Join Whatsapp Group. Join now!
Aster MIMS 10/10/2023

Demand for bridge | കാരാക്കോട്ടുകാര്‍ക്ക് അധികൃതര്‍ നല്‍കിയത് വെറും വാഗ്ദാനം മാത്രം; പാലം പണിയുടെ പേരില്‍ അവര്‍ വീണ്ടും തോറ്റു

Bridge at Karakkod only a promise, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മടിക്കൈ: (www.kasargodvartha.com) കാരാക്കോട്ടുകാര്‍ക്ക് അധികൃതര്‍ നല്‍കിയത് വെറും വാഗ്ദാനം മാത്രം. പാലം പണിയുടെ പേരില്‍ അവര്‍ വീണ്ടും തോറ്റിരിക്കുകയാണ്. കാഞ്ഞങ്ങാട് നിന്നും 20 മിനിറ്റ് കൊണ്ട് എത്താമെങ്കിലും മടിക്കൈയിലെ കാരാക്കോട് വികസനത്തില്‍ അര നൂറ്റാണ്ട് പിന്നിലാണ്. നാട് രക്ഷപ്പെടാന്‍ പുത്തന്‍ പാലം വരുമെന്ന വാഗ്ദാനം ഫയലില്‍ മാത്രമായതോടെ നാട് ഇത്തവണയും മലവെള്ളപാച്ചിലില്‍ ഒറ്റപ്പെടും.
    
News, Kerala, Kasaragod, Top-Headlines, Government, Madikai, Bridge, People, Karakkod, Bridge at Karakkod only a promise.

കോടോം ബേളൂരും മടിക്കൈയും അതിര്‍ത്തി പങ്കിടുന്ന പനങ്ങാട് പ്രദേശവും ഇതേ ദുരിതത്തിലാണ്. ഇരുപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന കാരാക്കോട് പാലത്തിനായി കിഫ്ബി, നബാര്‍ഡ്, കാസര്‍കോട് പാകേജ് എന്നിങ്ങനെ പല പ്രഖ്യാപനങ്ങളും കേട്ടെങ്കിലും ഒന്നും ഒരിക്കലും നടക്കില്ലെന്ന തിരിച്ചറിവിലാണ് നാട്ടുകാര്‍.

പനങ്ങാട്ടെ ഗവ. യുപി സ്‌കൂളില്‍ പഠിക്കുന്നതിലേറെയും മടിക്കൈയിലെ കുട്ടികളാണെങ്കിലും മഴ കനത്താല്‍ പഠനം മുടങ്ങും. തടയണയോട് കൂടിയ പാലത്തില്‍ വെള്ളം കയറുന്നതാണ് പ്രശ്നം. 40 വര്‍ഷം മുമ്പ് എണ്ണപ്പാറ ഭാഗത്ത് നിന്ന് കാരാക്കോട് പാലം വരെ ബസ് സര്‍വീസുണ്ടായിരുന്നു. അന്ന് കാര്‍ഷിക ഉത്പന്നങ്ങളൊക്കെ കടത്തിയത് ഇതിലൂടെയായിരുന്നു. പിന്നീട് അതൊക്കെ നിലച്ചു. കാരാക്കോട് മുതല്‍ പേരിയ വരെ ഇടുങ്ങിയ പാതയാണ്. കാരാക്കോട് ഉയരത്തില്‍ പാലവും നല്ല റോഡും വന്നാല്‍ മലയോരത്തെ ജനങ്ങള്‍ക്ക് ഇത് എളുപ്പവഴിയാകും. ഇതോടെ തങ്ങളുടെ നാട്ടിലും വികസനത്തിന്റെ കാറ്റ് വിശുമെന്നാണ് നാട്ടുകാരുടെ സ്വപ്നം.

റാകോല്‍-എണ്ണപ്പാറ റോഡിനായി കിഫ്ബിയില്‍ തുക അനുവദിച്ചതായി ഒന്നാം പിണറായി സര്‍കാരിലെ ധനമന്ത്രി തന്നെ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷെ, സാങ്കേതിക കാരണം പറഞ്ഞ് തള്ളി. 20 വര്‍ഷങ്ങളായി നാട്ടുകാരെ ഇങ്ങനെ കബളിപ്പിക്കുകയാണെന്നാണ് ജനം പറയുന്നത്. ചെമ്മട്ടംവയല്‍-കാലിച്ചാനടുക്കം റോഡിലെ മുണ്ടോട്ട് മൊട്ടയില്‍ നിന്ന് കാരാക്കോട് വരെയും, ആനക്കുഴി മുതല്‍ പേരിയ വരെയും നിലവില്‍ ബസ് സര്‍വീസുണ്ട്.

ഇതിനിടയില്‍ മൂന്ന് കിലോ മീറ്ററില്‍ താഴെ ദൂരമാണ് അടിയന്തിരമായി നവീകരിക്കേണ്ടത്. നിലവിലെ പാലം ഇറിഗേഷന്‍ വകുപ്പിന് കീഴിലാണ്. ട്രാക്ടര്‍ വേ മാത്രമാണെങ്കിലും ചെങ്കല്‍ ലോറികളൊക്കെ കഷ്ടപ്പെട്ട് കയറി പോകുന്നുണ്ട്. കാരാക്കോടും പനങ്ങാടുമായി നിലവില്‍ ആകെ ഒന്നോ രണ്ടോ കടകള്‍ മാത്രമേ ഇന്നുള്ളൂ. കിഴക്കന്‍ മലയോര ഗ്രാമങ്ങളെല്ലാം വികസിക്കുമ്പോള്‍ ഈ പ്രദേശത്ത് മാത്രം മൊബൈല്‍ ഫോണുകള്‍ക്ക് പോലും റേന്‍ജ് ഉണ്ടാകാറില്ല. ഓണ്‍ലൈന്‍ ക്ലാസുകളുടെ കാലത്ത് ആദിവാസി കോളനിയിലെ വിദ്യാര്‍ഥികളെയും ഇത് അലട്ടിയിരുന്നു. 80കളില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഫലമാണ് ഈ പ്രദേശം ഇന്നും ഈ അവസ്ഥയിലാകാന്‍ കാരണമെന്നും പറയപ്പെടുന്നു.

ഇവിടെ പാലം വരുന്നതോടെ മടിക്കൈ പഞ്ചായതിലുള്ളവര്‍ക്ക് എണ്ണപ്പാറയിലെ ആശുപത്രിയിലേക്കും കോടോം ബേളൂരിലെ തായന്നൂര്‍ സ്‌കൂളിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും സുഗമമായി എത്താനാകും. കാരാക്കോട് പാലം കടന്നാല്‍ മറുവശത്തെ ആളുകള്‍ക്ക് വെള്ളരിക്കുണ്ട് താലൂകും, പരപ്പ ബ്ലോക് പഞ്ചായതുമാണ്. ഇവിടെ എത്താനും ഏറെ യാതന സഹിക്കണം. നാലോളം പേര്‍ ഓടോ സ്പെഷ്യലാക്കിയാണ് ബസ് കിട്ടാന്‍ എണ്ണപ്പാറ വരെ പോകുന്നത്. അമ്പലത്തുകര വിലേജിലെ സോളാര്‍ പാര്‍കും കാരാക്കോടേക്കുള്ള പാതയിലാണ്. സര്‍കാര്‍ തലത്തില്‍ തന്നെ ഇടപെട്ട് പരിഹാരം കണ്ടില്ലെങ്കില്‍ ഇനിയും നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും കാരാക്കോട് ഇങ്ങനെ വെളിച്ചം വീശാത്ത നാടായി അവഗണിക്കപ്പെടുമെന്നും ജനങ്ങള്‍ പറയുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Government, Madikai, Bridge, People, Karakkod, Bridge at Karakkod only a promise.
< !- START disable copy paste -->

Post a Comment