‍ കഴിഞ്ഞാണ് പിന്നീട് ഈ വഴി ബസ് സര്‍വീസ് ഉള്ളത്.

Keywords:  Kasaragod, Kerala, News, Top-Headlines, KSRTC, KSRTC-bus, Bus, Kanhangad, Complaint, Bandaduka, Kasaragod: Diesel shortage hits KSRTC services. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL